കഥകളിയിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ; സാക്ഷിയായി മഞ്‌ജുവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2021, 09:56 AM | 0 min read

തൃശ്ശൂർ > പ്രായം സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയല്ലെന്ന് തെളിയിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ ഗിരിജ അരങ്ങേറ്റം കുറിച്ചു. അമ്മയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. ഒരു സ്വപ്ന സാക്ഷാത്കാരത്തിനാണ് പെരുവനം ക്ഷേത്രത്തില്‍ ഇന്നലെ ആട്ടവിളക്ക് തെളിഞ്ഞത്. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ മകള്‍ മഞ്ജു വാര്യര്‍ക്കും അത് അഭിമാന മുഹൂര്‍ത്തം.

കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠനമെന്ന് ഗിരിജ പറഞ്ഞു. മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്നും പ്രായം കാര്യമാക്കേണ്ടതില്ലെന്നും ഗിരിജ. വർഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാൽ പഠനം ബുദ്ധിമുട്ടായില്ല.

അണിയറയിലും അമ്മയ്ക്ക് കരുത്തു പകര്‍ന്ന് മഞ്ജു വാര്യര്‍ ഒപ്പമുണ്ടായിരുന്നു. എറണാകുളത്ത് നിന്ന് പെരുവനം ക്ഷേത്രത്തിൽ എത്തിയ അമ്മയെ ചമയങ്ങൾ അണിയിക്കുമ്പോഴും കൂടെ നിന്നു. അമ്മയുടെ നേട്ടത്തില്‍ ഏറെ അഭിമാനമെന്ന് മഞ്ജു പറഞ്ഞു. കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ക്ക് പ്രചോദനമായിരുന്ന അമ്മ ഗിരിജ രണ്ട് വര്‍ഷം മുന്‍പാണ് കഥകളി അഭ്യസിക്കാന്‍ തുടങ്ങിയത്.. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home