യുഎസ് അധിനിവേശം ആഗോളഭീഷണി


എം വി ഗോവിന്ദൻ
Published on Sep 12, 2025, 10:53 PM | 4 min read
സെപ്തംബർ 15-ന് സിപിഐ എം കേരളത്തിൽ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കുകയാണ്. മലയാളികളേറെ തിങ്ങിപ്പാർക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ പ്രതിഷേധംകൂടിയാണിത്. ഖത്തർപോലുള്ള അറബ് രാഷ്ട്രങ്ങളിൽ ഉണ്ടാകുന്ന യുദ്ധവും കടന്നാക്രമണവും മലയാളിയുടെ നെഞ്ച് പിളർത്തുന്നതാണ്. കേരളത്തിലെ എല്ലാ വിഭാഗമാളുകളും ആശ്രയിക്കുന്നതാണ് അറബ് രാഷ്ട്രങ്ങൾ. അറേബ്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന് മലയാളികൾ നൽകിയ സംഭാവനയും ചെറുതല്ല. ഈ പരസ്പരബന്ധം നൂറ്റാണ്ടുകൾക്കപ്പുറം നിലനിന്ന ഒന്നുമാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം മുതൽമുടക്കില്ലാതെ ലഭ്യമാകുന്നതിൽ അറബ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ സാന്നിധ്യം പ്രധാനപ്പെട്ട ഘടകമാണ്. ഇത്തരമൊരു മേഖലയിലാണ് ബോംബാക്രമണവുമായി അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സഹോദരരാജ്യത്ത് നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കുകയെന്നത് കേരളീയന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പരിപാടി പാർടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും യുദ്ധവിരുദ്ധ പ്രതിഷേധത്തിനും സെപ്തംബർ 15ന് സുപ്രധാനമായ സ്ഥാനമുണ്ട്. രണ്ടാംലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും യുദ്ധവിരുദ്ധമുദ്രാവാക്യം മുന്നോട്ടുവച്ചു. ദേശീയപ്രസ്ഥാനത്തിലെ വലതുപക്ഷം ഇതുമായി വേണ്ടരീതിയിൽ സഹകരിക്കാൻ തയ്യാറായില്ല. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള കെപിസിസി 1940 സെപ്തംബർ 15-ന് സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. വലതുപക്ഷ കോൺഗ്രസുകാർ അക്കാലത്ത് ഈ ദിനാചരണത്തിൽനിന്ന് മാറിനിന്നെങ്കിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും കമ്യൂണിസ്റ്റ് പാർടിയും ചേർന്ന് ഇത് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി.

നിരോധനാജ്ഞ ലംഘിച്ച് പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഈ പ്രകടനങ്ങളെ പൊലീസ് ലാത്തിയും വെടിയുണ്ടയുംകൊണ്ട് നേരിട്ടു. തലശേരിയിൽ ഗ്രേറ്റ് ബീഡി കമ്പനിത്തൊഴിലാളിയായിരുന്ന ചാത്തുക്കുട്ടിയും അധ്യാപകനായ അബു മാസ്റ്ററും രക്തസാക്ഷികളായി. മൊറാഴയിലെ സംഘർഷത്തിനിടയിൽ പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ മൃഗീയമായ ലാത്തിച്ചാർജ് നടന്നു. ഈ പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ പിറന്നതായുള്ള സന്ദേശവും ജനങ്ങളിലെത്തി.
സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഇൗ പാരന്പര്യത്തെ ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയത്തെയും വിദേശനയത്തെയും രാഷ്ട്രീയസമീപനത്തെയുമെല്ലാം എതിർക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ തുടർച്ചയായാണ് സാമ്രാജ്യത്വവിരുദ്ധ ദിനം പാർടിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
വെനസ്വേലയിലെ മഡുറോ സർക്കാരിനെ തകർക്കാൻ അമേരിക്ക ഏതാനും വർഷങ്ങളായി കൊണ്ടുപിടിച്ച ശ്രമംതന്നെ നടത്തുകയാണ്. ലോകത്തെമ്പാടും അധികാരം സ്ഥാപിക്കുകയെന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യമാണ് പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിക്ക് അടിസ്ഥാനം. അമേരിക്കൻ സമ്പദ്ഘടനയുടെ പ്രധാന ഭാഗമായ ആയുധവ്യാപാരത്തെ ശക്തിപ്പെടുത്താനും മൂന്നാംലോക രാജ്യങ്ങളുടെ കമ്പോളവും അസംസ്കൃതവസ്തുക്കളും പിടിച്ചെടുക്കുന്നതിനുമുള്ള ഇടപെടലാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനായി ഇസ്രയേലിനെ ഉപയോഗപ്പെടുത്തുകകൂടിയാണ് അമേരിക്ക ചെയ്യുന്നത്. അതുകൊണ്ടാണ് സയണിസ്റ്റ് താൽപ്പര്യത്തിന് പിന്തുണ കൊടുത്ത് പലസ്തീൻ ജനതയെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

ഇസ്രയേലിൽ ഒരു ജൂതരാഷ്ട്രമെന്ന സാമ്രാജ്യത്വ അജൻഡ മുന്നോട്ടുവച്ചപ്പോൾ പലസ്തീൻ ജനതയ്ക്ക് പ്രത്യേക രാഷ്ട്രമെന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലംതൊട്ടുതന്നെ ഇന്ത്യക്കാർ പലസ്തീൻ രാഷ്ട്രത്തിനുവേണ്ടി നിലകൊണ്ടവരായിരുന്നു. സ്വാതന്ത്ര്യസമര ഘട്ടത്തിൽപ്പോലും പലസ്തീൻ ഐക്യദാർഢ്യദിനം ഇന്ത്യയിൽ ആചരിച്ചിരുന്നു.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം തുടർന്നുവന്ന ഈ കാഴ്ചപ്പാടിനെ പിന്തുടർന്നുകൊണ്ടാണ് ഇസ്രയേലുമായുള്ള നയതന്ത്രബന്ധംപോലും ഇന്ത്യ പിന്തുടരാതെ പോയത്. ചേരിചേരാനയത്തിന്റെ സവിശേഷതകൂടിയായിരുന്നു അത്. എന്നാൽ, നരസിംഹറാവുവിന്റെ കാലത്ത് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഇന്ത്യ സ്ഥാപിച്ചു. കോൺഗ്രസ് കാണിച്ച ഈ വഴിയിലൂടെ ബിജെപിക്കാർ ബഹുദൂരം മുന്നോട്ടുപോയി. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം മാത്രമല്ല, ആയുധവ്യാപാരം ഉൾപ്പെടെയുള്ള പ്രതിരോധമേഖലയിലെ പ്രവർത്തനവുമായി. ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് പച്ചക്കൊടി കാണിക്കാനും കേന്ദ്രസർക്കാർ തയ്യാറായി.
സാമ്രാജ്യത്വനയത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായിരുന്നു. മൂന്നാംലോക രാജ്യങ്ങളെ ആക്രമിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ അവർ തടഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ശാക്തികബലാബലത്തിൽ മാറ്റംവന്നു. അമേരിക്കയുടെ ഏകലോകക്രമം പ്രതിരോധിക്കാനുള്ള ശക്തികൾ ലോകത്ത് ദുർബലമായി.
ഏകലോകക്രമത്തിന്റെ അജൻഡകളുമായി അമേരിക്ക മുന്നോട്ടുപോയി. തങ്ങളുടെ നയങ്ങളെ പ്രതിരോധിക്കുന്ന രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ കടപുഴക്കുന്ന നയവും സ്വീകരിച്ചു. ഇതിന്റെ തുടർച്ചയായി ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ മതനിരപേക്ഷ സർക്കാരുകളെ തകർത്തു. ഇറാനുനേരെ ആക്രമണപരമ്പര സംഘടിപ്പിച്ചു. കമ്പോളങ്ങൾ കൈയടക്കുകയെന്ന ബഹുരാഷ്ട്രഭീമന്മാരുടെ താൽപ്പര്യംകൂടിയായിരുന്നു ഇതിനുപിന്നിൽ.
വിഴിഞ്ഞം പദ്ധതിയിൽപ്പോലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തമുണ്ടെന്നു പറഞ്ഞ് നമുക്ക് സ്വീകാര്യമായ കരാറിനെപ്പോലും കേന്ദ്രസർക്കാർ അട്ടിമറിച്ചു. സംഘപരിവാർ നയങ്ങളെ ശക്തമായി എതിർക്കുകയും ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന രാഷ്ട്രീയതാൽപ്പര്യവും ഇതിന് കൂടുതൽ കരുത്തുപകർന്നു
അമേരിക്കയുടെ മേധാവിത്വശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ സോവിയറ്റ് അനുഭവങ്ങളുടെ പശ്ചാത്തലംകൂടി ഉൾക്കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി. അത്തരം പ്രവർത്തനങ്ങളിലൂടെ ലോക സാമ്പത്തികരംഗത്ത് അവഗണിക്കാൻ പറ്റാത്ത ശക്തിയായി. സാർവദേശീയരംഗത്ത് അമേരിക്കയുടെ ഏകലോകക്രമത്തിനെതിരായി ചൈന രംഗത്തുവന്നു. സാമ്പത്തികമായും രാഷ്ട്രീയമായും തങ്ങൾക്ക് വെല്ലുവിളിയാകും ചൈന എന്നതിനാൽ അതിനെ തകർക്കാനുള്ള വിശാല കൂട്ടുകെട്ടുകൾ അമേരിക്ക സൃഷ്ടിച്ചു. ഇത്തരം നീക്കത്തിൽ അമേരിക്കയ്ക്കൊപ്പം ഇന്ത്യയും അണിചേർന്നു. വിഴിഞ്ഞം പദ്ധതിയിൽപ്പോലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തമുണ്ടെന്നു പറഞ്ഞ് നമുക്ക് സ്വീകാര്യമായ കരാറിനെപ്പോലും കേന്ദ്രസർക്കാർ അട്ടിമറിച്ചു. സംഘപരിവാർ നയങ്ങളെ ശക്തമായി എതിർക്കുകയും ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന രാഷ്ട്രീയതാൽപ്പര്യവും ഇതിന് കൂടുതൽ കരുത്തുപകർന്നു.
ഇന്ത്യ അമേരിക്കയുമായി ചേർന്ന് ഇത്തരത്തിൽ മുന്നോട്ടുപോകുന്ന അവസ്ഥയിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള നികുതി പ്രഖ്യാപിച്ചത്. അത് ഇന്ത്യയുടെ സാമ്പത്തികമേഖലയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കശുവണ്ടി, നാണ്യവിളകൾ തുടങ്ങിയ മേഖലയെയെല്ലാം ഇത് സാരമായി ബാധിക്കുന്ന നിലയുണ്ടായി. അമേരിക്കൻ ഭീഷണിയെ മറികടക്കുന്നതിന്, ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിന് ഗത്യന്തരമില്ലാതെ ഇന്ത്യാ ഗവൺമെന്റ് തയ്യാറായി. ഇതെല്ലാം കാണിക്കുന്നത്, രാജ്യം സ്വീകരിച്ചിരുന്ന സാമ്രാജ്യത്വവിരുദ്ധനയങ്ങളിൽനിന്ന് ഇന്ത്യ വ്യതിചലിച്ചത് രാഷ്ട്രതാൽപ്പര്യത്തിനുതന്നെ തിരിച്ചടിയായി എന്നതാണ്. ഇതുസംബന്ധിച്ച് ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഏറെ ശരിയാണെന്നും വ്യക്തമായി.
പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ പശ്ചിമേഷ്യയെ ആയുധബലം കാട്ടി കൂടെനിർത്തുകയെന്ന അമേരിക്കൻ താൽപ്പര്യമാണ് ഇസ്രയേൽ നിർവഹിക്കുന്നത്. അതിന്റെ ഭാഗമായിക്കൂടിയാണ് എണ്ണയും ഗ്യാസും സമൃദ്ധമായുള്ള ഖത്തറിനെയും ആക്രമിക്കുന്നത്
മൂന്നാംലോക രാജ്യങ്ങളെ ചൂഷണംചെയ്ത് തടിച്ചുകൊഴുക്കുന്ന സാമ്രാജ്യത്വരാഷ്ട്രമായ അമേരിക്കയെ സംബന്ധിച്ചിടത്തോളം, അത്തരം രാജ്യങ്ങൾ അവരുടെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങൾമാത്രമാണ്. അതുകൊണ്ടുതന്നെ മൂന്നാംലോക രാജ്യങ്ങളുടെ പ്രശ്നങ്ങളോ ജനങ്ങളുടെ ജീവിതമോ അവർക്ക് വിഷയമാകാറില്ല. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് ഒപ്പംനിന്ന ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്നതിന്റെ വ്യക്തമായ ചിത്രമാണ് അമേരിക്ക നമുക്ക് നൽകിയത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായുള്ള സൗഹാർദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും മാത്രമേ മൂന്നാംലോക രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാനാകൂ എന്ന ഓർമപ്പെടുത്തൽകൂടിയാണ് അമേരിക്കയുടെ ചുങ്കം ഇടപെടൽ. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മോഹങ്ങൾക്ക് പശ്ചിമേഷ്യയിലൊരു ഗുണ്ടാപ്പടയെ ആവശ്യമുണ്ട്. ആ ദൗത്യമാണ് ഇസ്രയേൽ നിർവഹിക്കുന്നത്. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ പശ്ചിമേഷ്യയെ ആയുധബലം കാട്ടി കൂടെനിർത്തുകയെന്ന അമേരിക്കൻ താൽപ്പര്യമാണ് ഇസ്രയേൽ നിർവഹിക്കുന്നത്. അതിന്റെ ഭാഗമായിക്കൂടിയാണ് എണ്ണയും ഗ്യാസും സമൃദ്ധമായുള്ള ഖത്തറിനെയും ആക്രമിക്കുന്നത്. ഇസ്രയേലിൽ നെതന്യാഹു നേരിടുന്ന രാഷ്ട്രീയപ്രതിസന്ധികളെ മറികടക്കാനുള്ള ആഭ്യന്തരതാൽപ്പര്യവും ഇതിനുപിന്നിലുണ്ട്.
പശ്ചിമേഷ്യയിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും കേരളത്തിന്റെ വീടുകളിലെ അടുപ്പുകളെയും ജീവിതത്തെയും ബാധിക്കും. കേരളത്തിന്റെ ജനജീവിതത്തെ മെച്ചപ്പെടുത്തി കൊണ്ടുപോകുന്നതിൽ ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇത് കേരളജനതയുടെ ഉത്തരവാദിത്വമാണ്. അതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് 15ന് സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാനും അന്ന് വൈകിട്ട് ഏരിയ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്താനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കേരളത്തിന്റെ പ്രതിഷേധമായി ഉയരുന്ന ഈ പരിപാടി വിജയിപ്പിക്കാൻ നാടിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യർഥിക്കുന്നു.













