പച്ചക്കറി കൃഷിയും കീട നിയന്ത്രണവും

മലപ്പട്ടം പ്രഭാകരൻ
Published on Feb 15, 2025, 10:52 PM | 2 min read
പച്ചക്കറികൃഷിക്ക് ഭീഷണിയായ കീടങ്ങളെ തടയാനും നശിപ്പിക്കാനും മിത്ര സൂക്ഷ്മാണുക്കളെ ഉപയോഗിക്കുകയെന്നതാണ് സുരക്ഷിതം. മിത്ര കുമിളിന്റെയോ ബാക്ടീരിയയുടെയോ മറ്റ് ചില സൂക്ഷ്മാണുക്കളെയോ ഇവയുടെ ജനിതക ഉൽപ്പന്നങ്ങളോ ജീനുകളോ ഉപയോഗിച്ചാണ് നിയന്ത്രിക്കുക. പ്രത്യേക സംവിധാനത്തിൽ വംശ വർധനവ് നടത്തി മണ്ണിലും ഇലയിലും തണ്ടിലും തളിച്ചോ ആണ് പ്രയോഗിക്കുന്നത്.
എതിർ ബാക്ടീരിയ ഇനത്തിൽ പ്രധാനപ്പെട്ടതാണ് സ്യൂഡൊമോണസ്, ഫ്യൂറസൻസ്, ബാസിലസ് സബ്ട്രിലിസ് എന്നിവ. ഇവ പുറപ്പെടുവിക്കുന്ന എൻസൈമുകൾ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ആവരണത്തെ അലിയിപ്പിക്കുകയും കോശങ്ങൾ നശിപ്പിക്കുകയുമാണ് ചെയ്യുക. ഇവ ഉൽപ്പാദിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകളും ഉപദ്രവ സൂക്ഷ്മാണുക്കളെ നശിപ്പിക്കും.
കുമിൾ രോഗങ്ങൾ
വിവിധ കുമിൾ രോഗങ്ങൾ പച്ചക്കറിയിൽ സാധാരണമാണ്. തൈചീയൽ, വേരുചീയൽ, വാട്ടരോഗം, ഇലപ്പൊട്ടുരോഗം, കരിമ്പിൽകേട് ഇങ്ങനെ പലതും. ഇവയെ നശിപ്പിക്കാൻ പറ്റിയ എതിർ കുമിളുകളാണ് ട്രൈക്കൊഡർമയും ഗ്ലയോക്കാഡിയയും. ഇവയ്ക്ക് ജൈവവള സാന്നിധ്യമുള്ള മണ്ണിൽ പെട്ടെന്ന് പെറ്റുപെരുകി പച്ചക്കറിയിലെ ശത്രുകീടത്തെ ആക്രമിക്കനാകും. മിത്രകീടത്തിന്റെ രോഗാണുക്കളോ തന്തുക്കളോ ശത്രുകീടത്തിന്റെ ഉള്ളിലേക്ക് തുരന്ന് കയറിയും ആഹാരത്തിലൂടെ അകത്തുചെന്നും ഉപദ്രവ കീടങ്ങളെ കൊന്നു നശിപ്പിക്കുന്നു.
പച്ചക്കറിക്ക് പുറമേ, വാഴയ്ക്കും പ്രയോഗിക്കാം. ന്യൂഡോമോണസ്, ട്രൈക്കോഡർമ, ബ്യുവേറിയ, മറ്റാറൈസിയം, വർട്ടിസീലിയം ലക്കാനി, പ്യൂസേറിയം, പെനീസീലിയം തുടങ്ങിയവ വിപണിയിൽ ലഭ്യമാണ്. മിത്രവൈറസുകൾ വേറെയുണ്ട്. ഇവ ന്യൂക്ലിയർ പോളി ഹൈഡ്രോ വൈറസുകളാണ്. ഇത് ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകൾ വിവിധ അവയവങ്ങളിൽ കടന്നുകയറി അവയെ നശിപ്പിക്കും. ഇല തിന്നുന്ന പ്രാണികൾ, തണ്ടുതുരപ്പൻ പുഴു, കായതുരപ്പൻ പുഴ എന്നിവയെ ഇവ നശിപ്പിക്കും.
പ്രയോഗരീതി
ഒരു ലിറ്റർ വെള്ളത്തിൽ സ്യൂഡൊമോണസ് 20 ഗ്രാം കലർത്തി നടുന്ന സമയത്ത് വിത്തിൽ പുരട്ടിയും തുടർന്ന് ചെടിയിൽ തളിച്ചും മണ്ണിൽ ഒഴിച്ചുകൊടുത്തും ഉപയോഗിക്കാം. ട്രൈക്കൊഡർമയെ ജൈവവളക്കൂട്ടിൽ വളർത്തിയെടുത്ത് മണ്ണിൽ ചേർക്കാം. ഉണങ്ങിയ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും 9:1 എന്ന അനുപാതത്തിൽ (90 കിലോഗ്രാം ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്കും) എടുത്ത് കുഴച്ച്, തണലിൽ തറയിൽ 20 സെന്റീമീറ്റർ കട്ടിയിൽ ബെഡ് പോലെ വിരിക്കുക.
ഇതിൽ 1 കിലോഗ്രാം ട്രൈക്കോഡർമ പൊടി വിതറിയശേഷം ഇളക്കുക. നേരിയ നനവ് കൊടുക്കണം. ഇത് ഇളക്കിച്ചേർത്ത് കൂനകൂട്ടി വയ്ക്കുക. തുടർന്ന് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കുക. 5 ദിവസം കഴിഞ്ഞ് ഇളക്കി ഈർപ്പ സാന്നിധ്യം ഉറപ്പാക്കിയശേഷം 2 ദിവസം കൂടി മൂടി വയ്ക്കുക. ഇതാണ് മിത്ര കുമിൾ. ഇത് ചെടിയുടെ ചുവട്ടിലെ മണ്ണിൽ ചേർക്കാം.









0 comments