Articles

'ഗാസയിൽ മരിച്ചുവീഴുന്നത് സത്യമാണ്'

ഗാസ : വറ്റിപ്പോകുന്ന ജീവിതനദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി ബി പരമേശ്വരൻ

Published on Aug 16, 2025, 01:15 AM | 4 min read


"ലോകത്തിലെ സ്വാതന്ത്ര്യസ്നേഹികളുടെ ഹൃദയമിടിപ്പാണ് പലസ്തീൻ. മറക്കരുത് ഗാസയെ’ എന്ന് സ്വന്തം രക്തംകൊണ്ട് എഴുതിയ കത്ത് ബാക്കിവച്ചാണ് അൽ അനസ് ഷെരീഫ് എന്ന അൽ ജസീറ ലേഖകൻ ഇസ്രയേൽ ബോംബിങ്ങിൽ തീപ്പന്തമായി ചിന്നിച്ചിതറിയത്. ആ ഇരുപത്തെട്ടുകാരനൊപ്പം മറ്റ് അഞ്ച് മാധ്യമപ്രവർത്തകർകൂടി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം 269 ആയി. 23–-ാം മാസത്തിലേക്ക് നീണ്ട ഇസ്രയേൽ കുരുതിയിൽ ഹിരോഷിമയിലേതിനേക്കാൾ ആറിരട്ടി ടൺ ബോംബോണ് (70,000 ടൺ) 345 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതി മാത്രമുള്ള ഗാസയിൽ വർഷിച്ചത്.


ഗാസ ഇന്ന് മൃതദേഹങ്ങളുടെ കുന്ന് മാത്രമല്ല, പട്ടിണിയുടെ ഒടുങ്ങാത്ത നിലവിളി ഉയരുന്ന പ്രദേശംകൂടിയാണ്. 20 ലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്ന ഈ കൊച്ചുപ്രദേശത്ത് കൃത്യമായി ഭക്ഷണം കഴിക്കുന്നവർ ആരുമില്ല. ആഴ്ചയിൽ ഒരു ദിവസംപോലും ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ കിട്ടാത്ത ഒരു ജനത. രക്ഷിതാക്കൾ കുട്ടികളെ കളിക്കാൻപോലും അനുവദിക്കുന്നില്ല. അവർ ക്ഷീണിതരായാൽ നൽകാൻ ഭക്ഷണമോ വെള്ളമോ ഇല്ല. വിശപ്പടക്കാൻ കാലിത്തീറ്റയും മറ്റും ഭക്ഷിച്ച്‌ എല്ലും തോലുമായവർ അസുഖബാധിതരായി തീരുന്നതും അവശരായി വീഴുന്നതും പതിവുകാഴ്ച. ആശുപത്രിയിൽ പോകാൻ വാഹനങ്ങൾപോലുമില്ല. ഇന്ധനക്ഷാമവും രൂക്ഷമാണ്. ആംബുലൻസുകളും വാഹനങ്ങളും ഇല്ലാത്തതിനാൽ കഴുത വലിക്കുന്ന വണ്ടിയിലാണ് ആശുപത്രിയാത്ര.


gaza


ആശുപത്രിയിലെ സ്ഥിതിയും ദയനീയം. ഉപരോധം കാരണം മരുന്നോ വൈദ്യുതിയോ ഇല്ല. ശസ്ത്രക്രിയ ഉപകരണങ്ങളോ രക്തമോ ലഭ്യമല്ല. അനസ്തീഷ്യ പോലുമില്ലാതെയാണ് ശസ്ത്രക്രിയ നടക്കുന്നത്. ആശുപത്രികളും വീടുകളും പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടിരിക്കുന്നു. യുഎൻ കണക്കനുസരിച്ച് 4,36,000 വീടുകളാണ് തകർന്നത്. ഗാസയിലെ മൊത്തം 70 ശതമാനം കെട്ടിടങ്ങളും നശിച്ചു. 90 ശതമാനം സ്കൂളുകളും കോളേജുകളും 83 ശതമാനം കൃഷി സ്ഥലങ്ങളും തകർന്നടിഞ്ഞു. 95 ശതമാനം കന്നുകാലികളും കൊന്നൊടുക്കപ്പെട്ടു. ഗ്രേറ്റ് ഒമാരി പള്ളി ഉൾപ്പെടെ മൂന്നിലൊന്ന് പള്ളികളും തകർന്നു.


പലസ്തീന്റെ 1.3 ശതമാനം മാത്രമുള്ള ഗാസ ഇന്ന് തുറന്ന ജയിലല്ല; മറിച്ച് തുറന്ന കശാപ്പുശാലയാണ്. 61,500ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്നിലൊന്ന് കുട്ടികളാണ്. മണിക്കൂറിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുനിസെഫിന്റെ കണക്ക്. 17,000 കുട്ടികൾ അനാഥരായി. ഒന്നരലക്ഷത്തോളം പേർക്ക് പരിക്കേറ്റു. 4700 പേർക്ക്‌ ഗുരുതരമായ അംഗവൈകല്യം ബാധിച്ചു. അതിൽ 850 പേർ കുട്ടികളാണ്. 3.77 ലക്ഷം പേരെ കാണാതായിട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ടവരാണ്‌ അധികവും.


gaza


"എന്റെ മകൾ മരിച്ചു. ഏഴുദിവസമായി അവൾക്ക് ഭക്ഷണം നൽകാൻ എനിക്കായില്ല’ എന്നു പറഞ്ഞ് വാവിട്ട് കരയുന്ന ഉമ്മമാരുടെ നാടായി ഗാസ മാറി. ഭക്ഷണത്തിനായി കൈനീട്ടുന്ന പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെടിവച്ചു കൊല്ലുകയാണ്. യുഎൻ കണക്കനുസരിച്ച് മെയ് 27ന് ശേഷം 1373 പേരെയാണ് ഇങ്ങനെ വധിച്ചത്. വിശക്കുന്നവന്റെ വയറിനും തലയ്ക്കും നേരെ പോയിന്റ്‌ ബ്ലാങ്കിലാണ് വെടിവയ്‌ക്കുന്നതെന്ന് അൽഷിഫ ആശുപത്രിയിലെ ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. ധാന്യങ്ങൾക്കും ബ്രെഡിനും ബിസ്കറ്റുകൾക്കും കുപ്പിവെള്ളത്തിനുമായി കൈനീട്ടുന്നവർക്ക് നേരെയാണ് വെടിയുണ്ട ചീറിപ്പാഞ്ഞുവരുന്നത്. അതോടെ അവർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കളിൽ രക്തം പടരുന്നു.


അതുകൊണ്ടുതന്നെ ഈ കൊലപാതകങ്ങൾക്ക് പലസ്തീൻ ജനത ഇട്ട പേര് ധാന്യ കൂട്ടക്കൊല (flour massacre) എന്നാണ്. ഭക്ഷണം ലഭ്യമാക്കിയില്ലെങ്കിൽ ഒരു ലക്ഷം കുട്ടികളെങ്കിലും മരിച്ചു വീഴുമെന്നാണ് യുഎൻ കണക്ക്. ഇതിൽ 40,000 കുട്ടികൾ ഒരു വയസ്സിന് താഴെ ഉള്ളവരാണ്. ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച് 127 പേർ പട്ടിണികൊണ്ട് മരിച്ചു. ഇതിൽ 83ഉം കുട്ടികളാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ട്രക്കുപോലും ഗാസയിലേക്ക് കടക്കാൻ ഇസ്രയേൽ അനുവദിച്ചിരുന്നില്ല. ഫ്രാൻസ്, യുകെ, ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ രാഷ്ട്രങ്ങൾ വിമാനങ്ങൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ നൽകിയെങ്കിലും അത് തീർത്തും അപര്യാപ്തമായിരുന്നു.


ഇസ്രയേലിന് പാശ്ചാത്യരാഷ്ട്രങ്ങളും ഇന്ത്യയും ആയുധം നൽകുന്നുണ്ട്. അവർക്ക്‌ 65 ശതമാനം ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്. വർഷംതോറും 380 കോടി ഡോളറിന്റെ ആയുധ സഹായമാണ് യുഎസ്‌ നൽകുന്നത്. കഴിഞ്ഞവർഷം പ്രത്യേക സഹായമായി 1790 കോടി ഡോളറിന്റെ സഹായവും നൽകി. ഗൂഗിളും ആമസോണും ഇസ്രയേലിന് നിർമിതബുദ്ധി സഹായം നൽകി 120 കോടി ഡോളറാണ് കീശയിലാക്കിയത്. അമേരിക്കൻ ആയുധ കമ്പനികളായ ലോക്ക് ഹീഡ് മാർട്ടിനും ബോയിങ്ങും ജനറൽ ഡൈനാമിക്സും കോടിക്കണക്കിന് ഡോളർ ലാഭം കുന്നുകൂട്ടുമ്പോഴാണ് ഗാസയിൽ ശവക്കൂനകൾ ഉയരുന്നത്. ഓരോ മനുഷ്യനും മരിച്ചുവീഴുമ്പോഴും ഈ ആയുധക്കമ്പനി ഉടമകളുടെ ലാഭം ഹിമാലയംപോലെ ഉയരുകയാണ്.


gaza


ഇവിടെയും അവസാനിക്കുന്നില്ല ഇസ്രയേലി ക്രൂരത. മൃതദേഹങ്ങളുടെയും പരിക്കേറ്റ് പിടയുന്നവരുടെയും മുകളിലൂടെ ഇസ്രയേൽ ടാങ്കുകൾ നീങ്ങുകയാണ്. ഈ കാഴ്ച ഹൃദയഭേദകമാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീൻകാരെ കൊല്ലുന്ന, അവരോട് ക്രൂരമായി പെരുമാറുന്ന പട്ടാളക്കാരെ വീരനായകരായാണ് ഇസ്രയേൽ സുരക്ഷാമന്ത്രി ബെൻ ഗവിർ വിശേഷിപ്പിക്കുന്നത്. പട്ടിണിക്കോലങ്ങളെ കൊല്ലുന്നത് ആഘോഷമാക്കുകയാണ് ഇസ്രയേലി ടെലിഗ്രാംചാനലുകൾ. ​


അഞ്ച് മാസമായി ഗാസ പൂർണമായ ഉപരോധത്തിലാണ്. ഇസ്രയേൽ സേനയുടെ കണ്ണുവെട്ടിച്ച് ആർക്കും ഗാസയിലേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല. ഭക്ഷ്യവസ്തുക്കളുമായി ആയിരക്കണക്കിന് ട്രക്കുകൾ പ്രവേശനാനുമതി ലഭിക്കാതെ പുറത്താണുള്ളത്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ വിശന്ന് നിലവിളിക്കുമ്പോഴും നെതന്യാഹുവിന്റെ മനസ്സ് അലിയുന്നില്ല. "ഞങ്ങൾ മനുഷ്യമൃഗങ്ങളോടാണ് യുദ്ധം ചെയ്യുന്നത് ’ എന്ന് പറഞ്ഞാണ് ഇസ്രയേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് ഈ നടപടികളെ ന്യായീകരിക്കുന്നത്. അന്താരാഷ്ട്രസമൂഹമാകട്ടെ ഈ കൂട്ടക്കൊല കണ്ടില്ലെന്ന മട്ടിൽ മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് കുറ്റപ്പെടുത്തുന്നു.


നേരത്തേയെന്നപോലെ ട്രംപ് ഇപ്പോഴും പറയുന്നത് പലസ്തീനികളെ പുറത്താക്കി ഗാന്ധയെ ശുചീകരിക്കാനാണ്. ഇസ്രയേലിനോട് എത്രയും പെട്ടെന്ന് "ആ ജോലി പൂർത്തീകരിക്കാനാണ്’ ട്രംപ് ആവശ്യപ്പെടുന്നത്. അമേരിക്കയിലെ ആക്സിയോസ് വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത് ഇസ്രയേലും അമേരിക്കയും നേരത്തേ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ഗാസയിലെ ശുചീകരണം എന്നാണ്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയും മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കൻ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ് ക്കോഫുമാണത്രെ ഈ പദ്ധതിയുടെ നടത്തിപ്പുകാർ. ഗാസയിൽനിന്ന്‌ പലസ്തീൻകാരെ എത്യോപ്യ, ഇന്തോനേഷ്യ, ലിബിയ എന്നീ രാജ്യങ്ങളിലേക്ക് ആട്ടിപ്പായിച്ച് മെഡിറ്ററേനിയൻ തീരത്തുള്ള ഗാസയെ സുഖവാസ കേന്ദ്രമാക്കുകയാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ട്രംപിന്റെ ശ്രമം. ഇസ്രയേൽ ശാസ്ത്ര-സാങ്കേതിക മന്ത്രി ഗില ഗാംലിയേൽ നിർമിതബുദ്ധിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ സുഖവാസകേന്ദ്രമായ ഗാസയുടെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ട് ജൂതജനതയോട് സ്വമേധയാ ഗാസയിലേക്ക് കുടിയേറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തീവ്രവലതുപക്ഷക്കാരായ ജൂതർ കിരിം ഷാലോം അതിർത്തി കടന്ന് ഗാസയിലും ആവാസകേന്ദ്രങ്ങൾ പണിയാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഗാസ ജൂത പ്രദേശമാകുന്ന കാലം വിദൂരമല്ലെന്ന് പൈതൃക വകുപ്പ് മന്ത്രി ആമിച്ചി ഇലിയാൻ പ്രഖ്യാപിച്ചു. ​


അതെ, ഗാസ നരകമായി മാറിയിരിക്കുന്നു. പുരാണകഥകളിലേതുപോലെ ദൈവസൃഷ്ടിയോ പ്രകൃതിദുരന്തങ്ങളുടെ ഫലമോ അല്ല ഇത്. ഇസ്രയേൽ എന്ന തെമ്മാടി രാഷ്ട്രത്തിന്റെ നിർമിതിയാണിത്. അവർക്ക് ആയുധവും പണവും യഥേഷ്ടം നൽകുന്നത് അമേരിക്കയാണ്. അതിന് ഹാലേലുയ്യ പാടുന്നതാകട്ടെ യൂറോപ്പിൽ ഉൾപ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളും. മോദിയുടെ ഇന്ത്യയും ഈ മനുഷ്യക്കുരുതിക്കൊപ്പമാണ്. 1948 മെയ് 14ന് അർധരാത്രി പലസ്തീൻ പ്രദേശം ഇസ്രയേലിന് കൈയേറാൻ അവസരം ഒരുക്കിയ ബ്രിട്ടനും ഫ്രാൻസും മറ്റ് പാശ്ചാത്യ രാഷ്ട്രങ്ങളും ഇപ്പോൾ പറയുകയാണ് ഞങ്ങൾ പലസ്തീനെ അംഗീകരിക്കുകയാണ് എന്ന്. അവരോട് ലോക ജനതയ്‌ക്ക് പറയാനുള്ളത് ആദ്യം ഗാസയിലെ കൂട്ടക്കുരുതിയും പട്ടിണിയും അവസാനിപ്പിക്കാൻ ഇസ്രയേലിനെയും അമേരിക്കയെയും നിർബന്ധിക്കൂ എന്നാണ്. അത് ചെയ്യാതെ ഞങ്ങൾ പലസ്തീനൊപ്പമാണെന്ന് കാണിക്കാനുള്ള ചെപ്പടിവിദ്യയുണ്ടല്ലോ, അത് 1948ലെ വഞ്ചനയുടെ തുടർച്ച മാത്രമാണ്. അനസ് അൽ ഷെരീഫ് ആഗ്നിഗോളമാകുന്നത് വേദനയോടെ കണ്ടുനിന്ന പലസ്തീൻ മാധ്യമപ്രവർത്തകൻ വാഡി ആൽ സൗദ് പറഞ്ഞതുപോലെ "ഗാസയിൽ മരിച്ചുവീഴുന്നത് സത്യമാണ്.’



deshabhimani section

Dont Miss it

Recommended for you

Home