കേരളത്തിന്റെ ചക്കമാഹാത്മ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2018, 09:17 AM | 0 min read

മാമ്പഴക്കാലംപോലെ അവധിക്കാലം ചക്കയുടെ കാലംകൂടിയാണ്. ചക്കയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞുതുടങ്ങുന്നേയുള്ളൂ. അലസമായി ഉപേക്ഷിക്കുന്ന ചക്കയുടെ ഗുണം അറിഞ്ഞാൽ നാം അമ്പരന്നുപോകും. വിശപ്പ് ശമിപ്പിക്കാനും  ശരീരത്തെ ആരോഗ്യത്തോടെ കാത്തുരക്ഷിക്കാനും ചക്കപോലെ ഫലപ്രദമായ മറ്റൊരു ഫലമില്ല.
അരിയും പച്ചക്കറിയും കിട്ടാതെ വന്നാലും വളരെനാൾ ജീവിച്ച് പോകാൻ ചക്ക ധാരാളം. അത്രയധികം ധാതുക്കളും വിറ്റാമിനുകളും അതിൽ അടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള മറ്റൊരുഫലം ലോകത്തില്ല. പത്ത് ചക്കച്ചുള കഴിച്ചാൽ ഒരു ദിവസം മറ്റൊന്നും കഴിക്കേണ്ട. ജീവൻ നിലനിർത്താൻ ഇത് മാത്രംമതി. പഴുത്ത ചക്കയാണെങ്കിൽ നിരവധി ഗുണങ്ങൾ വേറെ. ചക്കയെക്കുറിച്ച് കൂടുതൽ അറിയാം.

ചക്ക വന്ന വഴി
ആർട്ടോ കാർപ്പസ് ഹെറ്റേറോഫില്ലസ് (Artocarpus hetcrophylluslem)  എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. സംസ്കൃതത്തിൽ പനസി എന്നുപറയും. ജന്മദേശം ഇന്ത്യയാണ്. മെറാസിയെ (ങീൃമരമല) കുടുംബത്തിൽപെട്ടതാണ്. ജാക്ക എന്ന പോർച്ചുഗീസ് പദത്തിൽനിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അർഥത്തിൽ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി.
ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.



ബംഗ്ലാദേശിന്റെ ദേശീയവൃക്ഷം
ചക്കയുടെ ജന്മദേശം ഇന്ത്യ ആണെങ്കിലും പ്ലാവിനെ ദേശീയ വൃക്ഷമായി അംഗീകരിച്ചിട്ടുള്ളത് ബംഗ്ലാദേശാണ്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുന്നു. ചക്ക ഉൽപാദിപ്പിക്കുന്നതിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യയാണുള്ളത്; ഒരു കോടി ടൺ.

പരിസ്ഥിതി സൗഹൃദവൃക്ഷം
പരിസ്ഥിതി സൗഹൃദത്തിൽ മറ്റേതു വൃക്ഷത്തേക്കാളും മുമ്പിലാണ് പ്ലാവിന്റെ സ്ഥാനം. ഏറ്റവും കുറച്ച് ജലം വലിച്ചെടുക്കുന്നതും തൊട്ടടുത്തുള്ള ചെടിയുടെ പോഷകഗുണം വേരിലൂടെ വലിച്ചെടുക്കാത്തതുമായ സസ്യമാണ് പ്ലാവ്. എത്ര കനത്ത ചൂടും പ്ലാവ് അതിജീവിക്കുമെന്നതും ഇതിന്റെ ഗുണമാണ്. നീർത്തട സംരക്ഷണം, തണൽ, ശുദ്ധവായു, വളം, വിറക്, തടി, ഭക്ഷണം ഇങ്ങനെ എല്ലാം നൽകുന്ന മറ്റേതു വൃക്ഷമുണ്ട്  നമുക്ക്!

കേരളത്തിൽ 38.4 കോടി ചക്ക
കേരളത്തിൽ ഏകദേശം 2,80,000 പ്ലാവുകൾ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 90,000ഹെക്ടർ പ്രദേശങ്ങളിലായി നിൽക്കുന്നു. ഈ പ്ലാവുകളിൽനിന്ന് ഏകദേശം 38.4 കോടി ചക്ക ലഭിക്കുന്നതായും സർക്കാറിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു. ഇവയിൽ ഉപയോഗിക്കുന്നത് 25ശതമാനം മാത്രമാണത്. അതായത് 28.8 കോടിയോളം ചക്ക ആരാലും ഉപയോഗിക്കാതെ നശിച്ചുപോകുന്നു. ഇതുവഴി സംസ്ഥാനത്തിന് നഷ്ടമാവുന്നത് കോടിക്കണക്കിന് രൂപയുമാണ്.

പാവങ്ങളുടെ ഭക്ഷണം
പഴുക്കാത്ത ചക്ക പച്ചക്കറിയായും പഴുത്ത ചക്ക നേരിട്ട് കഴിക്കാനും ഉപയോഗിക്കാറുണ്ട്. വറുതിക്കാലമായ മഴക്കാലത്ത് ധാരാളമായി ചക്ക കിട്ടുമെന്നതിനാൽ പാവപ്പെട്ടവർ കൂടുതലായും ചക്കയെ ആശ്രയിച്ചിരുന്നതാണ് ഇങ്ങനെയൊരു വിശേഷണം വരാൻ കാരണം.
ചക്കയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചങ്കിണി, ചക്കക്കുരു തുടങ്ങി എല്ലാം രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ ഉപകരിക്കുന്നു. പോഷകമൂല്യം ഏറെയുള്ള ചക്കപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ, ലവണങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിനുകളായ കരോട്ടിൻ, അസ്കോർബിക് ആസിഡ്എന്നിവ അടങ്ങിയിരിക്കുന്നു.

പ്ലാവില
പ്ലാവിലയിൽ കഞ്ഞി കോരിക്കുടിച്ച കാലമുണ്ടായിരുന്നു നമ്മുടെ പൂർവികർക്ക്. ഇങ്ങനെ കഞ്ഞികുടിക്കുന്നതുവഴി വായിലെയും വയറ്റിലെയും അൾസർ ശമിക്കുമത്രേ. പ്ലാവിലഞെട്ടിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കുട്ടികളുടെ പനി മാറും. പ്ലാവില കത്തിച്ച് കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങുമത്രേ. പ്ലാവില കഴിക്കുന്ന ആടിന്റെ പാൽ കുടിക്കുന്നതുവഴി അപാരമായ പ്രതിരോധശേഷിയുണ്ടാകും.

ഔഷധമൂല്യം
പച്ചച്ചക്ക സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കുറയും. പ്രമേഹം വന്നവർ പച്ചച്ചക്ക മൂന്നുനേരവും കഴിക്കുകയാണെങ്കിൽ പ്രമേഹത്തിന്റെ അളവ് കുറയുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചക്കപ്പഴത്തിലെ വിറ്റാമിൻ ബി 6 ഹൃദയത്തിന് സംരക്ഷണം നൽകും. സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നത് മൂലം ഉയർന്ന രക്തസമ്മർദം കുറയും. ഇതുവഴി പക്ഷാഘാതം വരാനുള്ള സാധ്യത 90ശതമാനം കുറയും. ഇതിലടങ്ങിയ പൊട്ടാസ്യം എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും ഗുണകരമാവും.


 



deshabhimani section

Related News

View More
0 comments
Sort by

Home