നിഘണ്ടുവിലില്ല സമാധാനം


വി ബി പരമേശ്വരൻ
Published on Oct 05, 2025, 11:49 PM | 2 min read
അമേരിക്കയുമായി ആണവചർച്ച പുരോഗമിക്കവെയാണ് ഇറാനെ ഇസ്രയേൽ ആക്രമിച്ചത്. ഹമാസുമായി അമേരിക്കൻ അധികൃതർ ദോഹയിൽ സമാധാന സംഭാഷണത്തിന് ഒരുങ്ങവെ ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തി. സമാധാനം എന്ന വാക്ക് നെതന്യാഹുവിന്റെ നിഘണ്ടുവിലില്ല. ലോകമാകെ പ്രതിഷേധങ്ങൾ നാൾക്കുനാൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് വെടിനിർത്തലിലേക്ക് മനസ്സില്ലാമനസ്സോടെ ഇസ്രയേലും അമേരിക്കയും സമ്മതംമൂളിയത്. ജനുവരിയിലെ വെടിനിർത്തൽ ഒരു കാരണവുമില്ലാത്ത ലംഘിച്ച ഇസ്രയേലിന് പുതിയ സമാധാനപദ്ധതി കാറ്റിൽപറത്താൻ മടിയുണ്ടാകില്ല.
ഗാസയിൽ സമാധാനം പുലരുമോ എന്ന ചോദ്യത്തിന് അർഥമില്ലാതായിട്ട് 77 വർഷമായി. ട്രംപ്– -നെതന്യാഹു ചർച്ചയുടെ ഭാഗമായി മുന്നോട്ടുവച്ച ഇരുപതിന സമാധാനപദ്ധതിയുടെ ഗതിയും മറ്റൊന്നാകാൻ തരമില്ല. പലസ്തീൻ ജനതക്ക് പ്രാതിനിധ്യമില്ലാത്ത സമാധാനപദ്ധതി തീർത്തും ഇസ്രയേൽ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നതാണ്. താൽകാലിക ഷെൽട്ടറുകളിൽ കഴിയുന്നവർക്ക് തൽക്കാലം അവിടെ താമസിക്കാൻ കഴിയുമെന്നതിലപ്പുറം കരാറിലെ മുഴുവൻ വ്യവസ്ഥകളും ഇസ്രയേലിന് അനുകൂലമാണ്. 48 ബന്ദികളെ വിട്ടയച്ച് ഗാസയിലെ അധികാരം കൈമാറി തൽക്കാലം മാറിനിൽക്കാൻ ഹമാസ് തീരുമാനിച്ചതോടെ യുദ്ധത്തിന് താൽക്കാലിക വിരാമമിടാൻ ഇസ്രയേൽ തീരുമാനിച്ചതായി സൈനിക റേഡിയോ അറിയിച്ചു. പലസ്തീൻ ജനതക്ക് നേരെയുള്ള ആക്രമണത്തിൽനിന്നു പിൻവാങ്ങുമെങ്കിലും സ്വയം പ്രതിരോധം തുടരുമെന്നു സൈന്യം വ്യക്തമാക്കി. സമാധാനകരാറും ഇസ്രയേൽ സേനാപിന്മാറ്റത്തെക്കുറിച്ച് പറയുന്നില്ല. ഇസ്രയേൽ ഏതു നിമിഷവും ഗാസയിൽ ആക്രമണം പുനരാരംഭിക്കാമെന്നാണ് ഇതിനർഥം. ജനുവരിയിലെ വെടിനിർത്തൽ ഒരു കാരണവുമില്ലാത്ത ലംഘിച്ച ഇസ്രയേലിന് പുതിയ സമാധാനപദ്ധതി കാറ്റിൽപറത്താൻ മടിയുണ്ടാകില്ല.

അമേരിക്കയുമായുള്ള ആണവചർച്ച പുരോഗമിക്കവെയാണ് ഇറാനിനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസുമായി അമേരിക്കൻ അധികൃതർ ദോഹയിൽ സമാധാന സംഭാഷണത്തിന് ഒരുങ്ങവെയാണ് ഇസ്രയേൽ ഖത്തർ ആക്രമിച്ചത്. സമാധാനം എന്ന വാക്ക് നെതന്യാഹുവിന്റെ നിഘണ്ടുവിലില്ല. സമാധാനം സ്ഥാപിക്കപ്പെട്ടാൽ ഇരുമ്പഴിക്കുള്ളിലാകുന്നത് നെതന്യാഹുവായിരിക്കും.അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമാധാനനീക്കം ഏതുവരെയെത്തുമെന്ന കാര്യത്തിൽ സംശയം ബാക്കിനിൽക്കുന്നു.
ലോകമാകെ പ്രതിഷേധങ്ങൾ നാൾക്കുനാൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് വെടിനിർത്തലിലേക്ക് മനസ്സില്ലാമനസ്സോടെ ഇസ്രയേലും അമേരിക്കയും സമ്മതംമൂളിയത്. ഇസ്രയേൽവിരുദ്ധ പ്രക്ഷോഭത്തിന്റെ യൂറോപ്യൻകേന്ദ്രം ഇറ്റലിയും സ്പെയിനുമാണ്. ഇസ്രയേലിനും യുഎസിനും പൂർണ പിന്തുണ പ്രഖ്യാപിച്ച ജോർജിയ മെലനിയുടെ തീവ്രവലതുപക്ഷ സർക്കാരാണ് ഇറ്റലി ഭരിക്കുന്നതെങ്കിലും ഗാസ അധിനിവേശത്തിനെതിരെ മാസങ്ങളായി വൻപ്രക്ഷോഭങ്ങളാണ് അവിടെ നടക്കുന്നത്. ഇവിടങ്ങളിലെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് പ്രക്ഷോഭത്തിന്റെ കുന്തമുന. ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ കപ്പലുകളിൽനിന്ന് ഇറക്കാനും കയറ്റാനും തയ്യാറല്ലെന്ന് നേരത്തേതന്നെ ഈ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ ട്രേഡ് യൂണിയൻകളും ഈ സമീപനം സ്വീകരിച്ചു. കപ്പൽവ്യൂഹത്തെ തടഞ്ഞതോടെ ഇറ്റലിയിലെ പ്രമുഖ ട്രേഡ് യൂണിയൻ സംഘടനയായ യുഎസ്ബിയും സിജിഐഎല്ലും പണിമുടക്കിന് ആഹ്വാനം ചെയ്തു.

ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ നടന്ന പ്രകടനത്തിൽ 20 ലക്ഷം പേരാണ് പങ്കെടുത്തത്. പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള ഉപപ്രധാനമന്ത്രി മാത്തിയോ സാൽവീനിയുടെ ഭീഷണിയൊന്നും വിലപ്പോയില്ല. ഡെമോക്രാറ്റ് പാർടിയും ഫൈവ് സ്റ്റാർ പ്രസ്ഥാനവും ഗ്രീൻ - ലെഫ്റ്റ് കൂട്ടുകെട്ടും ഇസ്രയേൽവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. ഒരു അഭിപ്രായ സർവെയിൽ 72 ശതമാനം ജനങ്ങൾ സുമുദ് ഫ്ലോട്ടിലയെ പിന്തുണച്ചു. നേരത്തേ തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്ത രണ്ടിൽഒരാൾ ഇസ്രയേൽവിരുദ്ധ സമീപനത്തിലേക്ക് മാറിയെന്ന് സർവേകൾ സൂചിപ്പിക്കുന്നു.
സ്പെയിനിൽ ഇസ്രയേൽവിരുദ്ധ പ്രസ്ഥാനത്തിന്റെ കേന്ദ്രം ബാഴ്‌സലോണയാണ്. ഇവിടെ തൊഴിലാളികൾ മാത്രമല്ല വിദ്യാർഥികളും സജീവമായി ഗാസയിലെ പലസ്തീൻ ജനതക്ക് പിന്തുണയേകി പഠിപ്പ് മുടക്കുകയും തെരുവിലിറങ്ങുകയും ചെയ്തു. ബ്രിട്ടനിലും ഫ്രാൻസിലും സമാനമായ ഐക്യദാർഢ്യ പരിപാടികൾ നടന്നു. ഇസ്രയേൽപക്ഷത്ത് അടിയുറച്ച് നിൽക്കുന്ന ജർമനിയിലും ഇപ്പോൾ ഇസ്രയേൽവിരുദ്ധ പ്രകടനങ്ങളും പരിപാടികളും തുടങ്ങി. കഴിഞ്ഞദിവസം ബർലിനിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലക്ഷംപേർ പങ്കെടുത്തു. ഇടതുപക്ഷ സ്വഭാവമുള്ള ഡൈ ലിങ്കേ പാർടി സംഘടിപ്പിച്ച പരിപാടിയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് നേതാക്കൾ പറഞ്ഞു. ജർമനിയിൽ ആദ്യമായാണ് ഒരു പ്രധാനകക്ഷി ഇസ്രയേലിനെതിരെ വംശഹത്യ ആരോപിക്കുന്നത്. ലാറ്റിനമേരിക്കയിലെ എല്ലാ രാജ്യങ്ങളിലും പാകിസ്ഥാനിലെ ലാഹോറിലും മലേഷ്യൻ തലസ്ഥാനമായ കോലാലംപുരിലും വൻ ഐക്യദാർഢ്യ പരിപാടികളാണ് നടന്നത്. കോഴിക്കോട് എൽഡിഎഫിന്റെ നേതൃത്വത്തിൽ പലസ്തീൻ സ്ഥാനപതി അബ്ദുള്ള അബു ഷാവേഷിനെ പങ്കെടുപ്പിച്ച ഐക്യദാർഢ്യ പരിപാടി സാർവദേശീയ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.














