അഫ്ഗാൻ– പാക് സംഘർഷം: നിഴൽയുദ്ധം നയിക്കുന്നതാര്

PHOTO: AFP

വി ബി പരമേശ്വരൻ
Published on Oct 19, 2025, 09:15 PM | 3 min read
അഫ്ഗാനിസ്ഥാൻ ആക്ടിങ് വിദേശമന്ത്രി അമിർ ഖാൻ മുത്താഖിയുടെ ഇന്ത്യാസന്ദർശനം തുടങ്ങിയതോടെയാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. മുത്താഖി ഡൽഹിയിലുള്ള വേളയിലാണ് തെഹ്‌രീകെ താലിബാൻ പാകിസ്ഥാനെ (ടിടിപി) ലക്ഷ്യമാക്കി പാക്‌സേന കാബൂളിലും ഖോസ്‌തിലും ജലാലാബാദിലും ആക്രമണം നടത്തിയത്. സെപ്തംബർ അവസാനവാരം അഫ്ഗാൻ–പാകിസ്ഥാൻ അതിർത്തിയിൽ ആരംഭിച്ച സംഘർഷം ആദ്യമായാണ് അഫ്ഗാന്റെ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ടിടിപി മേധാവി മുഫ്തി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമാക്കിയാണ് കാബൂളിലെ അബ്ദുൾ ഹഖ് ചത്വരത്തിൽ സ്ഫോടനം നടന്നത്. ഇതിനുപിന്നിൽ പാകിസ്ഥാനാണെന്നാണ് താലിബാന്റെ ആരോപണം. കവചിത വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മെഹ്സൂദ് രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിൽ 40 ലധികം പേർക്ക് പരിക്കേറ്റു. താലിബാനാണ് ടിടിപിക്ക് ആളും അർഥവും നൽകുന്നതെന്നാണ് പാകിസ്ഥാന്റെ വാദം. പാകിസ്ഥാൻ അപകടകരമായ കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അഫ്ഗാനെ പ്രകോപിപ്പിക്കരുതെന്നും മുത്താഖി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 11 നും 12 നും 2600 കിലോമീറ്റർ അതിർത്തിയിലെ അഞ്ച് പ്രവിശ്യകളിലുള്ള പാക് പോസ്റ്റുകളിൽ താലിബാനും ആക്രമണം നടത്തി. പാകിസ്ഥാനാകട്ടെ കാണ്ഡഹാറിലും ഹേംലാൻഡിലും വ്യോമാക്രമണം നടത്തി. 23 പാക് സൈനികരും ഇരുനൂറിലധികം താലിബാൻകാരും കൊല്ലപ്പെട്ടതായി പാകിസ്ഥാനും തിരിച്ചടിയിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാനും അവകാശപ്പെട്ടു. പാകിസ്ഥാന് സമാധാനം വേണ്ടെങ്കിൽ അഫ്ഗാനിസ്ഥാനു മുന്നിൽ മറ്റ് സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പുമായി മുത്താഖി ന്യൂഡൽഹിയിൽ വീണ്ടും രംഗത്തെത്തി. രണ്ട് ഇസ്ലാം മതരാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്യമായ സംഘർഷം സ്വാഭാവികമായും അറബ് രാഷ്ട്രങ്ങളുടെ ഇടപെടലിന് വഴിവച്ചു. അടുത്തിടെ പാകിസ്ഥാനുമായി പ്രതിരോധ കരാറിൽ ഒപ്പുവച്ച സൗദി അറേബ്യയും ഖത്തറും ഇടപെട്ട് 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ, ഇതിനിടയിൽ പാകിസ്ഥാൻ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണത്തിൽ താലിബാന്റെ മൂന്ന് ക്രിക്കറ്റ് കളിക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. താൽക്കാലിക വെടിനിർത്തൽ രണ്ടുദിവസംകൂടി നീട്ടിയ വേളയിലാണ് ഈ ആക്രമണം. ശനിയാഴ്ച ദോഹയിൽ നടന്ന ചർച്ചയിൽ വെടിനിർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ചർച്ചയ്‌ക്ക് ആതിഥേയത്വം നൽകിയ ഖത്തർ വിദേശമന്ത്രാലയം അറിയിച്ചു. ഇൗമാസം 25 ന് ഇസ്താംബൂളിൽ അടുത്തയോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
എന്തുകൊണ്ടാണ് ഒരേമതത്തിൽ വിശ്വസിക്കുന്ന, അതും സോവിയറ്റ് യൂണിയനെതിരെ കൈകോർത്ത് മുന്നേറിയ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോരടിക്കുന്നത്. അഫ്ഗാനിലെ ഇടതുപക്ഷ സർക്കാരിന് നേതൃത്വം നൽകിയ നജീബുള്ളയെ താഴെയിറക്കാൻ താലിബാനെ വളർത്തിയതും സംരക്ഷിച്ചതും അമേരിക്കയുടെ പൂർണപിന്തുണയോടെ പാകിസ്ഥാനായിരുന്നു. എന്നാൽ, അമേരിക്ക അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ താലിബാൻകാർക്ക് അഭയം നൽകാനും രഹസ്യ താവളം ഒരുക്കാനും പാകിസ്ഥാൻ തയ്യാറായി. 20 വർഷം ആർക്കെതിരെയാണോ അമേരിക്ക യുദ്ധം ചെയ്തത് ആ താലിബാനെത്തന്നെ ഭരണം ഏൽപ്പിച്ച് 2021 ൽ അമേരിക്ക പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാൻ വീണ്ടും ഇസ്ലാം മതമൗലികവാദികളുടെ ഭരണത്തിൻകീഴിലായി. അപ്പോഴും പാകിസ്ഥാൻ പ്രത്യേകിച്ചും പാക് സൈന്യം അമേരിക്കയുടെ തീട്ടൂരമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതാണ് പാകിസ്ഥാൻ താലിബാനെന്നപോലെ പൂർണമായും ഇസ്ലാമികവൽക്കരിക്കപ്പെടുന്നതിന് തടസ്സമാകുന്നതെന്നും വാദിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ടിടിപി. ഓപ്പറേഷൻ സിന്ദൂറോടെ പാക് സൈന്യം അമേരിക്കയുമായി കൂടുതൽ അടുത്തു. പാക്‌സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ പ്രത്യേക സ്വീകരണം നൽകി. ട്രംപിന് സമാധാനത്തിന് നൊബേൽ സമ്മാനം നൽകാൻ നെതന്യാഹുവിനൊപ്പം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആവശ്യപ്പെട്ടു. അമേരിക്കൻ ഉപഗ്രഹമായി പ്രവർത്തിക്കുന്ന പാക്‌സൈന്യത്തിനെതിരായ രോഷപ്രകടനമാണ് അതിർത്തിയിലെ സംഘർഷം മൂർച്ഛിപ്പിക്കുന്നതിനു പിന്നിൽ. അതിനാൽ സംഘർഷം പെട്ടെന്ന് അവസാനിക്കാനുള്ള സാധ്യത വിരളമാണ്.
രണ്ടാമതായി അമേരിക്ക ഉപേക്ഷിച്ചുപോയ ബാഗ്രാം വ്യോമ താവളം പ്രസിഡന്റ് ട്രംപ് തിരികെ ആവശ്യപ്പെട്ടതിനു പിന്നിലും പാകിസ്ഥാന്റെ കൈ ഉണ്ടോ എന്ന് താലിബാൻ സംശയിക്കുന്നുണ്ട്, പ്രത്യേകിച്ചും പാക് സേനാ മേധാവി അസിം മുനീറിന്റെ. ബാഗ്രാം തിരിച്ചുതരാത്ത പക്ഷം മോശമായ സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. എന്നാൽ, 2020 ൽ താലിബാനുമായി ട്രംപ് ഒപ്പിട്ട ദോഹകരാറിന് എതിരാണ് അമേരിക്കയുടെ ആവശ്യമെന്നും അതിനാൽ അതംഗീകരിക്കാൻ കഴിയില്ലെന്നും കാബൂൾ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി. മേഖലയിൽ ചൈനയും റഷ്യയും നേടുന്ന സ്വാധീനം തടയാൻ ബാഗ്രാം ആവശ്യമാണെന്ന ബോധ്യത്തിൽനിന്നാണ് തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിക്കുന്നത്. ബാഗ്രാമിൽനിന്നും 800 കിലോമീറ്റർ ദൂരമേ ചൈന അതിർത്തിയിലേക്കും ഇറാൻ അതിർത്തിയിലേക്കും ഉള്ളൂ. റഷ്യ കാബൂളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ അവകാശവാദം.
മൂന്നാമതായി അമേരിക്കൻ അധിനിവേശ കാലത്ത് അഭയം നൽകിയ അഫ്ഗാനികളെയും താലിബാൻ ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളിൽ പെട്ടവരെയും പാകിസ്ഥാൻ കൂട്ടത്തോടെ അഫ്ഗാനിലേക്ക് പുറംതള്ളുകയാണ്. മനുഷ്യത്വരഹിതമാണ് ഈ പുറംതള്ളലെന്നാണ് താലിബാന്റെയും ടിടിപിയുടെയും ആരോപണം. ഇതിന് തടയിടുകയും അതിർത്തി സംഘർഷം മൂർച്ഛിക്കുന്നതിന് പ്രേരണയാകുന്നുണ്ട്. അതോടൊപ്പം അതിർത്തിയായ ഡ്യൂറാന്റ് രേഖയെ സംബന്ധിച്ച തർക്കവും സംഘർഷത്തിന് കാരണമാണ്. പഷ്‌തൂൺ ജനതയെ രണ്ട് രാഷ്ട്രങ്ങളിലായി വിഭജിച്ച ഈ അതിർത്തി മാനിക്കാൻ താലിബാൻ തയ്യാറല്ല.
അതോടൊപ്പം താലിബാനുമായി ഇന്ത്യ അടുക്കുന്നതും പാകിസ്ഥാനെ ആശങ്കയിലാഴ്ത്തുന്നു. യുഎസ് അധിനിവേശകാലത്ത് അഫ്‌ഗാനിൽ 300 കോടി ഡോളർ നിക്ഷേപം നടത്താനും അടുത്തബന്ധം സ്ഥാപിക്കാനും ഇന്ത്യ തയ്യാറായെങ്കിലും താലിബാൻ ഭരണത്തിൽ വന്നതോടെ പിന്മാറി. ഇപ്പോൾ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ താലിബാനുമായി അടുക്കാൻ ഇന്ത്യ തയ്യാറായി. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാനും ഇന്ത്യക്ക് പിന്തുണ നൽകാനും തയ്യാറായതോടെയാണ് ന്യൂഡൽഹി താലിബാനുമായി അടുക്കുന്നത്. ഭീകരവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച മോദി സർക്കാരാണ് നയതന്ത്രത്തിന്റെ മറവിൽ താലിബാനുമായി കൈകോർക്കുന്നത്. താലിബാൻ ബന്ധത്തെ ന്യായീകരിക്കുമ്പോഴും സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ തൊഴിൽ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ ഇന്ത്യൻനയം ഉയർത്തിപ്പിടിക്കാൻ അവസരമുണ്ടായിട്ടും ഇന്ത്യ അതിനു തയ്യാറായില്ലെന്നത് പ്രതിഷേധാർഹമാണ്. മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാകണമെന്ന് വാദിക്കുന്നവരിൽനിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാം.
ഏതായാലും താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാതെതന്നെ കാബൂളിലെ ടെക്നിക്കൽ മിഷൻ എംബസിയായി ഉയർത്താനും ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. അയൽരാജ്യങ്ങളുമായി നല്ല ബന്ധം നഷ്ടപ്പെടുകയും ചൈനയുടെ സ്വാധീനം ഈ രാജ്യങ്ങളിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താലിബാനുമായി അടുക്കാനുള്ള ശ്രമം. അതുപോലെ മധ്യേഷ്യയുമായി യുറേഷ്യയുമായി വ്യാപാരബന്ധത്തിനുള്ള കരമാർഗം നേടുകയും ഇന്ത്യയുടെ ലക്ഷ്യമാണ്. കരമാർഗം നൽകാൻ പാകിസ്ഥാൻ വിസമ്മതിക്കുന്നതും ഇറാനെതിരെ അമേരിക്കൻ ഉപരോധം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. താലിബാന്റെ മറവിൽ പാകിസ്ഥാനെതിരെ ഇന്ത്യയാണ് നിഴൽ യുദ്ധം നടത്തുന്നതെന്ന ആരോപണം പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖാജ അസീഫും സൈനിക മേധാവി അസിം മുനീറും ഉന്നയിച്ചുകഴിഞ്ഞു. വരുംനാളുകളിൽ ആരോപണ പ്രത്യാരോപണങ്ങൾ വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.














