Deshabhimani

കവർസ്റ്റോറി

ചരിത്രവിജ്ഞാനീയത്തിന്റെ ചിത്രവധം: 
ഹിന്ദുത്വ നാൾവഴികൾ-

പടം
avatar
എ എം ഷിനാസ്‌

Published on Nov 21, 2026, 11:34 AM | 9 min read


2025 ഏപ്രിൽ മാസത്തിൽ അന്തരിച്ച പ്രൊഫസർ എം ജി എസ് നാരായണൻ 2001-‐2003 കാലത്ത് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ. സി. എച്ച്. ആർ) ചെയർമാൻ ആയിരുന്നു. 1990-‐1992 വർഷങ്ങളിൽ ഐ സി എച്ച് ആറിന്റെ പ്രഥമ മെമ്പർ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. അപ്പോൾ ചെയർമാൻ ഇർഫാൻ ഹബീബ് ആയിരുന്നു. ഇർഫാൻ ഹബീബ് തന്നെയാണ് മെമ്പർ സെക്രട്ടറി എന്ന പ്രധാന പദവി ഏറ്റെടുക്കാൻ എം ജി എസ്സിനോട്‌ പറഞ്ഞത്. എം ജി എസ്, ഐ സി എച്ച് ആർ ചെയർമാൻ ആയി ചുമതലയേറ്റപ്പോൾ കേന്ദ്ര മാനവശേഷി വിഭവകുപ്പ് മന്ത്രി മുരളി മനോഹർ ജോഷി ആയിരുന്നു. എം ജി എസ്സിന്റെ ഹോം സെക്രട്ടറി ആയി ഏതാനും മാസം ഞാൻ പ്രവർത്തിച്ചിരുന്നു. ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനായി കിട്ടിയപ്പോൾ ആ ജോലി വിട്ടു. എങ്കിലും കേരളത്തിനകത്തും പുറത്തും എം ജി എസ് സെമിനാറുകൾക്കും മറ്റ് പരിപാടികൾക്കും പോകുമ്പോൾ എന്നെയും കൂടെ കൂട്ടുമായിരുന്നു. പലപ്പോഴും ഡൽഹിയിലെ ഐ സി എച്ച് ആർ ഓഫീസിൽ അക്കാലത്ത് അദ്ദേഹം നേരിട്ട സമ്മർദ്ദങ്ങളും കുത്തിത്തിരിപ്പുകളും കുതികാൽ വെട്ടും മറ്റും സരസമായി, എന്നാൽ കടുത്ത അതൃപ്‌തിയോടെ പറയുമായിരുന്നു. മുരളി മനോഹർ ജോഷി എം ജി എസ്സിനോട്‌ ആവശ്യപ്പെട്ട രണ്ട് ചരിത്രത്തിരുത്തുകൾ വാസ്തവത്തിൽ ‘ഒന്നൊന്നര തിരുത്തുകൾ' ആയിരുന്നു. ഒന്ന്, ആദി ശങ്കരന്റെ കാലം പിറകോട്ടു കൊണ്ടുപോകണം എന്നതായിരുന്നു. ആദി ശങ്കരൻ എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിലോ ആണ് ജീവിച്ചിരുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ജോഷിയുടെ ആവശ്യം, ശങ്കരനെ കുറച്ചുകൂടി നൂറ്റാണ്ടുകൾ പിന്നിലേക്ക് പ്രതിഷ്ഠിക്കണം എന്നായിരുന്നു. രണ്ടാമത്തെ ആവശ്യം, ഹാരപ്പൻ നാഗരിക സംസ്‍കാരത്തെ വൈദിക കാലഘട്ടവുമായി ഏച്ചുകെട്ടി അവ രണ്ടും ഒന്നുതന്നെയാണെന്നും ഭിന്നമല്ലെന്നും സ്ഥാപിക്കണമെന്നതായിരുന്നു.വൈദികസംസ്കൃതിയും ഹാരപ്പൻ സംസ്‌കൃതിയും ഒന്നുതന്നെയാവേണ്ടത് ഉത്പത്തിയെയും തന്മയെയും കുറിച്ച് വേവലാതിപ്പെടുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുഖ്യ ചരിത്ര കാര്യപരിപാടിയാണ്.ചരിത്രവിരുദ്ധവും അസംബന്ധവുമായ ഈ രണ്ട് ആവശ്യങ്ങളും നടക്കില്ലെന്ന് എം ജി എസ് ജോഷിയോട് പറഞ്ഞു. ഡൽഹിയിലെ ഐ സി എച്ച് ആർ ആസ്ഥാനത്ത് സംഘപരിവാറുകാരായ മെമ്പർ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നടത്തിയ അന്യായവും അവിഹിതവുമായ ഇടപെടലുകളെയും എം ജി എസ് എതിർത്തുപോന്നു.അങ്ങനെ രണ്ട് വർഷം ചെയർമാൻ പദവി പൂർത്തീകരിച്ചപ്പോൾ തന്നെ എം ജി എസ്സിന് ഐ സി എച്ച് അറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോരേണ്ടിവന്നു.(ഐ സി എച്ച് ആർ ചെയർമാൻ കാലാവധി മൂന്ന് വർഷമാണ്.അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.)

ഹരിയാനയിൽ കണ്ടെടുത്ത ഹാരപ്പൻ 
സംസ്കാരകാലത്തെ അസ്ഥികൂടങ്ങൾഹരിയാനയിൽ കണ്ടെടുത്ത ഹാരപ്പൻ 
സംസ്കാരകാലത്തെ അസ്ഥികൂടങ്ങൾ

ഹാരപ്പൻ സംസ്കൃതി മുഴുവൻ ആര്യൻമാരുടേതാക്കി പിടിച്ചെടുക്കുക എന്ന ഗൂഢപദ്ധതി അതിനു മുൻപേ സംഘപരിവാർ ‘ചരിത്രവിദ്വാൻമാർ' തുടങ്ങിയിരുന്നു. നാസയിലെ എഞ്ചിനീയറെന്ന മേൽവിലാസത്തിന്റെ ആധികാരികത്വമുപയോഗിച്ച്, ‘ചരിത്രപടു'വായി വേഷം കെട്ടി രംഗത്തുവന്ന നവരത്ന രാജാറാം ആയിരുന്നു ഇവരിൽ പ്രമുഖൻ. അദ്ദേഹവും മറ്റൊരു ഹിന്ദുത്വവിദ്വാനും (Natwar Jha) ചേർന്നാണ് ഹാരപ്പൻ മുദ്രകളിലൊന്നിലെ കാളയെ (unicorn-bull seal.Mackay Seal 453 from Mohenjodaro) കമ്പ്യൂട്ടറിൽ ‘കൈക്രിയ' ചെയ്ത് കുതിരയാക്കിയത്. ഹാരപ്പൻമാർക്ക് കുതിര അപരിചിതമായിരുന്നു. വൈദിക ആര്യന്മാരുടെ കേന്ദ്രമൃഗങ്ങൾ ഗോക്കളും കുതിരയുമായിരുന്നു. ഹാരപ്പൻ സംസ്‌കൃതിയിൽ ഒരു കുതിര ഉണ്ടായിരുന്നു എന്നാൽ ആ സംസ്‌കൃതി ആര്യൻമാരുടേതാണെന്ന് ശക്തമായി വാദിക്കാം.രാജാറാം നടത്തിയ ഈ ‘കുതിരക്കളി' പൊളിച്ചുകാട്ടിയത് ഹാവാഡ് യൂണിവേഴ്സിറ്റിയിലെ സംസ്‌കൃതപണ്ഡിതനായ മൈക്കൽ വിറ്റ്സലും താരതമ്യ ചരിത്രകാരനായ സ്റ്റീവ് ഫാർമറുമാണ്. അവർ 'ഫ്രണ്ട്ലൈനി'ൽ 'ഹാരപ്പയിലെ കുതിരക്കളി' (Horseplay in Harappa) എന്ന ശീർഷകത്തിൽ 2000 ഒക്ടോബർ മാസത്തിൽ തെളിവുകൾ നിരത്തി ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.ആ പ്രബന്ധം വന്നതോടെ ചരിത്രത്തെ വെടക്കാക്കി തനിക്കാക്കാൻ ഹിന്ദുത്വവാദികൾ ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കപ്പെട്ടു.

​വിദ്യാഭ്യാസമണ്ഡലത്തിൽ പൊതുവിലും ചരിത്രവിജ്ഞാനീയത്തിൽ പ്രത്യേകിച്ചും സംഘപരിവാർ ശക്തികൾ ഭരണകൂടാധികാരം ഉപയോഗിച്ച് കൈകടത്താൻ തുടങ്ങിയത് 1977 മാർച്ചിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ഭാരതീയ ജനസംഘമുൾപ്പെടെയുള്ള രാഷ്ട്രീയ കൂട്ടായ്മയായ ജനതാ പാർട്ടി സർക്കാർ അധികാരമേറ്റതോടെയാണ്.(ആർ എസ് എസ് 1925 ൽ രൂപീകരിച്ചതുമുതൽ സ്വന്തം നിലയിൽ അതിന്റെ സ്കൂളുകൾ ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങളിലൂടെ ഇന്ത്യാ ചരിത്രത്തിൽ പ്രതിലോമപരമായും വിധ്വംസകമായും ഇടപെട്ടു പോന്നിട്ടുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം).മൊറാർജി ദേശായി സർക്കാർ അധികാരത്തിൽ വന്ന് മൂന്നു മാസം പിന്നിട്ടപ്പോൾ എൻ സി ഇ ആർ ടി യുടെ ചരിത്ര പാഠപുസ്തങ്ങൾക്കെതിരെ അരയും തലയും മുറുക്കി, ജനസംഘത്തെ മുൻനിർത്തി സംഘപരിവാർ വർഗീയഗോദ സൃഷ്ടിച്ചു.ജനസംഘത്തിന്റെ മുൻ നേതാവും ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന നാനാജി ദേശ്മുഖ് ഒരു പാർട്ടിയുടെയും സംഘടനയുടെയും പേരുവയ്ക്കാത്ത മെമ്മറാണ്ടം പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് കൊടുത്തതോടെയായിരുന്നു ചരിത്രവിജ്ഞാനീയത്തിനെതിരെയുള്ള ചന്ദ്രഹാസത്തിന്റെ ഭരണകൂട പിന്തുണയോടെയുള്ള ആക്രമണത്തിന്റെ തുടക്കം .എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളായ റോമില ഥാപറുടെ Medieval India, ബിപൻ ചന്ദ്രയുടെ Modern India എന്നിവയും നാഷണൽ ബുക് ട്രസ്റ്റ്‌ 1972 ൽ പ്രസിദ്ധീകരിച്ച, ബിപൻ ചന്ദ്രയും അമലേസ്‌ ത്രിപാഠിയും ബരുൺ ദെയും ചേർന്നെഴുതിയ Freedom Struggle എന്ന പുസ്തകവും പീപ്പിൾസ്‌ പബ്ലിഷിങ്‌ ഹൗസ് 1969 ൽ പ്രസിദ്ധീകരിച്ച മൂന്ന് പ്രബന്ധങ്ങളുടെ സമാഹാരമായ Communalism and the Writing of Indian History യും (റോമില ഥാപർ, ഹർബസ്‌ മുഖിയ, ബിപൻ ചന്ദ്ര എന്നിവരുടെ പ്രബന്ധങ്ങൾ) പിൻവലിക്കണം എന്നായിരുന്നു പേരും ഊരും എഴുതാതെ സംഘപരിവാർ പ്രഭ്രൃതികൾ കൊടുത്ത ആ നിവേദനപത്രിക ആവശ്യപ്പെട്ടിരുന്നത്.1977 ഓഗസ്തിൽ ആർ എസ്. ശർമയുടെ Ancient India പ്രസിദ്ധീകൃതമായി.ഈ പുസ്തകത്തിനെതിരെയും ഇക്കൂട്ടർ രംഗത്തുവന്നു.അക്കാലത്തെ മികച്ച ചരിത്രഗ്രന്ഥങ്ങളായ ഇവയെല്ലാം ഇന്ത്യാവിരുദ്ധവും ദേശീയവിരുദ്ധവുമാണെന്നായിരുന്നു കുറ്റപത്രം.

​

മൊറാർജി ദേശായിക്ക് കിട്ടിയ വാറോലയ്ക്കു പിന്നിൽ ആർ എസ് എസ്സും ആര്യസമാജവുമായിരുന്നു. അദ്ദേഹം അത് ആ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഡോ. പി. സി. ചുന്ദറിന് കൈമാറി. "ആർ. എസ്. ശർമ ഹടാവോ, ഹിന്ദു ധർമ് ബചാവോ" എന്നായിരുന്നു അക്കാലത്ത് ഡൽഹി സർവകലാശാലയിൽ എ. ബി. വി. പി. മുഴക്കിയിരുന്ന മുദ്രാവാക്യം.പുരാതത്വവിജ്ഞാനീയ തെളിവുകളിലും വേദത്തിലും പിൽക്കാല സാഹിത്യകൃതികളിലുമുള്ള ഗോമാംസഭോജനത്തിന്റെ ധാരാളം സാക്ഷ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഹിന്ദുത്വവാദികളെ അങേയറ്റം അസ്വസ്ഥരാക്കി. ഒരു ഏകശിലാത്മക ഹിന്ദുസമുദായനിർമിതി എന്ന രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്നവർക്ക് ഇത് സഹിക്കാൻ പറ്റുമായിരുന്നില്ല.ഈ വാറോല പത്രക്കാർക്ക് ചോർന്നുകിട്ടിയതോടെ പാർലിമെന്റിലും മാധ്യമങ്ങളിലും പണ്ഡിതവൃത്തങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. ഇതിന്റെയൊക്കെ പരിണതിയായും ആ സർക്കാർ കഷ്ടി രണ്ടരവർഷത്തിനിടയിൽ നിലംപതിച്ചതിനാലുമാണ് ആ പാഠപുസ്തകങ്ങൾ തുടർന്നത്. എന്നാൽ വാജ്‌പേയ് സർക്കാർ അധികാരത്തിൽ വന്നതോടെ ആ പാഠപുസ്തകങ്ങൾ പിൻവലിക്കുകയും പകരം കേട്ടുകേൾവി പോലുമില്ലാത്ത ചില ‘ചരിത്രപ്രതിഭ'കൾ എഴുതിയ പാഠപുസ്തകങ്ങൾ പുറത്തുകൊണ്ടുവരുകയും ചെയ്തു. (ആ ‘ഗംഭീര' പുസ്തകങ്ങളെക്കുറിച്ച് വഴിയേ വിവരിക്കുന്നുണ്ട് ). പഴയ എൻ സി ഇ ആർ ടി പുസ്തകങ്ങളുടെ മുഖ്യസവിശേഷത, 1970 കൾ വരെയുള്ള ചരിത്രപഠനങ്ങളുടെ വെളിച്ചത്തിൽ, ഇന്ത്യയ്ക്കകത്തും പുറത്തും അന്നേ പ്രശസ്തരായ ചരിത്രവിശാരദർ എഴുതിയാതായിരുന്നു അവയെന്നാണ്.മറ്റൊരു വിശേഷത, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അവയിൽ പ്രാധാന്യത്തോടെ കൊടുത്തിരുന്നതാണ്.

​സിന്ധൂനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾസിന്ധൂനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ

മധ്യകാലഭൂതകാലത്തിൽ നടന്ന മുസ്ലിം അധിനിവേശങ്ങളെപ്പറ്റിയും മുസ്ലിം ‘ആക്രമണകാരി' കളെപ്പറ്റിയും വിമർശനാത്മകമായ വിവരണമില്ലാത്തതും ഹിന്ദു-മുസ്‌ലിം ശത്രുതയ്ക്ക് വളം വെച്ചതിൽ തിലകിന്റെയും അരബിന്ദോയുടെയും പങ്ക് പാഠപുസ്തകങ്ങളിൽ വന്നതുമാണ് സംഘപരിവാറിനെ കോപാക്രാന്തമാ ക്കിയത്. ആർ. എസ്. ശർമയുടെ പുസ്തകത്തിൽ വൈദികകാലഘട്ടത്തിൽ പൊതുവിലും വൈദികാര്യന്മാർ വിശേഷിച്ചും ഗോമാംസം ഭുജിച്ചിരുന്നു എന്ന പരമാർശമുണ്ടായിരുന്നു. നിരവധി ചരിത്രലക്ഷ്യങ്ങൾ ഇക്കാര്യം പച്ചയായി വിവരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശർമാജി എന്ന് ആദരവോടെ മിക്കവരും വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് തീക്ഷ്‌ണമായ എതിർപ്പിന് ശരവ്യമായത്.പിന്നീട് ശർമാജിയുടെ ശിഷ്യനും പ്രസിദ്ധ ചരിത്രകാരനുമായ ഡി എൻ ജാ, The Myth of the Holy Cow (2001) എന്ന പുസ്തകമെഴുതുകയും തെളിവുകളുടെ ഘോഷയാത്രയുടെ പിൻബലത്തിൽ വൈദിക-‐വൈദികാനന്തര കൃതികളിലെ ഗോമാംസക്കൊതി അനാവരണം ചെയുകയുമുണ്ടായി.2021 ൽ അന്തരിച്ച ഡി എൻ ജായ്ക്ക് ആ പുസ്തകം പുറത്തുവന്ന കാലത്ത് നിരവധി വധഭീഷണികൾ ഉണ്ടായി.

​

ഈ പുസ്തകങ്ങളെല്ലാം ഇന്ത്യാവിരുദ്ധവും ദേശീയവിരുദ്ധവുമാണെന്ന് ആക്രോശിച്ച ഹൈന്ദവവലതുപക്ഷത്തിന്റെ വർഗീയവിതണ്ഡ വാദത്തെ ആവോളം പെരുപ്പിച്ച് ആർ എസ് എസ് ജിഹ്വയായ ‘ഓർഗനൈസർ' സമാന്തരമായി പ്രചണ്ഡമായ പ്രചരണവും നടത്തി.അതിനിടെ നാനാജി ദേശ്മുഖ് വഴി കൈമാറിയ മെമ്മോറാണ്ടം പുറത്തായതിനെത്തുടർന്ന് 1977 മുതൽ 1979 വരെ ചൂടുള്ള ചർച്ചകൾ നടന്നു. പുസ്തകരചന നടത്തിയ, അന്നേ ഇന്ത്യയിലും പുറത്തും പ്രശസ്തരും ആദരണീയരുമായ ചരിത്രകാരൻമാർ അടിവരയിട്ട് ഒരു കാര്യം പറഞ്ഞു ; വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും ലോകമാകെ അംഗീകരിക്കുന്ന ചരിത്രരചനാപദ്ധതി നിഷ്കൃഷ്ടമായി പാലിച്ചും എഴുതിയ സ്വതന്ത്ര വ്യാഖ്യാനങ്ങളാണ് തങ്ങളുടെ പുസ്തകങ്ങൾ.1977 നവംബറിൽ ഈ പുസ്തകങ്ങൾ സൂക്ഷ്മാവലോകനം നടത്താൻ പ്രഗത്ഭരായ ചരിത്രകാരൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.ഈ സമിതി ഏകസ്വരത്തിൽ ശുപാർശ ചെയ്തത്, സ്ഥാപിത വർഗീയ താല്പര്യക്കാർ ‘വിവാദ'ത്തിൽ മുക്കിയ ഈ പുസ്തകങ്ങൾ അതേപടി തുടരണം എന്നായിരുന്നു.എന്നാൽ 1978 ജൂലൈ മാസത്തിൽ കേന്ദ്രഭരണകൂടം സി ബി എസ് ഇ യോട് ആർ. എസ്. ശർമയുടെ പുസ്തകം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ആ പുസ്തകം പഠിക്കാനുണ്ടായിരുന്നത് ക്ലാസ് X1 ൽ ആയിരുന്നു. പിന്നീട് ശർമാജി തന്നെ പുതിയ വിവരങ്ങൾ ചേർത്ത് പരിഷ്കരിച്ച പതിപ്പ് India's Ancient Past എന്ന പേരിൽ ലഭ്യമാണ്.ഹിന്ദുത്വവാദികൾക്ക്‌ ഇന്നത്തെ നിലയിൽ കേന്ദ്രത്തിൽ അധികാരം കൈവന്നിട്ടില്ലാത്ത കാലമായിരുന്നു എഴുപതുകളുടെ അന്ത്യപാദം എന്ന വസ്തുത ഇതോടൊപ്പം ചേർത്തു വായിക്കണം.

​​

പ്രാചീനകാലഘട്ടത്തിൽ മഹർഷിമാരുടെ ആശ്രമങ്ങളിൽ അതിഥിയായി ബ്രാഹ്മണരോ ഉന്നത സാമൂഹികസ്ഥാനീയരോ ചെന്നാൽ അവർക്കുവേണ്ടി കാളക്കുട്ടനെ കൊന്ന് പാകം ചെയ്തിരുന്നതായി പ്രാചീന സംസ്‌കൃതഗ്രന്ഥങ്ങളിൽ കാണാം. അതിഥി എന്ന വാക്കിനുതന്നെ അർത്ഥം തിഥി അഥവാ ദിവസം നോക്കാതെ, മുന്നറിയിപ്പ് കൂടാതെ വരുന്ന ആൾ എന്നത്രെ. ബ്രാഹ്മണരായ അതിഥികൾക്കുവേണ്ടി പ്രത്യേകമായി കാളക്കുട്ടനെ കൊന്ന്, പാകം ചെയ്ത്, വിളമ്പുക പതിവായിരുന്നു. അതുകൊണ്ട് അതിഥി എന്ന വാക്കിന് ഗോഘ്നൻ എന്ന പര്യായമുണ്ടായി. അതായത് ഗോവിനെ കൊന്ന് മാംസം ഭക്ഷിക്കുന്നവൻ. വാല്മീകി രാമായണത്തിൽ രാമനും സീതയും വനവാസകാലത്ത് വേട്ടയാടി മൃഗങ്ങളെ കൊന്ന്, സീത അവയുടെ മാംസം വെയിലത്തിട്ട് ഉണക്കുന്നതായി വിവരിച്ചിട്ടുണ്ട്. ആർ. എസ്. ശർമയുടെ ചരിത്രഗ്രന്ഥങ്ങളിൽ പൊതുവിലും ഡി. എൻ. ജായുടെ മേൽസൂചിപ്പിച്ച ഗ്രന്ഥത്തിൽ വിശേഷിച്ചും ഈ കാര്യങ്ങളെല്ലാം അനിഷേധ്യമായ ചരിത്രലക്ഷ്യങ്ങളുടെ പിൻബലത്തോടെ പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണർ അക്കാലത്ത് പൊതുവെ സസ്യഭുക്കുകളായിരുന്നില്ല. പശ്ചിമേന്ത്യയിലെ ജൈനരാണ് സസ്യാഹാരം പ്രധാനമായും പ്രചരിപ്പിച്ചത്.1977 ൽ ഭുവനേശ്വറിൽ വെച്ച് നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിനോടനുബന്ധിച്ച് ആർ.എസ്.ശർമയുൾപ്പെടെയുള്ള ചരിത്രകാരൻമാരുടെ പുസ്തകങ്ങൾക്കെതിരെയുള്ള ജനസംഘത്തിന്റെ സംഘടിതാക്രമണത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. ആ ചർച്ചയിൽ പാഠപുസ്തകങ്ങളെ പിന്തുണച്ചുകൊണ്ടാണ് ലബ്ധപ്രതിഷ്ഠരായ ചരിത്രകാരൻമാരും യുവഗവേഷകരും സംസാരിച്ചത്.

​ഭക്ഷണത്തിന്റെ കാര്യത്തിൽ, ചരിത്രപരമായി നോക്കിയാൽ വ്യത്യസ്ത വർണങ്ങളിലും അവയിൽ തന്നെയുള്ള നാനാവിധ ജാതികളിലും ഉൾപ്പെട്ടവർ എല്ലായിടത്തും എല്ലാ കാലത്തും ഒരുപോലെയായിരുന്നില്ല , ഇപ്പോഴുമല്ല. കാശ്മീരി പണ്ഡിറ്റുകളായ ബ്രാഹ്മണർ ആട്ടിറച്ചിയും മൽസ്യവും കഴിക്കുന്നവരാണ്.ഗോവയിലെയും കൊങ്കൺ തീരത്തെയും സാരസ്വത ബ്രാഹ്മണരിൽ ചില വിഭാഗം മീൻ കഴിക്കുന്നവരും മറ്റു ചിലർ മാംസം ആസ്വദിച്ചു കഴിക്കുന്നവരുമാണ്.ബംഗാളി ബ്രാഹ്മണർ മത്സ്യം കഴിക്കുക മാത്രമല്ല അതിനെ ഗംഗാപുഷ്പം എന്ന് പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും പൊതുവെ മീനിന്റെ തല വെട്ടിക്കളയും. ബംഗാളിൽ, ബ്രാഹ്മണർക്കുൾപ്പെടെ മൽസ്യത്തലയാണ് ഏറ്റവും പ്രധാനം. മുഖ്യാതിഥിക്ക്‌ അവർ തല നീക്കിവെക്കും.

​ഐസിഎച്ച്ആറിന്റെ ഡൽഹിയിലെ ആസ്ഥാനംഐസിഎച്ച്ആറിന്റെ ഡൽഹിയിലെ ആസ്ഥാനം

ഇങ്ങനെ ഇന്ത്യയിലെ വ്യത്യസ്തഭാഗങ്ങളിലുള്ള ബ്രാഹ്മണരിൽ തന്നെ ഭക്ഷണബഹുത്വം ഇക്കാലത്തും കാണാം. ഇടതുപക്ഷക്കാരനല്ലാതിരുന്ന, ഇടതുപക്ഷ ചരിത്രകാരൻമാരോടുള്ള അനിഷ്ടം കാരണം ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന, പ്രശസ്ത പുരാതത്ത്വവിജ്ഞാനീയ വിദഗ്ധനായ എച്ച്.ഡി. സംഘാലിയ(1908‐-1989) The Cow in Indian History എന്ന പ്രബന്ധത്തിൽ പ്രാചീനേന്ത്യയിലെ ഗോമാംസഭോജനത്തെപ്പറ്റി പുരാവസ്തുശാസ്ത്രപരമായ തെളിവുകളുടെ വെളിച്ചത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ പ്രാഗ് ചരിത്രത്തെപ്പറ്റി കാര്യമായ ഗവേഷണം നടത്തിയവരിൽ ആഗ്രഗാമി സംഘാലിയയാണ്. സംഘാലിയ സ്ഥാപിച്ച പൂനെയിലെ ഡക്കാൻ കോളേജിലാണ് 'ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ'യ്ക്കു (എ. എസ്. ഐ.) പുറത്ത് പുരാതത്ത്വശാസ്ത്രവും അതിന്റെ ഭാഗമായി പ്രാഗ് ചരിത്രവും ഗവേഷണം ചെയ്ത് പഠിപ്പിക്കാൻ തുടങ്ങിയത്. സംഘാലിയയുടെ The Pre-History and Proto- History of India and Pakistan (1962) എന്ന ഗ്രന്ഥത്തിന്റെ പ്രഭാവത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല.The Ramayana in Historical Perspective (1982) എന്ന സംഘാലിയയുടെ ഗ്രന്ഥത്തിൽ, ആ ഇതിഹാസകാവ്യത്തിന് അടിസ്ഥാനമായ ചരിത്രവസ്തുതകൾ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിലാണ് കണ്ടെത്തുന്നത്.വാല്മീകി രാമായണത്തിൽ, ശ്രീരാമ പട്ടാഭിഷേകം നിശ്ചയിച്ചപ്പോൾ അതിൽ പ്രതിഷേധിച്ചുകൊണ്ട് കൈകേയി ക്രോധാഗാരത്തിൽ പ്രവേശിച്ച് നിലത്തുകിടന്ന് ഉരുണ്ടതായി വിവരിക്കുന്നുണ്ട്. കൈകേയിയുടെ വസ്ത്രങ്ങളിൽ അപ്പോൾ പൊടി പുരണ്ടതായും പറയുന്നു. അതിൽനിന്ന് ദശരഥന്റെ അന്നത്തെ ആസ്ഥാനം ആദിവാസികളുടെ ശൈലിയിലുള്ള കളിമൺ ചുമരും നിലവും ഉള്ളതായിരുന്നു എന്നാണ് സംഘാലിയ അനുമാനിക്കുന്നത്.സംഘാലിയ വ്യക്തിജീവിതത്തിൽ യാഥാസ്‌ഥിതികനായിരുന്നുവെങ്കിലും ചരിത്രത്തോടുള്ള സമീപനം വസ്തുനിഷ്ഠമായിരുന്നു.പശുവിനെ രാഷ്ട്രീയമൃഗമാക്കി മാറ്റിയ ഇന്നത്തെ ഹിന്ദുത്വവാദികളും അവർക്ക് പാദസേവ ചെയ്യുന്ന ചരിത്രകാരന്മാരും പുരാവിജ്ഞാനീയ പഠിതാക്കളും പ്രൊഫഷണൽ ജീവിതത്തിൽ ചരിത്രത്തെ വികൃതമാക്കുന്നവരും വക്രീകരിക്കുന്നവരും കല്പിതകഥയാക്കുന്നവരുമാണ്.കപടവേഷധാരികൾ മാത്രമല്ല അവർ ;ഉദരംഭരികളുമാണ്.ഈ ഗണത്തിൽ പെടുന്ന പ്രഗത്ഭനായ പുരാതത്ത്വവിദഗ്ധനായിരുന്നു ബി. ബി. ലാൽ (1921-‐2022).

​സിന്ധൂനദീതട സംസ്കാരകാലത്തെ കാളയുടെ സീൽസിന്ധൂനദീതട സംസ്കാരകാലത്തെ കാളയുടെ സീൽ

​1940 കളുടെ പ്രഥമപാദത്തിൽ ലോകപ്രശസ്ത ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റും ബ്രിട്ടീഷ് ഇന്ത്യയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലുമായിരുന്ന റോബർട്ട്‌ എറിക് മോർട്ടിമർ വീലറിൽ നിന്ന് തക്ഷശിലയിലും ഹാരപ്പയിലും വെച്ച് ശിക്ഷണം ലഭിച്ച വ്യക്തിയാണ് ബി. ബി. ലാൽ.1968-‐1972 കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലുമായിരുന്നു അദ്ദേഹം, പുരാതത്ത്വവിജ്ഞാനീയ മണ്ഡലത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുമുണ്ട്.1975‐-76 ൽ Archeology of the Ramayana Sites എന്ന പ്രൊജക്റ്റിന്റെ ഭാഗമായി അയോധ്യയുൾപ്പെടെ അഞ്ച് രാമായണസ്ഥാനങ്ങളിൽ അദ്ദേഹം ഉത്ഖനനം നടത്തുകയുണ്ടായി.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇടക്കാല റിപ്പോർട്ടിൽ (Indian Archeology 1976-77:A Review) ബാബ്റി മസ്ജിദിന് സമീപം നടത്തിയ അയോധ്യ ഉത്ഖനനത്തെപ്പറ്റി ബി. ബി. ലാൽ എഴുതിയത്, ‘അവിടെ മധ്യകാല ഘട്ടത്തിൽ അസാധാരണവും സവിശേഷവുമായി താല്പര്യമുള്ള ഒന്നും കണ്ടെത്തിയില്ല' എന്നാണ്. 13 വർഷങ്ങൾക്ക് ശേഷം, വർഗീയരാഷ്ട്രീയത്തിന്റെ കുന്തമുനയായി രാമജന്മഭൂമി പ്രശ്നം സംഘപരിവാർ ഉച്ചസ്ഥായിയി ലെത്തിച്ച കാലത്ത് ബി. ബി. ലാൽ മലക്കം മറിയുകയും ഹിന്ദുത്വശക്തികൾക്ക് അസാധാരണ വീര്യം പകർന്ന ഒരു 'വാദമുഖ'വുമായി രംഗത്തുവരികയും ചെയ്തു. എഴുപതുകളുടെ മധ്യത്തിൽ താൻ അയോധ്യയിൽ ഉത്ഖനനം നടത്തിയപ്പോൾ ബാബ്റി മസ്ജിദിനടുത്ത് അതിനേക്കാൾ പഴക്കമുള്ള ഒരു ക്ഷേത്രത്തിന്റെ സ്തംഭമൂലങ്ങൾ കണ്ടെത്തിയിരുന്നുവെന്നും ആ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബഹുനിലകളുള്ള ഒരു ആരാധനാലയമായിരുന്നുവന്നുമായിരുന്നു ലാലിന്റെ അവകാശവാദം. ഇക്കാര്യം പ്രസിദ്ധീകരിച്ചത് ആർക്കിയോളജിയുമായി ബന്ധപ്പെട്ട ഏതെങ്കിലും അധികാരിക പ്രസിദ്ധീകരണത്തിലായിരുന്നില്ല. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, ആർ എസ് എസ്സുമായി നാഭീനാളബന്ധമുള്ള ‘മന്തൻ' എന്ന പ്രസിദ്ധീകരണത്തിലാണ്, 1990 ഒക്ടോബറിൽ അദ്ദേഹം ഈ ‘വെളിപാടു'മായി ‘സമയോചിത'മായി രംഗപ്രവേശം നടത്തിയത്.അപ്പോൾ തന്നെ ആർ. എസ്. ശർമയും ഡി. എൻ. ഝായും സൂരജ് ഭാനും പോലുള്ള പ്രശസ്തർ ഈ ‘വൈകിവന്ന വിവേക'ത്തെ വിചാരണ ചെയ്തിരുന്നു. ലാൽ ചൂണ്ടിക്കാണിച്ച ‘ക്ഷേത്ര സ്തംഭമൂലങ്ങൾ' ഭാരം താങ്ങിനിർത്താൻ കഴിയുന്ന നിർമ്മിതികളല്ലെന്നും ആർക്കിയോളജിസ്റ്റായ ഡി. മണ്ഡൽ സുചിന്തിതപഠനത്തിലൂടെ സ്ഥാപിക്കുകയുമുണ്ടായി. ബി. ബി. ലാൽ തന്നെ പുറത്തുവിട്ട ട്രെഞ്ച് ഫോട്ടോകൾ പഠിച്ചശേഷമാണ് മണ്ഡൽ ഈ നിഗമനത്തിൽ എത്തിയത്. 2003 ൽ അലഹബാദ് ഹൈക്കോടതിയും 2019 ൽ സുപ്രീം കോടതിയും ബി. ബി. ലാലിന്റെ ഈ അവകാശവാദത്തെ തങ്ങളുടെ വിധിന്യായങ്ങൾക്ക് ബലം പകരാൻ ആശ്രയ്യിച്ചു എന്നത് പരമോന്നതകോടതികളുടെ പോക്കിനെക്കുറിച്ചുള്ള വ്യക്തമായ ദിശാസൂചിയായിരുന്നു.

ബാബരി മസ്ജിദ്ബാബരി മസ്ജിദ്

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ 2003 ൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ഒരു ചരിത്രസെമിനാറിൽ പങ്കെടുക്കാൻ അന്ന് ഐ സി എച്ച് ആറിന്റെ അധ്യക്ഷനായ എം. ജി. എസ്സിന്റെ കൂടെ ഈ ലേഖകനും പോയിരുന്നു. ആ സെമിനാറിൽ സംബന്ധിക്കാൻ ബി ബി ലാലും എത്തിയിരുന്നു. എം ജി എസ് എന്നെ ബി ബി ലാലിന് പരിചയപ്പെടുത്തി. ബി ബി ലാലുമായി അയോധ്യ ഉത്ഖനനമുൾപ്പെടെ പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കാൻ സമയം കിട്ടി. PGW (Painted Gray Ware) എന്ന ചായം പൂശിയ ചാരനിറത്തിലുള്ള മൺപാത്രങ്ങളുടെ കണ്ടെത്തൽ, രാജസ്ഥാനിലെ ഹാരപ്പൻ നഗരസ്ഥാനമായ കാലിബംഗനിൽ ആദ്യകാല ഹാരപ്പൻ കാലഘട്ടത്തിൽ (Early Harappan Period) കലപ്പ ഉപയോഗിച്ച് കൃഷി ചെയ്തതിന്റെ തെളിവുകൾ ബി ബി ലാൽ കണ്ടെത്തിയ സാഹചര്യം തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. സംഭാഷണം മുഖ്യമായും പക്ഷേ, എഴുപതുകളിലെ അയോധ്യ ഉത്ഖനനത്തെപ്പറ്റിയായിരുന്നു. എന്തുകൊണ്ട് പ്രസിദ്ധിയും വിശ്വാസ്യതയും ആധികാരികത്വവുമുള്ള ഒരു ആർക്കിയോളജി പ്രസിദ്ധീകരണത്തിൽ ഈ ‘കണ്ടെത്തലുകൾ' പ്രസിദ്ധീകരിച്ചില്ലെന്നും ആർ എസ് എസ്സുമായി ബന്ധമുള്ള 'മന്തൻ' തന്നെ എന്തിന് തിരഞ്ഞെടുത്തെന്നും ഞാൻ ചോദിച്ചു. കൂടാതെ, 1976-‐77 ലെ എ എസ് ഐ യുടെ ഇടക്കാല റിപ്പോർട്ടിൽ സ്തംഭമൂലങ്ങളെപ്പറ്റി നേരിയ സൂചനപോലുമില്ലല്ലോ എന്നും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നും ആരാഞ്ഞു. ഈ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി ഉണ്ടായില്ല. ഒടുവിൽ എം ജി എസ്സിനോട്‌ തമാശരൂപേണ ബി ബി ലാൽ ചോദിച്ചു : ‘ഇവനെ എവിടെനിന്ന് കിട്ടി?'. അതൊരു അഭിനന്ദനമാണെന്ന് പിന്നീട് എം ജി എസ് എന്നോട് പറഞ്ഞു. ബി ബി ലാലുമായുള്ള സംഭാഷണം 'പുരാവിജ്ഞാനീയത്തിലെ അയോധ്യാകാണ്ഡം' എന്ന തലക്കെട്ടിൽ ഒരു പ്രമുഖവാരികയിൽ ഈ ലേഖകൻ രണ്ട്‌ വ്യാഴവട്ടം മുൻപ്‌ സിദ്ധീകരിക്കുകയും ചെയ്തു. മുരളി മനോഹർ ജോഷിയുടെ കാർമികത്വത്തിൽ ഒന്നാം എൻ ഡി എ സർക്കാർ എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ ആമൂലാഗ്രം മാറ്റിയെഴുതുന്ന കാര്യപരിപാടിയുടെ സമയവുമായിരുന്നു പുതിയ നൂറ്റാണ്ടിന്റെ തുടക്കം.

(തുടരും)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home