ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ 20കാരി വെന്റിലേറ്ററിൽ

ന്യൂഡൽഹി: സിജെപിയുടെ ‘ചലോ സൻസദ്’ മാർച്ചിനിടെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റ 20കാരി ഗുരുതരാവസ്ഥയിൽ. രാം മനോഹർ ലോഹ്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച യുവതി വെന്റിലേറ്ററിലാണ്. വിദ്യാർഥികളെ ലാത്തിവീശി ഒഴിപ്പിക്കുന്നതിനിടെ ബാരിക്കേഡിൽ ഇടിച്ചാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്.
ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെയും യുവാക്കളെയും തടയാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയേറ്റ നിരവധി വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും നിലത്തിട്ടു മർദിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തിങ്കളാഴ്ചത്തെ പൊലീസ് നടപടിയിൽ ആകെ 90 വിദ്യാർഥികൾക്ക് പരിക്കേറ്റതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 79 പേരെ ചൊവ്വാഴ്ച രാവിലെയോടെ ഡിസ്ചാർജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് അനുമതി നിഷേധിച്ച പൊലീസ് ജന്തർ മന്തറിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞു. മുന്നോട്ടുനീങ്ങിയ വിദ്യാർഥികൾക്കുനേരെ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ പാർലമെന്റിലേക്കുള്ള വഴികൾ അടയ്ക്കുകയും ജന്തർ മന്തറിലേക്ക് എത്തുന്ന മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ പൂട്ടുകയും ചെയ്തു. പാർലമെന്റ് പരിസരത്തും ജന്തർ മന്തറിലും ഇന്റർനെറ്റ് സേവനവും തടസ്സപ്പെട്ടു. സമരവേദിയും കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി.
എന്നാൽ പൊലീസ് നടപടിക്കുശേഷവും വിദ്യാർഥികൾ പിന്മാറിയില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും ജന്തർ മന്തറിലെത്തിയ പ്രവർത്തകർ പ്രതിഷേധം തുടർന്നു. പ്രദേശത്ത് ഡൽഹി പൊലീസിന്റെയും ദ്രുതകർമസേനയുടെയും വൻ സന്നാഹം തുടരുകയാണ്.









0 comments