Articles

ചൈനയുടെ 15–-ാം പഞ്ചവത്സരപദ്ധതി

ലക്ഷ്യം നൂതന ഉൽപ്പാദനശേഷി

china 15th five year plan
avatar
വി ബി പരമേശ്വരൻ

Published on Oct 27, 2025, 11:35 PM | 3 min read

പതിനഞ്ചാം പഞ്ചവത്സരപദ്ധതിയുടെ രൂപരേഖയ്‌ക്ക് കമ്യൂണിസ്റ്റ് പാർടി ഓഫ് ചൈനയുടെ (സിപിസി) 20–-ാമത് കേന്ദ്ര കമ്മിറ്റിയുടെ നാലാമത് യോഗം അംഗീകാരം നൽകി. ഒക്ടോബർ 20 മുതൽ 23 വരെ നാലുദിവസമാണ് കേന്ദ്രകമ്മിറ്റി ബീജിങ്ങിൽ ചേർന്നത്. പാർടി ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ ഷി ജിൻപിങ്ങാണ് പദ്ധതിരേഖ അവതരിപ്പിച്ചത്. അടുത്ത മാർച്ചിൽ ചേരുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഇതിന് അംഗീകാരം നൽകുന്നതോടെ 15–ാമത് പഞ്ചവത്സരപദ്ധതി പ്രവർത്തനപഥത്തിലെത്തും. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയും ലോകവ്യവസായത്തിന്റെ കേന്ദ്രവും വ്യാപാരത്തിന്റെ ചാലകശക്തിയുമായ ചൈനയെ കൂടുതൽ നേട്ടങ്ങളിലേക്കും വികാസത്തിലേക്കും നയിക്കാൻ ലക്ഷ്യമിടുന്നതാണ് 15–-ാം പഞ്ചവത്സരപദ്ധതി.


​കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയ്‌ക്കുപുറമെ ചൈനയിലെ ആബാലവൃദ്ധം ജനങ്ങൾക്കും 10 കോടി വരുന്ന പാർടി അംഗങ്ങൾക്കും പഞ്ചവത്സരപദ്ധതി എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ പങ്കാളിത്തം അനുവദിച്ചിരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഓൺലൈനായി അഭിപ്രായം അറിയിക്കാൻ സൗകര്യം നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ (പീപ്പിൾസ് ഡെയ്‌ലി, സിൻഹ്വ, സി സിടിപി) വെബ്സൈറ്റ് വഴിയും പ്രവിശ്യപ്രാദേശിക ഗവൺമെന്റുകൾവഴിയും ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാനാണ് സൗകര്യം ഒരുക്കിയത്.


cpc plenum


മെയ് 20 മുതൽ ജൂലൈ 20 വരെ രണ്ടുമാസമാണ് അവ സ്വീകരിച്ചത്. 31,13,000 പേരാണ് ഓൺലൈൻവഴി സമർപ്പിച്ചത്. ആദ്യമായി ഓൺലൈനായി നിർദേശങ്ങൾ ക്ഷണിച്ച 14–ാം പഞ്ചവത്സരക്കാലത്തേതിനേക്കാൾ മൂന്നിരട്ടി പ്രതികരണമാണ് 15–ാംപദ്ധതിക്ക് ലഭിച്ചത്. കുട്ടികളെ വളർത്താൻ കൂടുതൽ സബ്‌സിഡികൾ നൽകണമെന്ന ആവശ്യംമുതൽ പുകയിലയുടെയും കീടനാശിനികളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തണം എന്നുവരെ ജനങ്ങൾ നിർദേശിച്ചു. ജനങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും അതിനായി ജനങ്ങളുടെ ശബ്ദം ശ്രവിക്കാൻ തയ്യാറാകണമെന്നും ഷി ജിൻപിങ് പാർടിക്ക് നിർദേശം നൽകിയിരുന്നു. ഭരണം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ആദ്യം പാർടിയെ നല്ലരീതിയിൽ നയിക്കാൻ കഴിയണമെന്നും ചടുലമായ പാർടിക്കുമാത്രമേ രാജ്യത്തെ ശക്തമായി നിലനിർത്താനാകൂ എന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ പാർടി കമ്യൂണിക്കെ വ്യക്തമാക്കുകയും ചെയ്തു. ജനകീയ ജനാധിപത്യത്തിന്റെ പ്രാധാന്യമാണ് സിപിസി അടിവരയിടുന്നത്.

​പതിനഞ്ചാം പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. അമേരിക്കയ്‌ക്കും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള "ഗ്ലോബൽ നോർത്തി’ൽ അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുമ്പോൾ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സുസ്ഥിരവികസനത്തിന്റെയും സന്ദേശമാണ് ചൈന മുന്നോട്ടുവയ്‌ക്കുന്നത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള (2026–30) സാമ്പത്തിക സാമൂഹ്യ പുരോഗതിയുടെ രൂപരേഖയാണ് 15–ാംപദ്ധതിയിൽ തെളിയുന്നത്. ഗുണമേന്മയുള്ള വികസനമാണ് ലക്ഷ്യമാക്കുന്നത്.


ശാസ്ത്രസാങ്കേതികവിദ്യയിൽ സ്വാശ്രയത്വം നേടുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതുവഴി പുതിയ ഉൽപ്പാദനശക്തികളുടെ വികാസം സാധ്യമാക്കുകയും അതുവഴി ആധുനികമായ ഒരു വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഗുണമേന്മയുള്ള പുതിയ ഉൽപ്പാദനശക്തികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിർമിതബുദ്ധിയുടെയും ക്വാണ്ടം സാങ്കേതികവിദ്യയുടെയും ബഹിരാകാശ ശാസ്ത്രത്തിന്റെയും ഹരിത സാങ്കേതികവിദ്യയുടെയും വികാസമാണ്. ലോക വ്യാവസായികോൽപ്പാദനത്തിന്റെ 35 ശതമാനവും നിയന്ത്രിക്കുന്ന ചൈന, 2015ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ ആദ്യമായി പത്താംസ്ഥാനത്ത് എത്തുകയും ചെയ്തു. (ഇന്ത്യ 38–-ാംസ്ഥാനത്ത്) ബ‍ൗദ്ധികസ്വത്തവകാശത്തിന്റെ 22 ശതമാനവും സെമി കണ്ടക്ടറിന്റെ 25 ശതമാനവും ഇപ്പോൾ ചൈനയിലാണ്. അതായത് ശാസ്ത്ര-സാങ്കേതികമേഖലയിൽ പാശ്ചാത്യലോകത്തെ അതിവേഗം പിന്നിലാക്കി ചൈന മുന്നേറുകയാണ്. "ലോകത്തിന്റെ ഫാക്ടറി’ എന്നതിൽനിന്ന്‌ "ഗ്ലോബൽ ഇന്നൊവേഷൻ ഹബ്ബാ’യി ചൈന മാറുകയാണ്. ഈ മുന്നേറ്റത്തിന് വേഗംപകരുന്നതാണ് 15–ാം പഞ്ചവത്സരപദ്ധതി.


china


​ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും പദ്ധതിരേഖ ഊന്നൽ നൽകുന്നുണ്ട്. ഇതോടൊപ്പം ഹരിത സാങ്കേതികവിദ്യ എല്ലാ മേഖലയിലേക്കും വ്യാപിപ്പിച്ച് ചൈനയെ സുന്ദരമാക്കുക എന്ന ലക്ഷ്യവും വിഭാവനം ചെയ്യുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പുനരുൽപ്പാദന ഊർജ നിർമാണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ക്ലീൻ ടെക്നോളജിയുടെ പ്രധാന വിതരണക്കാരും ചൈനയാണ്. 6340 ഗ്രീൻ ഫാക്ടറികളാണ് ചൈന അടുത്തയിടെ കമീഷൻ ചെയ്‌തത്‌. 2035 ആകുമ്പോഴേക്കും ഹരിതഗൃഹ (ഗ്രീൻ ഹൗസ്) വാതക ബഹിർഗമനം ഏഴുമുതൽ 10 ശതമാനംവരെ കുറയ്ക്കുമെന്ന് ഷി ജിൻപിങ് കഴിഞ്ഞദിവസം ലോകത്തിന് ഉറപ്പ്‌ നൽകുകയുണ്ടായി. അതോടൊപ്പം പെട്രോൾ ഉപയോഗം 30 ശതമാനം കുറവുവരുത്തുമെന്നും വ്യക്തമാക്കി. ഗ്രാമീണ കാർഷികമേഖലയുടെ ആധുനികീകരണം, എല്ലാ അർഥത്തിലും ഗ്രാമീണ പുനരുജ്ജീവനത്തിനുള്ള നടപടികൾ എന്നിവയും രേഖ മുന്നോട്ടുവയ്‌ക്കുന്നു.


​ആഭ്യന്തര ചോദനയുടെ വർധനയും ദേശീയ കമ്പോളത്തിന്റെ വികാസവും രേഖ വിഭാവനം ചെയ്യുന്നുണ്ട്. 140 കോടി ജനങ്ങളുള്ള രാജ്യമാണ് ചൈന. ഇതിൽ 40 കോടിപ്പേർ മധ്യവരുമാന ശ്രേണിയിലാണ്‌. കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാംവർഷമായ 2021ൽത്തന്നെ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കാൻ ചൈനയ്‌ക്ക് കഴിഞ്ഞു. നിർബന്ധിതവിദ്യാഭ്യാസം നൽകിയും പ്രാഥമിക ആരോഗ്യസേവനം ഉറപ്പുവരുത്തിയും താമസിക്കാൻ വീടും നിശ്ചിതവരുമാനവും ഉറപ്പാക്കിയുമാണ് 69 ലക്ഷംപേരെ അതിതീവ്ര ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കാനായത്. ഗ്രാമീണ-–നഗര വരുമാനത്തിലുള്ള അന്തരം കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക അസമത്വം ഇല്ലാതാക്കുക സിപിസിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.


1981-–85 വരെയുള്ള ആറാം പദ്ധതിക്കാലത്താണ് സാമ്പത്തികവികാസത്തോടൊപ്പം സാമൂഹ്യവികസനവും പ്രധാന ലക്ഷ്യമാക്കിയത്. ഇതോടെയാണ് ഒരു വൻ ശക്തിയായി ചൈന ഉയർന്നുവരാൻ തുടങ്ങിയത്


1953ലാണ് ചൈനയിൽ പഞ്ചവത്സരപദ്ധതിക്ക് തുടക്കമാകുന്നത്. 1953–57 വരെയുള്ള ആദ്യ പദ്ധതി നടപ്പാക്കാൻ സോവിയറ്റ് യൂണിയന്റെ സഹായവും ലഭിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ പഞ്ചവത്സരപദ്ധതി സ്വീകരിച്ചെങ്കിലും നവ ഉദാരവാദ നയങ്ങളുടെ കടന്നുവരവോടെ അത്‌ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ചൈന, സാമ്പത്തികാസൂത്രണം ഉപേക്ഷിക്കാൻ തയ്യാറായില്ല. 1981-–85 വരെയുള്ള ആറാം പദ്ധതിക്കാലത്താണ് സാമ്പത്തികവികാസത്തോടൊപ്പം സാമൂഹ്യവികസനവും പ്രധാന ലക്ഷ്യമാക്കിയത്. ഇതോടെയാണ് ഒരു വൻ ശക്തിയായി ചൈന ഉയർന്നുവരാൻ തുടങ്ങിയത്. ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള വികസനമാണ് ചൈന ഉയർത്തുന്നത്. ഈ വർഷത്തെ എഡ്‌മെൻ ട്രസ്റ്റ് ബാരോമീറ്റർ (Edemen Trust Barometer) റിപ്പോർട്ട് അനുസരിച്ച് ചൈനീസ് പൗരന്മാർക്ക് സർക്കാരിലുള്ള വിശ്വാസം ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന തോതിലുള്ളതാണ്.


പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എല്ലാ അർഥത്തിലും മിതമായ സമൃദ്ധസമൂഹം സൃഷ്ടിക്കലായിരുന്നു. 2035ഓടെ അടിസ്ഥാനപരമായ സോഷ്യലിസ്റ്റ് ആധുനികീകരണം നേടാനും സിപിസി നേരത്തേ ലക്ഷ്യമിട്ടിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 15–ാം പഞ്ചവത്സരപദ്ധതിയുടെ വിജയം പ്രധാന ഘടകമാണ്. എങ്കിൽമാത്രമേ ജനകീയ ചൈന റിപ്പബ്ലിക് നിലവിൽവന്നതിന്റെ നൂറാം വാർഷികവേളയായ 2049ൽ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ മാറ്റുകയെന്ന ശതാബ്‌ദിലക്ഷ്യം നേടാനാകൂ.



deshabhimani section

Dont Miss it

Recommended for you

Home