കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി. മൊണാലിസ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം നേരത്തെ ഹൈക്കോടതി പിൻവലിച്ചിരുന്നുവെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ചാണ് വീണ്ടും ഉത്തരവ്.
മൊണാലിസയുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കുംഭമേളയിൽ മാലകൾ വിൽക്കുന്നതിനിടയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിൽ അഭിനയിച്ച താരം ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു.
തുടർന്ന് ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഇവർ 2026 മാർച്ചിൽ വിവാഹിതരായി. എന്നാൽ ഈ വിവാഹത്തിനെതിരെ കുടുംബം രംഗത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.









0 comments