അരങ്ങിലെ രാഷ്ട്രീയം പറഞ്ഞ് അമിത്ത്

ടി എസ് ശ്രുതി
Published on Mar 16, 2025, 08:38 AM | 3 min read
കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപം, നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ -ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങൾ മുഖമുദ്രയാക്കിയ കലാരൂപം. ഒരു കലയെ, കലാരൂപത്തെ ഏറ്റവും ഉപരിപ്ലവമായി മനസ്സിലാക്കുക, അതിന്റെ ചരിത്രത്തെ ബോധപൂർവം മറന്ന് സവർണ പരിവേഷം നൽകുക ഇതാണ് മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന് സംഭവിച്ചത്. എന്നാൽ സാമ്പ്രദായിക സൗന്ദര്യ ശരീര സങ്കൽപ്പങ്ങളെ ഭേദിച്ച് എല്ലാ ശരീരങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന നൃത്തരൂപമാണ് മോഹിനിയാട്ടമെന്ന് പുതിയകാലം നമ്മെ പഠിപ്പിക്കുന്നു. മായ്‌ക്കാൻ ശ്രമിക്കുന്ന ചരിത്രത്തെ തേടി ഒരാൾ പുറപ്പെടുന്നു.
അമിത്തിന് മോഹിനിയാട്ടം ഒരു സമരായുധമാണ്. നൃത്തം എന്ന വ്യവഹാരത്തെ സാധാരണ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് അമിത്ത് നടത്തുന്നത്. മോഹിനിയാട്ടം ഇപ്പോഴും അതീന്ദ്രിയവും ചരിത്ര ബാഹ്യവുമായ ലോകത്താണ്. രാഷ്ട്രീയമെന്ന് കേട്ടാൽ അവിടുള്ളവർ മുഖം ചുളിക്കും. ചരിത്രമെന്നാൽ അവർക്ക് ആർഷഭാരത ചരിത്രംമാത്രമാണ്. ചോദ്യം ചോദിക്കാൻ ആളുകളില്ല എന്നതിനാൽ ചരിത്രപരമായ അസംബന്ധങ്ങൾ, അതിഭൗതികതയിൽ പൊതിഞ്ഞ ഹിന്ദു കൾച്ചറൽ എക്സ്ട്രീമിസം എന്നിവ പുറത്തെടുക്കും. മുസ്ലിം, ദളിത്, ബഹുജൻ, മനുഷ്യരുടെ സംഭാവനകൾ മറച്ചുവയ്ക്കുകയും അവരെ അവഹേളിക്കുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കും. അരങ്ങിലെ രാഷ്‌ട്രീയത്തെയും അരങ്ങിനപ്പുറമുള്ള അന്വേഷണങ്ങളെയും കുറിച്ച് മോഹിനിയാട്ടം നർത്തകൻ അമിത്തിന് പറയാനുണ്ട്.
സമരായുധം
മോഹിനിയാട്ടമെന്ന നൃത്തരൂപത്തെ മനസ്സിലാക്കുന്നത് അമിത്തിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്‌ട്രീയ പ്രക്രിയയാണ്. അതിനാൽത്തന്നെ നൃത്തമെന്ന വ്യവഹാരത്തെ സാധാരണജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. മോഹിനിയാട്ടം ഒരു കിട്ടാക്കനിയല്ലെന്നും അവിടെ ശരീരത്തിന് അതിർത്തികൾ ഇല്ലെന്നുമാണ് ഓരോ അവതരണത്തിലൂടെയും അമിത് തെളിയിച്ചുകൊണ്ടിരിക്കുന്നത്. നൃത്തമേഖലയിലെ ജനാധിപത്യവിരുദ്ധമായ അധികാരബന്ധങ്ങൾ തകർക്കലാണ് ലക്ഷ്യം. പാട്ടുകൊണ്ട് കെട്ടുന്ന ചൂട്ട് പോലെ മോഹിനിയാട്ടത്തിലൂടെ മാനായും മയിലായും ആനയായും പക്ഷിയായും മത്സ്യമായും ചിത്രയായും മൂക്കുത്തി തിരയുന്ന കുറത്തിയായും മാറുന്നുണ്ട് അമിത്. മാന്ത്രികനെപ്പോലെ പല ശരീരങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്നതിലൂടെ ജാതി– വർണ– ലിംഗ ബോധത്തെയാണ് തകർക്കാൻ ശ്രമിക്കുന്നത്.
മോഹിനിയാട്ടംമാത്രം
ഗൗരവമായി മോഹിനിയാട്ടത്തെ കാണാൻ തുടങ്ങിയ കാലംമുതൽ ഇതാണ് ചെയ്യേണ്ടതെന്ന് ഉള്ളിൽ ഉറപ്പിച്ചു. അതിനാൽ തന്നെ മോഹിനിയാട്ടമല്ലാതെ വേറെ ഒരു നൃത്തരൂപവും ചെയ്യാൻ കഴിയില്ലെന്നാണ് അമിത്തിന്റെ അഭിപ്രായം. തന്റെ ശരീരത്തിന് സ്വാഭാവികമായി തോന്നുന്ന ചലനങ്ങൾ മോഹിനിയാട്ടത്തിൽ കണ്ടെത്തുകയും അതുമായി സ്വയം ബന്ധിപ്പിക്കുകയുമാണ്.
ആദ്യ അവതരണം
1913ൽ പ്രസിദ്ധീകരിക്കപ്പെട്ട ടാഗോറിന്റെ ചിത്ര എന്ന ഏകാംഗനാടകത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘ചിത്ര’ നൃത്തശിൽപ്പം ജനിക്കുന്നത്. ഋതുപർണഘോഷിന്റെ ചിത്രാംഗദ എന്ന ചലച്ചിത്രമുൾപ്പെടെ ചിത്രയുടെ പല പുനരാവിഷ്‌കാരങ്ങളും നൃത്തശിൽപ്പത്തിന് ആധാരമായിട്ടുണ്ട്. മഹാഭാരതകഥയെ അവലംബമാക്കി ടാഗോർ എഴുതിയ ചിത്രയിൽ ആൺ മക്കളില്ലാതിരുന്ന മണിപ്പുർ രാജാവിന്റെ ഏക പുത്രിയാണ് ചിത്ര. ആൺമക്കളില്ലാത്ത തന്റെ വംശത്തിൽ പുത്രിയെ പുത്രനായി അംഗീകരിച്ച് അക്കാലത്തെ പുരുഷോചിതമായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചു. ചിത്രാംഗദ യുദ്ധമുറകളിൽ അതിസമർഥയായിത്തീർന്നു. യാദൃച്ഛികമായി അർജുനനെ കാണാനിടവന്ന ചിത്രാംഗദ അയാളിൽ അനുരക്തയായി. എന്നാൽ യോദ്ധാവിന്റെ രൂപത്തിലുള്ള ചിത്രയുടെ പ്രണയം നിരസിക്കുകയായിരുന്നു അർജുനൻ. പിന്നീട് അവളിലെ സ്‌ത്രീരൂപം കാണുമ്പോൾ അർജുനൻ അനുരക്തനാവുകയും പ്രണയാഭ്യർഥനയും നടത്തുന്നു. ഈ സന്ദർഭത്തിൽ ചിത്രയിൽ രൂപപ്പെടുന്ന സംഘർഷങ്ങളിൽനിന്നാണ് അമിത്തിന്റെ നൃത്താവിഷ്കാരം ആരംഭിക്കുന്നത്. ഇതാണോ താൻ, എന്താണ് തന്റെ സ്വത്വമെന്ന ചോദ്യം അവളെ അലട്ടുന്നു. പ്രേക്ഷകർക്കുമുന്നിൽ അമിത്ത് ചോദിക്കുന്ന ചിത്രയുടെ രാഷ്‌ട്രീയം ഇതാണ്. ടാഗോറിന്റെ നാടകം അതേപടി അവതരിപ്പിക്കാതെ നാടകത്തിനകത്ത് പലയിടത്തായി ടാഗോർ പറയാതെ പറഞ്ഞ ബിംബങ്ങളെ അരങ്ങിലെത്തിക്കുകയാണ്. ചിത്രയ്ക്കുശേഷം "മൂക്കേൽ കിടന്നോരു മുക്കാണി, മൂക്കുത്തി എങ്ങനെ പോയിതെടീ കുറത്തിയെ എങ്ങോട്ട് പോയിതെടീ" തുടങ്ങി ശ്രദ്ധേയമായ പെർഫോമൻസുകൾ അവതരിപ്പിച്ചു.
അധ്യാപകർ
ഇരിങ്ങാലക്കുട നടന കൈരളിയിൽ നിർമല പണിക്കരുടെ അടുത്തുനിന്നാണ് മോഹിനിയാട്ടപഠനം ആരംഭിക്കുന്നത്. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ വിദ്യാർഥിയായിരുന്നു നിർമല പണിക്കർ. നിലവിൽ കലാമണ്ഡലം ചന്ദ്രികയാണ് അധ്യാപിക. കലാമണ്ഡലത്തിലെ ആദ്യകാല വിദ്യാർഥിയും പിന്നീട് കലാമണ്ഡലത്തിൽ അധ്യാപികയുമായിരുന്നു ചന്ദ്രിക.
വെല്ലുവിളി
ആധുനികതയ്ക്കുശേഷം മോഹിനിയാട്ടത്തെ സമൂഹം കണ്ടത് സ്‌ത്രീകളുടെ കല എന്ന നിലയ്ക്കാണ്. എന്തുകൊണ്ട് മോഹിനിയാട്ടം. എന്തുകൊണ്ട് ഭരതനാട്യം ചെയ്യുന്നില്ല എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെ എന്ത് വസ്‌ത്രം ധരിക്കും. നായികമാരുടെ ചില ഭാവങ്ങൾ എങ്ങനെ അവതരിപ്പിക്കും തുടങ്ങിയ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ട്. മോഹിനിയാട്ടത്തിന്റെ ചലനങ്ങളെ, ഉലയലുകളെ സ്‌ത്രീയുടെ ചലനങ്ങളോടും ഭാവങ്ങളോടും മാത്രം കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. ആൺ ശരീരത്തിൽ ആളുകൾ അത് കാണാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ സ്‌ത്രീകളുടെ കല എന്ന നിലയിൽ മോഹിനിയാട്ടം ലേബൽ ചെയ്യപ്പെട്ടതും ഒരു വെല്ലുവിളിയാണ്.
‘ക്ലാസിക്കൽ' തുരുത്ത്
‘ക്ലാസിക്കൽ' ആയി കഴിഞ്ഞാൽ കല ഒരു തുരുത്താണ്. പിന്നെ ചലനമില്ല. അതൊരു ബന്ധനമാണ്. കല ക്ലാസിക്കൽവൽക്കരിക്കുന്നതിനുമുമ്പുള്ള രൂപത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ആരും സംസാരിക്കാൻ മുതിരുന്നില്ല. അതിനാൽ മുദ്രയും അടവും രസവുമൊന്നുമല്ലാതെയുള്ള മോഹിനിയാട്ടത്തിന്റെ തുടക്കത്തിലേക്ക് മടങ്ങാം. ചർച്ചകൾ ആരംഭിക്കാം. മോഹിനിയാട്ടത്തിന്റെ ചരിത്രം, തത്ത്വചിന്ത എന്നിവയെക്കുറിച്ച് നാം ആലോചിക്കണം. വിമർശനങ്ങൾ വേണം. നൃത്തമേഖലയിലെ ജനാധിപത്യവിരുദ്ധമായ അധികാരബന്ധങ്ങൾ തകരണം. അമിത്ത് പറയുന്നു.
കലാകാരൻ എന്നനിലയിൽ
"കാലം ആവശ്യപ്പെടുന്ന ക്വാളിറ്റിയിൽ അഭിരമിക്കാതിരിക്കുക എന്നതാണ് ഒരു കലാകാരൻ എന്നനിലയിൽ അമിത്തിന്റെ താൽപ്പര്യം. വറ്റിപ്പോകാൻ ഇഷ്‌ടമില്ലാത്തതിനാലാണത്. തനിക്ക് ലതാമങ്കേഷ്‌കറോ യേശുദാസോ ആവേണ്ട. എൽ ആർ ഈശ്വരിയോ ഉഷ ഉതുപ്പോ ആയാൽ മതി. മറ്റേത് ചെടിക്കും. ഇത് വളരും– അമിത്ത് പറയുന്നു.









0 comments