ad
Deshabhimani

അസ്‌തമിക്കയില്ല നിത്യതാരകേ... വേലിക്കകത്ത്‌ വീട്ടിലേക്കും വലിയചുടുകാട്ടിലേക്കും നിലയ്‌ക്കാത്ത ജനപ്രവാഹം

vs.jpg
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2026, 08:12 AM | 1 min read

ആലപ്പുഴ: വി എസ്‌ കനലോർമയായി ഒരാണ്ട്‌ കടക്കുമ്പോഴും വേലിക്കകത്ത്‌ വീട്ടിലേക്കും വലിയചുടുകാട്ടിലേക്കുമുള്ള സന്ദർശകപ്രവാഹം അവസാനിക്കുന്നില്ല. പുന്നപ്ര സമരപോരാളികൾക്ക്‌ വാരിക്കുന്തം തയാറാക്കി നൽകാനും പരിശീലനത്തിനുമായുള്ള ക്യാന്പുകളിൽ ഒന്ന്‌ പ്രവർത്തിച്ചിരുന്ന പറവൂർ വേലിക്കകത്ത്‌ വീടിന്റെ ഗേറ്റ്‌ ഇപ്പോഴും രാത്രി ഒമ്പതുവരെ അടയ്‌ക്കാറില്ല. ഏതുനിമിഷവും ഒരു സന്ദർശകൻ എത്തിയേക്കാം. വരുന്നവർക്ക്‌ ഉദ്ദേശ്യം ഒന്നുമാത്രം. വി എസിന്റെ വീട്‌ ഒന്ന്‌ കാണണം. പോരാട്ടം ആൾരൂപമാർന്ന സമരസൂര്യന്റെ വീരസ്‌മരണയ്‌ക്കുമുന്നിൽ അഭിവാദ്യം അർപ്പിക്കണം.


വി എസ്‌ എന്ന രണ്ടക്ഷരം മലയാളക്കരയുടെ ഹൃദയത്തിൽ എത്രകണ്ട്‌ അലിഞ്ഞുചേർന്നിരിക്കുന്നു എന്നതിന്‌ നേർസാക്ഷ്യമാണ്‌ നിലയ്‌ക്കാത്ത സന്ദർശകപ്രവാഹം. ജനനായകന്റെ ഓർമകൾ ഹൃദയത്തോട്‌ ചേർത്താണ് ജനങ്ങൾ എത്തുന്നത്‌. സന്ദർശകരിൽ സ്‌ത്രീകളും കുട്ടികളുമുണ്ട്‌. വീട്ടിൽ വി എസ്‌ സന്ദർശകരെ കണ്ടിരുന്ന മുറിയിൽ അദ്ദേഹത്തിന്റെ മേശയും കസേരയും ലഭിച്ച അനേകം പുരസ്‌കാരങ്ങളും സൂക്ഷിച്ചിട്ടുണ്ട്‌. മിക്കവർക്കും ഇത്‌ കാണണം. ചിലർ ഇതിന്‌ മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു. കസേരയിൽ പിടിച്ചുനിന്ന്‌ വികാരഭരിതരായി വിതുമ്പുന്നവരുമുണ്ടെന്ന്‌ വി എസിന്റെ ഭാര്യ വസുമതിയുടെ സഹോദരീപുത്രൻ വി രാജീവൻ പറഞ്ഞു.


ഇതര സംസ്ഥാനങ്ങളിൽനിന്നുവരെ ജനങ്ങൾ എത്താറുണ്ട്‌. വീടിന്റെ ചുറ്റുമതിലിൽ വി എസിന്റെ സമരപോരാട്ടങ്ങളും ജീവിത മുഹൂർത്തങ്ങളും ചിത്രീകരിച്ചിട്ടുണ്ട്‌. ഇതും കണ്ടാണ്‌ മടക്കം. വി എസ്‌ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും ആദരാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ്‌ എത്തിയത്‌. അദ്ദേഹത്തെ സംസ്‌കരിച്ച സ്ഥലത്ത്‌ പൂക്കൾ അർപ്പിച്ച്‌ അഭിവാദ്യം നൽകിയാണ്‌ മടക്കം. ഇവിടെയാണ്‌ ഇപ്പോൾ വി എസിന്‌ സ്‌മാരകം ഉയർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home