ഗ്രാമ്പൂ കർഷകരെ ചതിച്ച്‌ ഇന്തോനേഷ്യയിലെ കാലം തെറ്റി മഴ

cloves
avatar
ടി എസ് ശ്രുതി

Published on May 03, 2025, 05:09 PM | 2 min read

"കുരുമുളക് കൊടികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കട്ടെടുക്കാനാവില്ലല്ലോ" എന്ന്‌ പറങ്കിയോട്‌ പറഞ്ഞ സാമൂതിരിയുടെ കഥ നമുക്കറിയാം. കേരളത്തിന്റെ കാലാവസ്ഥയിലുള്ള വിശ്വാസവും അഹങ്കാരവുമായിരുന്നു സാമൂതിരിയെകൊണ്ട്‌ അത്‌ പറയിപ്പിച്ചത്‌. ഒരു കാലത്ത്‌ ഇന്തോനേഷ്യയിലെ കിഴക്കൻ ദ്വീപായ ടെർനേറ്റിൽ തദ്ദേശവാസികളുടെ ഗ്രാമ്പൂ കൃഷി ഇല്ലാതാക്കാനും കൊളോണിയൽ ശക്തികൾ ശ്രമിച്ചിരുന്നതായി ചരിത്രത്തിൽ പറയുന്നുണ്ട്‌. വിലയേറിയ വിളയുടെ മേലുള്ള കുത്തക നിലനിർത്താൻ വേണ്ടിയായിരുന്നു അവർ അത്‌ ചെയ്‌തിരുന്നത്‌. അന്ന്‌ അവിടുത്തെ കർഷകർ ഇന്തോനേഷ്യയുടെ സവിശേഷമായ കാലാവസ്ഥയിൽ ഊറ്റം കൊണ്ടു. സാമൂതിരിയെപൊലെ കൊളോണിയൽ ശക്തികൾക്കു നേരെ നിലകൊണ്ട ടെർനേറ്റിലെ കർഷകർ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്തരവുകൾ ലംഘിച്ചുകൊണ്ട്‌ ഡച്ചുകാരുടെ കണ്ണിൽപ്പെടാതെ ഗ്രാമ്പൂ കൃഷി ചെയ്തിരുന്നു. ദ്വീപിലെ അന്നത്തെ അനുകൂല കാലാവസ്ഥയാണ് വിളയെ നിലനിർത്തിയത്. എന്നാൽ ഇന്ന്‌ കാലാവസ്ഥ വ്യതിയാനം മൂലം ഇവിടുത്തെ കർഷകർ വലയുകയാണ്‌.


clovesഇന്തോനേഷ്യയിലെ പ്രാചീന ഗ്രാമ്പൂ കർഷകർ


ഗ്രാമ്പൂവിന്‌ അതിന്റെ തനതായ സുഗന്ധവും രുചിയും ലഭിക്കണമെങ്കിൽ പൂമൊട്ടുകൾക്ക് പ്രത്യേക താപനിലയും ഈർപ്പവും ആവശ്യമാണ്‌. ഇന്തോനേഷ്യയിലെ മൗണ്ട് ഗമാലമ അഗ്നിപർവതത്തിന്റെ താഴ്‌വരയിൽ വസിക്കുന്ന ജൗഹർ എന്ന കർഷകൻ തന്റെ പ്രിയപ്പെട്ട ഗ്രാമ്പൂ വൃക്ഷത്തെക്കുറിച്ച്‌ അഭിമാനത്തോടെയാണ്‌ പറയുന്നത്‌. നല്ല സീസണിൽ ജൗഹറിന്‌ 30 കിലോഗ്രാം വരെ ഗ്രാമ്പൂ ലഭിച്ചിട്ടുണ്ട്‌. എന്നാൽ ഇന്ന്‌ മോശം കാലാവസ്ഥ ഉൽപാദനം ഗണ്യമായ അളവിൽ കുറയുന്നതിന്‌ കാരണമായി. ഇത്‌ കർഷകരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്‌. സാധാരണയായി ആഗസ്ത്‌, സെപ്‌തംബർ മാസങ്ങളിൽ വിളവ് കുറവ്‌ ലഭിക്കുന്നതിനാൽ പലരും മറ്റ് ജോലികളിലേയ്ക്ക്‌ തിരിയുകയാണ്‌. ഫുഡ്‌ ആൻഡ്‌ അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) കണക്കനുസരിച്ച്, ആഗോള ഗ്രാമ്പൂ ഉൽപാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ഇന്തോനേഷ്യയിലാണ്. ഉൽപാദനത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്‌.


clovesഗ്രാമ്പൂവിരിഞ്ഞത് (photo credit: വിക്കിപീഡിയ)


ഗ്രാമ്പൂ മരങ്ങൾ പാകമാകാൻ പത്തുവർഷത്തിലധികം എടുക്കും. കാലാവസ്ഥയെ വളരെയധികം ആശ്രയിച്ചാണ്‌ പൂക്കളുടെ പാകപ്പെടൽ. എന്നാൽ കൽക്കരി പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ആഗോള കാലാവസ്ഥാ ഗതിയെതന്നെ മാറ്റിമറിച്ചു. പൊതുവേ വരണ്ടകാലവസ്ഥയാണ്‌ ഇന്തോനേഷ്യയുടേത്‌. ചൂടുള്ള കാലാവസ്ഥ അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഈ ഇർപ്പം ഗ്രാമ്പൂവിന്റെ വളർച്ചയ്ക്ക്‌ പ്രധാനപ്പെട്ടതാണ്‌. എന്നാൽ കാലംതെറ്റിയുള്ള മഴ ഗ്രാമ്പൂ കൃഷിയെ പ്രതികൂലമായി ബാധിച്ചു. 62 വയസുള്ള ഗ്രാമ്പൂ കർഷകനായ ഇംബ പറയുന്നത്, ഗ്രാമ്പൂ ഉണങ്ങാൻ മുമ്പ് മൂന്നര ദിവസമെടുത്തിരുന്നു, എന്നാൽ "മഴ കാരണം" ഇപ്പോൾ കുറഞ്ഞത് അഞ്ച് ദിവസമെടുക്കുമെന്നാണ്. ഇദ്ദേഹത്തിന്‌ 70 മരങ്ങളാണുള്ളത്‌. കർഷകരുടെ നിരീക്ഷണങ്ങളെ ഗവേഷണങ്ങളും ശരിവയ്ക്കുന്നുണ്ട്‌.


clovesഗ്രാമ്പൂ ചെടികൾ


2023-ൽ ഇന്തോനേഷ്യയിലെ പാത്തിമുറ സർവകലാശാലയിലെ ഗവേഷകർ ടെർനേറ്റിന് തെക്കുള്ള ഹരുകു ദ്വീപിൽ ഗ്രാമ്പൂ വിളവ് കുറയുന്നതായി കണ്ടെത്തി. കഴിഞ്ഞ പത്ത്‌വർഷമായി ഇവിടെ മഴയുടെ അളവ് 15 ശതമാനം വർദ്ധിച്ചതായി ഗവേഷകർ പറഞ്ഞു. "ചൂട് കൂടുതലാണെങ്കിൽ വിള നല്ലതല്ല. മഴ കൂടുതലാണെങ്കിൽ വിളയില്ല. ഈ വർഷം മഴ കൂടുതലായിരുന്നു," വിതരണക്കാരനായ റുമെൻ ദി പറഞ്ഞു. കഴിഞ്ഞ വർഷം തുടക്കത്തിൽ കിലോഗ്രാമിന് 150,000 രൂപയായിരുന്ന വില. വിളവെടുപ്പ് സീസണിൽ 80,000 ആയി കുറഞ്ഞു, എന്നാൽ വിതരണം കുറഞ്ഞതിനാൽ ഇന്ന് അത് 115,000 ആയി ഉയർന്നു എന്നും അദ്ദേഹം പറയുന്നു. വിളയുള്ളപ്പോൾ വിലയില്ല, വിലയുള്ളപ്പോൾ ഗുണമേന്മയുള്ള വിളയില്ല എന്നതാണ്‌ കർഷകർ നേരിടുന്ന അവസ്ഥ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഉത്പാദനം 30 മുതൽ 40 ശതമാനം വരെ കുറഞ്ഞിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Home