അഞ്ചുവയസ്സുകാരിക്ക് അയൽവാസിയുടെ ക്രൂരമർദനം; റോഡിലൂടെ വലിച്ചിഴച്ചു, ദൃശ്യങ്ങൾ പുറത്ത്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ അഞ്ചുവയസ്സുകാരിക്ക് അയൽവാസിയായ സ്ത്രീയുടെ ക്രൂരമർദനം. കുട്ടിയെ ക്രൂരമായി മർദിക്കുകയും വലിച്ചിഴക്കുകയുമായിരുന്നു. വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി തല്ലുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമൃത്സറിലെ ജോഡ ഫാടകിന് സമീപമുള്ള ധരംപുരയിലാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ വീടിനടുത്തുള്ള കടയിൽ സാധനം വാങ്ങാൻ പോയ കുട്ടി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. അയൽവാസിയായ സ്ത്രീ കുട്ടിയെ വഴിയിൽ തടഞ്ഞ് തുടർച്ചയായി അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും പിന്നീട് കൈയിൽ പിടിച്ച് വലിച്ചിഴച്ച് സ്വന്തം വീടിന്റെ ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം.
കുട്ടിയുടെ അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീ അവരെയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മ നിലത്തുവീണതോടെ സമീപവാസികൾ ഇടപെട്ടാണ് കുട്ടിയെ ഇവരിൽനിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം, പ്രതിയായ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.









0 comments