ad
Deshabhimani

ഒരടി പിന്നോട്ടില്ല, സമരപന്തലുകൾ പുനഃസ്ഥാപിച്ചു; ജന്തർമന്തറിലേക്ക് പതിനായിരങ്ങൾ; ഐക്യദാർഢ്യവുമായി ഇടതുപക്ഷം

CJP Protest Jantar Mantar

ജന്തർ മന്തറിലെ പ്രതിഷേധത്തിൽനിന്ന് | ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Jul 21, 2026, 07:17 PM | 2 min read

ന്യൂഡൽഹി: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള യുവജനപ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുന്നു. പാർലമെന്റ്‌ മാർച്ചിന്‌ ശേഷം പൊലീസും കേന്ദ്രസേനകളും തകർത്ത ജന്തർമന്തറിലെ മുഴുവൻ സമരപന്തലുകളും പ്രതിഷേധക്കാർ പുന:സ്ഥാപിച്ചു. സമരകേന്ദ്രം പൂർണമായും തിരിച്ചുപിടിച്ചു.


കോക്രോച്ച് ജനതാ പാർടിയുടെയും (സിജെപി) എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളുടെയും ആഹ്വാനത്തിന് പിന്നാലെ സമരകേന്ദ്രത്തിലേക്ക്‌ പതിനായിരക്കണക്കിനാളുകളാണ്‌ ഒഴുകിയെത്തുന്നത്. സിനിമാ താരങ്ങളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.





വിദ്യാർഥികളെ കൊല്ലാക്കൊല ചെയ്‌ത ഡൽഹി പൊലീസിന്റെയും കേന്ദ്രഅർധ സൈനീക വിഭാഗങ്ങളുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പ്രകടനമായി ജന്തർ മന്ദറിലെത്തി. അമ്രാ റാം, കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹീം, ആർ സച്ചിതാനന്ദം, സു വെങ്കടേശൻ, പി പി സുനീർ, പി സന്തോഷ്‌ കുമാർ, കെ സുബ്ബരായൻ, ജോസ് കെ മാണി തുടങ്ങിയ ഇടതുപക്ഷ എംപിമാർ പൊലീസ് ഭീകരതയുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്.


Left MPs Protest 1.jpgഡൽഹിയിലെ പൊലീസ് ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഇടതുപക്ഷ എംപിമാർ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കൊപ്പം | ഫോട്ടോ: പി വി സുജിത്ത്


കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ജനകീയ പ്രതിരോധത്തിനാണ് രാജ്യതലസ്ഥാനം തിങ്കളാഴ്ച സാക്ഷിയായത്. പാർലമെന്റിലേക്ക് ഇരച്ചെത്തിയ ഒന്നിലേറെ മാർച്ച്‌ തടയാൻ തുടർച്ചയായി ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തതോടെ ജന്തർമന്തറും പരിസരവും സംഘർഷഭരിതമായി. തിങ്കൾ രാവിലെ പത്തരയ്‌ക്ക്‌ മാർച്ച്‌ ആരംഭിച്ചതിന്‌ പിന്നാലെ ഒന്നിലേറെ തവണ ലാത്തിവീശി അക്രമത്തിന്‌ പൊലീസ്‌ തുടക്കമിട്ടു. പാർലമെന്റ് കവാടങ്ങളെല്ലാം പൂട്ടി സിആർപിഎഫിനെ വെടിവയ്‌പ്പിന് സജ്ജമാക്കിയാണ് യുവജനമുന്നേറ്റത്തെ നേരിട്ടത്.





ജന്തർമന്തർ, കേരള ഹ‍ൗസ്‌, പാർലമെന്റ്‌ കവാടങ്ങൾ, ടോൾസ്റ്റോയ് റോഡ്‌, സൻസദ്‌ മാർഗ്‌, റായ്‌സീന റോഡ്‌, അശോക റോഡ്‌, ഫിറോഷ്‌ ഷാ റോഡ്‌, പ്രസ്‌ക്ലബ്‌, വിജയ്‌ ച‍ൗക്ക്‌, പട്ടേൽ ച‍ൗക്ക്‌ എന്നിവിടങ്ങളിൽ അതിഭീകര മർദനമാണ്‌ സേനകൾ അഴിച്ചുവിട്ടത്‌. വീണുകിടന്ന വിദ്യാർഥിനികളെ മുടിക്ക് കുത്തിപ്പിടിച്ച് പുരുഷ പൊലീസുകാർ വളഞ്ഞിട്ടു തല്ലി. അമ്പതിലധികം പേർക്ക് തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റു. കുഴഞ്ഞുവീണവർക്ക് വൈദ്യസഹായം പോലും നൽകിയില്ല. ചോരയൊലിച്ച് പൊലീസ് വാനിലേക്ക് മാറ്റിയവരെ വാനിലിട്ടും മർദിച്ചു. നിരവധി പേരുടെ കൈകാലുകൾ ഒടിഞ്ഞു. ഇരുപതോളം എസ്‌എഫ്‌ഐ പ്രവർത്തകരുടെ കൈയ്‌ക്ക്‌ പൊട്ടലുണ്ട്‌.


പൊലീസിന്റെ നരനായാട്ടിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ്ചെയ്‌തു. അഭിനേതാക്കളായ പ്രകാശ്‌ രാജിനും ശബാന ആസ്‌മിക്കും നേരെയും സേനകൾ പാഞ്ഞടുത്തു. വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയെ ക്രൂരമായി ആക്രമിച്ചു. ജന്തർമന്തറിലെ സമരപ്പന്തലുകൾ അടിച്ചുതകർത്തു. സമരം ചെയ്ത 70 പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home