കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് മുതൽക്കൂട്ട്


എം എ ബേബി
Published on Sep 18, 2025, 10:48 PM | 3 min read
ലോകത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ ശബരിമല കാലങ്ങളായി ഭക്തിയുടെയും ചിട്ടയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 20ന് നടത്തുന്ന ആഗോള അയ്യപ്പസംഗമം ശബരിമലയുടെ സാർവലൗകികമായ സാംഗത്യം ഉയർത്തിപ്പിടിക്കുകയും കേരളത്തിന്റെ മതനിരപേക്ഷപാരമ്പര്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശ്രമമാണ്.
ശബരിമല ഒരു ക്ഷേത്രം മാത്രമല്ല, അതിനുമപ്പുറമാണ് ശബരിമലയുടെ പ്രസക്തി. അത് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്. ജാതി- മത വേലിക്കെട്ടുകൾക്ക് കുറുകെ സഞ്ചരിച്ചാണ് തീർഥാടകർ ഈ പരിപാവനമായ മല കയറുന്നത്. അതും ആഴ്ചകൾ നീണ്ട കർശനമായ വ്രതാനുഷ്ഠാനങ്ങൾക്കും സ്വയം ശിക്ഷിത ചിട്ടകൾക്കും ശേഷമാണ്. അതുവഴി അവർ തുല്യതയുടെയും ഒത്തൊരുമിച്ചുള്ള ആത്മീയാന്വേഷണത്തിന്റെയും വഴികൾ ഊട്ടിയുറപ്പിക്കുകകൂടിയാണ് ചെയ്യുന്നത്. അയ്യപ്പസ്വാമിയുടെ സുഹൃത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന വാവരുനടയുടെ സാന്നിധ്യം മതങ്ങൾക്ക് ഇടയിലുള്ള യോജിപ്പിന്റെ ഓർമപ്പെടുത്തലാണ്. ചരിത്രപ്രാധാന്യമുള്ള ക്രൈസ്തവ തീർഥാടനകേന്ദ്രമായ അർത്തുങ്കൽ പള്ളിയും ശബരിമലയിലേക്കുള്ള വഴികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സമാനമായ വിധത്തിൽ പ്രതീകാത്മകസൗന്ദര്യമുള്ളതാണ് എല്ലാ ദിവസവും അയ്യപ്പനെയും ഭക്തരെയും പാടി ഉറക്കുന്ന ഹരിവരാസനം എന്ന താരാട്ട്. നിരീശ്വരവാദിയും കമ്യൂണിസ്റ്റുമായ പരേതനായ ജി ദേവരാജൻ ചിട്ടപ്പെടുത്തി, ക്രിസ്ത്യാനിയായി ജനിച്ച വിശ്രുതഗായകൻ കെ ജെ യേശുദാസിന്റെ സ്വരമാധുരിയിലാണ് അയ്യപ്പന്റെ ഈ ഉറക്കുപാട്ട് അനശ്വരമായിരിക്കുന്നത് എന്നതും സവിശേഷതയാണ്. ഇതെല്ലാം ശബരിമലയുടെ മതനിരപേക്ഷതയും ഐക്യവും എല്ലാത്തിനെയും ഉൾക്കൊള്ളുന്ന പാരമ്പര്യവും പ്രഘോഷണം ചെയ്യുന്ന ഘടകങ്ങളാണ്. - ആരാധന ഏതെങ്കിലുമൊരു മതചിഹ്നമായി മാറാത്ത ഒരു സ്ഥലം.
കാലങ്ങളായി നിലനിൽക്കുന്ന ഈ മതനിരപേക്ഷപാരമ്പര്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ആഘോഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ചിട്ടുള്ളത്. ശബരിമല ലോകത്തിനാകെ അവകാശപ്പെട്ടതാണെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. ക്ഷേത്ര ശ്രീകോവിലിനുമുന്നിൽ ആലേഖനം ചെയ്തിട്ടുള്ള ‘തത്വമസി' (അത് നീതന്നെയാകുന്നു) എന്ന ഉപനിഷദ് വാക്യം പ്രതിഫലിപ്പിക്കുന്നത് ഈ സന്ദേശമാണ്. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ്. അഥവാ ആരും അന്യരല്ല എന്ന സന്ദേശം. എന്നിട്ടും പ്രതിപക്ഷ പാർടികൾ ഈ പുരോഗമന നടപടിയെ എതിർക്കുകയാണ്. ഇതിനൊപ്പം വർഗീയശക്തികൾക്ക് മേൽക്കൈയുള്ള ശബരിമല കർമസമിതി സെപ്തംബർ 22ന് പന്തളത്ത് വിശ്വാസസംഗമം എന്ന പേരിൽ ഒരു പരിപാടി നടത്താൻ പോകുന്നു. ഇത് ചരിത്രപരമായിത്തന്നെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായി വിളങ്ങുന്ന അയ്യപ്പക്ഷേത്രത്തിൽ വർഗീയവികാരം കുത്തിവയ്ക്കാനുള്ള ആസൂത്രിതനീക്കമാണ്.

ഈ പശ്ചാത്തലത്തിൽ വിശ്വാസികളെയും വർഗീയശക്തികളെയും വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസികൾ അച്ചടക്കത്തിന്റെയും ധാർമിക ബലത്തിന്റെയും സാഹോദര്യത്തിന്റെയും ബോധ്യങ്ങളാണ് സ്വന്തമാക്കുന്നതെങ്കിൽ, വർഗീയശക്തികൾ മതവികാരങ്ങളെ സങ്കുചിത രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണ്. മതവിശ്വാസികൾ എന്നും നവീകരണത്തിന്റെയും പുരോഗതിയുടെയും പക്ഷത്ത് നിന്നിട്ടുള്ളതാണ് കേരളത്തിന്റെ ചരിത്രം. ശ്രീനാരായണ ഗുരുവും അയ്യൻകാളിയും അടക്കമുള്ള നവോത്ഥാന നായകരൊക്കെ മതപാരമ്പര്യമുൾക്കൊള്ളുന്ന സമൂഹത്തിൽനിന്നുതന്നെ ഉയർന്നുവന്നിട്ടുള്ളവരാണ്. എന്നാലും അവരൊക്കെ മനുഷ്യമോചനത്തിനും തുല്യതയ്ക്കും സാമൂഹ്യപരിവർത്തനത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ളവരാണ്. ഈ പരിവർത്തനോന്മുഖമായ പാരമ്പര്യത്തിലാണ് ആഗോള അയ്യപ്പസംഗമത്തെ പ്രതിഷ്ഠിക്കേണ്ടത്.
സാധാരണ വിശ്വാസികളുടെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും പരിവർത്തന പ്രക്ഷോഭങ്ങളുടെയും ഫലമായി രൂപപ്പെട്ടതാണ് ശബരിമലയുടെ മതനിരപേക്ഷസ്വഭാവം. ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലുമുണ്ടായ പരിവർത്തനങ്ങളെല്ലാം സമൂഹത്തിനുള്ളിൽനിന്നുതന്നെ ഉണ്ടായതാണ്. ജാത്യധിഷ്ഠിതമായ ശ്രേണീബന്ധങ്ങളെയും വർഗീയവിഭജനങ്ങളെയും ദുർബലപ്പെടുത്താൻ ഇത്തരത്തിലുള്ള ആഭ്യന്തര പരിഷ്കരണ മുന്നേറ്റം അനിവാര്യമാണ് എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. ഈ സംഗമത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളെ ചെറുക്കണമെന്നു പറയുന്നതും അതുകൊണ്ടാണ്. ബിജെപിയും അവരുടെ കൂട്ടാളികളും കാലങ്ങളായി രാഷ്ട്രീയലാഭത്തിനുവേണ്ടി ശബരിമലയെ ആയുധമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗമനപരമായ പരിഷ്കരണശ്രമങ്ങളെയാകെ വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് അവർ എതിർക്കുന്നത്. ശബരിമല ഒരിക്കലും വർഗീയശക്തികൾക്ക് അവകാശപ്പെട്ടതായിരുന്നില്ല. ഉൾക്കൊള്ളലുകളുടെയും വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും പരിഷ്കരണങ്ങളുടെ ചരിത്രത്തിന്റെയും പശ്ചാത്തലമുള്ള ശബരിമല, ഇവരുടെയെല്ലാം വിഭാഗീയ ആഖ്യാനങ്ങൾക്ക് എതിരാണ്.

കമ്യൂണിസ്റ്റുകാർ മതത്തെ വിമർശിക്കുന്നവരാണെന്നു പറഞ്ഞ് അയ്യപ്പസംഗമം, മതപരമായ സംഗമത്തിൽ ഇടപെടാനുള്ള സിപിഐ എമ്മിന്റെ ശ്രമമാണെന്നതരത്തിൽ ചിത്രീകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാർ സമൂഹത്തിലെ എല്ലാ കാര്യങ്ങളും പഠിക്കുകയും അതിൽ വിമർശം നടത്തുകയും ചെയ്യുന്നവരാണ്. കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അതുകൊണ്ട് സമൂഹത്തിന്റെ അവിഭാജ്യഘടകം എന്ന നിലയിൽ മതവും തങ്ങളുടെ പഠനത്തിൽ സ്വാഭാവികമായും സ്ഥാനംപിടിക്കും. മാർക്സ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: "മർദിതന്റെ നിശ്വാസമാണ് മതം... അത് മനുഷ്യനെ മയക്കുന്ന കറപ്പാണ്.’ അടിച്ചമർത്തപ്പെടുന്ന മനുഷ്യർക്ക് അവരുടെ വേദനകൾ മറക്കാൻ സഹായിക്കുന്നതാണ് മതം എന്ന കാര്യമാണ് മാർക്സ് എടുത്തുകാട്ടുന്നത്. പണ്ടുകാലത്ത് കറപ്പ് ഒരു വേദനസംഹാരിയായി ഭിഷഗ്വരന്മാർതന്നെ ഉപയോഗിച്ചിരുന്നു എന്നതും ഓർക്കണം.
അയ്യപ്പസംഗമം, അവിടെ നടത്താനുദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകൾക്കുള്ള വേദികൂടിയാണ്. ശബരിമല മാസ്റ്റർ പ്ലാൻ, നിർദിഷ്ട വിമാനത്താവളമടക്കമുള്ള സംരംഭങ്ങൾ തുടങ്ങിയവയൊക്കെ സംഗമത്തിൽ ചർച്ച ചെയ്യും. കേരളത്തിന്റെ പൊതുമണ്ഡലം വിഭാഗീയശക്തികൾക്ക് അടിയറവയ്ക്കില്ല എന്ന രാഷ്ട്രീയപ്രസ്താവന ഉറപ്പിച്ചുപറയുകയാണ്. ഒരു കാര്യംകൂടി പ്രഖ്യാപിക്കുന്നു. മതനിരപേക്ഷത കേവലം അമൂർത്തമായ ഭരണഘടനാതത്വമല്ല. മറിച്ച്, അത് നമ്മുടെ തീർഥാടനപാരമ്പര്യത്തിൽ ഉൾച്ചേർന്ന ഒരു പ്രായോഗിക ജീവിതരീതിതന്നെയാണ്.














