രാജീവ് ചന്ദ്രശേഖറിന് ബയോമെട്രിക് സുരക്ഷ; കാണാൻ നേതാക്കൾക്കും നിയന്ത്രണം, അമർഷം പുകയുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമാകുന്നു. അധ്യക്ഷൻ മുഴുവൻ സമയവും കേരളത്തിൽ ലഭ്യമല്ല. മാത്രമല്ല, കേരളത്തിൽ ഉള്ളപ്പോൾ സംസ്ഥാന കാര്യാലയത്തിലെ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുള്ള ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾക്കെതിരെയാണ് അമർഷം.
സാധാരണ നിലയിൽ പാർട്ടി ഓഫീസുകളിൽ നേതാക്കൾക്കും പ്രവർത്തകർക്കും അധ്യക്ഷനെ നേരിൽ കണ്ട് ആശയവിനിമയം നടത്താൻ സാധിക്കാറുണ്ട്. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അകലം സൃഷ്ടിക്കുകയാണ്. നേമം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയായിരിക്കെ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ ഇടപെടാനോ അവരുമായി ആശയവിനിമയം നടത്താൻപോലും രാജീവ് ചന്ദ്രശേഖർ തയ്യാറല്ല.
മാസത്തിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അധ്യക്ഷൻ കേരളത്തിൽ എത്തുന്നത്. കേരളത്തിൽ എത്തുന്ന ദിവസങ്ങളിൽ തിരുവനന്തപുരത്തെ സംസ്ഥാന കാര്യാലയത്തിന്റെ ഓഫീസിലാണ് ഉണ്ടാവുക. യാതൊരു സുരക്ഷാ ഭീഷണിയും നിലവിലില്ലാത്ത സാഹചര്യത്തിലും, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മാതൃകയിൽ ബയോമെട്രിക് പരിശോധനയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് പോലും മുൻകൂർ അനുമതിയില്ലാതെ അധ്യക്ഷനെ നേരിൽ കാണാൻ സാധിക്കുന്നില്ല എന്നാണ് ഉയരുന്ന പ്രധാന പരാതി.
ഒരു മുഴുവൻ സമയ അധ്യക്ഷന് പകരം 'വിസിറ്റിങ് പ്രസിഡന്റ്' എന്ന നിലയിലാണ് പ്രവർത്തനമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷന്റെ ഈ പ്രവർത്തനശൈലിക്കെതിരെ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ അമർഷവും പ്രതിഷേധവും ശക്തമാകാനുള്ള സാധ്യതയുണ്ട്








0 comments