ad
Deshabhimani

എന്താണ് ഇടതുപക്ഷം
 ആരാണ് ഇടതുപക്ഷം

reservation in private sectors
avatar
പുത്തലത്ത് ദിനേശൻ

Published on Feb 10, 2026, 10:59 PM | 4 min read

കേരളത്തില്‍ എൽഡിഎഫ്‌ തുടര്‍ച്ചയായി 10 വര്‍ഷം ഭരണത്തില്‍ നില്‍ക്കുകയാണ്. ഇന്ത്യയില്‍ ദരിദ്രജനവിഭാഗങ്ങളുടെ എണ്ണം പെരുകുന്പോഴും പോഷകാഹാരക്കുറവ് വ്യാപകമായി ഉയരുമ്പോഴും കേരളത്തിൽ അതിദാരിദ്ര്യം പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു. ദാരിദ്ര്യനിര്‍മാർജന പ്രക്രിയ നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.


നിക്ഷേപസൗഹൃദത്തിൽ ഇന്ത്യയിലെതന്നെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറി. രാജ്യത്താകമാനം ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ വൻതോതിലുള്ള ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഒരു വര്‍ഗീയസംഘര്‍ഷവുമില്ലാത്ത സംസ്ഥാനമായി കേരളം മാറി. ഇത്തരം ഇടപെടലുകളാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സർക്കാരിലെ റവന്യുമന്ത്രിയായ കൃഷ്ണ ബൈരെ ഗൗഡപോലും കേരളം ഇന്ത്യക്ക്‌ മാതൃകയാണെന്നു പറയുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്.


ഇടതുപക്ഷത്തിന്റെ ഇ‍ൗ നേട്ടങ്ങള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള കള്ളപ്രചാരവേലകളുടെ തുടര്‍ച്ചയായാണ്, തങ്ങളാണ് ഇടതുപക്ഷമെന്ന മുദ്രാവാക്യം യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇടതുപക്ഷമെന്നത് കേരളീയമനസ്സില്‍ എത്ര ആഴത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ രൂപീകരിക്കുന്ന കനുഗോലുവിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു മലക്കംമറിച്ചിലിലേക്ക് യുഡിഎഫ് എത്തിയതെന്നു കാണാം.


ldf


ഇടതുപക്ഷപ്രസ്ഥാനത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വലതുപക്ഷത്തുനിന്നുള്ള വിമര്‍ശത്തെ എളുപ്പം നേരിടാനാകും. എന്നാല്‍, ഇടതുപക്ഷനിലപാടാണെന്ന് പറഞ്ഞുകൊണ്ട്‌ നടത്തുന്ന വിമര്‍ശങ്ങള്‍ ജനങ്ങളില്‍ സംശയങ്ങള്‍ രൂപപ്പെടുന്നതിന് ഇടയാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ വന്നാല്‍ വിഷം കുടിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച ആളുകള്‍തന്നെ ഇടതുപക്ഷം നയവ്യതിയാനം നടത്തുന്നുവെന്ന വിമര്‍ശവുമായി രംഗത്തുവന്നിരിക്കുന്നത്. കേരളത്തിലെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും ഇത്തരക്കാര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത് ഇതുകൊണ്ടാണ്. പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിവരെയും ഇടതുപക്ഷമാണ് തങ്ങളെന്നു പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയവും മറ്റൊന്നല്ല.

ഇടതുപക്ഷം തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന കേരളത്തിലെ യുഡിഎഫുകാരുടെ ബുദ്ധികേന്ദ്രം അവരല്ല. യുഡിഎഫ്‌ രാഷ്ട്രീയത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്ന കനുഗോലു ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഭാവനയാണ് അത്. പശ്ചിമബംഗാളില്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പുപ്രചാരണം ഇവിടെയും അവതരിപ്പിക്കാനാണ്‌ അവര്‍ പരിശ്രമിക്കുന്നത്.


എസ്‌യുസിഐയും ചില നക്സല്‍ അവശേഷിപ്പുകളും പശ്ചിമബംഗാളില്‍ മമതയ്ക്കൊപ്പം നിന്നിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ച്, തങ്ങളാണ് ഇടതുപക്ഷമെന്ന മുദ്രാവാക്യം പൊതുവേദികളില്‍ത്തന്നെ മമത ഉയര്‍ത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ ഭരണത്തെ ഒരു മാറ്റത്തിനുവേണ്ടി താഴെയിറക്കണമെന്ന് ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്ന ചിലരും അക്കാലത്ത് ആഹ്വാനം ചെയ്തു. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ ജനമനസ്സുകളിലുണ്ടാക്കിയ ആഴമേറിയ വൈകാരികബന്ധത്തെ ഇല്ലാതാക്കാനും തങ്ങള്‍ക്ക് അനുകൂലമാക്കാനുമുള്ള കനുഗോലു തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരവേല. അല്ലാതെ ചില നിഷ്കളങ്കര്‍ കരുതുന്നതുപോലെ ഇടതുപക്ഷം വലത്തേക്കുപോയതോ വലതുപക്ഷം ഇടതുപക്ഷരാഷ്ട്രീയത്തിലേ]ww വികസിച്ചതോ അല്ല.


ldf


ഇടതുപക്ഷമെന്നാല്‍ ജനപക്ഷമാണെന്ന ചിന്ത ഉയര്‍ന്നുവന്നത് നൂറ്റാണ്ടുകളായി ലോകത്ത് ഉയര്‍ന്നുവന്ന സാമൂഹ്യ ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ്. പ്രാചീനകാലത്ത് ലോകത്ത് ഏറെ പരിമിതികളോടുകൂടി നിലനിന്ന ജനാധിപത്യ സംവിധാനങ്ങളെ ജനകീയപോരാട്ടങ്ങളുടെ പരമ്പരകളിലൂടെ വികസിപ്പിച്ചാണ് ആധുനിക ജനാധിപത്യം രൂപപ്പെട്ടത്. ഇത്തരത്തില്‍ ചരിത്രപരമായ വികാസപ്രക്രിയയുടെ ഭാഗമായാണ് ഇന്ത്യയിലുള്‍പ്പെടെ പാര്‍ലമെന്ററി ജനാധിപത്യം വളര്‍ന്നത്. ജനത പൊരുതി നേടിയ ജനാധിപത്യപരമായ വളര്‍ച്ചകളെ ഇല്ലാതാക്കുകയെന്നതാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള മതരാഷ്‌ട്രവാദികള്‍ സ്വീകരിക്കുന്ന സമീപനം. എന്നാല്‍, നിലവിലുള്ള ജനാധിപത്യസമ്പ്രദായത്തെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകളാണ് ഇടതുപക്ഷം നടത്തുന്നത്. ഭരണഘടനാ സംരക്ഷണത്തോടൊപ്പംതന്നെ അതിന്റെ മൂല്യങ്ങളെ രാജ്യത്ത് മുന്നോട്ടുകൊണ്ടുപോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇന്ത്യയിലെ ഭരണവര്‍ഗത്തില്‍നിന്നാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് വെല്ലുവിളിയുണ്ടായതെന്ന് 1975ലെ അടിയന്തരാവസ്ഥയും ഇപ്പോഴത്തെ സംഘപരിവാര്‍ ഭരണവുമെല്ലാം വ്യക്തമാക്കുന്നു.


ആധുനിക ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടംകൂടിയാണ് മതരാഷ്ട്രവാദികള്‍ക്കെതിരായുള്ള സമരമെന്നും തിരിച്ചറിയണം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും മതരാഷ്ട്രവാദം മുന്നോട്ടുവയ്‌ക്കുന്ന വെല്‍ഫെയര്‍ പാര്‍ടിയെ ചേര്‍ത്തുപിടിച്ച് മത്സരിക്കുന്ന യുഡിഎഫും ആധുനിക ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്ക് പരവതാനി ഒരുക്കുകയാണെന്നും നാം തിരിച്ചറിയണം.


ldf


ഇടതുപക്ഷം എന്ന പേരുതന്നെ രൂപപ്പെട്ടുവരുന്നത് ജനപക്ഷത്ത്‌ നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്ന നിലയിലാണ്. റോമന്‍ സാമ്രാജ്യം നിലനിന്നിരുന്ന കാലത്താണ് ആധുനിക ജനാധിപത്യത്തിന്റെ പ്രാകൃതരൂപമായ സെനറ്റുകള്‍ യൂറോപ്പില്‍ രൂപീകരിക്കുന്നത്. ഈ സെനറ്റില്‍ രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. പ്രഭുക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന പെട്രീഷ്യന്മാരും സാധാരണക്കാരായ മനുഷ്യര്‍ക്ക് പ്രാതിനിധ്യമുള്ള പബ്ലിയന്മാരുമായിരുന്നു അത്. സെനറ്റില്‍ ഇടതുവശമായിരുന്നു പബ്ലിയന്മാര്‍ക്ക് സ്ഥാനം നല്‍കിയിരുന്നത്. സാധാരണ മനുഷ്യരുടെ താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കുന്ന വിഭാഗം ഇടതുപക്ഷം എന്ന രീതിയില്‍ വിളിക്കപ്പെട്ടത് ഇങ്ങനെയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിലും രാജപക്ഷത്തിന്റെ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇടതുഭാഗത്തായിരുന്നു സ്ഥാനം. അതിന്റെ തുടര്‍ച്ചയായാണ് ജനകീയ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഇടതുപക്ഷമെന്ന് വിളിക്കുന്ന നിലയുണ്ടായത്. അല്ലാതെ ആര്‍ക്കെങ്കിലും സ്വയം എടുത്തണിയാന്‍ പറ്റുന്ന ഒരു പേരല്ല ഇടതുപക്ഷം. നിലപാടുകള്‍ ജനപക്ഷത്തുനിന്ന് സ്വീകരിക്കുന്നവര്‍ക്ക് ചരിത്രം നല്‍കിയ പേരാണത്.


തൊഴിലാളിവര്‍ഗത്തെ മനുഷ്യരായിപ്പോലും അംഗീകരിക്കാതിരിക്കുകയും എല്ലാവിധ പീഡനങ്ങളും അവര്‍ ഏറ്റുവാങ്ങി ജീവിക്കുകയും ചെയ്തിരുന്ന കാലത്ത് അധ്വാനമാണ് സമ്പത്ത് ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനമെന്ന കാഴ്ചപ്പാട് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചു. അധ്വാനമാണ് സാമൂഹ്യവളര്‍ച്ചയുടെ അടിസ്ഥാനമെന്നും വ്യക്തമാക്കി. സോഷ്യലിസ്റ്റുകളാകട്ടെ സമത്വമെന്ന കാഴ്ചപ്പാട് ലോകത്ത് നടപ്പാക്കണമെന്ന നിലപാടോടെ പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് പൊതുവില്‍ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകാരെയും ചേര്‍ത്തുവച്ചുകൊണ്ട് ഇടതുപക്ഷമെന്ന പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്.


പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോള്‍ത്തന്നെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടിയും കമ്യൂണിസ്റ്റ് പാര്‍ടി ഇടപെട്ടു. മീറത്ത്‌ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ മാനിഫെസ്റ്റോ കോടതിയില്‍ പ്രഖ്യാപിച്ചു. ആ മാനിഫെസ്റ്റോയിലാണ് സാമ്രാജ്യത്വം ഇന്ത്യ വിട്ടുപോയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഭൂപരിഷ്കരണം നടപ്പാക്കി ജന്മിത്വത്തെ ഇല്ലാതാക്കണമെന്നുമുള്ള ഇടതുപക്ഷസമീപനം അവതരിപ്പിക്കുന്നത്


ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചതോടെ ജനകീയതാല്‍പ്പര്യങ്ങള്‍ക്കായുള്ള ഇടപെടല്‍ ദേശീയപ്രസ്ഥാനത്തിലും നടത്തി. 1921-ല്‍ അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ പങ്കെടുത്ത്, പൂര്‍ണസ്വാതന്ത്ര്യമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കണമെന്ന ലഘുലേഖതന്നെ പ്രതിനിധികള്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. അതായത്, രാജ്യത്തിന്‌ പൂര്‍ണസ്വാതന്ത്ര്യം എന്നതുതന്നെ ഒരു ഇടതുപക്ഷമുദ്രാവാക്യമായിരുന്നു. പൂര്‍ണസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോള്‍ത്തന്നെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടിയും കമ്യൂണിസ്റ്റ് പാര്‍ടി ഇടപെട്ടു. മീറത്ത്‌ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ മാനിഫെസ്റ്റോ കോടതിയില്‍ പ്രഖ്യാപിച്ചു. ആ മാനിഫെസ്റ്റോയിലാണ് സാമ്രാജ്യത്വം ഇന്ത്യ വിട്ടുപോയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഭൂപരിഷ്കരണം നടപ്പാക്കി ജന്മിത്വത്തെ ഇല്ലാതാക്കണമെന്നുമുള്ള ഇടതുപക്ഷസമീപനം അവതരിപ്പിക്കുന്നത്. തൊഴിലാളിവിഭാഗങ്ങളുടെ താല്‍പ്പര്യസംരക്ഷണം, സാമൂഹ്യനീതി, സ്ത്രീസമത്വം തുടങ്ങിയവും ഈ കാര്യപരിപാടിയിലൂടെ അവതരിപ്പിച്ചു. കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഇത്തരം നിലപാടുകള്‍ അതിനകത്ത്‌ ഉയര്‍ത്തി. ഇവരെയാണ് ഇടതുപക്ഷ കോണ്‍ഗ്രസുകാരെന്ന് വിളിച്ചത്.


സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സാമ്രാജ്യത്വത്തിനെതിരായി പൊതുവായ ഐക്യമുന്നണി എന്ന കാഴ്ചപ്പാടോടെ കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുമായി ഐക്യപ്പെട്ടു. ജനപക്ഷനിലപാടുകള്‍ രാജ്യത്ത് നടപ്പാക്കുന്നതിന് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കണമെന്ന ഇടതുപക്ഷനിലപാടിന്റെ ഭാഗമായാണ് ഈ ഐക്യം ഉണ്ടായത്. സാമ്രാജ്യത്വത്തിനെതിരായി പൊതുവായ ഐക്യമുന്നണി എന്ന കാഴ്ചപ്പാട് 1947 ആഗസ്‌ത്‌ 15ന്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയതോടെ അവസാനിച്ചു. തുടര്‍ന്ന് രാജ്യത്തെ ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുകൊണ്ടുപോയി. അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളുമായി ഐക്യപ്പെട്ടുകൊണ്ടാണ് ഈ ഇടപെടല്‍ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. 1978ല്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ ജലന്ധര്‍ പാര്‍ടി കോണ്‍ഗ്രസില്‍ ഇന്ത്യയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്നത് സമത്വസുന്ദരമായ രാജ്യം സൃഷ്ടിക്കുന്നതിന് അനിവാര്യമാണെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. അതിനായി ഒരു ബദല്‍ പരിപാടിതന്നെ മുന്നോട്ടുവച്ചു. ഇങ്ങനെ, വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്ന ആശയം അവതരിപ്പിച്ചത്.


ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഇടപെടലാണ് തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന വര്‍ഗത്തിന്റെയും ശബ്ദം ഇന്ത്യയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഭരണവര്‍ഗത്തിന്റെ പ്രതിനിധികളായ കോണ്‍ഗ്രസും ബിജെപിയും ആഗോളവല്‍ക്കരണ നയങ്ങള്‍ അംഗീകരിക്കുകയും അവ നടപ്പാക്കാന്‍ ശക്തമായി ഇടപെടുകയുമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നയം മുന്നോട്ടുവയ്‌ക്കുന്നത് ഇടതുപക്ഷമാണ്. ജനങ്ങളെ യോജിപ്പിച്ചുനിര്‍ത്തുന്നതിന് വര്‍ഗീയതയ്ക്കെതിരെ പൊരുതുന്നതും മറ്റാരുമല്ല. ജനപക്ഷത്ത് നില്‍ക്കുന്നവര്‍ക്കുമാത്രമേ ഇടതുപക്ഷമെന്ന് അവകാശപ്പെടാനാകൂ. അല്ലാതെ കനുഗോലുവിന്റെ സിദ്ധാന്തം വച്ച് ഇടതുപക്ഷമെന്ന് അവകാശപ്പെട്ടാല്‍ അതിനെ ജനം പുച്ഛിച്ചുതള്ളും. ജന്മിത്വകേരളത്തെ അതിദാരിദ്ര്യം പരിഹരിച്ച സംസ്ഥാനമാക്കി വികസിപ്പിച്ച ഇടതുപക്ഷത്തിനുമാത്രമേ ആ പേര് അവകാശപ്പെടാനാകൂ.


(അവസാനിക്കുന്നില്ല)



Deshabhimani
Home