ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധം


പി ഡി ടി ആചാരി
Published on Jun 27, 2025, 11:14 PM | 3 min read
ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് ‘ഭാരതമാതാവി’ന്റെ ചിത്രം വഴിമരുന്നിട്ടിരിക്കുന്നു. ഈയിടെ ഒരു ചടങ്ങിൽ, ഇന്ത്യൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ കുന്തം പിടിച്ച് ഒരു സിംഹത്തിനു മുന്നിൽ നിൽക്കുന്ന കാവിനിറമുള്ള സാരി ധരിച്ച സ്‌ത്രീയുടെ പെയിന്റിങ് സ്ഥാപിച്ചിരുന്നു. രാജ്‌ഭവനിൽ ഔദ്യോഗിക ചടങ്ങുകൾ നടക്കുന്ന മുറിയിലാണ് ഇതുണ്ടായിരുന്നത്. ഹാരമണിയിച്ച ഈ പെയിന്റിങ്ങിനു മുന്നിൽ നിലവിളക്കും ഉണ്ടായിരുന്നു. ചടങ്ങിനു മുന്നിൽ ഗവർണർ അതിനെ വണങ്ങി പൂക്കളർപ്പിച്ചു. നിലവിളക്ക് കൊളുത്തി. ദേശീയഗാനമോ ദേശീയ പതാകയോ മറ്റേതെങ്കിലും ദേശീയ ചിഹ്‌നങ്ങളോ പോലെ ‘ഭാരതമാതാ’വിന്റെ ചിത്രത്തിന് ഭരണഘടനയുടെയോ മറ്റേതെങ്കിലും നിയമങ്ങളുടെയോ അംഗീകാരം ഇല്ലെന്ന വാദമുയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എതിർപ്പുയർത്തി. ഗവർണർ സംഘടിപ്പിക്കുന്നതും ഈ ചിത്രം വയ്‌ക്കുന്നതുമായ ഒരു ഔദ്യോഗിക ചടങ്ങിലും പങ്കെടുക്കേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്നാണറിയുന്നത്.
കൊളോണിയൽ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻവേണ്ടി പൊരുതിയ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സിനെ പ്രചോദിപ്പിക്കാൻ സ്വാതന്ത്ര്യസമര സേനാനികൾ വൈകാരികമായി വിളിച്ച മുദ്രാവാക്യമായിരുന്നു ‘ഭാരത് മാതാ കീ ജയ്’. ലാത്തിയടി കൊള്ളുമ്പോഴും അവരത് ഉച്ചസ്ഥായിൽ വിളിച്ചു. അതുകൊണ്ടുതന്നെ ഭാരത് മാത എന്ന ആശയത്തോട് ഇന്ത്യക്കാർക്ക് വൈകാരിക ബന്ധം ഉണ്ടെന്നതിൽ സംശയമില്ല.
ഈ ‘ഭാരതമാതാവി’ന്റെ ചിത്രത്തിനു മുന്നിൽ നാം വണങ്ങണോ എന്നതല്ല കേരളത്തിലെ പ്രശ്‌നം. എന്നാൽ, സർക്കാർ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദിയിൽ ഗവർണർ ഈ ചിത്രം ഉപയോഗിക്കുന്നതും ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി അതിൽ പുഷ്‌പാർച്ചന നടത്തുന്നതുമാണ് പ്രശ്നം.
ഗവർണറുടെ പെരുമാറ്റം
ദേശീയഗാനത്തിനും ദേശീയപതാകയ്‌ക്കും ദേശീയ മുദ്രയ്‌ക്കും മറ്റ് ദേശീയ ചിഹ്‌നങ്ങൾക്കും ഭരണഘടനയുടെയും നിയമങ്ങളുടെയും അംഗീകാരമുണ്ടെങ്കിൽ ‘ഭാരതമാതാവി’ന്റെ ഒരു ചിത്രത്തിനും ഇങ്ങനെ ഭരണഘടനയുടെയോ നിയമങ്ങളുടെയോ അംഗീകാരമില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ചിത്രം സർക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക പരിപാടിയുടെ ഭാഗമാകാൻ പാടില്ല. ‘ഭാരതമാതാവി’ന്റെ ഈ ചിത്രം ആർഎസ്‌എസും ബിജെപിയും മാത്രമാണ് അവരുടെ ചടങ്ങുകളിൽ ഉപയോഗിക്കുന്നതെന്നും ഓർക്കണം. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ എന്ന നിലയിൽ ഗവർണർ ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവർണർക്ക് തന്റെ കർത്തവ്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും നിർവഹണത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാകൂ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചാറ്റർജി ‘ആനന്ദമഠ’ത്തിലാണ് ഭാരതമാതാവിനെ ആദ്യം അമ്മയായി ചിത്രീകരിച്ചത്. എന്നാൽ, അദ്ദേഹം സൃഷ്‌ടിച്ച അമ്മ ചിഹ്നം ഭാരത് മാതയല്ല, അത് ബംഗാളി ദേശീയതയുടെ ശക്തമായ പ്രതീകമായി മാറിയ ബംഗാ മാതാവ് ആയിരുന്നു.
1905-ൽ രബീന്ദ്രനാഥ ടാഗോറിന്റെ അനന്തരവൻ അബനീന്ദ്രനാഥ ടാഗോറാണ് ആദ്യമായി ബംഗാ മാതാവിന്റെ ചിത്രം വരച്ചത്. നാല് കൈകളുള്ള ഈ ചിത്രത്തിന് ഹിന്ദു ദേവതയോടായിരുന്നു സാമ്യം. സ്വാമി വിവേകാനന്ദന്റെ പ്രമുഖ ശിഷ്യയായ സിസ്റ്റർ നിവേദിതയാണ് ഈ ചിത്രത്തെ ഭാരത് മാതാ എന്ന പേരിൽ പ്രചരിപ്പിച്ചത്. പിന്നീട്, "ഭാരത് മാതാ കീ ജയ്' എന്നത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി, പക്ഷേ അതിന് ദൃശ്യപ്രതിനിധാനം ഇല്ലായിരുന്നു. ഭാരത് മാതാവിന്റെ ഒരു ചിത്രവും ദേശീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചില്ല.
ഉന്നതമായ ആശയം
ഭാരത് മാതാ എന്ന സങ്കൽപ്പത്തെ നെഹ്‌റുവിനെപ്പോലെ മറ്റൊരാൾക്കും സമർഥമായി നിർവചിക്കാനായിട്ടില്ല. ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ യിൽ നെഹ്‌റു ഇങ്ങനെ വിശദീകരിക്കുന്നു: ‘ചിലപ്പോൾ ഞാനൊരു ആൾക്കൂട്ടത്തിലെത്തുമ്പോൾ അവരെന്നെ ആവേശപൂർവം സ്വീകരിക്കാറുണ്ട്, ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുകൊണ്ട്. ഈ മുദ്രാവാക്യത്തിന്റെ അർഥമെന്തെന്നും ആരാണ് ഭാരത്‌മാത എന്നും ആരുടെ വിജയമാണ് അവർ ആഗ്രഹിക്കുന്നതെന്നും അപ്പോൾ അപ്രതീക്ഷിതമായി ഞാനവരോട് ചോദിക്കും. ഇന്ത്യയിലെ പർവതങ്ങളും പുഴകളും നമുക്ക് ഭക്ഷണം നൽകിയ കാടുകളും വിശാലമായ വയലുകളും എല്ലാം നമുക്ക് പ്രിയപ്പെട്ടതുതന്നെ. പക്ഷേ, ആത്യന്തികമായി പ്രധാനം ഇന്ത്യയിലെ ജനങ്ങളാണ്. ഈ വിശാലമായ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന അവരെപ്പോലുള്ളവരും ഞാനുമൊക്കെ. ഭാരതമാതാവ്, അടിസ്ഥാനപരമായി ഈ ദശലക്ഷക്കണക്കിന് ആളുകളായിരുന്നു. ഭാരതമാതാവിന്റെ വിജയമെന്നാൽ ഈ ജനങ്ങളുടെ വിജയമായിരുന്നു.’’
ഈ ഉന്നതമായ ആശയം കേരള ഗവർണർ ഉൾപ്പെട്ട അനാവശ്യ വിവാദത്തിന് തിരികൊളുത്തി എന്നത് വളരെ നിർഭാഗ്യകരമാണ്. ഒരു സിംഹത്തിനരികെ കുന്തമേന്തിയ കാവിസാരിയുടുത്ത സ്‌ത്രീ രൂപത്തിന് തീർച്ചയായും ഭാരതമാതാവിന്റെ പ്രതീകമാകാനാകില്ല. അത്തരമൊരു ചിത്രം പ്രദർശിപ്പിക്കുന്നത് 19–-ാം നൂറ്റാണ്ടിലെ ദേശീയതയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്, ആധുനിക കാലത്ത് അതിന് ഒരു പ്രസക്തിയുമില്ല. ഗാന്ധിജിയുടെ കീഴിലുള്ള ഇന്ത്യൻ ദേശീയതയ്‌ക്ക് ശക്തമായ ഒരു മതനിരപേക്ഷ കാതൽ ഉണ്ടായിരുന്നു, അത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നു. ഒരു രാജ്യത്തിന് മനുഷ്യരൂപം ആരോപിക്കുന്നത് കാലഹരണപ്പെട്ട ആശയമാണ്. ഇത്തരമൊരു രൂപത്തിന് ഇന്ത്യൻ സമൂഹത്തിലെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും വിവിധ മതങ്ങളെയും വംശങ്ങളെയും സാംസ്‌കാരിക വളർച്ചയുടെ വ്യത്യസ്‌ത തലങ്ങളെയും പ്രതിനിധാനം ചെയ്യാൻ സാധിക്കില്ല.
ഗവർണറും സർക്കാരും
ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അനഭിലഷണീയമായ നിരവധി പോരാട്ടങ്ങൾക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. ചില സംഭവങ്ങളിൽ സുപ്രീംകോടതി ഇടപെട്ട് കാര്യങ്ങൾ നേരെയാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും ഗവർണർമാരും സർക്കാരുകളും തമ്മിലുള്ള തർക്കം തുടരുകയാണ്. ഭരണഘടനയും സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങളും ഗവർണറുടെ അധികാരങ്ങളുടെയും പ്രവർത്തനങ്ങളുടെയും പരിധികൾ വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ‘‘ഭരണഘടനയ്‌ക്ക് കീഴിലുള്ള ഗവർണർക്ക് സ്വന്തമായി നിർവഹിക്കാൻ കഴിയുന്ന ഒരു ചുമതലയുമില്ല’’ എന്നാണ് ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി ആർ അംബേദ്കർ ശക്തമായി പറഞ്ഞത്.
ഈ വിവാദം ബോധപൂർവമാണ്; തികച്ചും അനാവശ്യവുമാണ്. ഗവർണറും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കും. സ്വകാര്യ സംഘടനകൾ ഉപയോഗിക്കുന്ന ചിഹ്‌നങ്ങളും മുദ്രകളും ദൃശ്യപ്രതിനിധാനങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിക്കാനാകില്ല. രാജ്‌ഭവനുകളിൽ ഗവർണറുടെ സ്വകാര്യമുറികൾ മാത്രമല്ല ഉള്ളത്.രാഷ്‌ട്രപതി ഭവനിലേതുപോലെ സത്യപ്രതിജ്ഞാ ചടങ്ങുപോലുള്ള സർക്കാർ പരിപാടികൾ നടക്കുന്ന മുറികളും ഹാളുകളും ഉണ്ട്. സർക്കാർ അംഗീകരിച്ച പ്രോട്ടോകോൾ പ്രകാരം ഫോട്ടോകൾ, ഛായാചിത്രങ്ങൾ എന്നിവ അത്തരം സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിലും ഔദ്യോഗിക ചടങ്ങുകളിൽ വിളക്ക് കൊളുത്തൽപോലുള്ളവ നടത്തുന്നതിലും സർക്കാരിന്റെ ഉപദേശം സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്.
ഉദാഹരണത്തിന്, ഗവർണർക്ക് എല്ലാ സർക്കാർ ഓഫീസുകളിലും ഭാരതമാതാവിന്റെ ചിത്രം സ്ഥാപിക്കണമെന്ന് ഉത്തരവിടാൻ കഴിയില്ല. അത് സർക്കാരിനുമാത്രം എടുക്കാൻ കഴിയുന്ന തീരുമാനമാണ്. എല്ലാ ഭരണഘടനാ അധികാരകേന്ദ്രങ്ങളും ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന അച്ചടക്കത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഭരണഘടനയോ നിയമങ്ങളോ ഭാരതമാതാവിന്റെ ചിത്രം അംഗീകരിച്ചിട്ടില്ല എന്ന കാരണത്താൽ, ഔദ്യോഗിക യോഗങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഭാരതമാതാവിന്റെ ചിത്രം സ്ഥാപിക്കരുതെന്ന് ഗവർണറെ ഉപദേശിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്.
‘ദ ഹിന്ദു’വിനോട് കടപ്പാട്
(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)














