വാഴയിലെ മഴക്കാല രോഗങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2016, 08:57 AM | 0 min read

വാഴയ്ക്ക് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണ്. വിവിധയിനം കുമിള്‍രോഗങ്ങളാണ് കൂടുതലായി ഈ സമയം പടര്‍ന്നുപിടിക്കുക. അന്തരീക്ഷത്തിലെ ആര്‍ദ്രത, ഇളം കാറ്റും മഴച്ചാറലുകളുമെല്ലാം ഈ കുമിളുകളുടെ വളര്‍ച്ചയ്ക്കും വ്യാപാനത്തിനും ഏറെ അനുകൂലസാഹചര്യങ്ങളാണ്. അതുകൊണ്ട് ശ്രദ്ധയോടെയുള്ള പരിചരണവും രോഗപ്രതിരോധ നിര്‍മാര്‍ജന നടപടികളും സ്വീകരിക്കണം. പ്രധാന രോഗങ്ങളും ലക്ഷണങ്ങളും പ്രതിവിധികളും ഇനിപറയുന്നു.

സിഗാട്ടോക
ലക്ഷണം: ഇലകളുടെ മുകള്‍ഭാഗത്ത് ഇളം മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ ചെറുപുള്ളികളായാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് അത് വലുതായി നടുഭാഗം ചാരനിറത്തിലും ചുറ്റും തവിട്ടുനിറമാവുകയും ചെയ്യും. ക്രമേണ ഇല കരിഞ്ഞ് നശിക്കുകയും ചെയ്യും. കുലയ്ക്കാറായതോ കുലവന്ന ഉടനെയാണെങ്കില്‍ കുല മൂപ്പെത്തുംമുമ്പൊ പഴുത്ത് ഉപയോഗയോഗമല്ലാതാകും.

കോര്‍ഡാന
മഴക്കാലത്തെ മറ്റൊരു പ്രധാന രോഗമാണിത്. ഇലയെയാണ് ബാധിക്കുക. ഇലകളുടെ പുറത്ത് കണ്ണിന്റെ ആകൃതിയിലും കാപ്പിനിറത്തിലും ഉണ്ടാകുന്ന പാടുകളാണ് ലക്ഷണം. ഇത്തരം പാടുകള്‍ ക്രമേണ യോജിച്ച് ഇല മുഴുവന്‍ കരിയും.

ഇലപുള്ളിരോഗം (കറുത്തത്)
രോഗം ബാധിച്ചാല്‍ ഇലകളുടെ അരികില്‍നിന്നു മുകളിലേക്ക് കരിയും. ഇവയുടെ ചുറ്റും മഞ്ഞനിറത്തിലുള്ള വരകളും ഉണ്ടാകും. രോഗം വ്യാപിച്ചാല്‍ ഇല ഒടിഞ്ഞുതൂങ്ങി നശിക്കും.

പനാമ വാട്ടം
ഇതും ഒരുതരം കുമിള്‍രോഗമാണ്. ഇവയുടെ കുമിള്‍ മണ്ണിലാണ് താമസം. ഈ കുമിള്‍ വേരിലൂടെ മാണത്തിലെത്തും. അവിടെനിന്ന് വെള്ളം ആഗീരണംചെയ്യുന്ന കുഴലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൂടാതെ വാഴത്തടകളില്‍ അവിടവിടെ വിള്ളലുണ്ടാകും. രോഗം മൂര്‍ച്ഛിച്ചാല്‍ വാഴ കടപുഴകിവീണ് നശിക്കും.

ആന്ത്രാക്നോസ് (കരിങ്കുലരോഗം)
ഇതും കുമിള്‍രോഗമാണ്. കായയെയാണ് ബാധിക്കുക. കുലകള്‍ കറുത്ത് ചുക്കിച്ചുളിഞ്ഞ് കായ്കളുള്ളതാവും. പഴുത്ത കായയുടെ പുറത്ത് കടുംതവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവും. പഴം കേടായി പെട്ടെന്നു നശിക്കും.

നിയന്ത്രണ നടപടികള്‍
1. മേല്‍പ്പറഞ്ഞ രോഗങ്ങളെല്ലാം വിവിധ കുമിളുകള്‍വഴിയാണ്  ഉണ്ടാവുന്നത്. ഫലപ്രദമായ കുമിള്‍നാശിനി യഥാസമയംതന്നെ തളിക്കണം. തുരിശും നീറ്റുകക്കയും ചേര്‍ത്ത ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം രോഗം വന്ന വാഴയ്ക്കും തോട്ടത്തിലെ മറ്റ് മുഴുവന്‍ വാഴയ്ക്കും പ്രതിരോധമായും തളിക്കുക.
2. ഇലപ്പുള്ളിരോഗം ഒരുപരിധിവരെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുക (ഉദാ: നേന്ത്രന്‍ ഇനങ്ങളിലെ ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍,മറ്റിനങ്ങളില്‍ സന്നചെങ്കറുളി, ദുല്‍സാഗര്‍ പിസാങ്ക് ലിലിന്‍ എന്നിവ).
3. നടുമ്പോള്‍ കൂടുതല്‍ അകലംനല്‍കി നടുക.
4. ആവശ്യത്തിലധികം മുളച്ചുവരുന്ന കന്നുകള്‍ നശിപ്പിക്കുക.
5. രോഗലക്ഷണം ആദ്യംതന്നെ കാണുന്നമാത്രയില്‍ താഴത്തെ ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റണം.
6. രോഗംകാണുന്ന തോട്ടത്തില്‍ ചുവടിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കുക.
7. തോട്ടത്തില്‍ നീര്‍വാര്‍ച്ചാ
  സൌകര്യം ഉണ്ടാക്കുക.
8. ജൈവ കുമിള്‍നാശിനികളായ സ്യൂഡോമോണസ് ഫ്ളൂറസന്‍സ്, ബാസില്ലസ് സബ്റ്റിലിസ് എന്നിവ തളിക്കുക.
9. രാസവസ്തുവായ 'മങ്കൊസബ്' മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. രാസകുമിള്‍നാശിനിയും ജൈവ കുമിള്‍നാശിനിയും ഒന്നിച്ചുചേര്‍ത്ത് തളിക്കരുത്.
10. ഇലകളുടെ രണ്ടുപുറവും തളിക്കുക.
11. മഴക്കാലത്ത് പശ ചേര്‍ത്ത് കുമിള്‍നാശിനി തളിക്കുക. ഇലയില്‍ ഒട്ടിപ്പിടിച്ചിരിക്കും.
12. കുമിള്‍നാശിനി മൂന്നാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക.
13. വാഴ നടുമ്പോഴും ജൈവവളം ചേര്‍ക്കുമ്പോഴും ട്രൈക്കോഡര്‍മായുമായി കലര്‍ത്തി ഉപയോഗിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home