ad
Deshabhimani

Articles

LDF KERALA

​നാടിന്റെ രക്ഷയ്‌ക്ക്‌ ഇടതുപക്ഷം

LDF KERALA
avatar
പുത്തലത്ത് ദിനേശൻ

Published on Feb 11, 2026, 08:31 PM | 4 min read

‘എന്താണ് ഇടതുപക്ഷം ആരാണ് ഇടതു
പക്ഷം’ എന്ന തലക്കെട്ടിൽ ബുധനാഴ്‌ച 
പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടാംഭാഗം


ഭാഗം 1 ഇവിടെ വായിക്കാം

എന്താണ് ഇടതുപക്ഷം
 ആരാണ് ഇടതുപക്ഷം



ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന സമത്വം, സാമൂഹ്യനീതി എന്നീ കാഴ്ചപ്പാടുകള്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും ഫലപ്രദമായി നടപ്പാക്കിയത് ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലായിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണത്തിലൂടെ പൊതുമേഖലയെ തകര്‍ക്കാനും കാര്‍ഷിക സബ്സിഡികള്‍ ഇല്ലാതാക്കുന്നത്‌ ഉള്‍പ്പെടെയുള്ള സാമ്പത്തികനയങ്ങള്‍ക്ക് പരവതാനി വിരിച്ചതും കോണ്‍ഗ്രസായിരുന്നുവെന്ന് കാണാം. ലോകജനതയെ സമാധാനത്തിന്റെയും സമത്വത്തിന്റെയും വഴികളിലേക്ക് നയിക്കുന്ന വിദേശനയവും കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ആരംഭിച്ചതും മറ്റാരുമല്ല. ഇത്തരത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച വലതുപക്ഷ സാമ്പത്തികനയങ്ങളെ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ് ബിജെപി ചെയ്തത്.


ബിജെപി വര്‍ഗീയ രാഷ്ട്രീയപാര്‍ടിയാണെങ്കില്‍, അധികാരത്തിനുവേണ്ടി വര്‍ഗീയതയുമായി കൂട്ടുചേരുന്ന സമീപനമാണ് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. രാജ്യത്ത് കോണ്‍ഗ്രസും ബിജെപിയും നടപ്പാക്കുന്ന വലതുപക്ഷ പരിഷ്കാരങ്ങള്‍ക്കെതിരെ ജനപക്ഷത്ത് നിന്നുകൊണ്ട് നിലപാടുകള്‍ സ്വീകരിച്ചത് ഇടതുപക്ഷസര്‍ക്കാരുകളാണ്. ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിനെ പിന്തുണച്ച കാലത്താണ് തൊഴിലുറപ്പും വിവരാവകാശനിയമവും വനാവകാശനിയമവുമെല്ലാം നടപ്പായത്. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നത് വന്‍തോതില്‍ തടയുന്നതിനും ഇടതുപക്ഷത്തിന് കഴിഞ്ഞു.


LDF KERALA


കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍ അവയെ സംരക്ഷിക്കുന്ന നിലപാട് കേരളസര്‍ക്കാര്‍ സ്വീകരിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍നിന്ന് കേന്ദ്രം പിന്മാറുമ്പോള്‍, കേരളസര്‍ക്കാര്‍ അവയെ സംരക്ഷിക്കുന്നു. ബുള്‍ഡോസറുകള്‍ വച്ച് വീടുകള്‍ തകര്‍ക്കുന്ന ബിജെപി–കോണ്‍ഗ്രസ് നയത്തില്‍നിന്ന് വ്യത്യസ്‌തമായി അഞ്ചുലക്ഷത്തിലേറെ വീടുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. ക്ഷേമപദ്ധതികളെ തകര്‍ക്കുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനു ബദലായി അവയെ ശക്തിപ്പെടുത്തുന്ന നയം എല്‍ഡിഎഫ് സ്വീകരിച്ചു. രാജ്യത്ത് ദാരിദ്ര്യം പെരുകുമ്പോള്‍, അതിദാരിദ്ര്യം പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറി.


വര്‍ഗീയ ആക്രമണങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടുവരുമ്പോള്‍, വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി. യുഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ എല്‍ഡിഎഫ് കൊണ്ടുവന്ന ജനപക്ഷ നിയമങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ സമരപോരാട്ടങ്ങളിലൂടെ ജനപക്ഷ നിലപാടുകളെ സംരക്ഷിക്കാനും ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും എല്‍ഡിഎഫ് ഇടപെട്ടു. ഇത്തരത്തില്‍ കേരളത്തില്‍ ഇടതുപക്ഷം നടത്തിയ പാര്‍ലമെന്ററിയും പാര്‍ലമെന്ററി ഇതരവുമായ ഇടപെടലുകളാണ് നവകേരളത്തിലേക്ക് നാടിനെ വളര്‍ത്തിയത്.


കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്ന നിയമം, സംസ്ഥാനത്താകെ സംവരണം കൊണ്ടുവന്ന നിയമം, വിദ്യാഭ്യാസം സൗജന്യമാക്കല്‍, തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന നിയമം, ഭരണപരിഷ്കാര കമീഷന്‍, അധ്യാപകര്‍ക്ക് ശമ്പള സ്കെയില്‍ തുടങ്ങിയവ 1957-ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്നു. 1967-ലെ കുടികിടപ്പവകാശം നല്‍കുന്ന നിയമവും ഇടതുപക്ഷത്തിന്റെ സംഭാവനയാണ്.


Welfare pension


1980ല്‍ എല്‍ഡിഎഫ് കൊണ്ടുവന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷനെയും മാവേലി സ്റ്റോറിനെയും എതിര്‍ക്കാൻ യുഡിഎഫ് മുന്‍പന്തിയിലുണ്ടായിരുന്നു. ഗ്രാമീണമേഖലയില്‍ വികസനവെളിച്ചം നല്‍കിയ ജനകീയാസൂത്രണം കൊണ്ടുവന്നതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് അവയെ സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ആശ്വാസമായി നില്‍ക്കുന്ന കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍ ഇവയെല്ലാം എല്‍ഡിഎഫിന്റെ സംഭാവനയാണ്. കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീ കൊണ്ടുവരാനുള്ള യുഡിഎഫ് ശ്രമത്തെ പ്രതിരോധിച്ചതും എല്‍ഡിഎഫ് തന്നെയാണ്.


പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ 8285 കോടിരൂപ വിതരണം ചെയ്തതും ഇടതുപക്ഷമാണ്. (2016–2026) യുഡിഎഫിന്റെ ഭരണകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 809 കോടിയോളം രൂപ മാത്രമാണ് നല്‍കിയത്. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ തുക ബജറ്റില്‍ നീക്കിവച്ചതും ഇടതുപക്ഷമാണ്‌. ജെന്‍ഡര്‍ ബജറ്റിനുപുറമെ ഇപ്പോള്‍ സ്ത്രീസുരക്ഷാ പെന്‍ഷനും നല്‍കി ക്ഷേമപദ്ധതിയുടെ കാര്യത്തില്‍ പുതിയ കാൽവയ്‌പ്‌ നടത്തി.


കഴിഞ്ഞ ബജറ്റില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പാചകത്തൊഴിലാളികള്‍, അങ്കണവാടി–ആശാ വര്‍ക്കര്‍മാര്‍, പ്രീപ്രൈമറി അധ്യാപകര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഡിഎ കുടിശ്ശിക വിതരണം ചെയ്യുന്ന കാര്യവും എടുത്തുപറഞ്ഞ്‌ ശന്പള കമീഷനും പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ജനക്ഷേമകരമായ പദ്ധതികളുടെ പ്രവാഹംതന്നെ ബജറ്റിലുണ്ടായി.


Pinarayi Vijayan ldf kerala


ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരിക്കുകയാണ്. അതിനര്‍ഥം ഇപ്പോഴത്തെ ജനപക്ഷപ്രഖ്യാപനങ്ങള്‍ വലതുപക്ഷത്തിന് സ്വീകാര്യമല്ല എന്നതാണ്. നേരത്തേ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഇല്ലാതിരുന്നതുകൊണ്ടാണ് പല നേട്ടങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ തുടര്‍ഭരണം ലഭിച്ചപ്പോൾ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി. ഭരണത്തുടര്‍ച്ച എത്രയേറെ അനിവാര്യമാണെന്ന് ഇത് ഓര്‍മപ്പെടുത്തുന്നു. ബിജെപിയാകട്ടെ കേരളത്തിന്റെ വികസനത്തിന് ഒരു സംഭാവനയും ചെയ്തവരല്ല. മാത്രമല്ല, പരസ്പരം ഏറ്റുമുട്ടിക്കുന്ന വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി വികസനം തകര്‍ക്കുകയുമാണ്.


ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പംതന്നെ പശ്ചാത്തലസൗകര്യവികസനത്തിനും വലിയ ഊന്നലാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഴിഞ്ഞം തുറമുഖം, നാഷണല്‍ ഹൈവേ വികസനം തുടങ്ങിയ നിരവധി പദ്ധതികളില്‍ ആ സമീപനം കാണാം. കിഫ്ബിയിലൂടെ ഒരുലക്ഷം കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനവും നടപ്പാക്കി. കേന്ദ്ര ഉപരോധത്തെ മറികടക്കാൻ 80,000 കോടിയിലേറെ പുതിയ വരുമാനവും കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് ആരംഭിച്ച കേരളത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും രൂപീകരിച്ചു. വൈജ്ഞാനിക സമ്പദ്‌ഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ രംഗത്തും ആധുനികമായ അറിവുകളെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തൊഴിലാളികളുടെ താല്‍പ്പര്യം പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായും കേരളത്തെ മാറ്റി.


ldf


അതിദാരിദ്ര്യം പരിഹരിച്ച് ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നീങ്ങുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ മാറ്റണമെന്ന ആവശ്യം ചിലര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ -രാഷ്ട്രീയ പ്രക്രിയ സംബന്ധിച്ച അജ്ഞതയില്‍നിന്നാണ് ഇതുണ്ടാകുന്നത്. 50 വര്‍ഷം ഒരു മതനിരപേക്ഷ സര്‍ക്കാര്‍ ഒരു നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്നുവെന്ന് കരുതുക. അവര്‍ക്കെതിരെ മത്സരിച്ച് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് ശക്തികളാണെന്നും കരുതുക. അത്തരമൊരു ഘട്ടത്തില്‍ മാറ്റത്തിനുവേണ്ടി പറയുന്ന വാക്കുകള്‍ ഫാസിസത്തെയാണ് സഹായിക്കുക. അവര്‍ക്കായുള്ള കുഴലൂത്തായിമാത്രമേ അത്തരം വെളിപാടുകളെ കാണാനാകൂ.


സംസ്ഥാനത്ത് ആര് അധികാരത്തില്‍ വരണമെന്നത് നിശ്ചയിക്കേണ്ടത് ജനകീയ താല്‍പ്പര്യങ്ങളെ ആരാണ് സംരക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ജനകീയ വികസനനയം മുന്നോട്ടുവച്ച്‌ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണ്. പരിമിതികള്‍ക്കകത്തുനിന്ന് ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദൽ ഉയര്‍ത്തുകയും ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ ഈ സമീപനം മനസ്സിലാക്കാതെ മാറ്റമാണ് പ്രധാനമെന്നു പറയുന്നവര്‍ എവിടേക്കുള്ള മാറ്റമാണ് വേണ്ടതെന്നുള്ള കാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്.


കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ പിന്തുടര്‍ന്ന് കേരളത്തെ തകര്‍ത്ത സര്‍ക്കാരായിരുന്നു 2011–16ല്‍ ഉ ണ്ടായിരുന്നത്. വര്‍ഗീയശക്തികള്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതുകൊണ്ടുതന്നെ വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തുണ്ടായി. ഇത്തരമൊരു അവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനുള്ള യുക്തികളാണ് മാറ്റത്തിന്റെ പേരു പറഞ്ഞ് നടക്കുന്നവര്‍ മുന്നോട്ടുവയ്‌ക്കുന്നത് എന്നു കാണണം.


ldf


ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ അത് തകരുമെന്നും ബിജെപി ഭാവിയില്‍ അധികാരത്തില്‍ എത്തുമെന്നുമുള്ള പ്രചാരണം നടത്തുന്നവരുമുണ്ട്. എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ അതിനെ അതിജീവിക്കുമെന്നുമുള്ള പ്രചാരണവും ഒപ്പമുണ്ട്. രാഷ്ട്രീയമായി എത്രത്തോളം യുഡിഎഫ് ദുര്‍ബലപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. രാഷ്ട്രീയനിലപാടുകളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ല അധികാരത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഒരു പാര്‍ടി നില്‍ക്കുന്നത് എന്നതുതന്നെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.


അധികാരതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തിക്കുമ്പോള്‍ പണവും അധികാരവും കാണിച്ച് അവരെ വിലയ്‌ക്കുവാങ്ങാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കോണ്‍ഗ്രസിനെയാകെ വിലയ്ക്ക്‌ വാങ്ങി സര്‍ക്കാരുകളുണ്ടാക്കാൻ, അരുണാചല്‍പ്രദേശിലും ഗോവയിലും മറ്റ് സംസ്ഥാനങ്ങളിലും ബിജെപിക്ക്‌ കഴിഞ്ഞത് ഇവിടെ ചേര്‍ത്തുവായിക്കണം. 35 സീറ്റ് ലഭിച്ചാല്‍ ഭരണമുണ്ടാക്കുമെന്ന ബിജെപി നേതാവിന്റെ വാക്കുകള്‍ ആരെയാണ് ലക്ഷ്യംവയ്‌ക്കുന്നത് എന്ന് വ്യക്തമാണ്.


ജനകീയവികസനത്തിനു പകരം എങ്ങനെയെങ്കിലും അധികാരം നേടാന്‍ കഴിയുക എന്ന വലതുപക്ഷരാഷ്ട്രീയത്തെ പിന്തുണച്ച് നാടിനെ തകര്‍ക്കാനുള്ള ഇത്തരം യുക്തികളെ തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ ജനകീയവികസന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും അധികാരവടംവലിയുടെയും അഴിമതിയുടെയും ലോകത്തുനിന്ന് വിമുക്തമായ കേരളത്തെ രൂപപ്പെടുത്താനും ഇടതുപക്ഷത്തിനേ കഴിയൂ എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.


(അവസാനിച്ചു)



Deshabhimani
Home