ad
Deshabhimani

print edition തലമാറ്റി വമ്പൻമാർ: പുതിയ പരിശീലകരുമായി ലോകകപ്പ് ടീമുകൾ ; 17 ടീമുകളിൽ പരിശീലകമാറ്റം

NEW COACH FOOTBALL AFTER FIFA

യുർഗൻ ക്ലോപ്, സിനദിൻ സിദാൻ, ദ്യേഗോ ഫോർലാൻ, പെപ് ഗ്വാർഡിയോള

വെബ് ഡെസ്ക്

Published on Jul 22, 2026, 01:01 AM | 2 min read

ന്യൂയോർക്ക്‌: ലോകകപ്പ്‌ ഫുട്‌ബോളിലെ തിരിച്ചടിക്ക്‌ പിന്നാലെ വമ്പൻ ടീമുകൾ അഴിച്ചുപണിയിലേക്ക്‌ കടന്നു. ജർമനിയും പോർച്ചുഗലും ഫ്രാൻസും ബൽജിയവും ഉറുഗ്വായ്‌യും ക്രൊയേഷ്യയും നെതർലൻഡ്‌സുമെല്ലാം പുതിയ പരിശീലകർക്ക്‌ കീഴിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ്‌. ലോകകപ്പിൽ പങ്കെടുത്ത 48 ടീമുകളിൽ പതിനേഴും നിലവിലെ പരിശീലകനുമായി വേർപിരിഞ്ഞു. ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയും കോച്ചുമാർക്ക്‌ ഒന്നിച്ച്‌ കസേര തെറിക്കുന്നത്‌. ഇതിനിടെ അവസാന മൂന്ന്‌ പതിപ്പിലും യോഗ്യത നേടാതെ പോയ ഇറ്റലി വിഖ്യാത സ്‌പാനിഷ്‌ പരിശീലകൻ പെപ്‌ ഗ്വാർഡിയോളയ്‌ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്‌.


ക്ലബ്‌ ഫുട്‌ബോളിൽ തിളങ്ങിയ പരിശീലകരാണ്‌ പുതുതായി ദേശീയ ടീമുകളുടെ ചുമതലയേറ്റെടുക്കാൻ ഒരുങ്ങുന്നത്‌. ജർമനി യൂലിയൻ നാഗെൽസ്‌മാന്‌ പകരം നാട്ടുകാരൻ കൂടിയായ യുർഗൻ ക്ലോപിനെയാണ്‌ നിയോഗിച്ചത്‌. രണ്ടുവർഷത്തിനുശേഷമാണ്‌ അമ്പത്തൊമ്പതുകാരൻ പരിശീലനരംഗത്തേക്ക്‌ തിരിച്ചുവന്നത്‌. അവസാനമായി ഇംഗ്ലീഷ്‌ ക്ലബ്‌ ലിവർപൂളിനായാണ്‌ തന്ത്രമൊരുക്കിയത്‌. ചാമ്പ്യൻസ്‌ ലീഗുൾപ്പെടെ എല്ലാ ട്രോഫികളും നേടി. ജർമനിയിൽ 2030 ലോകകപ്പ്‌ വരെയാണ്‌ കരാർ.


റോബർട്ടോ മാർട്ടിനെസിന്‌ പകരം യോർഗെ ഹെസ്യൂസിനാണ്‌ പോർച്ചുഗലിന്റെ ചുമതല. പരിചയസമ്പന്നനായ എഴുപത്തൊന്നുകാരൻ കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റെണാൾഡോയുടെ ക്ലബായ അൽ നസറിന്റെ കോച്ചായിരുന്നു. അടുത്ത ലോകകപ്പ്‌ വരെയാണ്‌ നിയമനം. 14 വർഷമായി തുടർന്ന ദിദിയെർ ദെഷാമുമായി പരസ്‌പര ധാരണയിലാണ്‌ ഫ്രാൻസ്‌ പിരിഞ്ഞത്‌. മുൻ ക്യാപ്‌റ്റനും റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്നുതവണ യൂറോപ്യൻ ചാമ്പ്യൻമാരുമാക്കിയ സിനദിൻ സിദാനാണ്‌ ഫ്രഞ്ച്‌ പടയുടെ പുതിയ കോച്ച്‌. 2021ൽ സ്ഥാനമൊഴിഞ്ഞശേഷം പരിശീലനരംഗത്തില്ല അമ്പത്തിനാലുകാരൻ. 2030 ലോകകപ്പ്‌ വരെയുണ്ടാകും.


ബൽജിയം റൂഡി ഗാർഷ്യയെ പുറത്താക്കി. പുതിയ ചുമതലക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. റൊണാൾഡ്‌ കൂമാനുമായുള്ള ബന്ധം അവസാനിപ്പിച്ച നെതർലൻഡ്‌സ്‌ ലിവർപൂളിന്റെ കോച്ചായിരുന്ന ആർണെ സ്ലോട്ടിനെ സമീപിച്ചിട്ടുണ്ട്‌. അന്തിമ തീരുമാനം ഉടനുണ്ടാകും. മാഴ്സെലോ ബിയേൽസയ്‌ക്ക്‌ പകരം മുൻ താരം ദ്യേഗോ ഫോർലാന്‌ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്‌ ഉറുഗ്വായ്‌. നല്ല പ്രകടനം നടത്തിയാൽ നിലനിർത്തും. സ്ലാട്‌കോ ദാലിച്ചിന്‌ പകരം മുൻ കോച്ച്‌ കൂടിയായ സ്ലാവെൻ ബിലിച്ചാണ്‌ ക്രൊയേഷ്യയുടെ അമരക്കാരൻ.


പത്തുവർഷത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റി വിട്ട ഗ്വാർഡിയോള ദേശീയ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര വേദിയിൽ നിറംകെട്ട ഇറ്റലി ഗ്വാർഡിയോളയിലൂടെ മടങ്ങി വരവ്‌ ആഗ്രഹിക്കുന്നുണ്ട്‌. പുതിയ ടെക്‌നിക്കൽ ഡയറക്ടറായി നിയമിതനായ മുൻ താരം പാബ്ലോ മൽദീനി സ്‌പെയ്‌നിലെത്തി ഗ്വാർഡിയോളയുമായി ചർച്ച നടത്തി. മെക്‌സിക്കോ, ഇക്വഡോർ, സ്‌കോട്‌ലൻഡ്‌, ദക്ഷിണ കൊറിയ, ടുണീഷ്യ, ചെക്ക്‌ റിപ്പബ്ലിക്‌, സെനെഗൽ, ജോർദാൻ, അൾജീരിയ ടീമുകളും പുതിയ പരിശീലകന്‌ കീഴിലാണ്‌ ഇനി ഒരുങ്ങുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home