ad
Deshabhimani

പീഡന പരാതിയിൽ കുടുങ്ങിയ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കാൻ ശ്രമിച്ചു

Police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 21, 2026, 06:34 AM | 2 min read

ഹൈദരാബാദ്: സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ ട്രെയിനി ഓഫീസർ ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.


തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ സഹോദരന്റെ ഫ്ലാറ്റിൽ വെച്ചാണ് സംഭവം. അബോധാവസ്ഥയിലായ ഇയാളെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


രാവിലെ 9.30 ഓടെയാണ് ട്രെയിനി ഓഫീസറെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചതെന്ന് ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി. ഇയാൾ എന്തെങ്കിലും വിഷാംശമുള്ള വസ്തു കഴിച്ചിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.


രക്തത്തിന്റെയും മറ്റും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂർണ്ണമായി ബോധം തെളിഞ്ഞും പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷമേ യഥാർത്ഥ വിവരങ്ങൾ വ്യക്തമാകൂ. കിടക്കയ്ക്കരികിൽ മദ്യക്കുപ്പിയും സാനിറ്റൈസർ കുപ്പിയും കണ്ടതിനെത്തുടർന്നാണ് ഇയാൾ എന്തെങ്കിലും ഹാനികരമായ വസ്തു കഴിച്ചിരിക്കാമെന്ന് ബന്ധുക്കൾ സംശയിച്ചത്.


സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, അങ്ങനെയൊരു വസ്തുവും പോലീസ് പിടിച്ചെടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.


ജൂൺ 23 മുതൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചും അക്കാദമിയിൽ വെച്ച് സുഹൃത്തുക്കളുടെ മുന്നിൽവെച്ച് അപമാനിച്ചും മുപ്പതുകാരിയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയെ പ്രതി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.


മറ്റൊരു ട്രെയിനി ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിക്കുകയും, ജൂലൈ 9-നും 10-നും തന്നെ മർദിക്കുകയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയിലുണ്ട്. കൂടാതെ, തന്റെ അനുവാദമില്ലാതെ സ്വകാര്യ വീഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്ത് ബ്ലാക്ക്മെയ്ൽ ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.


യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അട്ടാപൂർ പോലീസ് ജൂലൈ 18-ന് ബിഎൻഎസ് വിവിധ വകുപ്പുകൾ പ്രകാരം ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നാണ് ആരോപണവിധേനായ ട്രെയിനി ഓഫീസർ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നത്.


കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അക്കാദമി വിട്ടിരുന്ന ഇയാൾ, മുമ്പ് ആന്ധ്രാപ്രദേശ് പോലീസിൽ കോൺസ്റ്റബിളായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home