യമനില്‍ ബോംബുവര്‍ഷം

yeman

പ്രതീകാത്മക ചിത്രം

avatar
അനസ് യാസിന്‍

Published on May 07, 2025, 03:32 AM | 1 min read

മനാമ : ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി യമനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. ചൊവ്വാഴ്ച സന അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ യാത്രാ വിമാനങ്ങൾക്കും പാസഞ്ചർ ടെർമിനലും സാരമായ കേടുപാടുണ്ടായി. ഹാസിസിലെ സെൻട്രൽ ഇലക്ട്രിസിറ്റി സ്റ്റേഷൻ, ദഹ്ബാനിലെ സെൻട്രൽ ഇലക്ട്രിസിറ്റി സ്റ്റേഷൻ, അത്താൻ പ്രദേശം എന്നിവയിലേക്കും ആക്രമണമുണ്ടായി. സന വിമാനത്താവള ആക്രമണത്തിന് മുമ്പ്, പരിസരവാസികൾക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കൾ രാത്രി അമേരിക്കയും ഇസ്രയേലും ചെങ്കടൽ തുറമുഖ നഗരമായ ഹൊദെയ്ദയിലേക്ക്‌ രൂക്ഷമായ ആക്രമണം നടത്തിയതിൽ നാലുപേർ കൊല്ലപ്പെട്ടു. 39 പേർക്ക് പരിക്കേറ്റു.


30 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ ആക്രമണം. ഹൊദെയ്ദയിൽ മാത്രം 50 ബോംബിട്ടു. ഹൊദെയ്‌ദയിലെ അന്താരാഷ്ട്ര വിമാനത്താവളം, സിമന്റ് ഫാക്ടറി, ജനവാസ മേഖലകൾ എന്നിവിടങ്ങളും ആക്രമിക്കപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികളും തൊട്ടടുത്തുള്ള ബാജിൽ ജില്ലയിലെ താമസക്കാരുമാണ്‌ കൊല്ലപ്പെട്ടത്‌. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ, ചരക്ക് കൈകാര്യം ചെയ്യൽ സൗകര്യങ്ങൾ എന്നിവയ്ക്ക് സാരമായ കേടുപാടുണ്ടായി. ഇസ്രയേലിനെതിരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് നൽകിയതെന്ന്‌ ഇസ്രയേൽ സൈന്യം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home