'പെൺകുട്ടികളെ പുരുഷ പൊലീസുകാർ തല്ലിച്ചതച്ചു, സംരക്ഷിക്കാൻ കഴിഞ്ഞില്ല'; ഖേദം പ്രകടിപ്പിച്ച് അഭിജീത് ദീപ്കെ

ഡൽഹി: സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് നേരെ പുരുഷ പൊലീസുകാർ നടത്തിയ അതിക്രമത്തിൽ, പരിക്കേറ്റവരോട് മാപ്പ് ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. വിദ്യാർത്ഥി സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ നിരവധി പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് നേരെ പുരുഷ പോലീസുകാർ നടത്തിയ അതിക്രമത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വിദ്യാർത്ഥികളെ പോലീസിന്റെ ക്രൂരതയിൽ നിന്ന് സംരക്ഷിക്കാൻ തനിക്ക് സാധിച്ചില്ലെന്ന് അഭിജീത് ദിപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
"ഞങ്ങളുടെ അണികളോട്, പ്രത്യേകിച്ച് പുരുഷ പൊലീസുകാരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായ പെൺകുട്ടികളോട് ഞാൻ ക്ഷമ ചോദിക്കുന്നു. നമുക്ക് ഇതിലും നന്നായി പ്രതിരോധിക്കാമായിരുന്നു. ഡൽഹി പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ എനിക്ക് സാധിച്ചില്ല"- അഭിജീത് കുറിച്ചു.
ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികൾ തന്നെ വ്യക്തിപരമായി ബന്ധപ്പെടണമെന്നും, അവരോട് നേരിട്ട് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ വിദ്യാർത്ഥികളുടെ ചോര വീഴ്ത്തിയതെന്ന് ദിപ്കെ ആരോപിച്ചു.
ഇരുപതിലധികം വിദ്യാർത്ഥികളുടെ മരണത്തിന് കാരണക്കാരനായ മന്ത്രിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഭയന്ന് പിന്മാറില്ലെന്നും, വരും ദിവസങ്ങളിൽ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments