രാജ്യത്തിന്റെ മനക്കരുത്ത് ജലോത്സവത്തിന്റെ ആവേശമായി

കായംകുളം ജലോത്സവം ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്‌മി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഇന്ത്യയുടെ ധീരനായ സൈനികൻ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്‌മി കായംകുളം ജലോത്സവവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായി. "ഇന്ത്യയിലെ ഏറ്റവും നിർഭയനായ മനുഷ്യൻ’ എന്നറിയപ്പെടുന്ന കായംകുളം സ്വദേശി ഋഷിയാണ് ജലോത്സവം ഉദ്‌ഘാടനംചെയ്‌തത്. 2017- മാർച്ചിൽ പുൽവാമ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും, സൈനികസേവനം തുടർന്ന് അദ്ദേഹം രാജ്യത്തിന് മാതൃകയായി. പുൽവാമയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെ, വെടിയേറ്റ് മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. മൂക്കിലും മുഖത്തും താടിയെല്ലിലും വെടിയേറ്റിട്ടും ഭീകരനെ വധിക്കുകയും തന്റെ സംഘത്തെ സുരക്ഷിതമായി പുറത്തെത്തിക്കുകയുംചെയ്‌തു. 28ൽ അധികം ശസ്‌ത്രക്രിയകൾക്ക് വിധേയനായെങ്കിലും മുഖത്തെ പരിക്കുകൾ പൂർണമായി ഭേദമായില്ല. മുഖം മറയ്‌ക്കുന്ന മാസ്‌ക് അങ്ങനെ ജീവിതത്തിന്റെ ഭാഗമായി. അമ്മ നൽകിയ പ്രചോദനത്തിനും സ്‌നേഹത്തിനും ത്യാഗത്തിനും സേവനത്തിനുമുള്ള ആദരസൂചകമായാണ് സ്വന്തംപേരിനൊപ്പം അമ്മയുടെ പേര് ചേർത്തത്. അസാധാരണമായ ധീരതയ്‌ക്കും നേതൃപാടവത്തിനും 2017-ൽ സേനമെഡൽ നൽകി രാജ്യം ആദരിച്ചു. 2024 ആഗസ്‌തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഋഷി സൈനിക പരിശീലന പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.








0 comments