പ്രൊഫ. പ്രദീപ് സി പരമേശ്വരന് ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ബഹുമതി

തൃശൂർ
ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിൽ നിന്ന് പ്രൊഫ. പ്രദീപ് സി പരമേശ്വരന് ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ബഹുമതി ലഭിച്ചു. കെമിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, പേറ്റന്റുകൾ, മറ്റ് സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ബഹുമതി. വരവൂർ ഗവ. ഹൈസ്‌കൂൾ, വടക്കാഞ്ചേരി വ്യാസ കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് -ഡോക്ടറൽ റിസർച്ചും പൂർത്തിയാക്കി. പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി ഫെലോഷിപ്പും ലഭിച്ചിരുന്നു. 2010 മുതൽ ഐഐടി മണ്ഡിയിൽ ഇനോർഗാനിക് കെമിസ്ട്രി പ്രൊഫസറാണ്. രാജ്യാന്തര ജേർണലുകളിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 11 പിഎച്ച്‌ഡി തിസീസ് ഗൈഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐഐടി മണ്ഡിയിൽ ബോർഡ് ഓഫ് ഗവർണേഴ്സ് മെമ്പർ, ഡീൻ ഓഫ് അക്കാദമിക്‌സ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ചെയർ പദവികളും വഹിച്ചിട്ടുണ്ട്. തൃശൂർ വരവൂർ ചുള്ളിക്കാട്ടിൽ പരേതനായ പരമേശ്വരൻ നായരുടെയും ചങ്കരത്ത് പുത്തൻവീട്ടിൽ വിജയലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ലിഷ്മ (ഐഐടി മണ്ഡി). മക്കൾ: നീരവ്, നിയ.








0 comments