print edition കായികമേളയിലെ പ്രായത്തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായതട്ടിപ്പ് നടത്തിയ മൂന്ന് അത്‌ലീറ്റുകളെ ദേശീയ മീറ്റിനുള്ള കേരള ടീമിൽനിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസിലെയും അത്‌ലീറ്റുകൾക്കെതിരെയാണ് നടപടി. ഇക്കാര്യത്തിൽ വിശദമായ പരിശോധനക്കും നടപടിക്കുമാണ് സർക്കാർ ഒരുങ്ങുന്നത്. ഉത്തർപ്രദേശ് സ്വദേശികളായ ജ്യോതി ഉപാധ്യായ, പ്രേം ഓജ, സഞ്ജയ് എന്നിവരെയാണ് ഒഴിവാക്കിയത്.
സംസ്ഥാന കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ പുല്ലൂരാംപാറ സ്‌കൂളിലെ ജ്യോതി ഉപാധ്യായ പ്രായത്തട്ടിപ്പ് നടത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. താരത്തെ കായിക മേളയിൽ നിന്ന് വിലക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് സീനിയർ ആൺകുട്ടികളുടെ റിലേയിൽ റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തിയ മലപ്പുറം ജില്ലാ ടീമിലെ അംഗമായ പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ്), സബ്‌ജൂനിയർ ആൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ്) എന്നിവരുടെ ആധാർ കാർഡ് പരിശോധനയിൽ അപാകത കണ്ടെത്തിയത്. ഇവരുടെ പേരിൽ രണ്ട് ആധാർ ഉണ്ടെന്നും സ്‌കൂളിൽ സമർപ്പിച്ചത് വ്യാജ ആധാർ കാർഡ് ആണെന്നും വ്യക്തമായി. പ്രായത്തട്ടിപ്പ് നടത്തിയാണ് ഇവർ സംസ്ഥാന കായികമേളയിൽ പങ്കെടുത്തതെന്നാണ് സൂചന. ഇൗ തട്ടിപ്പിന് പിന്നിലുള്ളവരെക്കുറിച്ചും അന്വേഷണമുണ്ടാകും.
ഉത്തർപ്രദേശിലുള്ള കുട്ടികൾ കായികമേളക്ക് തൊട്ടുമുമ്പ് കേരളത്തിലെത്താനിടയായ സാഹചര്യവും പരിശോധിക്കും. ഇവരെ കൊണ്ടുവന്നവരെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. സ്‌കൂളുകൾക്കും പരിശീലകർക്കുമെതിരെയും അന്വേഷണമുണ്ടാകും. ഇൗ പ്രവണത ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.








0 comments