നിറക്കേടുകളിലേക്ക് ചൂണ്ടിയ ക്യാമറ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 03, 2016, 11:08 AM | 0 min read

നിറങ്ങളിലേക്കല്ല, ജീവിതത്തിന്റെ നിറക്കേടുകളിലേക്കാണ് സുനിലിന്റെ ക്യാമറ നോക്കുന്നത്. അതുകൊണ്ടുതന്നെ കാനന്‍ 6സി ക്യാമറയുടെ ഷട്ടര്‍തുറന്നടയുന്ന ഓരോ ഫ്രെയിമിലും പതിയുന്നത് വ്യത്യസ്ത ജീവിതചിത്രങ്ങള്‍. കൊടുങ്ങല്ലൂര്‍ ഇടവിലങ്ങ് സ്വദേശിയായ ഈ യുവ ഫോട്ടോഗ്രാഫര്‍ പത്തുവര്‍ഷത്തിലേറെയായി കൊടുങ്ങല്ലൂര്‍ ഭരണിയും തമിഴ്നാട് അളകനല്ലൂര്‍ ജെല്ലിക്കെട്ടും ക്യാമറയില്‍ പകര്‍ത്തുന്നു. ജെല്ലിക്കെട്ടില്‍ ചോരചിന്തുന്ന ഗ്രാമീണ കായികാവേശവും ഭരണിക്ക് കാവുതീണ്ടുന്ന അധഃസ്ഥിത, ഗോത്രജനതയുടെ തെറിപ്പും ജീവിതത്തിന്റെ നാനാര്‍ഥങ്ങളായും ആവര്‍ത്തനങ്ങളില്ലാത്ത അനുഭവമായും പതിയുന്നു സുനിലിന്റെ ഫ്രെയിമുകളില്‍.

തൃശൂര്‍ ഫൈനാര്‍ട്സ് സ്കൂളില്‍നിന്ന് ശില്‍പ്പകല പഠിച്ച കെ ആര്‍ സുനില്‍ യാദൃച്ഛികമായാണ് ഫോട്ടോഗ്രഫിയിലെത്തിയത്. കൊടുങ്ങല്ലൂരിലെ പ്രശസ്തനായ കൃഷ്ണകുമാര്‍ എന്ന ഫോട്ടോഗ്രാഫറുമായുള്ള അടുപ്പമാണ് അതിന് വഴിതുറന്നത്. അദ്ദേഹത്തിലൂടെ ഫോട്ടോഗ്രഫിയുടെ വ്യത്യസ്ത മേഖലകളിലേക്ക് യാത്രചെയ്യാനായത് ഫോട്ടോഗ്രഫിയില്‍ അഭിനിവേശം വളര്‍ത്തിയെന്ന് സുനില്‍. ചിത്ര–ശില്‍പ്പകല വശമുള്ളതുകൊണ്ടുകൂടിയാകണം ഫോട്ടോഗ്രഫിയെ കേവലം കാഴ്ച പകര്‍ത്തല്‍ എന്നതിനപ്പുറത്ത് മനസ്സിലാക്കാനും അഭ്യസിക്കാനും സുനിലിനു കഴിഞ്ഞത്.

ക്യാമറ ഉപയോഗിച്ചുള്ള ജീവിതപഠനത്തോടാണ് സുനിലിന് കമ്പം. കൊടുങ്ങല്ലൂര്‍ ഭരണിക്കായാലും ഭിന്ന ലൈംഗികത പുലര്‍ത്തുന്നവരുടെ വില്ലുപുരം കൂവകം ഉത്സവത്തിനായാലും ജെല്ലിക്കെട്ടിനായാലും അവയുടെ ഉപരിപ്ളവമായ നിറപ്പകിട്ടുകള്‍ക്കപ്പുറം തിളയ്ക്കുന്ന ജീവിതത്തിലേക്കാണ് സുനില്‍ ക്യാമറ ചൂണ്ടുന്നത്. വെളിച്ചത്തെ പകുത്ത് കാഴ്ചയിമ്പമുള്ള ഫ്രെയിമുകള്‍ തീര്‍ക്കുന്നതിനപ്പുറം അവിടങ്ങളില്‍ കെട്ടിയാടുന്ന ജീവിതങ്ങളുടെ താളവും താളക്കേടുകളുമാണ് അന്വേഷിക്കുന്നത്. അവിടെ സുനില്‍ സ്വയംമറന്ന് ചിത്രങ്ങള്‍ തിരയുന്നു. ഫ്രെയിമിലേക്ക് കയറിക്കൂടിയ ചിത്രങ്ങള്‍ പലതും നിര്‍വചിക്കാനാകാത്ത അര്‍ഥഭംഗികൂടി നേടുന്നു.

ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ ജലം ആധാരമായുള്ള ഈ വര്‍ഷത്തെ ഫോട്ടോസ്ഫിയര്‍ അവാര്‍ഡ് സുനിലിന്റെ ചിത്രപരമ്പരയ്ക്കാണ് ലഭിച്ചത്. പലപ്പോഴായി നാട്ടില്‍ പലയിടങ്ങളില്‍നിന്ന് പകര്‍ത്തിയിട്ടുള്ള കുളങ്ങളും ജലാശയങ്ങളുമടങ്ങുന്ന 12 ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഒരു കാലത്ത് ജനജീവിതത്തോടും സംസ്കാരത്തോടും ലയിച്ചുകിടന്നിരുന്ന നാട്ടിന്‍പുറങ്ങളിലെ കുളങ്ങള്‍ക്കും ചെറു ജലാശയങ്ങള്‍ക്കും കാലഗതിയിലുണ്ടായ പരിണതി ഈ ചിത്രങ്ങള്‍ കാണിച്ചുതരുന്നു. നാം പ്രകൃതിജീവനം കൈവിട്ടതിന്റെ അപകടങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു ഈ ചിത്രങ്ങളുടെ സവിശേഷ കോമ്പോസിഷന്‍. രാജ്യത്തെ പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാര്‍ അടങ്ങിയ ജൂറിയാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡിന് സുനിലിനെ നിര്‍ദേശിച്ചത്.

നിറങ്ങളോട് അകല്‍ച്ചയില്ലെങ്കിലും നിറങ്ങളുടെ പുറകെ പോകാത്ത ഫോട്ടോഗ്രാഫര്‍ എന്നാണ് സുനില്‍ സ്വയംവിലയിരുത്തുന്നത്. കറുപ്പും വെളുപ്പും ഫ്രെയിമുകളോട് പ്രത്യേക താല്‍പ്പര്യവുമുണ്ട്. യാത്രകളിലാണ് അധികസമയവും. ഗ്രാമീണ ഇന്ത്യയിലൂടെ ഏറെ യാത്രചെയ്തിട്ടുള്ള സുനില്‍ ഫോട്ടോഗ്രഫിയിലൂടെ അതിനാവശ്യമായ പണം കണ്ടെത്തുന്നു. ലോകോത്തര യാത്രാ മാഗസിനുകളില്‍ സുനിലിന്റെ ചിത്രങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കുന്നു. കൊച്ചിയിലും തൃശൂരും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പേജിലാണ് പതിവായി ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അരലക്ഷത്തോളം ഫോളോവേഴ്സ് സുനിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ ആസ്വദിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. പുതിയ യാത്രകളും പുതിയ കാഴ്ചകളുമാണ് എപ്പോഴും അന്വേഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home