റഷ്യയുടെ എണ്ണ വാങ്ങരുത്
ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്‌വ്യവസ്ഥ തകർക്കുമെന്ന് യു എസ് സെനറ്റർ

വാഷിങ്ടൺ: ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥ തകർക്കുമെന്ന് ഭീഷണിയുമായി യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരെയാണ് ഭീഷണി .
"റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് താരിഫ് ചുമത്താൻ പോകുന്നു. യുക്രൈൻ-റഷ്യ യുദ്ധം തുടരാൻ അനുവദിച്ചുകൊണ്ട് എണ്ണ വാങ്ങുന്നത് തുടരുകയാണ്. റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ഈ മൂന്ന് രാജ്യങ്ങളാണ് വാങ്ങുന്നത്. ഇതാണ് റഷ്യയുടെ യുദ്ധയന്ത്രത്തെ സഹായിക്കുന്നത്. ഞങ്ങൾ നിങ്ങളെ നിലംപരിശാക്കുകയും നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രഹാമിന്റെ വാക്കുകൾ.
നേരത്തെ, ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽനിന്നുള്ള ചരക്കുകൾക്ക് 500 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിച്ചതും ലിൻഡ്‌സെ ഗ്രഹാം ആയിരുന്നു. ഇറാനെ കൈകാര്യം ചെയ്തതിനുശേഷം പുടിന്റെ ഊഴം വന്നിരിക്കയാണെന്നും അവകാശപ്പെട്ടിരുന്നു.
ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഈ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും നാറ്റോ സെക്രട്ടറി ജനറൽ റൂടെയും മുന്നറിയിപ്പ് നൽകിയിരുന്നു. "നിങ്ങൾ ചൈനയുടെ പ്രസിഡന്റോ, ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ബ്രസീൽ പ്രസിഡന്റോ ആയിക്കോട്ടെ, റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്യുകയാണെങ്കിൽ മോസ്കോയിലെ ആൾ പറയുന്ന കാര്യങ്ങളെ ഗൗരവമായി എടുത്തില്ലെങ്കിൽ 100 ശതമാനം ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തും എന്നായിരുന്നു വാക്കുകൾ.
ട്രംപ് ആവർത്തിച്ച ഭീഷണി
റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിൽ യുഎസ് സെനറ്റർമാരിൽ ബഹുഭൂരിപക്ഷവും - 100 ൽ 85 പേരും - റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന നിയമനിർമ്മാണത്തെ പിന്തുണയ്ക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയും ചൈനയും തുർക്കിയും റഷ്യയുടെ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ ഭാഗം വാങ്ങുന്ന രാജ്യങ്ങളാണ്. ട്രംപ് ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ പ്രത്യേകിച്ച് ഇന്ത്യയ്ക്ക് -ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറയുന്നു. ആഗോള വിലകൾ ഇതിനകം അസ്ഥിരമായിരിക്കുന്ന സമയത്താണ് അമേരിക്കയുടെ ഈ നീക്കം. എന്നാൽ ഇത് മുന്നിൽ കണ്ട് അമേരിക്കൻ ഉപരോധത്തോടെ വില കുറഞ്ഞ റഷ്യൻ എണ്ണ പരമാവധി സംഭരിക്കുക എന്ന തന്ത്രമാണ് ഇന്ത്യ പ്രയോഗിച്ചത്.









0 comments