അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു

അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചപ്പോൾ
നാട്ടിക
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു. 12–ാം ദിവസം രാത്രി രക്ഷോവധം ചടങ്ങോടുകൂടി കൂത്ത് സമാപിക്കും. മുഖമണ്ഡപത്തിൽ ദേവന് അഭിമുഖമായി രാമായണത്തിലെ സുന്ദരകാണ്ഡം കഥയാണ് 12 ദിവസം കൊണ്ട് ആടിതീര്‍ക്കുന്നത്. സുന്ദരകാണ്ഡം കൂത്ത് ആടുന്നത് അമ്മന്നൂർ കുടുംബത്തിലെ രജനീഷ് ചാക്യാരാണ്. മിഴാവ് വായിക്കുന്നത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും കുഴിത്താളവും ശ്ലോകവും ചൊല്ലുന്നത് എടാട്ട് രാധാമണി നങ്ങ്യാരമ്മയുയാണ്. ഉപവാദ്യങ്ങളായി ഇടക്കയും കുറുങ്കുഴലും വായിക്കുന്നുണ്ട്. സഹായികളായി ഷാരടിയും, നമ്പീശനും ഉണ്ട്. കേരളത്തിൽ മുഖ മണ്ഡപത്തിൽ കുത്തു നടത്തുന്ന അപൂർവം രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ക്ഷേത്രം. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവാണ്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അജ്ഞാത കർത്തൃകമായ കോകസന്ദേശ കാവ്യത്തിൽപ്പോലും തൃപ്രയാറിലെ കൂത്തിനെ കുറിച്ച് പരാമർശമുണ്ട്. പാരമ്പര്യമായി കൂത്ത് അടിയന്തിരം നടത്തുന്ന നമ്പ്യാർക്കും നങ്ങ്യാർക്കും പുല വന്നതിനാലാണ് ഇത്തവണ വൃശ്ചികം ആറിലേക്ക് കൂത്ത് പുറപ്പാട് മാറ്റിയത്. സാധാരണയായി വൃശ്ചികം ഒന്നിനാണ് കൂത്ത് തുടങ്ങുക.








0 comments