വളരേണ്ട കൈകളേ...വളരാത്ത പാദങ്ങളേ

foot worship rss bjp sanghparivar agenda
avatar
ഡോ. എം എ സിദ്ദീഖ്

Published on Jul 15, 2025, 11:04 PM | 3 min read

ആധുനിക വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം മനുഷ്യരെ നോക്കിക്കാണുന്നത് സമത്വത്തിന്റെ കണ്ണുകളിലൂടെയാണ്. പൗലോ ഫ്രയറിനെപ്പോലുള്ള ഉന്നതരായ വിദ്യാഭ്യാസചിന്തകർ ഇതേക്കുറിച്ച് ഒരുപാട് എഴുതുകയും ഒരുപാട് പറയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സമൂഹവും ആധുനികമായി മാറിയത് ഇങ്ങനെയുള്ള ഒരു വീക്ഷണത്തിന്റെ ബലത്തിലാണ്. വിദ്യാഭ്യാസത്തിന് അർഹതയില്ലാത്തവർ എന്ന് പാരമ്പര്യജാതിസമൂഹം വിലക്കിയിരുന്ന ജനതയെ സമൂഹത്തിന്റെ സാംസ്കാരികനേതൃത്വമാക്കി മാറ്റിയത് വിദ്യാഭ്യാസത്തിന്റെ ഈ രാഷ്ട്രീയമാണ്. ഒരു വ്യക്തിയുടെ അജ്ഞതയെ മുതലെടുത്ത്‌ മറ്റൊരാൾക്ക് സാമൂഹികാധിപത്യം നിലനിർത്താമെന്ന തന്ത്രമായിരുന്നു പാരമ്പര്യജാതി സമൂഹത്തിന് ഉണ്ടായിരുന്നത്. അംബേദ്‌കർ ഈ സാമൂഹികശരീരത്തെ വിളിച്ചത് ‘മൃതമായ ശരീരം’ എന്നാണ്. ‘മൃതമായ ഒരു ശരീരത്തിൽ പുതിയൊരു ജീവന് പ്രവേശിക്കാൻ കഴിയുകയില്ല-. പുതിയൊരു ശരീരത്തിൽ മാത്രമേ പുതിയൊരു ജീവന് പ്രവേശിക്കാനാകൂ’ എന്ന് അദ്ദേഹം അതിനെ വിശദീകരിച്ചു.


ഇതൊക്കെ പഴയ കഥകളാണെന്നാണ് ഇപ്പോൾ നടന്ന പാദപൂജകളെ ന്യായീകരിക്കുന്നവർ പറയുന്നത്. അവരുടെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസമെന്നത് നിരന്തരപരിഷ്കരണം ആവശ്യമില്ലാത്തതും ചലനരഹിതമായ ചിന്തകളുടെ ഭാണ്ഡത്തിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നതുമായ പഴയ അറിവുകളുടെ ആവർത്തനമാണ്. അച്ഛനമ്മമാരുടെയോ ഗുരുനാഥരുടെയോ പാദത്തെ നമസ്കരിക്കുന്നത് വ്യക്തിയുടെ സ്വതന്ത്രമായ ഇച്ഛയുടെ പ്രകടനമാണ്. മതാത്മകമെന്നതിനേക്കാൾ, അതൊരു വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അങ്ങനെ ചെയ്യുന്നത് ബഹുമാനിതമാണെന്ന് കരുതുന്നതുപോലെ പ്രധാനമാണ് അങ്ങനെ ഞാൻ ചെയ്യില്ലെന്ന് ഒരാൾ തീരുമാനിക്കുന്നത് അപരാധമല്ല എന്നതും.


നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക. ഏതൊരാൾക്കും തങ്ങളിൽത്തന്നെ എഴുന്നേറ്റ് നിൽക്കാനും ദൈവികത പ്രകടിപ്പിക്കാനുമുള്ള ധൈര്യം സൃഷ്ടിക്കുക” ഈ പറച്ചിലിലെ വൈരുധ്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്



ആധുനികവിദ്യാഭ്യാസത്തിന്റെ യുക്തികൊണ്ട് ഈ പാദപൂജകളെ ന്യായീകരിക്കാൻ കഴിയില്ല. പാരമ്പര്യവിദ്യാഭ്യാസത്തിൽ ഉണ്ടായിരുന്നത് ഞങ്ങൾ പിന്തുടരുന്നു എന്നാണ് അതിന്റെ സംഘാടകരുടെ വാദം. പരിമിത വിഭവരായ ഇത്തരം വ്യക്തികൾ മനുഷ്യരെ നിർവചിക്കുന്നതും മനുഷ്യരോട് ഇടപെടുന്നതും എങ്ങനെയാണെന്ന് അറിയണമെങ്കിൽ അവരുടെ സ്ഥാപനങ്ങളുടെ ദർശനം (vision) എന്താണെന്ന് വായിച്ചു നോക്കിയാൽ മതി. മൂല്യങ്ങളിൽ അധിഷ്ഠിതമാണ് തങ്ങളുടെ വിദ്യാഭ്യാസദർശനമെന്നും അങ്ങനെയാണ് മികച്ച വിദ്യാർഥികളെ തങ്ങൾ വാർത്തെടുക്കുന്നതെന്നും അവർ അവകാശപ്പെടുന്നു. ഇതിനായി അവർ വിദ്യാർഥികൾക്കു നൽകുന്ന സന്ദേശമോ; അത് ഇങ്ങനെയാണ്. “നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക. ഏതൊരാൾക്കും തങ്ങളിൽത്തന്നെ എഴുന്നേറ്റ് നിൽക്കാനും ദൈവികത പ്രകടിപ്പിക്കാനുമുള്ള ധൈര്യം സൃഷ്ടിക്കുക”. ഈ പറച്ചിലിലെ വൈരുധ്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ദൈവികത എന്ന പ്രയോഗം ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരു ധാർമികവാക്യമായി അവർ ഉപയോഗിക്കുകയും വിദ്യാഭ്യാസമൂല്യങ്ങളെ അതിനനുസരിച്ച് നിർവചിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ പാദങ്ങൾ കഴുകിക്കുന്നതും പാദങ്ങളിൽ പുഷ്പവൃഷ്ടി നടത്തിക്കുന്നതുംപോലുള്ള പ്രവൃത്തികളിലൂടെയാണ് വിദ്യാർഥികൾ എഴുന്നേറ്റുനിൽക്കാൻ പ്രാപ്തരാകുന്നതെന്ന വാദം അവർക്കുതന്നെ വിശദീകരിക്കാൻ കഴിയാത്ത ഒരു മുടന്തൻ ന്യായമാണ്. തങ്ങൾ പറയുന്ന ധാർമികതയ്ക്ക് കാര്യകാരണ യുക്തി ബാധകമല്ല എന്ന അഹങ്കാരമാണത്. വർത്തമാന കാലത്ത് കുട്ടികളിൽ വ്യാപകമായിത്തീർന്ന ലഹരിവസ്തുക്കളോടുള്ള ആസക്തികളിൽനിന്ന്‌ അവരെ മോചിപ്പിക്കാനാണ് ഇത്തരം പരമ്പരാഗത മാർഗങ്ങളിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വാദിക്കുന്നവർ അംബേദ്‌കർ പറഞ്ഞ മൃതമായ സാമൂഹ്യശരീരത്തിനെ ആടയാഭരണങ്ങൾ അണിയിച്ച് അതിൽ ചവിട്ടിനിന്ന് തങ്ങളുടെ ബലഹീനതയെ ഒളിപ്പിക്കുന്നവരാണ്.


ഇത്തരം പാദപൂജകൾ വിദ്യാഭ്യാസത്തിലെ അനിവാര്യമായ മര്യാദയാണെന്ന് കരുതിയിരുന്ന കാലത്ത്, സാർവത്രികവിദ്യാഭ്യാസം എന്നൊരു ആശയംപോലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിന് ഏതെങ്കിലും സാമൂഹ്യ ലക്ഷ്യമുണ്ടെന്ന് അക്കാലത്ത് ആരും പറഞ്ഞിരുന്നുമില്ല. അന്നത്തെ വിദ്യാശാലകളോ ഗുരുക്കന്മാരിൽ ബഹുഭൂരിപക്ഷമോ അവരുടെ സ്ഥാപനങ്ങളൊന്നും അങ്ങനെ എല്ലാവർക്കുമായി തുറന്നിട്ടിരുന്നുമില്ല. അന്നത്തെ പാദപൂജകളൊക്കെയും ഈ അടച്ചിട്ട ശാലകളുടെ നിയമവ്യവസ്ഥകളുടെ ഭാഗമായിരുന്നു. ഏകലവ്യന്റെ വിരൽ ചോദിച്ചുവാങ്ങിയ ഗുരുക്കന്മാരുടേതായിരുന്നു ആ ശാലകൾ. ആധുനികലോകത്തിന്റെ രാഷ്ട്രീയമാണ് ആ വിദ്യാശാലകളുടെ സ്ഥാനത്ത് ഒരുപാട് തുറവികളുള്ള വായുവും വെളിച്ചവും കടക്കുന്ന സ്‌കൂളുകൾ സൃഷ്ടിച്ചത്. അവിടേക്ക്‌ കടന്നുചെല്ലുന്ന കാറ്റിനും വെയിലിനും ജാതിയില്ലാത്തതുപോലെ അവിടേക്ക്‌ കടന്നുചെല്ലുന്ന മനുഷ്യർക്കും ജാതിഭേദമില്ല എന്ന വാക്യങ്ങൾ എഴുതിവച്ചത്.


ഗുരുവിനെ അടിമയെപ്പോലെ താണുവണങ്ങി നിൽക്കുന്നവരിൽനിന്നല്ല, ഗുരുവിന്റെ ചിന്തകളെ വിമർശാത്മകമായി ചോദ്യം ചെയ്യുന്നവരിൽനിന്നാണ് അടുത്ത തലമുറയിലെ അധ്യാപകർ സൃഷ്ടിക്കപ്പെടുന്നതെന്നാണ് ചരിത്രം പറയുന്നത്. പ്ലേറ്റോയെ തിരുത്തിയതുകൊണ്ടാണ് അരിസ്റ്റോട്ടിൽ ഉണ്ടായതെന്ന് ചരിത്രം പറയുന്നു. വിദ്യാഭ്യാസ ദർശനമനുസരിച്ച് ഇതിനെയാണ് വിമർശാത്മക ബോധനശാസ്ത്രം എന്നു പറയുന്നത്. ചോദ്യം ചെയ്യുന്നവരും വിമർശിക്കുന്നവരും തെമ്മാടികളാണെന്നും അവർ പാരമ്പര്യത്തെ ലംഘിക്കുന്നവരും സദാചാരത്തെ വകവയ്ക്കാത്തവരുമാണെന്ന അടിമകാലത്തിന്റെ സദാചാരശാസ്ത്രത്തെ തിരുത്തേണ്ടവരാണ് വിദ്യാർഥികൾ. അതിനുപകരം അവർക്ക് പുതിയ കൂടുകൾ പണിയുന്നവരായി മാറുകയാണ് പുതിയ വിപണിയുടെ വിദ്യാഭ്യാസക്കച്ചവടക്കാർ. അതിലൊരു കൂട്ടരാണ് മതത്തെ വർഗീയ ലക്ഷ്യങ്ങൾക്കുള്ള ഉപാധിയാക്കി മാറ്റിയവർ. അവരുടെ പഴയ കഥകൾ കേട്ട് കാതുകൾ തഴമ്പിക്കാനും അവരുടെ പഴന്തുണിക്കെട്ടുകൾ ചുമന്ന് നടുവ് വളയാനുമുള്ളതാണ് കുഞ്ഞുങ്ങളുടെ ജീവിതം എന്നാണ് ഇത്തരക്കാർ പറഞ്ഞുപ്രചരിപ്പിക്കുന്നത്.


വൈകാരിക തലത്തിൽ ഇത്തരം ചെയ്തികൾ കുട്ടികളെ എങ്ങനെയാകും ബാധിക്കുക എന്നൊരു ചോദ്യമുണ്ട്. യാന്ത്രികമായ ഈ വൈകാരിക വിധേയത്വം, തന്റെ ശിരസ്സിനുമുകളിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുകയാണ്


ഇവർ കൊണ്ടുനടക്കുന്ന ദൈവസങ്കൽപ്പത്തിൽ കുഞ്ഞുങ്ങൾ ഇല്ല എന്നതാണ് സത്യം. കുഞ്ഞുങ്ങൾ സ്നേഹത്തിന്റെയും സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും മാതൃകകളാണ്. അവർക്ക് മതമോ മതവിദ്വേഷമോ ഇല്ല. ഓരോ വാക്കിലും വിദ്വേഷവും സഹജീവികളോടുള്ള പകയും കൊണ്ടുനടക്കുന്നവർക്ക് എന്ത് സ്നേഹം. എന്ത് നിഷ്കളങ്കത. കുഞ്ഞുങ്ങൾ തങ്ങളുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും ആഗ്രഹിക്കുന്ന വികാരങ്ങൾ മറ്റൊന്നുമല്ല. ഊഷ്മളമായ സൗഹൃദവും സഹാനുഭൂതിയും സഹായമനഃസ്ഥിതിയുമാണ്. കുട്ടികളുടെ മനശ്ശാസ്ത്രം ഇങ്ങനെയാണ് നമ്മെ പഠിപ്പിക്കുന്നത്. വാത്സല്യംപോലും മതാത്മകമായ ദാനമാണെന്ന്‌ വിശ്വസിക്കുന്നവരുടെ വിദ്യാഭ്യാസദർശനത്തിൽ ഈ വാക്കുകൾ ഉണ്ടാകുമോ എന്നുതന്നെ സംശയമാണ്. അവരുടെ കരിക്കുലത്തിൽ കുട്ടികളുടെ ജീവിതം അറിവുകൾ ആസ്വദിക്കുന്നവരോ നിർമിക്കുന്നവരോ എന്നല്ല, -പാരമ്പര്യത്തിന്റെ സംവാഹകരായ കണ്ണികൾ എന്നു മാത്രമാണ്. അതുകൊണ്ടാണ് ‘ഞാനും ഗുരുതന്നെ’ എന്ന ലേബലിൽ ഒരു സ്‌കൂൾ കമ്മിറ്റിക്കാരൻ കയറി കാലും നീട്ടി ഇരുന്നത്. വൈകാരിക തലത്തിൽ ഇത്തരം ചെയ്തികൾ കുട്ടികളെ എങ്ങനെയാകും ബാധിക്കുക എന്നൊരു ചോദ്യമുണ്ട്. യാന്ത്രികമായ ഈ വൈകാരിക വിധേയത്വം, തന്റെ ശിരസ്സിനുമുകളിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുകയാണ്. ഇതൊക്കെയാണ് ഏറ്റവും സുസ്ഥിരമായ പെരുമാറ്റമാതൃകകളും പുരോഗതിയിലേക്കുള്ള ചവിട്ടുപടികളുമെങ്കിൽ പിന്നെ ആധുനികവിദ്യാഭ്യാസത്തിന്റെ ആവശ്യമെന്താണ്.


കാലത്തിന്റെ ഭാവനകളെ പുതുക്കിപ്പണിഞ്ഞുകൊണ്ട് മഹാകവി ടാഗോർ പാദങ്ങളെ ഇങ്ങനെയും വിഭാവനം ചെയ്തിട്ടുണ്ട്: “ഇതാ ഇവിടെയാണ് അങ്ങയുടെ പാദപീഠം. നിർധനരും നിന്ദിതരും നിസ്വരും വസിക്കുന്നിടത്താണ് അങ്ങയുടെ പാദസ്പർശം. നിർധനരും നിസ്വരും നിന്ദിതരും വസിക്കുന്നിടത്ത് വിഹരിക്കുന്ന അങ്ങയുടെ അരികിൽ എന്റെ അഹന്തയ്ക്ക് എത്തിച്ചേരാൻ കഴിയുകയില്ലല്ലോ.” ഗീതാഞ്ജലിയിലെ ഈ വരികളോളം മഹത്തല്ല ഒരു പാദപൂജയുമെന്ന് വീണ്ടും വീണ്ടും പറയാൻ തോന്നുന്നു.


(പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)



Home