Articles

നേർവഴി

നാട്‌ നന്നാകുന്നതിൽ അസ്വസ്ഥരാകുന്നവർ

extreme poverty
avatar
എം വി ഗോവിന്ദൻ

Published on Nov 05, 2025, 11:06 PM | 3 min read

എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളം നന്നാകുന്നതിൽ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും എത്രമാത്രം അസ്വസ്ഥരാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അതിദാരിദ്ര്യനിർമാർജനത്തോടുള്ള അവരുടെ പ്രതികരണങ്ങൾ. കേരളത്തെ ലോകനെറുകയിൽ എത്തിച്ച അതിദാരിദ്ര്യനിർമാർജനത്തെ ജനങ്ങൾ ആഘോഷപൂർവം സ്വീകരിച്ചപ്പോൾ, പ്രതിപക്ഷത്തിനും അവരെ പിന്താങ്ങുന്ന മാധ്യമങ്ങൾക്കും വല്ലാത്ത അസ്വസ്ഥതയും അമ്പരപ്പുമാണ് പ്രകടമായത്. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് പ്രത്യേകമായി വിളിച്ചുചേർത്ത നിയമസഭാസമ്മേളനത്തിലും വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ ചടങ്ങിലുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രപ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് വേളയിലും പ്രതിപക്ഷം അവിടെ ഉണ്ടായിരുന്നില്ല. "കേരള ചരിത്രപുസ്തകത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാമിന്ന് അഭിമാനത്തോടെ തലയുയർത്തിനിൽക്കുന്നത്. പുതിയ കേരളത്തിന്റെ ഉദയവും നവകേരളത്തിന്റെ സാക്ഷാൽക്കാരത്തിലേക്കുള്ള ചവിട്ടുപടിയുമാണിത്‌’ എന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ, പ്രതിപക്ഷം ഈ നേട്ടത്തിനെതിരെ കൊഞ്ഞനംകുത്തുകയായിരുന്നു. അതിദാരിദ്ര്യമുക്തപ്രഖ്യാപനം തട്ടിപ്പാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്‌താവന. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ അംഗീകരിക്കില്ലെന്ന അസഹിഷ്ണുതയുടെ അങ്ങേയറ്റമായിരുന്നു ആ പ്രസ്താവന.


V D Satheesan


തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പാണെന്നും അതിദരിദ്ര്യമുക്ത കുടുംബങ്ങളുടെ പട്ടിക തട്ടിക്കൂട്ടാണെന്നുംമറ്റുമാണ് പ്രതിപക്ഷനേതാവ് എഴുതിയ ലേഖനത്തിലെ ആക്ഷേപം. ഇടതുപക്ഷവിരുദ്ധത നെറ്റിപ്പട്ടമായി കൊണ്ടുനടക്കുന്ന ചില "വിദഗ്ധരും’ ഇതേവാദം ഉയർത്തി. എന്ത് ചെപ്പടിവിദ്യയിലൂടെയാണ് അതിദരിദ്രരുടെ എണ്ണം 64,006 ആക്കി ചുരുക്കിയത്? എഎവൈ പദ്ധതിപ്രകാരം മഞ്ഞക്കാർഡ് ലഭിച്ച 5,91,194 പേർ അതിദാരിദ്ര്യത്തിൽനിന്ന് മാറിയോ? തുടങ്ങിയ അസംബന്ധചോദ്യങ്ങളാണ് ഇവർ സംഘടിതമായി ഉയർത്തിയത്. നേരത്തേ എ കെ ജി സെന്ററിൽ ഞാൻ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതുപോലെ, അതിദാരിദ്ര്യമാണ് കേരളത്തിൽ നിർമാർജനം ചെയ്തിട്ടുള്ളത്. ദാരിദ്ര്യനിർമാർജനത്തിനുള്ള പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. അത്‌ തുടരുകയും ചെയ്യും.


kerala the extreme povertyfree state in india


2021 മെയ് 21ന് ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് അതിദാരിദ്ര്യം നിർമാർജനം ചെയ്യണമെന്ന തീരുമാനം കൈക്കൊണ്ടത്. അന്ന് തദ്ദേശഭരണമന്ത്രിയായിരുന്നു ഞാൻ. രണ്ടുമാസത്തിനകം ജൂലൈ 16ന് അതിദാരിദ്ര്യം നിർണയിക്കാനുള്ള വിശദമായ മാനദണ്ഡങ്ങൾ പുറത്തിറക്കി. രാജ്യം ഇതുവരെ സ്വീകരിച്ച പരമ്പരാഗത രീതികളിൽനിന്ന്‌ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഭൂപരിഷ്കരണം, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, ഫലപ്രദമായ റേഷൻ സംവിധാനം എന്നിവയുടെ തുടർച്ച എന്നനിലയിലാണ് അതിദാരിദ്ര്യനിർമാർജനത്തെയും സമീപിച്ചത്. ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത വിപുലമായ സർവേയിലൂടെയും ഗ്രാമസഭായോഗങ്ങളിലൂടെയുമാണ് അതിദരിദ്രകുടുംബങ്ങളെ കണ്ടെത്തിയതും ഓരോരുത്തർക്കുമുള്ള ക്ലേശഘടകങ്ങൾ പ്രത്യേകമായി പരിഹരിച്ചതും. വൻ ജനപങ്കാളിത്തത്തോടെ നടന്ന ഈ പരിപാടികളൊന്നും അറിഞ്ഞില്ലെന്ന വിദഗ്‌ധരുടെയും പ്രതിപക്ഷനേതാക്കളുടെയും വെളിപ്പെടുത്തൽ കണ്ണടച്ച് ഇരുട്ടാക്കലല്ലാതെ മറ്റൊന്നുമല്ല.


Pinarayi Vijayan and Mammootty in Extreme Poverty Eradication Announcement programme


പ്രതിപക്ഷനേതാവിന്റെ വാദഗതിയെ സ്വന്തം പാർടിക്കാർപോലും അംഗീകരിക്കുന്നില്ലെന്ന് ത്രിതലപഞ്ചായത്ത് സംവിധാനത്തിൽ അതിദാരിദ്ര്യനിർമാർജനത്തിനായി സജീവമായി പങ്കെടുത്ത കോൺഗ്രസിന്റെ പ്രതിനിധികൾ നടത്തിയ പ്രസ്താവനകൾ വ്യക്തമാക്കുന്നു. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫാണെങ്കിലും യുഡിഎഫിനും പലയിടത്തും ഭരണമുണ്ട്. അത്തരം തദ്ദേശസ്ഥാപനങ്ങളും അതിദരിദ്രരെ കണ്ടെത്താനും അവരെ ആ അവസ്ഥയിൽനിന്ന്‌ മോചിപ്പിക്കാനും ആത്മാർഥമായി പ്രവർത്തിച്ചു. ഒക്ടോബർ 30ന് അതിദാരിദ്ര്യമുക്ത ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചപ്പോൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോജ് മൂത്തേടൻ പറഞ്ഞത് വി ഡി സതീശൻ മനസ്സിലാക്കണം. "ഒരുപാട് കടമ്പകൾ കടന്നാണ് ഈ പ്രഖ്യാപനത്തിൽ എത്തിയത്. അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി. അവരെ ഘട്ടംഘട്ടമായി അതിൽനിന്ന്‌ മാറ്റാനുള്ള വലിയ പരിശ്രമം സർക്കാരും ത്രിതലപഞ്ചായത്തുകളും വിവിധ വകുപ്പുകളും നടത്തി.’ അതിന്റെ ഫലമായാണ് ചരിത്രപരമായ ഈ നേട്ടമെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.


അതിദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിച്ച സ്വന്തം പാർടി പ്രവർത്തകരുടെ പ്രവർത്തനത്തെപ്പോലും പരിഹസിക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണങ്ങൾ. ലോകം ആദരിക്കുന്ന മനുഷ്യസ്നേഹപരമായ പ്രവർത്തനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു പറഞ്ഞ് അഭിമാനിക്കുന്നതിനുപകരം, അതിനെ ഇകഴ്‌ത്തി നിർവൃതികൊള്ളുന്ന കേരളവിരുദ്ധതയാണ് പ്രതിപക്ഷനേതാവിനും യുഡിഎഫിനുമുള്ളത്. നേരത്തേ ക്ഷേമപെൻഷനെ കൈക്കൂലിയായി വിശേഷിപ്പിച്ചതും ഇപ്പോഴത്തെ പെൻഷൻവർധനയെ കബളിപ്പിക്കലായി ചിത്രീകരിച്ചതും ഇതേ മാനസികാവസ്ഥതന്നെയാണ്.


extreme poverty


കേരളത്തിലെ പ്രതിപക്ഷത്തിന്റെ അതേ കേരളവിരുദ്ധ വികാരംതന്നെയാണ് അവരുടെ മുഖപത്രമായ മലയാള മനോരമയ്‌ക്കുമുള്ളത്. ഈ ലോകോത്തര നേട്ടത്തെ പ്രധാന വാർത്തയാക്കിയില്ലെന്നുമാത്രമല്ല, ഒരു മുഖപ്രസംഗംപോലും എഴുതാൻ തയ്യാറായില്ല. ജമാഅത്തെ ഇസ്ലാമിയുടെ പത്രവും മുഖപ്രസംഗം എഴുതിയില്ല. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം നവംബർ രണ്ടിന്റെ മലയാള മനോരമയുടെ പ്രധാന തലക്കെട്ട് "മുക്തിയില്ല തർക്കത്തിൽ’ എന്നായിരുന്നു. അതായത് ഗവൺമെന്റിന്റെ പ്രഖ്യാപനം തർക്കത്തിലാണെന്ന് ധ്വനിപ്പിക്കുന്ന ഈ തലക്കെട്ടിലൂടെ അതിദാരിദ്ര്യത്തിൽനിന്ന്‌ സംസ്ഥാനം മുക്തമായിട്ടില്ലെന്ന സന്ദേശമാണ് പത്രം നൽകിയത്. "സെൻട്രൽ സ്റ്റേഡിയം സമ്മേളനത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സർക്കാരിന്റെ പ്രചാരണവേദിയായും ചടങ്ങ് മാറ്റി’ എന്നെഴുതാനും ഈ പത്രം തയ്യാറായി. പ്രതിപക്ഷനേതാക്കളെ വിളിച്ച ചടങ്ങിൽ അവർ പങ്കെടുക്കാതെ മാറിനിന്നതാണെന്ന കാര്യം മറച്ചുവച്ചുള്ള വിലാപമാണ് മനോരമയുടേത്. കേരളം നന്നാകുന്നതിലുള്ള വെറുപ്പും വിദ്വേഷവുമാണ് മനോരമ പ്രകടിപ്പിച്ചത്. മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്തവർക്കുമാത്രമേ അതിദാരിദ്ര്യനിർമാർജന പ്രവർത്തനത്തെ അപഹസിക്കാനും തള്ളിപ്പറയാനും കഴിയൂ എന്നുമാത്രം പറഞ്ഞുവയ്‌ക്കട്ടെ.


extreme poverty


കേരളത്തിൽ ഭൂരിപക്ഷം പത്രങ്ങളും ഇത് ഒരു നേട്ടമേ അല്ലെന്ന രീതിയിലുള്ള നിസ്സംഗസമീപനമാണ് സ്വീകരിച്ചത്. എന്നാൽ, ടെലിവിഷൻ മാധ്യമങ്ങൾ അത്രത്തോളം തരംതാഴാൻ തയ്യാറായില്ല. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യത്തെ നിർമാർജനം ചെയ്യുന്ന വാർത്ത വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള യൂട്യൂബ് ചാനലുകളും വെബ് പോർട്ടലുകളും ഈ വാർത്ത പ്രാധാന്യത്തോടെ നൽകി. "എ കേരള സ്റ്റോറി’ എന്ന തലക്കെട്ടിൽ ‘ദ ഹിന്ദു’ നൽകിയ മുഖപ്രസംഗം അതിദാരിദ്ര്യനിർമാർജന പ്രവർത്തനത്തെക്കുറിച്ചുള്ള സമഗ്ര വിലയിരുത്തലായി. പുരോഗമനസ്വഭാവമുള്ള ഭരണത്തിന് എങ്ങനെയാണ് ജനക്ഷേമത്തിലും വളർച്ചയിലും ഒരുപോലെ ഊന്നാനാവുകയെന്ന് ഇത്തരം പ്രവർത്തനങ്ങൾ തെളിയിക്കുന്നതായി ‘ദ ഹിന്ദു’ അഭിപ്രായപ്പെട്ടു. ഇത് താഴേത്തട്ടിലെ ജനാധിപത്യത്തിന്റെ വിജയവും ബദൽവികസന മാതൃകയുടെ ഉദാഹരണമായി പ്രചരിപ്പിക്കേണ്ടതുമാണെന്ന്‌ പത്രം ചൂണ്ടിക്കാട്ടി. രാജ്യം സ്വീകരിക്കേണ്ട മാതൃകയാണിതെന്ന് "ദ സ്ക്രോൾ’ എന്ന വെബ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ അധ്യാപകനായ ഫ്രെഡി തോമസ് അഭിപ്രായപ്പെട്ടു. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ അതിദരിദ്രരെ കണ്ടെത്താൻ 2021 മുതൽ നടത്തുന്ന നിരന്തരമായ പരിശ്രമങ്ങൾക്ക് സർക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ മാധ്യമങ്ങളായ ദി ന്യൂസ് മിനിറ്റ്‌, സത്യഹിന്ദി തുടങ്ങിയവയും അതിദാരിദ്ര്യനിർമാർജന പ്രവർത്തനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകി. ആരൊക്കെ അവഗണിച്ചാലും അപഹസിച്ചാലും സിപിഐ എമ്മും എൽഡിഎഫ് സർക്കാരും പാവങ്ങളെ ഇനിയും ചേർത്തുപിടിക്കും. അവരെ കഴിവിന്റെ പരമാവധി സംരക്ഷിക്കുകയും ഉയർത്തിക്കൊണ്ടുവരികയും ചെയ്യും.



Home