സംഘപരിവാറിന് വഴിവെട്ടുന്നവർ


പുത്തലത്ത് ദിനേശൻ
Published on Jun 17, 2025, 11:03 PM | 4 min read
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർടിയായ വെൽഫെയർ പാർടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവാകട്ടെ അവർ മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രസ്താവനയുമിറക്കി. പ്രതിപക്ഷ നേതാവിന്റെ ഈ അഭിപ്രായത്തിനെതിരെ മുസ്ലിം സംഘടനാ നേതാക്കൾ രംഗത്തിറങ്ങി. തുടർന്ന് മതനിരപേക്ഷ സമീപനം സ്വീകരിക്കുന്നവർ പൊതുവിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ തുറന്നുകാണിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ മുസ്ലിം സംഘടനകളിൽനിന്നും മതനിരപേക്ഷ ചിന്താഗതിക്കാരിൽനിന്നും എതിർപ്പുയരുന്നത്. സംഘപരിവാറിനെപ്പോലെ ഇവരും ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല. മതരാഷ്ട്രവാദമാണ് ഇവരുടെ ഭരണഘടനയും പരിപാടിയും ഉയർത്തിപ്പിടിക്കുന്നത്. മറ്റ് മതവിശ്വാസികളെ തുല്യ പൗരരായി കണക്കാക്കുന്നില്ല. മാത്രമല്ല, ഒരു ഭരണഘടനയുണ്ടാക്കി ഭരിക്കാൻതന്നെ മനുഷ്യർക്ക് അവകാശമില്ലെന്ന നിലപാടാണ് ഇവരുടേത്. ആരാധനപോലും സ്വീകരിക്കപ്പെടുന്നതിന് മതരാഷ്ട്രം അനിവാര്യമാണെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കുന്നു. അതിനാൽ മുസ്ലിങ്ങളെല്ലാം മതരാഷ്‌ട്ര സ്ഥാപനത്തിനായി രംഗത്തിറങ്ങണമെന്ന കാഴ്ചപ്പാടാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാടുകളെ മുസ്ലിംമത സംഘടനകളും ഇസ്ലാം മതവിശ്വാസികളും പൊതുവിൽ അംഗീകരിക്കുന്നില്ല. മതനിരപേക്ഷ രാഷ്ട്രത്തിനകത്തും ഇസ്ലാം മതവിശ്വാസിക്ക് ഒരു ഇസ്ലാമായി ജീവിക്കാമെന്ന നിലപാടാണ് ഇത്തരം സംഘടനകളും ഇസ്ലാം മതവിശ്വാസികളും മുന്നോട്ടുവയ്ക്കുന്നത്. മതരാഷ്‌ട്രം ഇസ്ലാമിന് നിർബന്ധമില്ലെന്ന കാഴ്ചപ്പാടിനെ പിൻപറ്റി ബഹുസ്വര സമൂഹത്തിന്റെ സ്ഥാപനത്തിനായി ഇവർ നിലകൊള്ളുന്നു.

മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുതന്നെയാണ് സംഘപരിവാറിനുമുള്ളത്. ഹിന്ദുക്കളെയെല്ലാം രാജ്യത്തിന്റെ ഭാഗമായിക്കാണുകയും മറ്റ് മതക്കാരെ രണ്ടാംകിട പൗരരായി കാണുകയും ചെയ്യുന്നതാണ് അവരുടെ രീതി. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം സൃഷ്ടിച്ച് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണമെന്ന പൊതു സമീപനം ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും പങ്കുവയ്ക്കുന്നുവെന്നർഥം. ഇന്ത്യയെ ഭിന്നിപ്പിക്കാൻ സാമ്രാജ്യത്വം മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ പിന്തുണച്ച് 1947 മേയിൽ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി ഇങ്ങനെ പറയുകയുണ്ടായി.
‘‘നാട് വിഭജിക്കപ്പെടുമെന്ന് ഇപ്പോൾ ഏതാണ്ട് തീർച്ചപ്പെട്ടിരിക്കുന്നു. വിഭജനത്തോടെ നാടിന്റെ ഒരു ഭാഗം മുസ്ലിം ന്യൂനപക്ഷത്തിന്റെ അധീനതയിലും മറ്റേ ഭാഗം അമുസ്ലിം ഭൂരിപക്ഷത്തിന്റെ അധീനതയിലും വരുന്നതായിരിക്കും. മുസ്ലിം ഭൂരിപക്ഷത്തിന്റെ സ്വാധീനമുള്ള പ്രദേശത്ത് മുസൽമാൻമാർ ദൈവത്തിന്റെ നിയമമെന്നും വിശ്വസിക്കുന്ന ഭരണഘടനാ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിന് അനുകൂലമായി പൊതുജനാഭിപ്രായം സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കും. അവിടത്തെ അമുസ്ലിങ്ങൾ ഞങ്ങളെ എതിർക്കുന്നതിന് പകരം ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള അവസരം നൽകേണ്ടതാണ്''.
മൗദൂദിയുടെ ഈ ആശയത്തെ ദ്വിരാഷ്ട്രവാദമുയർത്തിയ മുഹമ്മദലി ജിന്നപോലും സ്വീകരിച്ചിരുന്നില്ല. ആധുനിക ജനാധിപത്യക്രമത്തെ അംഗീകരിച്ച് മുസ്ലിം ജനവിഭാഗത്തിന് ഒരു രാഷ്ട്രമെന്ന കാഴ്ചപ്പാടാണ് ജിന്ന സ്വീകരിച്ചത്. മൗലാനാ അബുൾകലാം ആസാദിനെപ്പോലുള്ള ഇസ്ലാമിക പണ്ഡിതന്മാർ മതരാഷ്ട്രവാദത്തെയും പാകിസ്ഥാൻ വാദത്തെയും എതിരിട്ട് ഇന്ത്യൻ മതനിരപേക്ഷതയുടെയും വക്താക്കളായി നിലകൊണ്ടു.
സംഘപരിവാറിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മതരാഷ്ട്രവാദത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയാൽ അത് മതങ്ങൾക്കെതിരെയുള്ള പടയൊരുക്കമായി ഇവർ പ്രചരിപ്പിക്കുന്നു. സംഘപരിവാറിനെ വിമർശിച്ചാൽ അവർ ഹിന്ദുവിരുദ്ധരാകുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ പൊതുരംഗത്തുള്ളവർ വിമർശിച്ചാൽ അവർ ഇസ്ലാമോഫോബിയയുടെ വക്താക്കളാണെന്ന് മുദ്ര കുത്തപ്പെടുന്നു.
ദേശത്തിന്റെ അതിർത്തിയല്ല മതവിശ്വാസമാണ് മനുഷ്യരുടെ ദേശീയതയെ നിർണയിക്കുന്നത് എന്നാണ് രണ്ട് കൂട്ടരുടെയും വാദം. ഏത് രാജ്യക്കാരനാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമാണെന്ന പാൻ ഇസ്ലാമിസ്റ്റ് ആശയമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്നത്
മതനിരപേക്ഷതയെന്നത് ഒരു യൂറോപ്യൻ കാഴ്ചപ്പാടാണെന്നാണ് രണ്ട് കൂട്ടരും വാദിക്കുന്നത്. അത് മത കാഴ്ചപ്പാടുകൾക്കെതിരാണെന്നും ഇരുകൂട്ടരും പ്രഖ്യാപിക്കുന്നു. മനുഷ്യസമൂഹം പൊതുവായി ആർജിച്ച വിജ്ഞാനങ്ങളെ മനുഷ്യ സമൂഹത്തിന്റെ സമ്പത്തായി കാണുന്ന രീതി ഇവർക്കില്ല. അതുകൊണ്ടുതന്നെ മനുഷ്യസമൂഹം വികസിപ്പിച്ചെടുത്ത ആധുനിക ജനാധിപത്യരീതികളെ വെല്ലുവിളിക്കുന്ന സംഘടനകളായി രണ്ടു കൂട്ടരും മാറുകയാണ്. ദേശത്തിന്റെ അതിർത്തിയല്ല മതവിശ്വാസമാണ് മനുഷ്യരുടെ ദേശീയതയെ നിർണയിക്കുന്നത് എന്നാണ് രണ്ട് കൂട്ടരുടെയും വാദം. ഏത് രാജ്യക്കാരനാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമാണെന്ന പാൻ ഇസ്ലാമിസ്റ്റ് ആശയമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശിക സവിശേഷതകളോ ദേശരാഷ്ട്രത്തിന്റെ അതിർത്തികളോ ഇവർ അംഗീകരിക്കുന്നില്ല. അതിനാൽ ദേശീയതയ്‌ക്കെതിരെ ഇവർ രംഗത്തിറങ്ങുന്നു. ഈ സിദ്ധാന്തപ്രകാരം കശ്മീരിൽ അക്രമം നടത്തിയ ഭീകരരും അവരെ തടയാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ട ആദിൽഷായും ഒരേ ദേശീയതയുള്ളവരും മരണപ്പെട്ട മറ്റുള്ളവർ മറ്റൊരു ദേശീയതയുള്ളവരുമാണ്.
മതരാഷ്ട്രവാദികളുടെ ആശയങ്ങൾ ഇത്തരത്തിൽ രാജ്യത്തെ വർഗീയമായി പിളർത്തുന്നതിനുള്ള സിദ്ധാന്തങ്ങളാണ് ഒരുക്കുന്നതെന്ന് കാണണം. ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ മുസ്ലിം വിഭാഗത്തിൽപ്പെട്ട സോദരിമാർക്കെതിരെ ബിജെപി രംഗത്തിറങ്ങിയത് ദേശീയതയെ മതത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന കാഴ്ചപ്പാടിൽനിന്നുകൊണ്ടാണ്. ഭീകരവാദികളുടെ ആക്രമണങ്ങളെ അപലപിക്കാതെ പോയ കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സമീപനവും ഇതിന്റെ ഭാഗമാണ്. എല്ലാ മതവിശ്വാസികളും വിശ്വാസികളല്ലാത്തവരും ഒന്നായി ജീവിക്കുന്ന മതനിരപേക്ഷതയെന്ന കാഴ്ചപ്പാടിന്റെ അടിത്തറയെത്തന്നെ ഉലയ്‌ക്കുന്നതാണ് മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെന്ന് ഇത് വ്യക്തമാക്കുന്നു. കശ്മീരിൽ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ഇടതുപക്ഷത്തിന്റെ വക്താവായ തരിഗാമിയെ പരാജയപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും യോജിച്ചുനിന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. മതനിരപേക്ഷതയ്ക്ക് നേതൃത്വം കൊടുക്കുന്നവരെ തകർക്കുകയെന്നത് രണ്ടു പേരുടെയും പൊതു ലക്ഷ്യമാണ്. കേരളത്തിൽ ഈ സമീപനം കാണാവുന്നതാണ്.
ജമാഅത്തെ ഇസ്ലാമിയോട് സിപിഐ എമ്മിന്റെ നിലപാട് മധുര പാർടി കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ഇത്തരം ശക്തികളും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും തമ്മിൽ വളർന്നുവരുന്ന ബന്ധം അപകടകരമാണ്''. ഇത്തരത്തിൽ മത മൗലികവാദ ശക്തികളെ നേരിട്ടും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിച്ചും മതനിരപേക്ഷ വേദിയിലേക്ക് ന്യൂനപക്ഷങ്ങളെ കൊണ്ടുവരിക എന്നതാണ് സിപിഐ എമ്മിന്റെ സമീപനം.
‘‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗം) മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അവരുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന മുസ്ലിംമത മൗലികവാദ തീവ്രവാദ സംഘടനകളാണ്. ഹിന്ദുത്വശക്തികളുടെ നിരന്തരമായ അക്രമങ്ങൾക്ക് വിധേയരാകുന്ന ന്യൂനപക്ഷ സമുദായത്തിന്റെ അന്യവൽക്കരണവും ഭീതിയും ഇത്തരം പാർടികൾ മുതലെടുക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ സിപിഐ എമ്മിന് ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനത്തിന് കടിഞ്ഞാണിടാൻ അവർ സിപിഐ എമ്മിനെ ശത്രുക്കളാക്കുന്നു. അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗീയശക്തികളുമായി ന്യൂനപക്ഷ വർഗീയതയെ തുലനം ചെയ്യാൻ കഴിയുകയില്ല. എങ്കിലും, തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന തിരിച്ചറിവുണ്ടാകേണ്ടതാണ്. കേരളത്തിൽ ഇത്തരം ശക്തികളും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും തമ്മിൽ വളർന്നുവരുന്ന ബന്ധം അപകടകരമാണ്''. ഇത്തരത്തിൽ മത മൗലികവാദ ശക്തികളെ നേരിട്ടും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിച്ചും മതനിരപേക്ഷ വേദിയിലേക്ക് ന്യൂനപക്ഷങ്ങളെ കൊണ്ടുവരിക എന്നതാണ് സിപിഐ എമ്മിന്റെ സമീപനം.
ജമാഅത്തെ ഇസ്ലാമിയുടെ ആശയരൂപീകരണത്തിന് ഇന്ത്യക്ക് പുറത്തും വേരുകളുണ്ട്. 1928ൽ ഈജിപ്തിൽ അസന്നുൽ ബെന്നയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച മുസ്ലിം ബ്രദർഹുഡ് സംഘടനയുടെ കാഴ്ചകളും ഇതിന് അടിത്തറയാണ്. അമേരിക്കൻവിരുദ്ധ നിലപാടും മതനിരപേക്ഷതയെ പിന്തുണയ്ക്കുന്ന അറബ് ദേശീയതയുടെ വക്താവുമായ നാസറിനെ അധികാരസ്ഥാനത്തുനിന്ന് പുറത്താക്കുകയെന്നതായിരുന്നു ഈജിപ്തിൽ ബ്രദർഹുഡുകാരുടെ ലക്ഷ്യം. ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവരുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ ഈ ചരിത്രം സഹായകമായിത്തീരും. ബ്രദർഹുഡിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആശയങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ലോകത്തെമ്പാടും ഇസ്ലാമിക തീവ്രവാദം വികസിച്ചത്. അമേരിക്കൻവിരുദ്ധ നിലപാട് സ്വീകരിച്ച് ചേരിചേരാ നയത്തിൽ നിലകൊള്ളുന്ന രാഷ്ട്രങ്ങളെ തകർക്കുന്നതിന് അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിച്ചത് ഇത്തരത്തിൽ വികസിച്ച ഇസ്ലാമിക തീവ്രവാദത്തെയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് വർഗീയത എങ്ങനെ സഹായകമായോ അതുപോലെതന്നെ കോർപറേറ്റ് രാഷ്ട്രീയത്തിനെതിരായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതിന് മതരാഷ്ട്രവാദികളുടെ നിലപാട് സഹായകമായിത്തീരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം ഫലത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. മതനിരപേക്ഷമായ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ പിളർത്തി ഏറ്റുമുട്ടിക്കുകയെന്ന രാഷ്ട്രീയമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അത്തരം ഏറ്റുമുട്ടലുകൾ മുതലാളിത്തത്തിനും അതിന്റെ സംവിധാനങ്ങൾക്കുമെതിരായി രൂപപ്പെടേണ്ട ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നു. കോർപറേറ്റുകൾക്കാകട്ടെ തങ്ങളുടെ ചൂഷണ സമ്പ്രദായങ്ങൾ ചെറുത്തുനിൽപ്പില്ലാതെ നടപ്പാക്കുന്നതിന് ഈ രാഷ്ട്രീയം സഹായിക്കുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് വർഗീയത എങ്ങനെ സഹായകമായോ അതുപോലെതന്നെ കോർപറേറ്റ് രാഷ്ട്രീയത്തിനെതിരായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതിന് മതരാഷ്ട്രവാദികളുടെ നിലപാട് സഹായകമായിത്തീരുന്നു.
ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയുടെ കാഴ്ചപ്പാടുകൾ സംരക്ഷിക്കുന്നതിനും നമ്മുടെ മതനിരപേക്ഷ സമൂഹം സംരക്ഷിക്കുന്നതിനും എതിർക്കപ്പെടേണ്ട സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇത്തരം സംഘടനകളെ പിന്തുണയ്ക്കുന്നതിലൂടെ താൽക്കാലിക രാഷ്ട്രീയ ലാഭം യുഡിഎഫ് സ്വപ്നം കാണുന്നുണ്ടാകും. എന്നാൽ, പിന്നീട് മുസ്ലിംലീഗിനെയും തുടർന്ന് കേരളത്തിലെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്ന മുസ്ലിം ജനവിഭാഗങ്ങളെയും തെറ്റായ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്നത്. ബഹുസ്വരതയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സംസ്കാരമാണ് മലപ്പുറത്തിന്റേത്. ഈ പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച് നിലമ്പൂർജനത വിധിയെഴുതുമെന്നതിൽ തർക്കമില്ല. എം സ്വരാജിന്റെ വിജയം മലപ്പുറത്തിന്റെ ബഹുസ്വരതയുടെ അടയാളമായിത്തീരും.














