ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍


പുത്തലത്ത് ദിനേശൻ
Published on Aug 19, 2025, 11:38 PM | 4 min read
രാജാധിപത്യത്തില്‍നിന്നും സാമ്രാജ്യത്വ അധിനിവേശത്തില്‍നിന്നുമുള്ള മോചനത്തെ തുടർന്നാണ് 1951-ല്‍ രാജ്യത്ത് ആദ്യപൊതുതെരഞ്ഞെടുപ്പ് നടന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി പോളിങ് ബൂത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് അക്കാലത്ത് തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയത്. അത്തരം ഇടപെടലുകള്‍കൂടി ചേര്‍ന്നതോടെ ജനാധിപത്യ പ്രക്രിയില്‍ രാജ്യം സജീവമായി.
രാജ്യത്ത് ശക്തിപ്പെട്ടുവന്ന ആ മുന്നേറ്റത്തെ എക്കാലത്തും തകര്‍ക്കാന്‍ ശ്രമിച്ചത് വലതുപക്ഷമായിരുന്നു.
പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സിപിഐ എം പരിപാടി ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ‘അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നും അല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതിന് ജനങ്ങള്‍ പാര്‍ലമെന്ററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാരാ വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കാന്‍ ചൂഷകവര്‍ഗങ്ങള്‍ ഒട്ടും മടിക്കുകയില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ നാമതു കണ്ടതാണ്. ഭരണവര്‍ഗങ്ങള്‍ ഈ ഹീനമാര്‍ഗത്തില്‍ ഏതറ്റംവരെ പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവര്‍ അഴിച്ചുവിട്ട അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയും ഭരണഘടനാ വകുപ്പുകളുടെ നഗ്നമായ ലംഘനങ്ങളും. പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവല്‍ക്കരണത്തെയും സാര്‍വദേശീയ മൂലധനത്തിന്റെ വര്‍ധമാനമായ സമ്മര്‍ദത്തെയും തുടര്‍ന്ന് ഇത് കൂടുതല്‍ ശക്തമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ താല്‍പ്പര്യാര്‍ഥം അത്തരം ഭീഷണികളില്‍നിന്ന് പാര്‍ലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്’ (പാര്‍ടി പരിപാടി 5.23).

മേല്‍ വിവരിച്ച കാഴ്ചപ്പാടോടെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് സിപിഐ എം സജീവമായി ഇടപെട്ടു. അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഈ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവര്‍ത്തനം പാര്‍ടി തുറന്നുകാട്ടി. 24-–ാം പാര്‍ടി കോണ്‍ഗ്രസില്‍ മുന്നോട്ടുവച്ച പ്രമേയം ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ‘‘ തെരഞ്ഞെടുപ്പ് കമീഷന്റെ സ്വയംഭരണ പദവി സ്ഥിരമായ നിലയില്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് കമീഷണര്‍മാരെയും നിയമിക്കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് എതിരാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍ ഗവണ്‍മെന്റിനാണ് ഭൂരിപക്ഷം. ബിജെപി നേതൃത്വം നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന്റെ പ്രശ്നം ഉയരുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടുന്നത് നിര്‍ത്തുന്നു. തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുമ്പോള്‍പോലും തെരഞ്ഞെടുപ്പ് കമീഷന്‍ ഗവണ്‍മെന്റ് നിര്‍ദേശങ്ങളാണ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വലിയ അന്തരം, വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം തുടങ്ങി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ വിശദീകരിക്കപ്പെടാതെ പോകുന്നു’’(24–-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം 2.28).
ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ വികസിച്ചുവന്ന ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിനായുള്ള ഇടപെടലാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിക്ക് വിജയിക്കാന്‍ വോട്ടുകള്‍ വെട്ടിമാറ്റുകയാണ് വേണ്ടതെങ്കില്‍ ബിഹാറിലെപ്പോലെ അത് ചെയ്യും. കൂട്ടിച്ചേര്‍ക്കേണ്ടതാണെങ്കില്‍ മഹാരാഷ്ട്രയിലെപ്പോലെ അതും നടപ്പിലാക്കും. വോട്ട് ചേര്‍ക്കല്‍ തൊട്ട് ആരംഭിക്കുന്ന ഈ അട്ടിമറി പ്രക്രിയ വോട്ടെണ്ണല്‍വരെ നിലനില്‍ക്കുന്നുവെന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായി തെരഞ്ഞെടുപ്പ് കമീഷന്‍ ആദ്യ തെരഞ്ഞെടുപ്പ് തൊട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്നത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പലരും അക്കാലത്ത് പേര് വെളിപ്പെടുത്താന്‍തന്നെ മടികാണിച്ചു. മുതലാളിയുടെ അനുവാദം വേണമെന്ന് ചിലര്‍ പറഞ്ഞു. ഇവയെയെല്ലാം പ്രതിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ബോധവല്‍ക്കരണ പദ്ധതികളാരംഭിച്ചു. സിനിമാ തിയറ്ററുകളില്‍ ഇതിനായുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ബുള്ളറ്റിനുകളുമായി റേഡിയോ രംഗത്തുവന്നു.
ബിഹാറിൽ ഇത്തരത്തില്‍ 65 ലക്ഷം വോട്ടര്‍മാരെ പുറന്തള്ളിയ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ക്രമക്കേടുകളുടെ പരമ്പരയാണ് അരങ്ങേറിയിരിക്കുന്നത്. മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ത്തന്നെ വ്യാജവിലാസങ്ങളില്‍ 80,000 ത്തോളം വോട്ടര്‍മാരെ ചേര്‍ത്തതായുള്ള പരാതി അതിലൊന്നാണ്
നിരക്ഷരരായ 80 ശതമാനം ജനത നിലനില്‍ക്കുന്ന രാജ്യത്ത് വായന ബഹുഭൂരിപക്ഷത്തിനും അന്യമായതിനാല്‍ ഓരോ രാഷ്ട്രീയ പാര്‍ടിക്കും ചിഹ്നം നല്‍കി. ചിഹ്നമുള്ള പെട്ടികളില്‍ വോട്ട് നിക്ഷേപിച്ചു. അഞ്ച് മാസം നീണ്ടുനിന്ന പ്രക്രിയയിലൂടെ 401 മണ്ഡലങ്ങളിലായി 489 സീറ്റുകള്‍ക്കായി 2,20,000 ബൂത്തുകളില്‍ ജനങ്ങള്‍ വോട്ട് ചെയ്തു. 50 ശതമാനമായിരുന്നു ആദ്യത്തെ പോളിങ്. 80.5 ശതമാനം വോട്ട് രേഖപ്പെടുത്തിയ കോട്ടയം മുന്നിലെത്തി.
തെരഞ്ഞെടുപ്പ് കമീഷന്റെകൂടി ഫലപ്രദമായ ഇടപെടലിലൂടെ വികസിച്ച ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയ ബിജെപിയുടെ ഇടപെടലിലൂടെ തകര്‍ക്കപ്പെടുകയാണ്. പാവപ്പെട്ട ജനത ഉപയോഗിക്കുന്ന റേഷൻ കാര്‍ഡും ആധാറും വോട്ടേഴ്സ് ഐഡി കാര്‍ഡുകളും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള രേഖകളില്‍നിന്ന് പുറന്തള്ളപ്പെട്ടിരിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും മറ്റ് സര്‍ക്കാര്‍ കാര്‍ഡുകളെയുമാണ് ആശ്രയിക്കുന്നത്. ബിഹാറിൽ ഇത്തരത്തില്‍ 65 ലക്ഷം വോട്ടര്‍മാരെ പുറന്തള്ളിയ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ക്രമക്കേടുകളുടെ പരമ്പരയാണ് അരങ്ങേറിയിരിക്കുന്നത്. മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ത്തന്നെ വ്യാജവിലാസങ്ങളില്‍ 80,000 ത്തോളം വോട്ടര്‍മാരെ ചേര്‍ത്തതായുള്ള പരാതി അതിലൊന്നാണ്. മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ടയാള്‍ കോടതിയില്‍ ഹാജരായി. ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്നതോടെ പട്ടിക പരിശോധിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനംതന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.
1950 -ലെ ജനപ്രാതിനിധ്യ നിയമം നിഷ്‌കര്‍ഷിക്കുന്നത്, താല്‍ക്കാലികമായി തന്റെ താമസസ്ഥലത്തുനിന്ന് വിട്ടുനിന്നാലും അവിടെത്തന്നെ വോട്ട് ചെയ്യാമെന്നതാണ്. എന്നാല്‍, ബിജെപി വരുത്തിയിരിക്കുന്ന മാറ്റം സ്വന്തം വീടുള്ള സ്ഥലത്ത് വോട്ടര്‍ താമസിക്കുന്നില്ലെങ്കില്‍ പുറന്തള്ളണമെന്നാണ്. വോട്ടറെ സ്വന്തം മണ്ണില്‍നിന്ന് പിഴുതെറിയുകയാണ്.
ബഹുസ്വര ജീവിതത്തെ ഉള്‍ക്കൊള്ളുന്ന വിധമാണ് പാര്‍ലമെന്ററി സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ രൂപീകരിക്കുകയും ആ പ്രദേശത്തെ ജനത തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ വൈവിധ്യങ്ങളുടെ സംഗമഭൂമിയായി പാര്‍ലമെന്റിനെ മാറ്റുന്ന ബഹുസ്വരതയുടെ അടിത്തറയെ തന്നെ ഇവര്‍ തകര്‍ക്കുകയാണ്. ബിഹാറില്‍ ഇങ്ങനെ പുറന്തള്ളുമ്പോള്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അസാധാരണമായ രീതിയിലുള്ള പേര് ചേര്‍ക്കലാണുണ്ടായത്. 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 40 ലക്ഷം പേരാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. അതിനുമുമ്പ് 5 വര്‍ഷം 32 ലക്ഷം വോട്ടര്‍മാര്‍ വന്നിടത്താണ് ഈ മാറ്റമുണ്ടായത്. വോട്ടിങ്ങിന്റെ നില പരിശോധിച്ചാല്‍ വൈകിട്ട് 5 നുശേഷം ഇവിടെ പോളിങ് വന്‍തോതില്‍ വര്‍ധിച്ചു. ഈ അസ്വാഭാവികത മനസ്സിലാക്കാന്‍ വോട്ടര്‍മാരുടെ വീഡിയോ ഫൂട്ടേജ് പ്രതിപക്ഷം ആവശ്യപ്പെട്ടു. നല്‍കിയില്ലെന്നു മാത്രമല്ല, അവ നശിപ്പിക്കാനാണ് കമീഷന്‍ തയ്യാറായത്. എന്തിനാണോ കാമറ വച്ചത് ആ ഉദ്ദേശ്യത്തെ കമീഷൻ തന്നെ തകര്‍ത്തു.

മണ്ഡല വിഭജനവുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഉയര്‍ന്നുവരികയാണ്. 2029-ല്‍ 800- ല്‍ അധികം സീറ്റുകളാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് കുറയ്ക്കുകയെന്ന അജൻഡയും നടപ്പിലാക്കപ്പെടുകയാണ്. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പുതിയ വോട്ടേഴ്സ് ലിസ്റ്റിലൂടെ പുറത്തുപോകുന്നത് പാവപ്പെട്ട ജനതയും ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. സംഘപരിവാറിന്റെ കോര്‍പറേറ്റ്-ഹിന്ദുത്വ അജൻഡകള്‍ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന ഈ വിഭാഗങ്ങളെ പുറന്തള്ളുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്.
ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിക്കാത്തതോടെ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷനേയും ഉപയോഗപ്പെടുത്തുകയാണ്. വിശ്വസ്തതയുള്ള ഒരു തെരഞ്ഞെടുപ്പ് കമീഷനാണെങ്കില്‍ തന്റെ കീഴില്‍ വരുന്ന പരാതികൾ പരിശോധിച്ച്, നടപടി സ്വീകരിച്ച് ജനങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്വത്തില്‍നിന്ന് കമീഷന്‍ പൂര്‍ണമായും പിന്മാറിയിരിക്കുന്നു.
കമീഷനില്‍ തന്നെയാണ് പ്രശ്‌നമുള്ളത്. അതുകൊണ്ട് കമീഷനെതന്നെ മാറ്റുകയല്ലാതെ മറ്റൊരു വഴിയില്ല. ഇംപീച്ച്മെന്റ് പ്രസക്തമായിത്തീരുന്നത് ഈ സാഹചര്യത്തിലാണ്. ഇംപീച്ച്മെന്റിന് ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. എങ്കിലും യഥാര്‍ഥ പ്രശ്നത്തെ ഉയര്‍ത്തിപ്പിടിച്ച്, രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും തങ്ങള്‍ പോകുമെന്നാണ് ഇംപീച്ച്മെന്റിനുള്ള ഇന്ത്യ കൂട്ടായ്‌മയുടെ ശ്രമം വ്യക്തമാക്കുന്നത്. അടിയന്തരാവസ്ഥയെ കടപുഴക്കിയെറിഞ്ഞത് ബിഹാറില്‍ അലയടിച്ച ജനകീയ മുന്നേറ്റത്തിലൂടെയാണ്. രാജ്യം ആ വഴിക്ക് നീങ്ങുന്നുവെന്നാണ് ജനകീയ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നത്.














