print edition ഇനി ഗ്ലാസ്‌ഗോയിലേക്ക്: കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നാളെ തുടക്കമാകുന്നു

ഗ്ലാസ്‌ഗോ (സ്‌കോട്ലൻഡ്): ലോകകപ്പ് ഫുട്‌ബോൾ ആരവം അവസാനിച്ചതിനു പിന്നാലെ മറ്റൊരു കായികോത്സവത്തിന് കൊടിയേറുന്നു. കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം. സ്‌കോട്ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിലാണ് 11 ദിവസത്തെ ഗെയിംസ്. ആഗസ്‌ത് രണ്ടിനാണ് സമാപനം. ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങൾ പങ്കെടുക്കും. 3,000 കായികതാരങ്ങൾ അണിനിരക്കും.
ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ നഗരമാണ് ആദ്യം വേദിയായി നിശ്‌ചയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിക്‌ടോറിയ പിൻമാറി. പിന്നീട് വിശദമായ ചർച്ചകൾക്കുശേഷം ഗ്ലാസ്‌ഗോ ഏറ്റെടുക്കുകയായിരുന്നു. ചെലവ് ചുരുക്കി നടത്താനാണ് തീരുമാനം. അതിന്റെ ഭാഗമായി പല ഇനങ്ങളും വെട്ടിച്ചുരുക്കി.
ഇക്കുറി അത്‌ലറ്റിക്‌സ് അടക്കം 11 ഇനങ്ങളിലാണ് മത്സരം. 3x3 ബാസ്‌കറ്റ്‌ബോൾ, ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ്, ബൗൾസ്, ബോക്‌സിങ്, ജുഡോ, നെറ്റ്‌ബോൾ, നീന്തൽ, സൈക്ലിങ്, ഭാരോദ്വഹനം എന്നിവയാണ് മറ്റ് ഇനങ്ങൾ. ചിലതിൽ പാരാ ഇനങ്ങളുമുണ്ട്. 215 മെഡലുകൾ നിശ്‌ചയിക്കപ്പെടും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, ഇന്ത്യ എന്നിവയാണ് ഗെയിംസിലെ പ്രധാനരാജ്യങ്ങൾ. 2022ൽ ബർമിങ്ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണമടക്കം 179 മെഡലുമായി ഒന്നാമതെത്തി.
ഇംഗ്ലണ്ടിന് 58 സ്വർണത്തോടെ 176 മെഡൽ കിട്ടി. കാനഡയ്‌ക്ക് 26 സ്വർണമടക്കം 92 മെഡൽ. ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകളാണ് കരസ്ഥമാക്കിയത്.
ഉദ്‌ഘാടന ചടങ്ങുകൾ നാളെ രാത്രി 12.30ന് തുടങ്ങും. മത്സരങ്ങൾ 24നാണ്. ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സ് 27ന് ആരംഭിക്കും. 43 ഇനങ്ങളിലാണ് മത്സരം. 16 പാരാ അത്‌ലറ്റിക്‌സ് ഇനങ്ങളുമുണ്ട്.
ഇന്ത്യക്ക് 125 അംഗസംഘം
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യക്ക് 125 അംഗസംഘം. 77 പുരുഷന്മാരും 48 വനിതകളുമാണ്. അത്‌ലറ്റിക്‌സിലാണ് വലിയസംഘം–32. ബോക്‌സിങ്ങിലും ജുഡോയിലും 14 പേർ വീതമുണ്ട്. ഭാരോദ്വഹനത്തിൽ 12. ഇന്ത്യ 13 ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. നാല് പാരാ ഇനങ്ങളുണ്ട്.
അടുത്ത ഗെയിംസിന് ഇന്ത്യ ആതിഥേയരാണ്. 2030ൽ അഹമ്മദാബാദാണ് വേദി. അതിനാൽ മികച്ച പ്രകടനമാണ് ലക്ഷ്യം. 2010ൽ ന്യൂഡൽഹിയിൽ ഗെയിംസ് നടന്നപ്പോഴാണ് മികച്ച പ്രകടനം. 38 സ്വർണമടക്കം 101 മെഡലുമായി രണ്ടാംസ്ഥാനമായിരുന്നു.
കഴിഞ്ഞതവണ (2022) ബർമിങ്ഹാം ഗെയിംസിൽ നാലാംസ്ഥാനമാണ്. മെഡൽ കിട്ടിയ മിക്ക ഇനങ്ങളും ഇക്കുറിയില്ലാത്തത് തിരിച്ചടിയാണ്. ക്രിക്കറ്റ്, ഹോക്കി, ഗുസ്‌തി, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്, സ്‌ക്വാഷ് എന്നിവ ഒഴിവാക്കി. ഗുസ്‌തിയിൽ 12 മെഡലുണ്ടായിരുന്നു. ടേബിൾ ടെന്നീസിൽ ഏഴും ബാഡ്‌മിന്റണിൽ ആറും മെഡലുണ്ടായിരുന്നു. ഒളിമ്പ്യനായ ഭാരോദ്വഹനതാരം മീരാഭായ് ചാനുവും ബോക്‌സർ ലവ്‌ലിന ബൊർഗോഹെയ്‌നുമാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.










0 comments