ഗാസ : ലോകത്തിന്റെ
 കണ്ണീർത്തുള്ളി

gaza
avatar
വി ബി പരമേശ്വരൻ

Published on Sep 19, 2025, 11:16 PM | 3 min read

പശ്ചിമേഷ്യൻ രാഷ്ട്രീയം അതിവേഗത്തിൽ മാറുകയാണ്. ഇസ്രയേൽ എന്ന അമേരിക്കൻ വളർത്തുനായ പേപിടിച്ചപോലെ പശ്ചിമേഷ്യൻ രാഷ്ട്രങ്ങളെ ആക്രമിക്കുകയാണ്. ലബനനും യമനും സിറിയയും ഇറാനും ആക്രമിച്ചതിനുപിന്നാലെ ഖത്തറിനെയും ഇസ്രയേൽ ആക്രമിച്ചതോടെ മേഖലയിലെ സംഘർഷം പതിന്മടങ്ങ് വർധിച്ചു. അമേരിക്കയ്‌ക്ക് 19 സൈനികതാവളങ്ങൾ പശ്ചിമേഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുത് ഖത്തറിലെ അൽ ഉദൈദിലെ വ്യോമതാവളമാണ്. ഈ സന്നാഹങ്ങളൊക്കെ ഉണ്ടായിട്ടും ഖത്തറിനുനേരെയുള്ള ഇസ്രയേൽ ആക്രമണം തടയാൻ കഴിയാത്തത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ചിറകുകളിൽ ഒളിച്ചിരുന്ന് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന ഗൾഫ് രാഷ്ട്രങ്ങളുടെ വിശ്വാസമാണ്. ഗാസയ്‌ക്കുനേരെ 27 മാസമായി ഇസ്രയേൽ ബോംബാക്രമണം ആരംഭിച്ചിട്ടും ഒരു ചെറുവിരൽപോലും അനക്കാത്ത അറബ്‌രാഷ്‌ട്രങ്ങൾ, പെട്ടെന്ന് ഉറക്കമുണരുകയും ദോഹയിൽ അറബ് ലീഗിന്റെയും ഒഐസി രാഷ്ട്രങ്ങളുടെയും യോഗം ചേരുകയും ചെയ്‌തു. ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങളെയും പലസ്തീനിലേക്കുള്ള അധിനിവേശത്തെയും അപലപിച്ചു. പലസ്തീൻപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന സത്യം വിളിച്ചുപറഞ്ഞെങ്കിലും 60 രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയ്‌ക്ക്, പ്രായോഗികമായി എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന നിർദേശംമാത്രം മുന്നോട്ടുവയ്‌ക്കാനായില്ല.


നേരത്തേ മൂന്നുതവണ ഇസ്രയേലുമായി ഏറ്റുമുട്ടിയ അറബ്‌രാഷ്ട്രങ്ങൾ കൂട്ടായ സായുധപ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും സംയുക്തപ്രസ്താവനയിൽ അതേക്കുറിച്ച് പരാമർശമൊന്നും നടത്തിയില്ല. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി നേരത്തേ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമായി അഴിമതിക്കേസും നെതന്യാഹുവിനെതിരെയുണ്ട്. ഇതിൽനിന്ന്‌ രക്ഷപ്പെടാനാണ് സമാധാനസംഭാഷണത്തിനിടയിലും ഇറാനെയും ഖത്തറിനെയും ഇസ്രയേൽ ആക്രമിച്ചത്. ഏതായാലും അന്താരാഷ്ട്രനിയമം ലംഘിച്ച് ഖത്തറിനെ ആക്രമിച്ച നെതന്യാഹുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തറിന്റെ പ്രതിനിധി സെപ്തംബർ 18ന് ഐസിസി പ്രസിഡന്റ്‌ ജഡ്ജ് ടൊമോക്കോ അക്കാനെയെ കണ്ടു എന്നതുമാത്രമാണ് ഗുണകരമായ ഒരു നീക്കം.


gaza


അറബ് -ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഈ ദൗർബല്യംമനസ്സിലാക്കിയ ഇസ്രയേൽ പൂർണമായും കീഴടക്കുന്നതിന്റെ ഭാഗമായി ഗാസ സിറ്റിയിൽ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണവും ആരംഭിച്ചു. ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഉടൻ പ്രഖ്യാപിച്ച റിവിയേര (കടലിനോട് ചേർന്ന സുഖവാസസ്ഥലം) സ്ഥാപിക്കാനാണ് കരയാക്രമണം എന്നാണ് ഇസ്രയേൽ ധനമന്ത്രിയും ജൂത തീവ്രവാദിയുമായ ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞിട്ടുള്ളത്. ഇന്ത്യ ആദരവോടെ ന്യൂഡൽഹിയിൽ സ്വീകരിച്ചിരുത്തി നിക്ഷേപകരാറിൽ ഒപ്പുവച്ചത് ഇതേ മന്ത്രിയുമായാണ്. അന്താരാഷ്ട്രനിയമങ്ങളെ കാറ്റിൽപ്പറത്തി പശ്ചിമതീരത്ത് ബലംപ്രയോഗിച്ച് കുടിയേറി താമസിക്കുന്ന സ്‌മോട്രിച്ച് കരയാക്രമണത്തെ ന്യായീകരിച്ചുപറഞ്ഞത് ഗാസ നഗരം "റിയൽ എസ്റ്റേറ്റ് ഐശ്വര്യമാക്കി മാറ്റു’മെന്നാണ്. യുദ്ധത്തിന് ചെലവാക്കിയ തുക ഭൂമി വിറ്റ് തിരിച്ചുപിടിക്കുമെന്നും അത് അമേരിക്കയുമായി പങ്കുവയ്‌ക്കുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.


​പത്തുലക്ഷം വരുന്ന ജനങ്ങളെ തെക്കൻ ഗാസയിലേക്ക് തോക്കുചൂണ്ടി ആട്ടിപ്പായിച്ച്, അതിന് വഴങ്ങാത്തവരെ ബോംബിട്ടും വെടിവച്ചും കൊന്നിട്ടാണ് ഈ "ഐശ്വര്യം’ സൃഷ്ടിക്കുക എന്നതാണ് വിരോധാഭാസം. ഗാസയിൽനിന്ന് കഴിഞ്ഞ ഒരുമാസത്തിനിടയ്‌ക്ക് രണ്ടരലക്ഷംപേർ പലായനം ചെയ്തുവെന്ന് യുഎൻ വെളിപ്പെടുത്തി. സെപ്തംബർ 16ന് കരയാക്രമണം ആരംഭിച്ചശേഷംമാത്രം 60,000 പേർ ദക്ഷിണ ഗാസയിലേക്ക് നീങ്ങി. അൽമാവസി അഭയാർഥി ക്യാമ്പ് ലക്ഷ്യമാക്കിയാണ് ഭൂരിപക്ഷംപേരുടെയും യാത്ര. ഭൂരിപക്ഷംപേരും നടന്നാണ് യാത്ര. അത്യാവശ്യ പാചകത്തിനുള്ള പാത്രങ്ങളും വസ്ത്രങ്ങളും പുതപ്പുകളും ഗ്യാസ് സിലിണ്ടറുകളും വഹിച്ച് പാദരക്ഷകളോ കുടിവെള്ളംപോലുമോ ഇല്ലാതെയാണ് പലായനം. ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രവും പിടിച്ചെടുക്കാനെന്ന പേരിലാണ് കരയാക്രമണം.


gaza


​വെടിനിർത്തൽ ദൗത്യവുമായി ടെൽ അവീവിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നെതന്യാഹു കരയാക്രമണത്തിന് പച്ചക്കൊടി വീശിയത്. ഗാസയുടെ 75 ശതമാനവും ഗാസ നഗരത്തിന്റെ 40 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിലാണിപ്പോൾ. കരയാക്രമണം ആരംഭിച്ചശേഷംമാത്രം നൂറിലധികംപേരെ വധിച്ചു. ഇതോടെ മരണസംഖ്യ 65,165 ആയി ഉയർന്നു. ഇതിൽ 21,000 പേർ കുട്ടികളാണ്. പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 435 ആയി. എന്നിട്ടും ആക്രമണം നിർത്തുന്നില്ല. "ഗാസ കത്തുകയാണ്. ദൗത്യം പൂർണമാകുന്നതുവരെ നിർത്തുകയില്ല’ എന്നാണ് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറയുന്നത്.


​കരയാക്രമണം ആരംഭിച്ച ദിവസംതന്നെയാണ് ഐക്യരാഷ്ട്രസംഘടനയ്‌ക്കുകീഴിൽ നവി പിള്ള അധ്യക്ഷയായ സ്വതന്ത്ര അന്താരാഷ്ട്ര കമീഷൻ ഗാസയിൽ ഇസ്രയേൽ തുടരുന്നത് വംശഹത്യയാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. വംശഹത്യ നിർണയിക്കാനുള്ള അന്താരാഷ്ട്ര ചട്ടങ്ങളിലെ നാലു ഘടകങ്ങളും ഇസ്രയേലിന്റെ നടപടികളിലുണ്ടെന്നും അതിനാൽ പലസ്തീൻവേട്ട വംശഹത്യയാണെന്നും റിപ്പോർട്ട് പറയുന്നു. ഇസ്രയേൽ പ്രസിഡന്റ്‌ ഐസക് ഹെർസോഗ്, നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്‌ തുടങ്ങിയവർ പ്രഥമദൃഷ്ട്യാ വംശഹത്യാക്കുറ്റം ചെയ്തവരാണെന്നും റിപ്പോർട്ട്‌ പറയുന്നു. ഒരു വിഭാഗത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുക, അവരെ ശാരീരികവും മാനസികവുമായ കടുത്ത പീഡനത്തിന് വിധേയരാക്കുക, ബോധപൂർവം ഉന്മൂലനം ചെയ്യുക, പുതിയൊരു തലമുറ ഉണ്ടാകുന്നത് തടയുക എന്നിവയാണ് ഗാസയിൽ ഇസ്രയേൽ തുടരുന്നതെന്നും ഇത് വംശഹത്യയാണെന്നുമാണ് നവി പിള്ള വ്യക്തമാക്കിയത്. നേരത്തേ ആംനെസ്റ്റി ഇന്റർനാഷണലും ഹ്യൂമൺ റൈറ്റ്സ് വാച്ചും ഇസ്രയേലിലെ ബി ടെസ്ലമും ഫിസിഷ്യൻ ഫോർ ഹ്യൂമൺ റൈറ്റ്സ് ഇസ്രയേലും വംശഹത്യാക്കുറ്റം ആരോപിച്ചിരുന്നെങ്കിലും അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ഐക്യരാഷ്‌ട്രസംഘടനതന്നെ ചുമതലപ്പെടുത്തിയ സ്വതന്ത്ര അന്താരാഷ്ട്ര കമീഷൻ വംശഹത്യാക്കുറ്റം കണ്ടെത്തിയതോടെ മറ്റു രാജ്യങ്ങൾക്കും ഇനി എന്തു പറയാനുണ്ടെന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


gaza


​പട്ടിണിയെ യുദ്ധോപകരണമായി കാണുന്ന ഇസ്രയേലിന്റെ നയം ഉപേക്ഷിക്കണമെന്നും ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാൻ ഇസ്രയേൽ അനുവദിക്കണമെന്നും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. യുഎൻ അംഗരാജ്യങ്ങൾ ഇനിയെങ്കിലും ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം. അമേരിക്കയും ബ്രിട്ടനും ജർമനിയും ഇന്ത്യയും എല്ലാംതന്നെ വംശഹത്യക്ക് ആയുധസഹായം നൽകുന്നതിനെയാണ് ഈ റിപ്പോർട്ട് പരോക്ഷമായി വിമർശിക്കുന്നത്. ആയുധങ്ങൾ നൽകുന്നത് നിർത്താൻ നടപടിയെടുക്കുന്നില്ലെങ്കിൽ നൂറുകണക്കിനുപേരുടെ ജീവൻ ഇനിയും നഷ്ടപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇസ്രയേലിനെ എല്ലാ അർഥത്തിലും അന്താരാഷ്ട്രസമൂഹത്തിനുമുന്നിൽ തൊലിയുരിച്ച് കാണിക്കുന്ന ഈ റിപ്പോർട്ട്, ഹമാസിനെ സഹായിക്കാനെന്നു പറഞ്ഞ് പുച്ഛത്തോടെ തള്ളുകയാണ് ഇസ്രയേൽ. വ്യാപാര ആനുകൂല്യങ്ങൾ നിർത്തുമെന്നുംമറ്റും യൂറോപ്യൻ കമീഷൻ പറയുന്നുണ്ടെങ്കിലും ഇസ്രയേലിനെ തുറന്നെതിർക്കാൻ അവർക്ക് കഴിയുന്നില്ല.


വർണവിവേചനം രാഷ്ട്രനയമാക്കിയ ദക്ഷിണാഫ്രിക്കയെ എങ്ങനെയാണോ ലോകം നേരത്തേ ഒറ്റപ്പെടുത്തിയത്, അതുപോലെ ഇസ്രയേലിനെയും അമേരിക്കയെയും ഒറ്റപ്പെടുത്തേണ്ട സമയമാണിത്. അതിൽ കുറഞ്ഞ ഒന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കില്ല. എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും കാറ്റിൽപ്പറത്തി, ഭക്ഷണത്തിന് കൈനീട്ടുന്ന മനുഷ്യരെപ്പോലും വെടിവച്ചുകൊല്ലുന്ന ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിലൂടെ ലോകത്തിനുമുമ്പിൽ ഇന്ത്യയുടെ പ്രതിച്ഛായയും തകരുകയാണ്.



deshabhimani section

Dont Miss it

Recommended for you

Home