ജമ്മു കശ്‌മീരും
 ഭരണഘടനയും

jammu kashmir and indian constitution
avatar
പി ഡി ടി ആചാരി

Published on Sep 26, 2025, 11:55 PM | 4 min read

ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളായി വെട്ടിമുറിച്ച കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടനാസാധുത ആഴത്തിൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ നാം ഇതേവരെ തയ്യാറായിട്ടില്ല. സുപ്രീംകോടതിപോലും ഇ‍ൗ വിഷയം വേണ്ടത്ര അവധാനതയോടെ പരിശോധിച്ചോ എന്ന കാര്യത്തിലും സംശയമുണ്ട്‌. ഒരു സംസ്ഥാനത്തെ തരംതാഴ്ത്താൻ പാർലമെന്റിന് അധികാരമുണ്ടോ എന്നതാണ് കാതലായ ചോദ്യം. ഇത് അനുവദിച്ചാൽ ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കാൻ സാധ്യതയില്ലേ? പ്രതിപക്ഷഭരണമുള്ള ഏത്‌ സംസ്ഥാനവും ഇതുപോലെ വെട്ടിമുറിക്കാനാകില്ലേ? ലഡാക്ക്‌, ജമ്മു കശ്‌മീർ എന്നീ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയ നടപടി ഭരണഘടനാപരമായി സാധുതയില്ലാത്തതാണ്‌. വൈകാരിക സങ്കീർണതകൾ നിലനിൽക്കുന്ന, ചരിത്രപരമായ പ്രത്യേകതകളുള്ള ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളുടെ, അവരുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വളരെയധികം സൂക്ഷ്‌മത കാണിക്കേണ്ടതുണ്ട്‌. തൽക്കാലത്തെ രാഷ്‌ട്രീയലാഭത്തിനുവേണ്ടി ഭരണകക്ഷികൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ വിമുഖത കാട്ടുന്പോൾ ഉണ്ടാകുന്ന ജനരോഷം വലിയ ദേശീയപ്രശ്‌നമായി മാറുന്നതിനുള്ള അനേകം ഉദാഹരണം നമ്മുടെ മുന്നിലുണ്ട്‌. സംസ്ഥാനപദവി ലഭിക്കുന്നതിനുവേണ്ടിയുള്ള ലഡാക്കുകാരുടെ സമരം അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്‌.


നമ്മുടെ ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദത്തിൽ പറയുന്നത് ‘India, that is Bharat, shall be a union of states’ എന്നാണ്. അതായത് ഭാരതം എന്നറിയപ്പെടുന്ന ഇന്ത്യ സ്റ്റേറ്റുകളുടെ യൂണിയനായിരിക്കും എന്ന്‌. നമ്മൾ ഇന്ത്യയെ ഫെഡറൽ രാജ്യമായി പറയാറുണ്ടെങ്കിലും ‘ഫെഡറേഷൻ' എന്ന വാക്ക് ഭരണഘടനയിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഭരണഘടനാസമിതി ഉപയോഗിച്ചിരിക്കുന്നത് ‘യൂണിയൻ ഓഫ്‌ സ്‌റ്റേറ്റ്‌സ്‌’ എന്ന വാക്കാണ്. സംസ്ഥാനങ്ങളൊക്കെ നിലനിൽക്കുന്നത് പാർലമെന്റിന്റെ നിയന്ത്രണത്തിലാണ്. അതിർത്തി, പേര്, വിസ്തീർണം എന്നിവയെല്ലാം നിശ്ചയിക്കുന്നത് പാർലമെന്റാണ്. രണ്ടുമൂന്ന് സ്റ്റേറ്റുകളെ ഒന്നാക്കാനും വെട്ടിമുറിക്കാനും അല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഒരു ഭാഗം മാറ്റി യൂണിയൻ ടെറിട്ടറിയാക്കാനുമുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. ജമ്മു ആൻഡ് കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി. ഈ അധികാരം പാർലമെന്റിനുണ്ടോ എന്ന കാതലായ പ്രശ്നം സുപ്രീംകോടതിയിൽ വന്നു. എന്നാൽ, കോടതി ഒഴിഞ്ഞുമാറി.


സംസ്ഥാനത്തെ തരംതാഴ്‌ത്തി കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിൽ കേരളം ഭാവിയിൽ ഒന്നോ രണ്ടോ കേന്ദ്രഭരണപ്രദേശങ്ങളാക്കാൻ സാധ്യതയില്ലേ? മലബാർ കേന്ദ്രഭരണപ്രദേശമായും തിരുവിതാംകൂർ- കൊച്ചി ഭാഗം മറ്റൊരു കേന്ദ്രഭരണപ്രദേശമായും മാറില്ലെന്ന് എന്താണ് ഉറപ്പ്? അങ്ങനെ ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിൽ എല്ലാ സംസ്ഥാനങ്ങളെയും ആ രീതിയിൽ തരംതാഴ്ത്താൻ പാർലമെന്റിന് അധികാരമുണ്ടെന്ന് വരില്ലേ? ഇതാണ് പ്രധാനപ്പെട്ട ചോദ്യം. അങ്ങനെ അധികാരം പാർലമെന്റിന് ഇല്ല.

ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദം പറയുന്നത് ഇന്ത്യ സ്റ്റേറ്റുകളുടെ യൂണിയനാണെന്നാണ്. പാർലമെന്റിന് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശമാക്കാൻ അധികാരമുണ്ടെങ്കിൽ ഈ അനുച്ഛേദത്തിന് ഒരു അർഥവുമില്ലാതാകും. പിന്നെ “ഇന്ത്യ യൂണിയൻ ടെറിട്ടറികളുടെ യൂണിയനായിരിക്കും” എന്ന് പറയേണ്ടിവരുമായിരുന്നു. എന്നാൽ, ഭരണഘടന പറയുന്നത് “ഇന്ത്യ എന്നും സ്റ്റേറ്റുകളുടെ യൂണിയനായിരിക്കും” എന്നാണ്. അതുകൊണ്ട് സംസ്ഥാനത്തെ തരംതാഴ്ത്തി കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെന്റിന് അധികാരമില്ല. സംസ്ഥാന പദവിക്കായുള്ള ലഡാക്കിലെ സമരപശ്ചാത്തലത്തിൽ ഇ‍ൗ വിഷയത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.


​ഗവർണർക്ക്‌ വിവേചനാധികാരമില്ല

ഫെഡറലിസത്തിൽ വരുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ഗവർണറുടെ പങ്കാണ്. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നു എന്ന ആരോപണം പല സംസ്ഥാനങ്ങളിലും ഗവർണർമാർക്കെതിരെ ഉയർന്നിട്ടുണ്ട്. ഓരോ നിയമവും ജനങ്ങളുടെ ആവശ്യമാണ്. നിയമസഭ അത് പാസാക്കി ഗവർണർക്ക് അയച്ചാൽ അതിൽ തീരുമാനമെടുക്കാതെ വർഷങ്ങളോളം വച്ചുകൊണ്ടിരിക്കുന്നു. ഭരണഘടന അനുസരിച്ച് ഗവർണർക്ക് ബില്ലിൽ സമ്മതം നൽകാം, നൽകാതിരിക്കാം, അല്ലെങ്കിൽ തിരിച്ചയക്കാം, അതുമല്ലെങ്കിൽ രാഷ്‌ട്രപതിക്ക്‌ അയച്ചുകൊടുക്കാം. ഗവർണർക്ക് ഇതിൽ വിവേചനാധികാരമുണ്ടോ എന്നൊരു പ്രശ്നം ഇപ്പോൾ സുപ്രീംകോടതിയിൽ ചർച്ച നടക്കുന്നുണ്ട്.


ഭരണഘടനയിലെ ഭൂരിഭാഗം അനുച്ഛേദങ്ങളും 1935-ലെ ‘Government of India Act-’ന്റെ ആവർത്തനമാണ്. അതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞിരുന്നു. ഭരണഘടനയുടെ 200–-ാം അനുച്ഛേദം എഴുതിയപ്പോൾ ആ ‘വിവേചനാധികാരം' എന്ന വാക്ക് എടുത്തുമാറ്റി. പഴയ നിയമത്തിൽനിന്ന് ഒരു വാക്ക് പുതിയ നിയമത്തിൽ ഒഴിവാക്കിയാൽ അതിനർഥം അത് ഇനി ബാധകമല്ലെന്നാണ്. ഭരണഘടനാ സംവിധാനമനുസരിച്ച് ഗവർണർ ഭരണഘടനാപരമായ തലവൻമാത്രമാണ്. സംസ്ഥാനം ഭരിക്കുന്നത് ജനങ്ങൾ തെരഞ്ഞെടുക്കുന്ന മന്ത്രിസഭയാണ്. യഥാർഥ ഭരണാധികാരം അവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്.


പ‍ൗരത്വവും മതവും

ഭരണഘടനയിലെ മറ്റൊരു പ്രധാന വിഷയമാണ് പൗരത്വം. പൗരത്വം ആർക്കാണ് നൽകേണ്ടതെന്നതിനെക്കുറിച്ച് ഭരണഘടനയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇവിടെ സ്ഥിരതാമസമുള്ളവർക്കും ജനിച്ചവർക്കും അല്ലെങ്കിൽ അവരുടെ അച്ഛനോ അമ്മയോ ഇവിടെ ജനിച്ചവർക്കും പൗരത്വം ലഭിക്കും. ഇതിന് മതം ഒരു മാനദണ്ഡമല്ല. മുസ്ലിം, ഹിന്ദു, ക്രിസ്ത്യാനി, പാഴ്സി തുടങ്ങി ഏത് മതത്തിൽപ്പെട്ടവരായാലും നിരീശ്വരവാദിയായാലും ഇവിടെ ജനിച്ചിട്ടുണ്ടെങ്കിൽ പൗരത്വം നൽകണമെന്ന് ഭരണഘടന പറയുന്നു. എന്നാൽ, ഇപ്പോഴത്തെ സർക്കാർ ഈ അടിസ്ഥാന തത്വത്തിൽനിന്ന് വ്യതിചലിക്കുന്ന ചില നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ഇരകളാക്കുന്ന നടപടികളാണ് എടുത്തത്‌. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന്‌ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയ്ക്ക് എതിരായി ഒരു നിയമവും ഒരു സർക്കാരിനും ഉണ്ടാക്കാൻ സാധ്യമല്ല.


മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്നു

​ഇന്ത്യയെപ്പോലെ വിശാലവും സങ്കീർണവുമായ ഒരു രാജ്യത്ത് മതനിരപേക്ഷതയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വെറുതെ വാചകങ്ങൾ പറയുന്നതിനുപകരം എന്താണ് മതനിരപേക്ഷത, എന്തുകൊണ്ടാണ് രാജ്യത്തിന് അത് ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ചൊക്കെ എല്ലാവരും മനസ്സിലാക്കണം. ഇന്ത്യൻ മതനിരപേക്ഷതയുടെ അടിസ്ഥാന തത്വം, ഭരണകൂടത്തിന് അതിന്റേതായ മതമില്ല എന്നതാണ്. ഭരണകൂടം ഒരു മതത്തെയും പരിപോഷിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതേസമയം, ഭരണഘടന എല്ലാ മതങ്ങൾക്കും സ്വതന്ത്രമായി വളരാനും പ്രചാരണം നടത്താനും ആളുകളെ തങ്ങളുടെ മതങ്ങളിലേക്ക് ആകർഷിക്കാനും സ്വാതന്ത്ര്യം നൽകുന്നു. മതനിരപേക്ഷ രാഷ്ട്രവും മതരാഷ്ട്രവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.


ഭരണകൂടത്തിന് മതമില്ലാത്തതിനാൽ, ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പാകിസ്ഥാനെപ്പോലുള്ള മതരാഷ്ട്രങ്ങളിൽ പ്രത്യേക മതം (ഇസ്ലാം) ഔദ്യോഗിക മതമായിരിക്കും. അവിടെ നിയമങ്ങൾ ആ മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ വ്യത്യാസമാണ് മതനിരപേക്ഷത എന്ന സങ്കൽപ്പത്തെ പ്രധാനമാക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാ നിർമാതാക്കൾ ദീർഘവീക്ഷണത്തോടെയാണ് മതനിരപേക്ഷത എന്ന ആശയം സ്വീകരിച്ചത്. ഇതിന് കാരണം, ഇന്ത്യ വിവിധ മതങ്ങളും വിശ്വാസങ്ങളും ജാതികളും ഉപജാതികളും നിറഞ്ഞ സങ്കീർണമായ ഒരു സമൂഹമാണ് എന്നതാണ്. മതരാഷ്ട്രം നിലവിൽവന്നാൽ, സമത്വമില്ലായ്മയും അനീതിയും സ്വാതന്ത്ര്യമില്ലായ്മയും വളരും. ഇത് ആ മതത്തിലെ ഏറ്റവും ഉയർന്ന വർഗത്തിനുമാത്രം അധികാരം നൽകുന്ന ഒരു സാഹചര്യമുണ്ടാക്കും. ഭരണനിർവഹണം അവരുടെ നിയന്ത്രണത്തിലായിരിക്കും.


​പരമാധികാരികൾ 
ജനങ്ങൾ

രാജ്യം ജനാധിപത്യരാജ്യമായി നിലനിൽക്കണമോ മതനിരപേക്ഷമായി നിലനിൽക്കണമോ എന്നൊക്കെയുള്ളത് തീരുമാനിക്കേണ്ടത് ആത്യന്തികമായി ജനങ്ങൾതന്നെയാണ്. അതുകൊണ്ട് ആ ഭാഗം ജനങ്ങൾക്ക് വിടണം. ജനങ്ങളെ ബോധവാന്മാരാക്കണം. ഈയൊരു പ്രക്രിയ ആരാണ് നടത്തേണ്ടത്? അതിന് ബാധ്യതപ്പെട്ട ആളുകളാണ് രാജ്യത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ ജനങ്ങളെ സ്വാധീനിക്കുകയും അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും വേണം. കാരണം, ഏറ്റവും കൂടുതൽ ജനങ്ങളുമായി ബന്ധപ്പെടുന്നത്‌ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. അത് സാംസ്കാരികവും വൈചാരികവുമായ എല്ലാതലങ്ങളിലും നടക്കണം.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ 
ലേഖകൻ)​



Home