Articles

യുദ്ധക്കൊതിയന്മാരുടെ 
കണ്ണു തുറപ്പിക്കുമോ

ആരുകേൾക്കും ഈ നിലവിളി

gaza
avatar
റെനി ആന്റണി

Published on Jul 14, 2025, 10:51 PM | 3 min read

യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകൾ വലിയ തോതിൽ അലോസരപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത നിലയിലേക്ക് നമ്മൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് ക്രൂരമായ യാഥാർഥ്യം തന്നെയാണ്. യുദ്ധഭൂമികകളിലെ വാർത്തകൾ ഫുട്ബോൾ മത്സരം വീക്ഷിക്കുന്ന തരത്തിൽ ലോക മനഃസാക്ഷി പരിവർത്തനം ചെയ്യപ്പെട്ടുവരികയാണ്. പതിറ്റാണ്ടുകളായി നീറിപ്പുകയുന്ന പശ്ചിമേഷ്യൻ സംഘർഷം അവിരാമമായി തുടരുമ്പോൾ മനുഷ്യാവകാശങ്ങളും കൊട്ടിഘോഷിക്കുന്ന മനുഷ്യാന്തസ്സും തകർന്നടിയുന്ന ദുരിതക്കാഴ്ചകളാണ് നമ്മുടെ മുമ്പിൽ. യുഎൻ സുരക്ഷാ കൗൺസിലിന്റെ ‘കുട്ടികളെയും സായുധ സംഘട്ടനത്തെയും' കുറിച്ചുള്ള വാർഷികറിപ്പോർട്ടിലൂടെ കരൾ പിളർത്തുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇസ്രയേലിനെ ഐക്യരാഷ്ട്ര സംഘടന വീണ്ടും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുഎൻ റിപ്പോർട്ടിലെ കണക്കുകൾ കുട്ടികൾ എത്രത്തോളം ദുരിതമനുഭവിക്കുന്നു എന്നതിന്റെ നേർചിത്രമാണ് വരച്ചു കാട്ടുന്നത്. ജനിച്ചനാൾ മുതൽ പല പല യുദ്ധങ്ങളുടെ ദുരന്തത്തെ അതിജീവിച്ചവരാണ് ഗാസയിൽ ഇനി അവശേഷിക്കുന്ന കുട്ടികൾ.


വിശപ്പും രോഗവും കൂടിച്ചേർന്ന ജീവിത സാഹചര്യം ഗാസയിലെ ജനതയെ വൻ തകർച്ചയിലെത്തിച്ചെന്ന് ആഗോള സന്നദ്ധ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ വെളിപ്പെടുത്തുന്നു. പോഷകാഹാരക്കുറവ്മൂലം കുട്ടികൾ മരിച്ചുവീഴുന്ന ദയനീയമായ കാഴ്ചകളാണ് ഗാസയിലെങ്ങും. ഭക്ഷണവും മരുന്നുകളും അവശ്യസാധനങ്ങളുമായി എത്തിയ നൂറുകണക്കിന് ട്രക്കുകൾ ഇസ്രയേൽ സൈന്യം തടഞ്ഞിട്ടിരിക്കുകയാണ്. വൈദ്യുതി, ജലം, ഇന്ധനങ്ങൾ തുടങ്ങിയവ തടയുന്നത് കുട്ടികളുടെ ദുരിതാവസ്ഥ കൂടുതൽ വഷളാക്കി. ബോംബുകളും മിസൈലുകളും മാത്രമല്ല പട്ടിണിയും ഇസ്രയേൽ വംശഹത്യക്ക്‌ ആയുധമാക്കുന്നു. ബന്ധുക്കളെല്ലാം കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ വേദന എത്രമേൽ ഹൃദയഭേദകമാണ്? മാരകമായി പരിക്കേറ്റ് നിത്യരോഗികളായി കഴിയേണ്ടി വരുന്ന കുട്ടികൾ. പാഠപുസ്തകങ്ങളും ബെഞ്ചും ഡെസ്‌കും സ്‌കൂളും കത്തിച്ചാമ്പലാകുന്നത് നേരിൽ കാണുന്നവർ. ഭക്ഷണത്തിന് നീണ്ടവരിനിന്ന് ഒടുവിൽ ഒന്നും കഴിക്കാൻ കിട്ടാതെ വിശന്നുകരഞ്ഞ് ഉറങ്ങിപ്പോകുന്നവർ. പേടിച്ചൊളിച്ച്, ഉറങ്ങാൻ കഴിയാതെ നേരം വെളുപ്പിക്കുന്ന കുട്ടികൾ. മനുഷ്യാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പിളക്കുന്ന ലോകശക്തികളൊന്നും ഇതൊന്നും കാണുന്നില്ലേ.


gaza


ഇസ്രയേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമ്പോഴും യുദ്ധകുറ്റകൃത്യങ്ങളെ താൽക്കാലികമായി അപലപിക്കുമ്പോഴും ആഗോള മുതലാളിത്ത വ്യവസ്ഥയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അധിനിവേശ നടപടികൾക്ക് അറുതിയുണ്ടാകുന്നില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കേവലം ക്രമസമാധാന പ്രശ്നങ്ങളായി ലഘൂകരിക്കാൻ കഴിയുന്നതല്ല. ഈ അതിക്രമങ്ങൾ ആഗോള മുതലാളിത്ത വ്യവസ്ഥയുടെയും അതിന്റെ അസമത്വങ്ങളുടെയും നേരിട്ടുള്ള ഫലങ്ങളാണ്. ഈ സംഘർഷങ്ങൾ സാമ്രാജ്യത്വ ശക്തികളുടെ തന്ത്രപരമായ താൽപ്പര്യങ്ങളുടെയും പ്രാദേശിക വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിന്റെയും ഫലമാണ്. യുദ്ധവും ഭീകരവാദവും ഒരുപോലെ കുട്ടികളെ വേട്ടയാടുന്നു. ഓരോ യുദ്ധവും ദുരിതങ്ങളുടെ പേമാരിയാണ് മാനവരാശിക്ക് ബാക്കിവയ്ക്കാറുള്ളത്. കൂട്ടമരണങ്ങൾ, കൂട്ടപ്പലായനങ്ങൾ, ജനിതക രോഗവ്യാപനം, അനാഥത്വം, അംഗവൈകല്യം, ഭക്ഷ്യക്ഷാമം, സമ്പത്തിന്റെയും ജീവനോപാധികളുടെയും കൂട്ടനാശം, അഭയാർഥി ക്യാംപുകളിലെ അനിശ്ചിതത്വം തുടങ്ങി ഒരിക്കലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണ് യുദ്ധാനന്തര ലോകത്തെ കാത്തിരിക്കുന്നത്. നിഷ്കളങ്ക ബാല്യങ്ങളെ കൊന്നൊടുക്കുന്ന യുദ്ധക്കൊതിയന്മാരുടെ ലക്ഷ്യം ആയുധ വ്യവസായത്തിലൂടെ കൈവരിക്കുന്ന കോടാനുകോടി ഡോളറുകളുടെ ലാഭം കൂടിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.


കഴിഞ്ഞവർഷം കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രേഖപ്പെടുത്തിയ മറ്റൊരു രാജ്യം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ്. 3418 കുട്ടികൾക്കെതിരെ 4033 സ്ഥിരീകരിച്ച ഗുരുതരമായ നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സൊമാലിയയിൽ 1992 കുട്ടികൾക്കെതിരെ 2568 നിയമലംഘനങ്ങളും നൈജീരിയയിൽ 1037 കുട്ടികൾക്കെതിരെ 2436 ഗുരുതരമായ നിയമലംഘനങ്ങളും ഹെയ്തിയിൽ 1373 കുട്ടികൾക്കെതിരെ 2269 സ്ഥിരീകരിച്ച ഗുരുതരമായ നിയമലംഘനങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. സുഡാനിൽ പത്തു ലക്ഷം കുട്ടികളാണ് കുടിയിറക്കപ്പെട്ടത്. സിറിയയിൽ 14 കോടി കുട്ടികൾ ദുരിതത്തിലാണെന്ന് യൂനിസെഫ് വ്യക്തമാക്കുന്നു. അഫ്ഗാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യെമൻ, തെക്കൻ സുഡാൻ തുടങ്ങിയ നാടുകളിൽ എഴുത്തും വായനയുമറിയാത്ത ഒരു തലമുറ വളർന്നു വരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശങ്ങളും ഗൗരവതരമാണ്.


gaza


നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആൻ ഫ്രാങ്ക്, ഹിരോഷിമ ദുരന്തത്തിൽ അണുവികിരണമേറ്റ് 10 വർഷം വേദനയിൽ പുളഞ്ഞ് മരണത്തിന് കീഴടങ്ങിയ പന്ത്രണ്ടുകാരി സഡാക്കോ, വിയറ്റ്‌നാമിൽ അമേരിക്ക നടത്തിയ നാപാം ബോംബിങ്ങിൽ പരിക്കേറ്റ് ഉടുതുണി കത്തിവീണ് പൂർണനഗ്നയായി മരണവെപ്രാളത്തോടെ ഓടുന്ന ഒമ്പതുകാരി പാൻ തി കിം ഫുക്, സിറിയയിൽനിന്നും പലായനം ചെയ്ത ബോട്ട് തകർന്ന് കടൽത്തീരത്ത് ഒരു പാവക്കുഞ്ഞിനെപ്പോലെ മരിച്ചു കിടന്ന, ലോക മനഃസാക്ഷിയെ കരയിപ്പിച്ച അലൻ കുർദ്ദി, യുദ്ധത്തിന്റെ ഭീകരത ഒന്നാകെ മുഖത്ത് പ്രതിഫലിപ്പിച്ച് കാമറയ്ക്കുമുന്നിൽ തോക്കാണെന്ന് ഭയന്ന് കൈകൾ ഉയർത്തി കീഴടങ്ങി നിന്ന ഹുദിയ എന്ന പെൺകുട്ടി, കുഞ്ഞനുജനെ സംസ്കരിക്കാൻ ഊഴം കാത്ത് ചുണ്ടുകളമർത്തിപ്പിടിച്ച് നിൽക്കുന്ന ഗാസയിലെ കൗമാരക്കാരൻ തുടങ്ങി സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെയും യുദ്ധക്കുരുതിയുടെയും ഇരകളായി എത്രയെത്ര കുട്ടികൾ.


ഗാസയിലെ കുട്ടികളുടെ അവസ്ഥ അതീവ ദയനീയമായ സാഹചര്യത്തിൽ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ ഉൾപ്പടെയുള്ള രാജ്യങ്ങളും കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണം. സംഘർഷങ്ങളുടെ ഭാഗമായി കുട്ടികളെ കൊലപ്പെടുത്തുന്നതും കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്നതും അംഗഭംഗം വരുത്തുന്നതും ബന്ദികളാക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സംഘർഷങ്ങൾ എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ കുട്ടികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന്‌ യൂനിസെഫ് ചൂണ്ടിക്കാണിച്ചത് യുദ്ധക്കൊതിയന്മാരുടെ കണ്ണു തുറപ്പിക്കുമോ.


(ബാലാവകാശ കമീഷൻ മുൻ അംഗവും സമഗ്ര ശിക്ഷാ കേരള 
പത്തനംതിട്ട ജില്ലാ കോഓർഡിനേറ്ററുമാണ്‌ ലേഖകൻ)



Home