45 തവണ കുത്തിയതിന് പിന്നിൽ വ്യക്തിവൈരാഗ്യം; ബിജുവിന്റെ കൊലപാതകത്തിൽ 22 കാരൻ പിടിയിൽ

ബിജു
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റെ കൊലപാതകത്തിൽ ബന്ധു പിടിയിൽ. കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 കാരനെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചയോടെയാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ ബിജുവിനെ അമ്മ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. മുറി പുറത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറത്തുപോയി കാണുമെന്ന് ധരിച്ചു.
ഏറെ നേരം ആയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ബിജുവിനെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളാണുണ്ടായിരുന്നത്. നഗരമധ്യത്തിലെ വീട്ടിൽ ഉണ്ടായ കൊലപാതകത്തിനു പിന്നിൽ ലഹരിമാഫിയ സംഘമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പ്രദേശത്ത് ലഹരിമരുന്നു കൈമാറ്റം നടത്തിവന്ന ചിലരെ സംബന്ധിച്ച വിവരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനു നൽകിയതാണ് കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു ബന്ധുക്കളുടെയും ആരോപണം.
എന്നാൽ അന്വേഷണത്തിൽ കുറ്റകൃത്യത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ബിജു കൂടി മുൻകയ്യെടുത്താണ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിൽ വിഷമവും അതിനെ തുടർന്നുണ്ടായ വൈരാഗ്യവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബിജുവിന്റെ സംസ്കാര ചടങ്ങിലും പ്രതിയായ യുവാവ് പങ്കെടുത്തിരുന്നു. കയ്യിൽ മുറിവും ആയാണ് ഈ യുവാവ് സംസ്കാര ചടങ്ങിന് എത്തിയത്. തുടർന്നു നടത്തിയ നിരീക്ഷണങ്ങൾക്കു ശേഷമാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
മൂർച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടുളള മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവദിവസം മദ്യപിച്ചിരുന്നതിനാലാണ് ബിജുവിന് യുവാവിന്റെ ആക്രമണം പ്രതിരോധിക്കാൻ ആകാതെ പോയതെന്നാണ് നിഗമനം. അതേസമയം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ള ആളായതിനാൽ തുടർ ചികിത്സയിലും മറ്റും കോടതിയിൽ ഹാജരാക്കി തീരുമാനം കൈക്കൊള്ളേണ്ടതിനാലാണ് കസ്റ്റഡിയിൽ തുടരുന്നത്.










0 comments