മനുഷ്യത്വം വറ്റിയ കോൺഗ്രസ്


എം വി ഗോവിന്ദൻ
Published on Sep 17, 2025, 10:57 PM | 4 min read
ഗാന്ധിജിയെയും ജവാഹർലാൽ നെഹ്റുവിനെയുംപോലുള്ള മഹാരഥന്മാർ കെട്ടിപ്പടുത്ത കോൺഗ്രസ് പ്രസ്ഥാനം കേരളത്തിൽ എങ്ങോട്ടാണ് പോകുന്നത്. സമൂഹത്തിലെ തിന്മകൾക്കും വേണ്ടാതീനങ്ങൾക്കും എതിർനിൽക്കേണ്ട പ്രസ്ഥാനം കേരളത്തിലെങ്കിലും അതിന്റെയൊക്കെ പര്യായമായി അധഃപതിക്കുകയാണെന്ന് ദിനമെന്നോണം മാധ്യമവാർത്തകൾ വ്യക്തമാക്കുന്നു. വലതുപക്ഷമാധ്യമങ്ങൾ കോൺഗ്രസിന്റെ ഈ വികൃതവും ബീഭത്സവുമായ മുഖം ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കാൻ ഭഗീരഥയത്നംതന്നെ നടത്തുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ ഈ യുഗത്തിൽ അതൊന്നും വേണ്ടത്ര ഫലിക്കുന്നില്ലെന്നുമാത്രം. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വഞ്ചനയുടെയും ചതിയുടെയും ഫലമായി കണ്ണീരൊഴുക്കുന്ന സ്ത്രീകളുടെയും കുടുംബാംഗങ്ങളുടെയും രോദനമാണ് കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റംവരെ കേൾക്കുന്നത്. സ്വന്തം പ്രവർത്തകരുടെ ജീവൻപോലും എടുക്കുന്ന, കരുണയേതുമില്ലാത്ത, മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രസ്ഥാനമായി കോൺഗ്രസും യുഡിഎഫും മാറിയിരിക്കുന്നുവെന്ന് വയനാട്ടിലെയും തിരുവനന്തപുരത്തെയും തൃശൂരിലെയും ഉൾപ്പെടെയുള്ള സംഭവങ്ങൾ തെളിയിക്കുന്നു.
വയനാട്ടിൽ രണ്ടുപേർ ജീവനൊടുക്കിയ കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് "കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇരകൂടി’ എന്നു പറഞ്ഞ് കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്നു പറഞ്ഞ് നേതാക്കൾക്ക് കോഴവാങ്ങി നൽകി, വീടും പറമ്പുംവരെ പണയത്തിലായതിനെ തുടർന്ന് മനംനൊന്താണ് വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യ ചെയ്തത്. അതിനുശേഷം സഹായിക്കാമെന്നേറ്റ കോൺഗ്രസ് നേതൃത്വം അതിന് തയ്യാറായില്ലെന്നുമാത്രമല്ല, കുടുംബത്തെ കുറ്റപ്പെടുത്തി എല്ലാ ബാധ്യതകളിൽനിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമിതമായ കെപിസിസി ഉപസമിതിയുടെ അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ പുറത്തുവന്ന കാര്യങ്ങളിൽനിന്ന് വ്യക്തമാകുന്നതും ഇതാണ്. കുടുംബവുമായി കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയ കരാർ പാലിക്കാൻവേണ്ടി ഉണ്ടാക്കിയതാണെന്നും ചതിക്കാൻ ഉണ്ടാക്കിയതല്ലെന്നുമാണ് ഈ സംഭാഷണത്തിൽ തിരുവഞ്ചൂർ വ്യക്തമാക്കുന്നത്. സ്വന്തം ജീവിതാനുഭവത്തിൽ ആ കുടുംബം നിർദയം ചതിക്കപ്പെടുകയായിരുന്നു.

കോൺഗ്രസ് നൽകിയ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങിയെന്ന ആക്ഷേപംവരെ ഈ കുടുംബത്തിനെതിരെ ചൊരിയാൻ ഒരു മനസ്സാക്ഷിക്കുത്തും കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായില്ല. കുടുംബത്തിന്റെ പണയത്തിലായ വീടും സ്വത്തും തിരിച്ചുനൽകാൻ സഹായിക്കാമെന്ന വാഗ്ദാനം പാലിക്കാൻ കോൺഗ്രസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് വിജയന്റെ മരുമകൾ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് നേതൃത്വത്തിന്റെ ചതിക്കെതിരെ ഡിസിസി ഓഫീസിനുമുമ്പിൽ, രാഷ്ട്രീയസത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും ലോകമാതൃകയായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുമുതൽ മക്കളോടൊപ്പം നിരാഹാരം ഇരിക്കുമെന്ന് വിജയന്റെ മരുമകൾ പത്മജ, ബത്തേരിയിൽ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
കോൺഗ്രസിന്റെ ക്രൂരത ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. കോൺഗ്രസ് ഗ്രൂപ്പുപോരിൽ സഹികെട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടം എന്ന അന്പത്താറുകാരനും കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും കോൺഗ്രസിന്റെ ചതിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്. ഐ സി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും തമ്മിലുള്ള ഗ്രൂപ്പുപോരിന്റെ ഭാഗമായുണ്ടായ കേസിൽ ജോസിനെ ഒറ്റപ്പെടുത്തി മറ്റ് നേതാക്കളെല്ലാം രക്ഷപ്പെടുകയാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്‌തതത്രേ.
"കുരുതി കൊടുത്തിട്ടും മതിയായില്ലേ, ഞങ്ങളെക്കൂടി അവസാനിപ്പിക്കലാണോ ലക്ഷ്യം’ എന്ന് കണ്ണീരോടെ ചോദിക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയ മലയാള മനോരമ ലേഖകൻകൂടിയായ ആനാട് ശശിയുടെ ഭാര്യ ഡോ. ലതയാണ്. പണത്തിനും സ്ഥാനമാനങ്ങൾക്കും അധികാരത്തിനുംവേണ്ടി സ്വന്തം പ്രവർത്തകരെപ്പോലും കൊല്ലുന്ന ക്രിമിനൽസംഘമായി കേരളത്തിലെ കോൺഗ്രസ് അധഃപതിക്കുകയാണെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു.

വയനാട് ജില്ലയിൽമാത്രം ഏതാനും വർഷങ്ങൾക്കകം അഞ്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് ആത്മഹത്യ ചെയ്തത്. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും പ്രതികളായി അറസ്റ്റിലാകുകപോലും ഉണ്ടായി. എന്നാൽ, ഈ സംഭവങ്ങളുടെ പേരിൽ ഒരാൾക്കെതിരെയെങ്കിലും നടപടി സ്വീകരിക്കാൻ കെപിസിസി നേതൃത്വമോ എഐസിസി നേതൃത്വമോ തയ്യാറായിട്ടില്ല. ഒരു വിശദീകരണംപോലും ചോദിച്ചുവാങ്ങിയില്ല. അങ്ങനെ വേണമെന്ന് കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾ ഒന്നുപോലും ആവശ്യപ്പെടുന്നുമില്ല. സിപിഐ എമ്മിന്റെ ഒരു അനുഭാവിയുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഭവമെങ്കിൽ അത് മുഖ്യവാർത്തയായി, മുഖപ്രസംഗത്തോടെ ഇതേ മാധ്യമങ്ങൾ ആഘോഷിക്കുമായിരുന്നു. അതായത് തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ക്രിമിനലുകൾക്കും കൊലയാളിസംഘത്തിനും യഥേഷ്ടം വിഹരിക്കാവുന്ന, നേതൃത്വത്തിൽ വരാൻ കഴിയുന്ന അധോലോകസംഘമായി കോൺഗ്രസ് മാറുന്നതാണ് കേരളത്തിൽ കാണുന്നത്. നിയോ ലിബറലിസം രാജ്യത്ത് അവതരിപ്പിച്ച കോൺഗ്രസ് നേതൃത്വം അതിന്റെ മൂല്യബോധം സംഘടനയിലേക്കും പകർത്തിയിരിക്കുകയാണ്. മാർക്‌സും എംഗൽസും 1848ൽ എഴുതി പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു വാക്യമാണ് ഓർമയിലെത്തുന്നത്. "മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർഥമൊഴികെ, ഹൃദയശൂന്യമായ റൊക്കം പൈസ ഒഴികെ മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല’ മുതലാളിത്തംപോലെ മനുഷ്യത്വം ചോർന്നുപോയ ഒരു പ്രസ്ഥാനമായി കേരളത്തിലെ കോൺഗ്രസ് മാറിയിരിക്കുന്നുവെന്നർഥം.
തുടർച്ചയായി ലൈംഗികപീഡനം നടത്തിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നുമുള്ള പരാതിയെ തുടർന്ന് കോൺഗ്രസിന് സ്വന്തം എംഎൽഎയെപ്പോലും സസ്പെൻഡ് ചെയ്യേണ്ടി വന്നെങ്കിലും അദ്ദേഹത്തെ കൈവിടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് നേതാക്കളുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നു. ഭാര്യയെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന ദേശീയപാരമ്പര്യമുള്ള യൂത്ത് കോൺഗ്രസിന്റെ കേരളനേതാവിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ചെന്നുപെട്ട പതനത്തിന്റെ ആഴമാണ് വിളിച്ചോതുന്നത്. കേരളത്തിലെ വലതുപക്ഷമുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെ അപചയം അവരുടെ ഘടകകക്ഷികളെയും ഏറിയോ കുറഞ്ഞോ ബാധിച്ചിരിക്കുന്നുമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവിനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോബ് വിസയുള്ള ഒരു കമ്പനിയുടെ മാനേജർ എന്ന നിലയിൽ ലക്ഷങ്ങൾ കൈപ്പറ്റുന്ന വ്യക്തിയാണ് ഈ യുവനേതാവെന്ന വെളിപ്പെടുത്തൽ യുഡിഎഫിന്റെ രാഷ്ട്രീയ അധാർമികതയുടെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുംബൈയിൽ ചേർന്ന എഐസിസി പ്രത്യേക സമ്മേളനത്തിൽ ചില തുറന്നുപറച്ചിലുകൾ രാജീവ് ഗാന്ധി നടത്തിയത് അന്ന് വലിയ വാർത്തയായിരുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചും ജനങ്ങളിൽനിന്ന് അകലുന്നതിനെക്കുറിച്ചുമാണ് അന്ന് രാജീവ് ഗാന്ധി സംസാരിച്ചത്. ഓരോ അടി വയ്‌ക്കുമ്പോഴും നമ്മുടെ ലക്ഷ്യവും നടപടികളും തമ്മിൽ സംഘർഷം രൂപപ്പെടുകയാണെന്നും ഓരോ ഘട്ടത്തിലും സാമൂഹ്യപ്രതിബദ്ധതയേക്കാൾ സ്വകാര്യതാൽപ്പര്യങ്ങൾക്കാണ് പാർടി പ്രവർത്തകരിൽ പ്രാമുഖ്യം ലഭിക്കുന്നതെന്നും രാജീവ്ഗാന്ധി ആരോപിച്ചു.
മിസ്റ്റർ ക്ലീനായി രാഷ്ട്രീയത്തിൽ വന്ന് ഇന്ദിരാഗാന്ധിയുടെ കൊലപാതക പശ്ചാത്തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ രാജീവ് ഗാന്ധി, ബൊഫോഴ്സ് അഴിമതിയിൽ മുങ്ങി അധികാരമൊഴിയേണ്ടി വന്നുവെന്നത് ചരിത്രം. എങ്കിലും രാജീവ് അന്ന് ചൂണ്ടിക്കാട്ടിയതുപോലുള്ള പ്രശ്നങ്ങൾ കേരളത്തിലെ കോൺഗ്രസിനെ പൂർണമായും തകർച്ചയിലേക്ക് നയിക്കുകയാണ്. അതിൽനിന്ന് അവരെ രക്ഷിക്കാൻ ഇപ്പോൾ നേതൃത്വത്തിലിരിക്കുന്ന, രാജീവ് ഗാന്ധിയുടെ മക്കൾക്കും കഴിയില്ലെന്ന് ഉറപ്പിച്ചുപറയാം. സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ സ്ഥലത്തുണ്ടായിട്ടുപോലും തയ്യാറാകാത്ത പ്രിയങ്ക ഗാന്ധി നൽകുന്ന സൂചന അതാണ്. ആർക്കും രക്ഷിക്കാൻ കഴിയാത്ത രീതിയിൽ കോൺഗ്രസ് തകർച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്.













