Deshabhimani

നീതി നിഷേധിക്കുന്നു; യുഡിഎഫ് സർക്കാരിന് താക്കീതായി സെക്രട്ടറിയറ്റ് വളഞ്ഞ് സമരം; കാൽലക്ഷം പേർ അണിനിരന്നു

SECRETARIAT STRIKE
വെബ് ഡെസ്ക്

Published on Nov 21, 2026, 11:31 AM | 1 min read

തിരുവനന്തപുരം : അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്‌ കാൽലക്ഷം ജീവനക്കാരും അധ്യാപകരും ശനിയാഴ്‌ച സെക്രട്ടറിയറ്റ്‌ വളഞ്ഞു. ആക്ഷൻ ക‍ൗൺസിൽ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ ആൻഡ്‌ ടീച്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള സമരം രാവിലെ 10.30ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നീതി നിഷധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയറ്റ് വളയലെന്ന് സമരം ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു.


മന്ത്രിസഭയിൽ പോലും പരസ്പര വിശ്വാസമില്ലാത്ത യുഡിഎഫ് സർക്കാരാണ് ഇപ്പോഴത്തേത്. അങ്ങനെയൊരു ഭരണം നിലനിൽക്കുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ടാകും. ഏതൊരു സർക്കാരും അവരുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടത് സിവിൽ സർവീസിനെ കൂടി പരി​ഗണിച്ചുകൊണ്ടാണ്. ഇവിടെ ആ കാര്യത്തിനും മാറ്റം സംഭവിച്ചിരിക്കുന്നു. എല്ലാ ഉദ്യോ​ഗസ്ഥരെയും ശത്രുക്കളായാണ് സർക്കാർ കാണുന്നത്. ഉദ്യോ​ഗസ്ഥരെ വിശ്വാസത്തിലെടുക്കുക എന്നത് വളരെ പ്രധാനമാണ്. സംതൃപ്തമായ സിവിൽ സർവീസാണ് നാടിന്റെ പുരോ​ഗതിക്ക് ആവശ്യം. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ ഉദ്യോ​ഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. സർക്കാരിന് അധികാരമുണ്ട്. എന്നാൽ ആ അധികാരം വിവേചനപൂർവമാണ് പ്രയോ​ഗിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.


ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചുള്ള ഉത്തരവ് ഉടൻ നടപ്പാക്കുക, അന്യായ സ്ഥലംമാറ്റം റദ്ദാക്കുക, പൊതുസ്ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക, മെഡിസെപ് അപാകം പരിഹരിക്കുക, സർവീസ് മേഖലയെ തകർക്കുന്ന നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home