സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി; അദ്ദേഹത്തിന്റെ ആശങ്കകളും പരിഗണിക്കണമെന്ന് കോടതി

ന്യൂഡൽഹി: സോനം വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. സർക്കാർ ആശുപത്രിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ച് വാങ്ചുകിനെ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന കുടുംബത്തിന്റെ പരാതിയും കടുത്ത ആശങ്കകളും പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ഭാര്യ ഡോ. ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. കേസിൽ ഉച്ചയ്ക്ക് ശേഷം കോടതി ഔദ്യോഗികമായി വിധി പ്രസ്താവിക്കും.
ബിജെപി ഭരണത്തിന് കീഴിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുകിനെ, ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കായി കഴിഞ്ഞ 21 ദിവസമായി സോനം വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു.
എന്നാൽ ശനിയാഴ്ച ഡൽഹി പൊലീസ് ജനാധിപത്യ വിരുദ്ധമായി ഇടപെടുകയും ബലംപ്രയോഗിച്ച് സഫർദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയിലും കടുത്ത പൊലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയിരുന്നത്. തനിക്ക് ഫോൺ ഉപയോഗിക്കാൻ പോലും പോലീസ് അനുവാദം നൽകുന്നില്ലെന്ന് കാണിച്ച് വാങ്ചുക് അയച്ച കത്ത് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഖിൽ സിബൽ കോടതിയിൽ ഹാജരാക്കി.
വാങ്ചുകിന് നിരന്തരമായ മെഡിക്കൽ പരിചരണം ആവശ്യമാണെന്ന് എയിംസിലെയും സഫർദർജംഗിലെയും ഡോക്ടർമാർ കോടതിയെ അറിയിച്ചു. പൊലീസ് നിരീക്ഷണവും തടങ്കലും ഒഴിവാക്കാൻ അദ്ദേഹത്തെ കുടുംബം ആവശ്യപ്പെട്ട മേദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സഫർദർജംഗ് ആശുപത്രിയിലെ മെഡിക്കൽ രേഖകൾ അടിയന്തരമായി മേദാന്തയ്ക്ക് കൈമാറാനും വാങ്ചുകിന്റെ ചികിത്സയ്ക്കായി മേദാന്ത ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ഡോക്ടർമാരുടെ പാനൽ രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിയുടെ ഈ ഇടപെടൽ.










0 comments