Articles

നന്മ കെടുത്തുന്ന ജാതിഭൂതങ്ങൾ

നന്മ കെടുത്തുന്ന ജാതിഭൂതങ്ങൾ

untouchability university
avatar
എം വി ഗോവിന്ദൻ

Published on Nov 09, 2025, 10:07 PM | 2 min read

ജാതീയമായ ഉച്ചനീചത്വം ആരോപിച്ച്, ഭൂമിയും ആരാധനാലയങ്ങളും നിരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നുവേണ്ട സകല പൊതുഇടങ്ങളും നിഷേധിച്ചുകൊണ്ട്, കീഴാളരുടെ അധഃസ്ഥിതത്വം ഉറപ്പാക്കിയാണ് ജാതി-ജന്മി- നാടുവാഴിത്തം തങ്ങളുടെ അധികാരമേല്‍ക്കോയ്മകള്‍ കേരളത്തിന്റെ മണ്ണിൽ സ്ഥാപിച്ചത്. നിഷേധിക്കപ്പെട്ടത് നേടിയെടുക്കാനുള്ള സാമൂഹ്യപശ്ചാത്തലം ഒരുക്കുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിനും ദേശീയ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ പങ്കുണ്ട്. ശ്രീനാരായണഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനും തുടങ്ങിയ നവോത്ഥാനനായകർ ജാതിവിവേചനത്തിനും അയിത്തത്തിനും എതിരെ സാമൂഹ്യാവബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ്.


സാമൂഹ്യമാറ്റങ്ങള്‍ക്ക് സമാന്തരമായി രാഷ്ട്രീയമായ മാറ്റങ്ങളിലേക്ക് കേരളത്തെ കൈപിടിച്ചുയർത്തിയത്‌ കമ്യൂണിസ്റ്റ് പാർടിയാണ്. ഭൂപരിഷ്കരണം നടപ്പാക്കിയും സാർവത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കിയും തൊഴിലാളികൾക്ക് മിനിമംകൂലി നിശ്ചയിച്ചും ആധുനിക കേരളത്തിന് അടിത്തറ പാകാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി മാനവ വികസന സൂചികയിലും വിദ്യാഭ്യാസ–ആരോഗ്യ കാര്യങ്ങളിലും ഏറെ മുന്നിലെത്താനും അതിദാരിദ്ര്യം നിർമാർജനം ചെയ്യാനും കഴിഞ്ഞത് മേൽപ്പറഞ്ഞ ഘടകങ്ങളുടെ സ്വാധീനഫലമായാണ്. ഏത് പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാൻ കഴിയുന്നത് ജാതി-, മത-, വർഗ വ്യത്യാസമില്ലാതെ മതനിരപേക്ഷതയിലൂന്നിനിന്ന്‌ ഒറ്റക്കെട്ടായി നീങ്ങാൻ കഴിയുന്നതുകൊണ്ടാണ്. എവിടെ മത, -ജാതി, വംശീയ വിവേചനമുണ്ടോ അവിടെ ഈ ഒത്തൊരുമ സാധ്യമല്ല.


എന്നാൽ, ഉത്തരേന്ത്യയിലെന്നതുപോലെ കേരളത്തെയും വർഗീയതയുടെ വിളനിലമാക്കി പിന്നോട്ടു വലിക്കാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്. കേന്ദ്രത്തിൽ ആർഎസ്എസ് പ്രചാരകായിരുന്ന നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെയാണ് ഇതിന് ആക്കംകൂടിയത്. ഗവർണറുടെ ഓഫീസ് ദുരുപയോഗിച്ച് കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്. വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനും ഗവർണറുടെ ഓഫീസ് കരുവാക്കപ്പെട്ടു. ഇതിൽനിന്നും ആവേശമുൾക്കൊണ്ട് ചില അധ്യാപകരും കേരളം ദശാബ്ദങ്ങൾക്കുമുമ്പ് പടിയിറക്കിയ ജാതിവിവേചനത്തെ പല രീതിയിലും തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുവരികയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സർവകലാശാലയിലെ സംസ്കൃതം അധ്യാപികയ്‌ക്കെതിരെ ഉയർന്നത്.


പിഎച്ച്ഡി വിദ്യാർഥിയായ വിപിൻ വിജയനാണ് അധ്യാപിക ജാത്യാധിക്ഷേപം നടത്തിയെന്നു പറഞ്ഞ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. -ദേവഭാഷയായ സംസ്കൃതം താഴ്‌ന്ന ജാതിക്കാർക്ക് പഠിക്കാനുള്ള ഭാഷയല്ലെന്നും "നീയൊക്കെ കയറിയ ഈ ഡിപ്പാർട്ട്മെന്റ്‌ അശുദ്ധമായി. ഇനി ശുദ്ധീകരണം നടത്തണം’ എന്നുമാണ് ഈ അധ്യാപിക പറഞ്ഞതെന്നാണ് വിദ്യാർഥി ആരോപിച്ചിട്ടുള്ളത് "പറയനും പുലയനുമൊക്കെ എത്ര ശീർഷാസനം ചെയ്താലും ബ്രാഹ്മണർക്ക് വഴങ്ങുംപോലെ സംസ്കൃതം അവർക്ക് വഴങ്ങില്ല’ എന്ന് മുമ്പൊരിക്കൽ ഇതേ അധ്യാപിക പ്രസ്താവന നടത്തിയതായും വിപിൻ വിജയൻ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു. "എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എന്റെ കൂടപ്പിറപ്പിന്റെ നിലവിളി കേൾക്കാമെന്നും ജാതിവിവേചനത്തിന്റെ അട്ടഹാസങ്ങൾ കേൾക്കാമെന്നും’ വിപിൻ വിജയൻ എഴുതുമ്പോൾ അതിനെ കണ്ടില്ലെന്ന് നടിക്കാൻ പുരോഗമന കേരളത്തിന് കഴിയില്ല.


മനുസ്മൃതി ഭരണഘടനയാക്കണമെന്ന് പറയുന്ന ആർഎസ്എസിന്റെ ആശയപദ്ധതിയാണിത്. സംസ്കൃതം കേൾക്കുന്ന താഴ്‌ന്ന ജാതിക്കാരന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറയുന്ന വർണാശ്രമധർമം പുലർന്നു കാണാൻ ആഗ്രഹിക്കുന്നവർ അധ്യാപകരാകാൻ അർഹതയില്ലാത്തവരാണ്. നാടിനെ ചാതുർവർണ്യവ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ശ്രമം. ഇനിയൊരു ജന്മമുണ്ടായാൽ ബ്രാഹ്മണനായി ജനിക്കണമെന്ന് ഒരു ജനപ്രതിനിധിക്ക് തോന്നുന്നതും, വർണാശ്രമ ധർമമാണ് മഹത്തരമെന്ന ചിന്താഗതിയാണ് അവരെ ഭരിക്കുന്നത് എന്നതുകൊണ്ടാണ്.


വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ ഹിന്ദുത്വ രാഷ്ട്ര ആഹ്വാനം നടത്തുന്ന ആർഎസ്എസ് സ്തുതിഗീതം കുട്ടികളെക്കൊണ്ട് പാടിച്ചതും ഇതേ ശക്തികളാണ്. പുരോഗമന കേരളത്തെ പിന്നോട്ടു വലിക്കുന്ന ഇത്തരം ചിന്താഗതികൾക്കെതിരെ കേരളത്തിലെ കമ്യൂണിസ്റ്റ് - പുരോഗമന പ്രസ്ഥാനങ്ങൾ ശക്തമായി നിലകൊള്ളും. വർണാശ്രമ ധർമത്തിൽ അധിഷ്ഠിതമായ സനാതനധർമത്തെയും അതിന്റെ പിന്തിരിപ്പത്വത്തെയും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കാനുള്ള ആശയപ്രചാരണം കൂടുതൽ ശക്‌തമാക്കാൻ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ രംഗത്തുവരും.



Home