Articles

ഉന്നതവിദ്യാഭ്യാസം

മനോരമ കാണാത്ത
 മുന്നേറ്റങ്ങൾ

higher education in kerala
avatar
എം വി ഗോവിന്ദൻ

Published on Sep 10, 2025, 10:27 PM | 4 min read

എൽഡിഎഫിന്റെ നേതൃത്വത്തിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാരിനുകീഴിൽ കേരളം നന്നായിക്കൂടാ എന്ന ചിന്ത ഭൂരിപക്ഷം മാധ്യമങ്ങളുടെയും ആഖ്യാനമായിട്ട് കുറച്ചുവർഷങ്ങളായി. ലോകോത്തര നേട്ടത്തിന്റെ നെറുകയിൽ കേരളം എത്തിയെന്ന് അന്താരാഷ്ട്ര ഏജൻസികൾ പറഞ്ഞാൽപ്പോലും അത്‌ കണ്ടില്ലെന്നു നടിക്കുകയും അതുസംബന്ധിച്ച വാർത്തകൾ പരമാവധി മറച്ചുവയ്‌ക്കുകയും ചെയ്യുക വലതുപക്ഷമാധ്യമങ്ങൾ സ്വീകരിച്ചുവരുന്ന പൊതുരീതിയാണ്. ലോകം ശ്രദ്ധിച്ച നേട്ടങ്ങൾ കൊയ്ത മേഖലയിൽ ഒറ്റപ്പെട്ട വീഴ്ചകൾ പെരുപ്പിച്ചുകാട്ടി സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയായി ചിത്രീകരിക്കുക ഈ മാധ്യമങ്ങളുടെ രീതിയാണ്. ഇത്തരം വാർത്തകൾ കണ്ടെത്താൻ ലേഖകന്മാർക്ക് തീട്ടൂരംപോലും നൽകിയിരിക്കുകയാണ് ചില മാധ്യമ ഉടമകൾ എന്ന കാര്യവും അങ്ങാടിപ്പാട്ടാണ്. കേന്ദ്രത്തിന്റെ വർഗീയ അജൻഡയെ ചെറുത്തുനിൽക്കുന്ന മതനിരപേക്ഷ തുരുത്തായ കേരളത്തെയും എൽഡിഎഫ് സർക്കാരിനെയും ഇകഴ്‌ത്തുക എന്നത് ആർഎസ്എസ് നേതൃത്വം നൽകുന്ന സംഘപരിവാറിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഈ ലക്ഷ്യസാക്ഷാൽക്കാരത്തിന് ചൂട്ടുപിടിക്കുന്നതിൽ ഒരു ജാള്യവും യുഡിഎഫിനും വലതുപക്ഷമാധ്യമങ്ങൾക്കും ഇല്ലതാനും. ഇത്രയും പറയാൻ കാരണം സെപ്തംബർ എട്ടിന് മലയാളമനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ്. "ഉന്നതവിദ്യാഭ്യാസം ചെന്നുവീണ ആഴം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഞാൻ നേരത്തേ പറഞ്ഞ ശക്തികൾക്ക് ഊർജമേകാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം. "ഉന്നതപതനം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്കൊടുവിലാണ് ഉന്നതവിദ്യാഭ്യാസം ആഴത്തിലുള്ള കുഴിയിൽ വീണിരിക്കുകയാണന്ന അസത്യപ്രസ്താവം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ മേഖല നടത്തിയ മുന്നേറ്റങ്ങൾ കാണാതിരിക്കാൻ സ്വന്തം കണ്ണുകെട്ടിയുള്ള എഴുത്തഭ്യാസമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.


​ഇത്തരമൊരു പരമ്പര പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കേരളത്തിലെ സർവകലാശാലകൾ മികച്ച മുന്നേറ്റം നടത്തിയത്. രാജ്യത്തെ മികച്ച 10 പൊതു സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാംസ്ഥാനവും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ആറാംസ്ഥാനവും നേടി. കഴിഞ്ഞവർഷം ഈ സർവകലാശാലകൾക്ക് യഥാക്രമം ഒമ്പതും പത്തും സ്ഥാനമായിരുന്നു. അതായത് രണ്ട്‌ സർവകലാശാലകളും സ്ഥിതി മെച്ചപ്പെടുത്തി. ഓവറോൾ വിഭാഗത്തിൽ മികച്ച 50 സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽനിന്നാണ്. കേരള സർവകലാശാല 42–ാംസ്ഥാനവും കുസാറ്റ് 50–-ാംസ്ഥാനവും നേടി. എംജിക്ക് യഥാക്രമം 17-ഉം 79ഉം സ്ഥാനവുമുണ്ട്. കലിക്കറ്റിന്‌ 38–-ാംസ്ഥാനവും ലഭിച്ചു.


Kerala universities


മികച്ച 300 കോളേജുകളുടെ പട്ടികയിൽ 74 എണ്ണം കേരളത്തിൽനിന്നാണ്. ഇതിൽ 18 എണ്ണം ഗവൺമെന്റ്‌ കോളേജുകളാണ്. മെഡിക്കൽ, എൻജിനിയറിങ്, കാർഷികം, മാനേജ്മെന്റ്‌ തുടങ്ങിയ വിഭാഗങ്ങളിലും കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങൾ ഇടംപിടിച്ചു. കഴിഞ്ഞവർഷത്തേക്കാൾ സ്ഥിതി മെച്ചപ്പെടുത്തിയാണ് ഈ സ്ഥാപനങ്ങൾ പട്ടികയിൽ ഇടംപിടിച്ചത്. 292 സ്ഥാപനങ്ങൾക്ക് നാഷണൽ അസസ്മെന്റ്‌ അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അംഗീകാരം ലഭിച്ചു. കേരള, എംജി സർവകലാശാലകൾക്കും 28 കോളേജുകൾക്കും എ ഡബിൾ പ്ലസും കലിക്കറ്റ്, കുസാറ്റ്, സംസ്കൃതം സർവകലാശാലകൾക്കും 49 കോളേജുകൾക്കും എ പ്ലസ് ഗ്രേഡും ലഭിച്ചു. 82 കോളേജുകൾക്ക് എ ഗ്രേഡും ലഭിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിവച്ചടിവച്ച് കേരളം മുന്നേറുന്നു എന്നാണ്. ഈ ഘട്ടത്തിലാണ് കേരളത്തിന്റെ ഈ നേട്ടത്തെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുംവിധമുള്ള പദപ്രയോഗങ്ങളുമായി മനോരമ മുഖപ്രസംഗം എഴുതുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ഏറെ പിന്നോട്ടടിപ്പിക്കുംവിധം ശാസ്ത്രവിരുദ്ധവും ഊഹാപോഹങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിക്കുന്നതുമായ യുജിസിയുടെ ഇടപെടലുകളെക്കുറിച്ചോ സർവകലാശാലകളുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തുംവിധമുള്ള ഗവർണറുടെ ഇടപെടലുകളെക്കുറിച്ചോ ഒരു പരാമർശംപോലും മനോരമ നടത്തിയിട്ടില്ല. കേരള സർക്കാരിനെമാത്രം ആക്രമിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചിട്ടുള്ളത് എന്നതിൽനിന്നുതന്നെ ഇത് ആർക്കുവേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്.


രാജവാഴ്‌ചയോടും സ്വകാര്യ മൂലധനത്തോടും നവ ഉദാര സാന്പത്തികനയത്തോടും എന്നും ദാസ്യഭാവം കാട്ടിയ ഈ മാധ്യമത്തിന് പൊതുമേഖലാ വിദ്യാഭ്യാസത്തോട് വിരോധം തോന്നുന്നതിൽ അത്ഭുതത്തിനൊന്നും അവകാശമില്ല. എന്നാൽ, എന്നെ ആശ്ചര്യപ്പെടുത്തിയത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പൊതുനിക്ഷേപം കുറയുകയാണെന്ന വിലാപമാണ്. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആറായിരം കോടി രൂപ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിന്യസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയത് കേന്ദ്ര സർക്കാർ പാർലമെന്റിൽവച്ച ഇക്കോണമിക് റിവ്യൂ ആണെന്ന കാര്യം ഇവർക്കും അറിയുന്നതല്ലേ! രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2718 കോടി രൂപയാണ് പ്ലാൻഫണ്ടിൽനിന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി ചെലവിട്ടത്. കിഫ്ബി വഴി 65 പദ്ധതികൾക്കായി 1844 കോടി രൂപയും റൂസ വഴി 158 പദ്ധതികൾക്കായി 532 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതൊന്നും കാണാതെ സർക്കാർനിക്ഷേപം കുറയുകയാണെന്ന് വിലയിരുത്താൻ അസാമാന്യമായ മെയ്‌വഴക്കംതന്നെ വേണം.


media fake news


വൈജ്ഞാനിക സമൂഹസൃഷ്ടി വാഗ്ദാനം ചെയ്തുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽവന്നത്. വിജ്ഞാനത്തെ ഉപയോഗപ്പെടുത്തി സമസ്ത മേഖലയിലെയും ഉൽപ്പാദനം വർധിപ്പിക്കുകയെന്നതാണ് ആ കാഴ്ചപ്പാടിന്റെ രത്നച്ചുരുക്കം. ഇതിന്റെ ഗുണം സാധാരണ ജനങ്ങൾക്ക്‌ ഉൾപ്പെടെ ലഭിക്കണമെന്നതാണ് ഇടതുപക്ഷ സർക്കാർ നയത്തിന്റെ അടിസ്ഥാനം. ഈ നയത്തിന്റെ ഭാഗമായാണ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെട്ടത്. ഈ മേഖല ശക്തമാക്കുക ലക്ഷ്യംവച്ച് മൂന്ന് വിദ്യാഭ്യാസ കമീഷനുകളെ നിയമിക്കുകയും അവർ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഘടനതന്നെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഈ ഇടപെടലുകൾ ചുരുങ്ങിയ കാലത്തിനകംതന്നെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് തെളിയിക്കുന്നതാണ് എൻഐആർഎഫ് 2025 റാങ്ക് പട്ടിക.


രണ്ടാം പിണറായി സർക്കാർ അധികാരമേറിയശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിൽ 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു. 36 കോളേജുകൾ പുതുതായി സർക്കാർ അനുവദിച്ചു. അതനുസരിച്ച് തസ്തികയും ജീവനക്കാരെയും അനുവദിച്ചു. ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി ഒരു സമഗ്ര പാഠ്യപദ്ധതി തയ്യാറാക്കുകയും അതിനെ ആധാരമാക്കി എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദം ആരംഭിക്കുകയും ചെയ്തു. പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കി. വിദ്യാർഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാൻ കേരള റിസോഴ്സ് ഫോർ എഡ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പ്ലാനിങ്‌ (കെ റീപ്പ്) എന്ന സമഗ്ര വിഭവാസൂത്രണ സോഫ്റ്റ്‌വെയർ പദ്ധതി നടപ്പാക്കി. കണ്ണൂർ സർവകലാശാലയിൽ ഇത് ആദ്യമായി വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് നൈപുണി വികസന കോഴ്‌സുകളും നൽകാനും ശ്രമം ആരംഭിച്ചു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിപണന അഭിരുചി വളർത്തുന്നതിനും "ഏൺ വൈൽ യു ലേൺ’ പദ്ധതിയും നടപ്പാക്കിവരുന്നു. "ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയും വിജയകരമായി മുന്നേറുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഐഎച്ച്ആർഡിയുടെ കീഴിലെ കൊട്ടാരക്കര എൻജിനിയറിങ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ ഐഎച്ച്ആർഡിയുടെതന്നെ ആദ്യത്തെ ഇൻഡസ്ട്രീസ് ഓൺ ക്യാമ്പസ് പദ്ധതിയും ആരംഭിച്ചു. 2024 നവംബറിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 63 എൻജിനിയറിങ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകൾക്കും അഞ്ച് എൻജിനിയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും 11 പോളിടെക്നിക് കോളേജുകളിലെ 38 പ്രോഗ്രാമുകൾക്കും എൻബിഎയുടെ അംഗീകാരം ലഭിച്ചു.


ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ഈ ചലനങ്ങളെയൊന്നും കാണാതെ ഉന്നതവിദ്യാഭ്യാസ രംഗം അഗാധമായ കുഴിയിൽ വീഴുകയാണെന്ന് പറയണമെങ്കിൽ വ്യാജവാർത്ത ചമയ്‌ക്കുന്നതിൽ ഗോദി മാധ്യമങ്ങളെ പിന്നിലാക്കുന്ന വക്രബുദ്ധിയും കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും വേണം. കമ്യൂണിസ്റ്റുകാർ അധികാരമേറിയാൽ വിഷം കഴിച്ച്‌ മരിക്കുമെന്നു പറഞ്ഞ ഉടമയുണ്ടായിരുന്ന ഒരു സ്ഥാപനത്തിൽനിന്ന്‌ വസ്തുതാധിഷ്ഠിത മാധ്യമപ്രവർത്തനം പ്രതീക്ഷിക്കാനാകില്ലല്ലോ.




Home