ഭീകരവാദത്തിന്റെ അടിവേരുകൾ


പുത്തലത്ത് ദിനേശൻ
Published on May 09, 2025, 11:46 PM | 4 min read
ഇന്ത്യ വിഭജന കാലത്ത് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിലെല്ലാം വർഗീയ സംഘർഷം ഉയർന്നുവന്നു. എന്നാൽ, കശ്‌മീരിൽ ഇത്തരം ഒരു സംഘർഷവും ഉണ്ടായിരുന്നില്ല. അതിനാൽ ഗാന്ധിജി കശ്‌മീരിനെ വിശേഷിപ്പിച്ചത് ‘സൗഗന്ധികപ്പൂക്കൾ വിടരുന്ന കശ്‌മീർ’ എന്നായിരുന്നു. ഈ നാട് നിരപരാധികളുടെ കൊലക്കളമായി എങ്ങനെ മാറിയെന്നത് മനസ്സിലാക്കാൻ നേരത്തേയുണ്ടായ ചലനങ്ങളെ പരിശോധിച്ചാൽ മതിയാകും.
സൂഫി പാരമ്പര്യവും ബൗദ്ധ പാരമ്പര്യവും ശൈവ ചിന്തകളും എല്ലാം നിറഞ്ഞ നാടായിരുന്നു കശ്‌മീർ. ഇന്ത്യൻ ദേശീയത മുന്നോട്ടുവയ്ക്കുന്ന പരസ്‌പര സൗഹാർദത്തിന്റെ ഭാഗംതന്നെയായിരുന്നു കശ്മീർ. ഇന്ത്യ വിഭജന കാലത്ത് ദോഗ്ര രാജവംശത്തിന്റെ ഭരണമായിരുന്നു ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ബിരുദാനന്തര ബിരുദധാരിയായ ഷെയ്‌ഖ് അബ്ദുള്ള കശ്‌മീരിലെത്തുന്നത്. അദ്ദേഹം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നാഷണൽ കോൺഫറൻസ് എന്ന പേരിൽ സംഘടന 1939ൽ വിപുലപ്പെടുത്തി. രാജഭരണത്തിനെതിരെ വിവിധങ്ങളായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു.
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന ഘട്ടത്തിൽ കശ്മീർ ഒരു രാജ്യത്തിന്റെയും ഭാഗമായി മാറിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യയെ രണ്ടായി വിഭജിച്ചു. അറുന്നൂറോളം വരുന്ന നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാനോ, ഇന്ത്യയുടെയോ, പാകിസ്ഥാന്റെയോ ഭാഗമാകാനോ ഉള്ള അവകാശങ്ങൾ നൽകപ്പെട്ടു. തിരുവിതാംകൂർ, ഹൈദരാബാദ്, ജമ്മു കശ്‌മീർ തുടങ്ങിയവ സ്വതന്ത്രമായ രാജ്യങ്ങളായി നിലനിൽക്കുമെന്ന നിലപാട് ഭരണാധികാരികൾ സ്വീകരിച്ചു. ഇതിനെതിരെ വിവിധ പ്രക്ഷോഭങ്ങൾ അവിടങ്ങളിൽ നടന്നു. സ്വതന്ത്ര തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ പുന്നപ്ര വയലാർ സമരം ആരംഭിച്ചു. ഹൈദരാബാദിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണ് തെലങ്കാന സമരമായി മാറിയത്. കശ്‌മീരിലാകട്ടെ രാജാവിന്റെ നയത്തിനെതിരെ നാഷണൽ കോൺഫറൻസ് നേതൃത്വത്തിലും പ്രക്ഷോഭം ഉയർന്നു. കശ്മീർ ജനതയ്ക്ക് അധികാരം രാജാവ് കൈമാറണമെന്നും കശ്‌മീർ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നായിരിക്കണമെന്നുമുള്ള കാഴ്ചപ്പാട് നാഷണൽ കോൺഫറൻസ് മുന്നോട്ടുവച്ചു. ഫലത്തിൽ ഇന്ത്യയോട് ചേർന്നു നിൽക്കുന്ന സമീപനമായിരുന്നു ഇത്.

കശ്‌മീർ പാകിസ്ഥാന്റെ അഭേദ്യമായ ഭാഗമാണെന്ന നിലപാട് സ്വീകരിച്ച് പാകിസ്ഥാൻ കശ്‌മീരിനെ ആക്രമിച്ചു. ഈ ഘട്ടത്തിൽ കശ്മീരിലെ രാജാവായിരുന്ന ഹരിസിങ് ഇന്ത്യയോട് സഹായം അഭ്യർഥിച്ചു. ഇന്ത്യ വി പി മേനോനെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ കശ്മീരിലേക്ക് അയച്ചു. ഇന്ത്യ ഉടൻ സൈനിക സഹായം നൽകിയില്ലെങ്കിൽ പാകിസ്ഥാനോട് ചേരുന്ന സാഹചര്യമാണ് ഉണ്ടാകുകയെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. ഇതിനെത്തുടർന്ന് ഇന്ത്യൻ പട്ടാളം ശ്രീനഗറിലെത്തി. പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യൻ സേന കശ്മീരിനെ മോചിപ്പിച്ചു. ഈ ഘട്ടത്തിൽ കശ്‌മീരിന്റെ ചില ഭാഗങ്ങൾ പാകിസ്ഥാന്റെ കൈവശമായി മാറി. 1948ൽ ഷെയ്‌ഖ് അബ്ദുള്ള കശ്മീരിന്റെ ഭരണാധികാരിയായി. പാകിസ്ഥാൻ മതാധിഷ്ഠിതമായ രാഷ്ട്രമാണെന്നും മുസ്ലിംലീഗ് രാജകുമാരന്മാരോട് ആഭിമുഖ്യം കാണിക്കുന്ന പാർടിയാണെന്നും പ്രഖ്യാപിച്ചു. ഭൂപരിഷ്‌കരണം നടപ്പാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. നെഹ്‌റുവും ഷെയ്‌ഖ് അബ്ദുള്ളയും ദീർഘമായ ചർച്ച നടത്തി ദില്ലി കരാറിൽ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായാണ് കശ്‌മീർ ഇന്ത്യയുടെ ഭാഗമായത്. കശ്മീർ ജനതയുടെ മതനിരപേക്ഷതയും അവരുടെ സവിശേഷമായ ഉപദേശീയത സംരക്ഷിക്കുമെന്ന ഉറപ്പിന്റെയും ഭാഗമായാണ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായത്. കശ്‌മീരിന്റെ ഈ സവിശേഷതയെ ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ 370–-ാം വകുപ്പിലൂടെ പ്രത്യേക പദവി നൽകിയത്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ വിഷയങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും ഇന്ത്യ ഗവൺമെന്റ് കശ്മീർ സർക്കാരിന്റെ അംഗീകാരം തേടി തീരുമാനം എടുക്കുമെന്ന നിലപാട് സ്വീകരിച്ചു. ഇതോടൊപ്പം ബ്രിട്ടീഷ് കാലത്ത് നിലനിന്നതുൾപ്പെടെയുള്ള നിരവധി അവകാശങ്ങൾ കശ്മീർ ജനതയ്ക്ക് സവിശേഷമായി നൽകുകയും ചെയ്തു.
കശ്‌മീരിന്റെ സവിശേഷതയെ അംഗീകരിച്ചുകൊണ്ട് സ്വീകരിച്ച ഈ നിലപാടിനെതിരെ ജനസംഘത്തിന്റെ ആശീർവാദത്തോടെ പ്രജാ പരിഷത്ത് രംഗത്തുവന്നു. അവർ കശ്മീർ സർക്കാരുമായി ഏറ്റുമുട്ടി. സംഘപരിവാറിന്റെ ഈ വിഘടന കാഴ്ചപ്പാടിന്റെ തുടർച്ചയായാണ് 370–-ാം വകുപ്പ് റദ്ദ് ചെയ്യുന്ന നിലപാട് ബിജെപി സർക്കാർ സ്വീകരിച്ചത്. അതായത് കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറുന്നതിന് അടിസ്ഥാനമായ വകുപ്പ് റദ്ദ് ചെയ്ത് കശ്മീർ ജനതയെ വഞ്ചിക്കുകയാണ് ബിജെപി സർക്കാർ ചെയ്‌തത്.
കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാണെന്നത് പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. കശ്മീർ പൂർണമായും വിമോചിതമാകുന്നതുവരെ പാകിസ്ഥാൻ അപൂർണമായിരിക്കുമെന്നും അന്നുതന്നെ പ്രഖ്യാപിച്ചു. കശ്മീരിന്റെ വിമോചനം ഓരോ പാകിസ്ഥാനിയുടെയും വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ എടുത്തു പറയുകയും ചെയ്തു. ഇതിന്റെ തുടർച്ചയിൽ പാകിസ്ഥാനിൽ അധികാരത്തിലെത്തിയ സർക്കാരുകൾ വിഘടന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിച്ചു.
1990കളിൽ കശ്‌മീരിലെ ഭീകരവാദം കൂടുതൽ ശക്തിപ്പെടുന്നതിന് സാർവദേശീയ തലത്തിലുള്ള സംഭവങ്ങളും കാരണമായി. മതനിരപേക്ഷ സർക്കാരുകളെയും സോഷ്യലിസ്റ്റ് ചായ്‌വ് പ്രകടിപ്പിക്കുന്ന രാജ്യങ്ങളെയും അട്ടിമറിക്കുന്നതിന് അമേരിക്ക സജീവമായി ഇടപെട്ടിരുന്നല്ലോ. അതിന്റെ ഭാഗമായി, ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന അഫ്‌ഗാനിസ്ഥാനിലെ നജീബുള്ള സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ഇസ്ലാമിക ഭീകരവാദത്തെ ഊട്ടിവളർത്തി. അതിനായി പാകിസ്ഥാന്റെ മണ്ണും തുടർച്ചയായി ഉപയോഗപ്പെടുത്തി. ഇതിനായി അമേരിക്കയുടെ വൻതോതിലുള്ള സാമ്പത്തിക– ആയുധ സഹായങ്ങൾ പാകിസ്ഥാന് ലഭിച്ചിരുന്നു. അഫ്‌ഗാനിലെ നജീബുള്ള സർക്കാർ അട്ടിമറിക്കപ്പെട്ട ശേഷം അവിടെ ഭീകരവാദ പ്രവർത്തനം നടത്തിയവർ പാകിസ്ഥാനിൽ എത്തിച്ചേർന്നു. അഫ്‌ഗാനിസ്ഥാനിൽനിന്ന് റഷ്യ പിൻമാറുമ്പോൾ 30 ലക്ഷം പേരാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. അവരാകട്ടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയവരായിരുന്നു.
ഇത്തരത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തിപ്പെട്ടവരിൽ ഒരു വിഭാഗത്തെ കശ്മീരിനെ പാകിസ്ഥാനോട് ചേർക്കാനുള്ള ഭീകരവാദ പ്രവർത്തനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പാകിസ്ഥാൻ സർക്കാർ ആരംഭിച്ചു. പാക് അധിനിവേശ കശ്മീരിലെ ജനവാസം കുറഞ്ഞ പ്രദേശങ്ങളിൽ ക്യാമ്പുകൾ നിർമിച്ച് അവരെ അവിടെ താമസിപ്പിച്ചു. ജിഹാദിന്റെ തത്വശാസ്ത്രങ്ങളും വിവിധ ആയുധങ്ങളുടെ ഉപയോഗവും പരിശീലിപ്പിച്ചു. ഇവർ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണരേഖ കടന്ന് കശ്മീർ താഴ്‌വരയിലെത്തി. 1994ലെ ഒരു കണക്ക് പ്രകാരം വിദേശികളായ 3000 ഭീകരവാദികൾ കശ്മീരിലുണ്ടായിരുന്നു. ഇവർ കശ്‌മീരി ജനതയെത്തന്നെ കൊലപ്പെടുത്തുന്ന പരമ്പരകൾ തുടങ്ങി.
ഭീകരർ ടെലിഫോൺ ചോർത്തുന്നത് തടഞ്ഞതിന്റെ പേരിൽ അസി. എൻജിനിയർ ബി കെ ഗഞ്ചു കൊലചെയ്യപ്പെട്ടു. ശ്രീനഗറിലെ സ്റ്റാഫ് നഴ്‌സിനെ പൊലീസ് ഒറ്റുകാരി എന്ന് പറഞ്ഞ് കൊലപ്പെടുത്തി. 78 വയസ്സുള്ള ഡോ. മിസിസ് സൊഹാനിയെ ഭീകരർ പെട്രോളൊഴിച്ച് തീവച്ചു. തീവ്രവാദികൾ നടത്തുന്ന അന്യായ പ്രവർത്തനങ്ങളെ വിമർശിച്ചു എന്നതിന്റെ പേരിൽ അൽസഫ എന്ന ഉറുദു ദിനപത്രത്തിന്റെ എഡിറ്റർ മുഹമ്മദ് ഷാഹാനെ വെടിവച്ചു കൊന്നു. പള്ളിയിൽ ഭീകരവാദികൾക്ക് അഭയം നൽകിയില്ലാ എന്നതിന്റെ പേരിൽ ഡോ. ക്വാസിം നിസാർ അഹമ്മദിനെയും തീവ്രവാദികൾ ഇല്ലാതാക്കി. ഈ പട്ടിക എത്രയോ നീണ്ടതാണ്.

1972ലെ മധുര പാർടി കോൺഗ്രസ് അംഗീകരിച്ച ദേശീയതയെ സംബന്ധിച്ച രേഖ വിഘടനവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. പഞ്ചാബിലും അസമിലും വിഘടനവാദത്തെ എതിർത്തതിന്റെ പേരിൽ എത്രയോ സിപിഐ എം പ്രവർത്തകർ രക്തസാക്ഷികളായിട്ടുണ്ട്. കശ്‌മീരിലും സമാനമായ സ്ഥിതിയാണുണ്ടായത്. 1990 മാർച്ച് 23–-ാം തീയതി സ്വാതന്ത്ര്യ സമര പോരാളിയും കശ്മീർ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാവുമായിരുന്ന അബ്ദുള്ള സത്താർ രഞ്ചു ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടു. നിരവധി പാർടി പ്രവർത്തകർ ആക്രമിക്കപ്പെട്ടു. എംഎൽഎ കൂടിയായിരുന്ന സിപിഐ എം നേതാവ് തരിഗാമിയെ വധിക്കാൻ എത്രയോ തവണ ഭീകരർ പരിശ്രമിച്ചിട്ടുണ്ട്. കൊലപാതകങ്ങൾ, തട്ടികൊണ്ടുപോകൽ, വിമാന റാഞ്ചലുകൾ എന്നിവയുമായി അവർ മുന്നോട്ടുപോയി. ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ വിനോദ സഞ്ചാരികളെയും വെടിവച്ചുകൊന്നത്.
നിരപരാധികളെ കൊന്നൊടുക്കി തങ്ങളുടെ മനുഷ്യത്വരഹിതമായ അജൻഡകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഭീകരവാദത്തെ ശക്തമായി നേരിടേണ്ടതുണ്ട്. അതോടൊപ്പംതന്നെ കശ്മീർ ജനതയുടെ പ്രശ്നങ്ങളെ മനസ്സിലാക്കി ഇടപെടാൻ കഴിയുക എന്നതും പ്രധാനമാണ്. സിപിഐ എമ്മിന്റെ 24–-ാം പാർടി കോൺഗ്രസ് വ്യക്തമാക്കിയതുപോലെ കശ്മീർ ഇന്ത്യയുടെ അഭേദ്യ ഭാഗമായിത്തീരുന്നതിന് അടിസ്ഥാനമായിത്തീർന്ന 370–-ാം വകുപ്പ് പുഃനസ്ഥാപിക്കണം. അതിലൂടെ കശ്‌മീരി ജനതയ്ക്ക് നൽകിയ ഉറപ്പ് പാലിക്കാനാകണം. ഭീകരവാദത്തെ നേരിടാനുള്ള മണ്ണ് ശക്തിപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയണം.
രാജ്യത്തിന്റെ പൊതുവായ താൽപ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭീകരവാദികളെ നേരിടുന്നതിനും അതിന് പിന്തുണ കൊടുക്കുന്ന പാകിസ്ഥാനെ തിരുത്തിക്കുന്നതിനും കഴിയേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് കഴിയണം. ജനങ്ങളുടെ പൊതുവായ താൽപ്പര്യവും സാർവദേശീയതലത്തിലുള്ള സ്ഥിതിഗതികളെയും മനസ്സിലാക്കിക്കൊണ്ടുള്ള സമീപനമാണ് കേന്ദ്ര സർക്കാരിൽനിന്ന് രാജ്യസ്‌നേഹികൾ പ്രതീക്ഷിക്കുന്നത്. നിരപരാധികൾ കൊല ചെയ്യപ്പെടാതിരിക്കാനുള്ള കരുതലുകളും ഉണ്ടാകണം. കശ്മീരിൽ ചോരപ്പുഴ ഒഴുക്കിയ ഭീകരവാദത്തെ നേരിടാൻ സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുക എന്നതും പ്രധാനമാണ്.














