ബാല്യസുരക്ഷയുടെ സൈറണ്‍


റെനി ആന്റണി
Published on Aug 25, 2025, 10:48 PM | 2 min read
ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ നാലാം ക്ലാസുകാരിയായ കുട്ടിക്ക് അച്ഛനില്‍നിന്നും രണ്ടാനമ്മയില്‍ നിന്നുമുണ്ടായ വിവരണാതീതമായ ക്രൂരതകള്‍ കേരളീയ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ‘കുട്ടികളുടെ ഉത്തമതാല്‍പ്പര്യം’ എല്ലാ അവകാശ നിയമങ്ങളിലും പലപ്പോഴും ആവര്‍ത്തിക്കുന്ന ഒരു താത്വിക നിലപാടാണ്. ഏത് വ്യത്യസ്തമായ സാഹചര്യങ്ങളിലും കുട്ടികളെ സംബന്ധിച്ചോ കുട്ടികള്‍ക്ക് വേണ്ടിയോ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കുട്ടികളുടെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കുക എന്നത് ബാലാവകാശ സംരക്ഷണ നിയമങ്ങളുടെ കാതലായി പരിഗണിക്കപ്പെടുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ വ്യവസ്ഥകള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്.
ഭരണഘടനയില്‍ 14, 15, 19, 21, 23, 24, 45 എന്നീ അനുച്ഛേദങ്ങള്‍ കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി നിയമങ്ങളും വ്യവസ്ഥകളും സംവിധാനങ്ങളും അനുശാസിക്കുന്നുണ്ട്. കുട്ടികളുടെ സാര്‍വലൗകികമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വച്ച കുട്ടികളുടെ അവകാശ ഉടമ്പടി 1992 ല്‍ ഇന്ത്യ ഒപ്പുവച്ചതിനാല്‍ രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം ഉറപ്പു വരുത്തുക എന്നത് ഓരോ പൗരന്റെയും കടമയാണ്. കുട്ടികളുടെ നിയമപരമായ പരിരക്ഷകള്‍ എന്താണെന്നും അവരുടെ അവകാശങ്ങളെന്താണെന്നും ബഹുഭൂരിഭാഗം മനുഷ്യരും ഇനിയും വേണ്ടത്ര ഗൗരവത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല.
ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം കുട്ടികളുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്ക് അനുശാസിക്കുന്ന ശിക്ഷകളിൽ പ്രധാനപ്പെട്ടവ താഴെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
1, കുട്ടികളെ ഉപേക്ഷിച്ചോ നഷ്ടപ്പെട്ടോ കിട്ടിയിട്ടോ അറിയിക്കാതിരുന്നാൽ ആറു മാസം തടവും പതിനായിരം രൂപ പിഴയും.
2. കുറ്റകൃത്യത്തിന് ഇരയായ കുട്ടികളുടെയോ, കുറ്റകൃത്യങ്ങള്‍ ചെയ്ത കുട്ടികളുടെയോ വിവരങ്ങള്‍ പുറത്തു വിടുന്നതിന് ആറ് മാസം വരെ തടവോ രണ്ട് ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ.
3. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക, മാനസിക - ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക എന്നിവ ചെയ്‌താൽ മൂന്ന് വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും.
4. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കല്‍ / ഭിക്ഷാടനത്തിനായി അംഗഭംഗം വരുത്തൽ–അഞ്ച് വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഏഴ് മുതല്‍ 10 വര്‍ഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും.
5. മദ്യം, പുകയില, ലഹരി വസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കിയാല്‍–ഏഴ് വര്‍ഷംവരെ കഠിന തടവും ഒരു ലക്ഷം രൂപവരെ പിഴയും.
6. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്‍പ്പനയ്ക്കോ വിതരണത്തിനോ കള്ളക്കടത്തിനോ കുട്ടിയെ ഉപയോഗിച്ചാൽ– വര്‍ഷംവരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
7. അടിമവേല ചെയ്യിപ്പിക്കുകയോ ജോലി ചെയ്യിച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്താല്‍–അഞ്ച് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപവരെ പിഴയും.
8. അനധികൃതമായി കുട്ടികളെ ദത്ത് കൊടുത്താൽ– 3 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും.
9. കുട്ടികളെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്താൽ–അഞ്ച് വര്‍ഷംവരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
10. കുട്ടികള്‍ക്ക് ശാരീരിക ശിക്ഷ നല്‍കിയാല്‍–മൂന്ന് മാസംവരെ തടവും പതിനായിരം രൂപ പിഴയും.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷമുതൽ 20 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ തടവ് ആകാവുന്നതും പിഴയും അല്ലെങ്കില്‍ വധശിക്ഷ വരെയും ലഭിക്കാം. ദുര്‍ബല വിഭാഗങ്ങള്‍, വിവാഹ മോചിതരായവരുടെയും പുനര്‍വിവാഹം ചെയ്തവരുടെയും കുട്ടികള്‍, സ്കൂള്‍ പഠനം ഉപേക്ഷിച്ചവര്‍, അനാഥരായ കുട്ടികള്‍, വളര്‍ത്തച്ഛന്റെയും വളര്‍ത്തമ്മയുടെയും സംരക്ഷണത്തില്‍ കഴിയുന്നവര്‍, സവിശേഷ സഹായമാവശ്യമുള്ളവര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍, മദ്യാസക്തരും ലഹരിക്കടിമപ്പെട്ടവരുമായ മാതാപിതാക്കളുടെ കുട്ടികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിവര ശേഖരണം നടത്തി സംരക്ഷണം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ‘സുരക്ഷാ മിത്രം ' പദ്ധതി ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാണ്. അത് ഏറെ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം കാണുന്നത്. കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യമായ സമ്പത്താണെന്ന തിരിച്ചറിവില്‍ സുരക്ഷിതവും ആഹ്ലാദകരവുമായ ബാല്യം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണ്.
(സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലാ - കോഓര്‍ഡിനേറ്ററാണ് ലേഖകൻ)














