ലാബ് ലീക്ക് തിയറി പുതുക്കി: ചൈനക്കെതിരെ സൈബർ പോർമുഖം തുറന്ന് വൈറ്റ് ഹൌസ്


എൻ എ ബക്കർ
Published on Apr 19, 2025, 02:34 PM | 3 min read
വ്യാപാര യുദ്ധത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെ ചൈനയെ ഒതുക്കാൻ നിർവ്വാഹമില്ലാതെ മറുവഴി തേടി ട്രംപ് ഭരണകൂടം. കോവിഡ് മഹാമാരിക്ക് ഇടയാക്കിയത് പരീക്ഷണശാലയിൽ നിന്നും പുറത്തെത്തിയ വൈറസാണെന്ന് ആരോപിക്കുന്ന https://www.whitehouse.gov വെബ്‌സൈറ്റ് വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കി. വിവാദ സിദ്ധാന്തം രൂപപ്പെടുത്തുകയും, പാൻഡെമിക്കിന്റെ "യഥാർത്ഥ ഉത്ഭവം" എന്നപേരിൽ പ്രചാരണത്തിനായി ഉപയോഗിക്കയും ചെയ്യുന്ന പേജ് പുതുക്കി.
ഇടക്കാലത്ത് വാക്സിൻ പ്രോത്സാഹിപ്പിക്കുന്നതിലും പരിശോധനാ വിവരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന Covid.gov വെബ്‌സൈറ്റിന്റെ രൂപഘടന തന്നെയും മാറ്റി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു മുഴുനീള ചിത്രം ഉൾപ്പെടുത്തി. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ നടപ്പിലാക്കിയ പാൻഡെമിക് നയങ്ങളെ സൈറ്റ് കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നു.
കോവിഡ്-19 സ്വാഭാവികമായി ഉത്ഭവിച്ചതാണെന്ന നിമഗമനം പങ്കുവെച്ച ബൈഡന്റെ മുൻ ചീഫ് മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗസിയെയും സൈറ്റ് ലക്ഷ്യമിടുന്നു. രൂക്ഷമായ വിമർശനമാണ് മുൻഗാമികൾക്കെതിരെ. ലാബ് ചോർച്ച സിദ്ധാന്തം ലോകാരോഗ്യ സംഘടന തന്നെ തള്ളിക്കളഞ്ഞതാണ്. ബൈഡൻ ഭരണ കൂടവും ഇത് പിന്നീട് തള്ളി.
ഡബ്ല്യൂ എച്ച് ഒ മഹാമാരികൾ നേരിടുന്നതിനായി രൂപപ്പെടുത്തിയ രാജ്യാന്തര ഉടമ്പടിയിൽ നിന്നും യു എസ് ഭരണകൂടെ വിട്ട് നിന്നിരുന്നു. ഏപ്രിൽ 12 ന് ഇതിന്റെ കരട് അംഗീകരിച്ച ഉടമ്പടിയിലും ഒപ്പുവെച്ചില്ല. പൊതുജന ആരോഗ്യ ഏജൻസികൾ പിരിച്ചുവിടാൻ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൌസ് പോർട്ടലിലെ മാറ്റങ്ങൾ.
ട്രംപിന്റെ ചിത്രം വെച്ച് 5 ബുള്ളറ്റ് പോയിന്റുകൾ
ലാബ് ചോർച്ച സിദ്ധാന്തത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അഞ്ച് ബുള്ളറ്റ് പോയിന്റുകൾ സൈറ്റിൽ പ്രത്യേകമായി ചേർത്തിട്ടുണ്ട്. ആദ്യത്തെ അറിയപ്പെടുന്ന കൊറോണ വൈറസ് കേസിന്റെ സ്ഥലമായ വുഹാൻ എന്നത് ചൈനയുടെ "മുൻനിര SARS ഗവേഷണ ലാബിന്റെ" ആസ്ഥാനവുമാണ്. "അപര്യാപ്തമായ ജൈവ സുരക്ഷാ തലങ്ങളിൽ" ഗവേഷണം നടത്തിയ ചരിത്രമുള്ള ലബോറട്ടറിയാണ് എന്നൊക്കെയാണ് പ്രചാരണം.
"ശാസ്ത്രത്തിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച്, പ്രകൃതിദത്ത ഉത്ഭവത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ അത് ഇതിനകം തന്നെ പുറത്തുവന്നേനെ. പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല," എന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
സിഐഎയും ഫെഡറൽ ഏജൻസികളും തള്ളിയ വാദം തിരിച്ചെടുത്തു
ഈ വർഷം ആദ്യം തന്നെ അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക നിലപാട് മാറ്റിയിരുന്നു. മൃഗങ്ങളിൽ നിന്നുള്ള പകരുന്നതിനേക്കാൾ ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാനാണ് സാധ്യതയെന്ന് പറഞ്ഞു തുടങ്ങി. പുതിയതായി എന്തെങ്കിലും പഠനത്തിന്റെയോ കണ്ടെത്തലിന്റെയോ അടിസ്ഥാനത്തിലായരുന്നില്ല. കേവലം ഭരണ മാറ്റം മാത്രമായിരുന്നു പറച്ചിലിന് പിന്നിൽ.
ഇതിന് പിന്നാലെ, കോവിഡ്-19 "ഉത്ഭവം കണ്ടെത്തൽ എന്ന വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും ഉപകരണവൽക്കരിക്കുന്നതും നിർത്താൻ" ബീജിംഗ് അമേരിക്കയോട് ആവശ്യപ്പെട്ട സാഹചര്യം ഉണ്ടായി.
കോവിഡ് -19 നെക്കുറിച്ചുള്ള പുതിയ രാഷ്ട്രീയ വിവരണം പുനർനിർവചിക്കാൻ ലക്ഷ്യം വെച്ചുള്ള സൈറ്റ് വുഹാന്റെ ഭൂപടവും പ്രദർശിപ്പിച്ച് അതുവഴി ഉൽഭവം സംബന്ധിച്ച പുതിയ മിത്തിനെ സ്ഥാപിക്കാൻ ശ്രമിക്കയാണ്.
2020 ൽ മഹാമാരിയുടെ തുടക്കത്തിൽ പ്രതിരോധത്തിനായി ലോകം മുഴുവൻ സ്വീകരച്ച മുഖംമൂടി, സാമൂഹിക അകലം പാലിക്കൽ എന്നീ സുരക്ഷാ നിർദ്ദേശങ്ങളെ ബൈഡൻ കാലം മുതൽ ട്രംപ് വിമർശിക്കുന്നുമുണ്ട്. "കോവിഡ് -19 തെറ്റായ വിവരങ്ങൾ" എന്ന തലക്കെട്ടിൽ വെബ്സൈറ്റ് മുൻ ഭരണ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.
യാഥാസ്ഥിതികളെ അംഗീകരിച്ചില്ലെന്ന് പരിഭവം
പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ "ബദൽ ചികിത്സകളെ" പൈശാചികവൽക്കരിച്ചു എന്നാണ് ഒരാരോപണം. പാൻഡെമിക്കിനെക്കുറിച്ചുള്ള “വിയോജിപ്പുള്ള വീക്ഷണങ്ങൾ” സെൻസർ ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികളുമായി കൂട്ടുകൂടുകയും ചെയ്തതായും കുറ്റപ്പെടുത്തുന്നു. യാഥാസ്ഥിതിക വീക്ഷണങ്ങളെ അടിച്ചമർത്തുകയോ സെൻസർ ചെയ്യുകയോ ആണെന്ന ആരോപണം ബൈഡൻ ഭരണകൂടത്തിനെതിരെ മുമ്പ് ട്രംപ് പക്ഷം ഉന്നയിച്ചിരുന്നതാണ്.
ട്രംപ് ഭരണകൂടം 10,000 ജോലികൾ വെട്ടിക്കുറയ്ക്കുന്ന പുനഃസംഘടനയ്ക്ക് ആരോഗ്യ രംഗത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ഈ മാസം ആദ്യം പ്രധാന യു.എസ്. ആരോഗ്യ ഏജൻസികളിൽ പിരിച്ചുവിടലുകൾ ആരംഭിച്ചു. വാക്സിനുകളുടെ പ്രാധാന്യം കുറയ്ക്കണം എന്നാവശ്യപ്പെട്ട ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറാണ് പുതിയ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. യു എസ് ആരോഗ്യ ഏജൻസികൾ പിരിച്ചു വിടാനും 10,000 തസ്തികകൾ വെട്ടികുറയ്ക്കാനുമുള്ള തീരുമാനത്തിനെതിരെ ഇദ്ദേഹം വിമർശനം നേരിട്ടിരുന്നു. കോവിഡും അനുബന്ധ രോഗങ്ങളിലുമായി അമേരിക്കയിൽ പത്ത് ലക്ഷത്തിൽ അധികം പേർ മരിച്ചു എന്നാണ് കണക്ക്.
ലാബ് ലീക്ക് തിയറി സി ഐ എ നേരത്തെ തെളിവില്ലാത്തതെന്ന് തള്ളിക്കളഞ്ഞിരുന്നു. ട്രംപ് അധികാരത്തിൽ എത്തിയതോടെ പുതിയ കണ്ടെത്തൽ ഒന്നുമില്ലാതെ നിലപാട് മാറ്റി. കഴിഞ്ഞയാഴ്ച റിപ്പോർട് പുതുക്കി നൽകിയതും വാർത്തയായി.

പുതുക്കിയ വെബ്സൈറ്റ് അവതരിപ്പിക്കുന്ന അഞ്ച് പോയിന്റുകൾ ഇവയാണ്.
1. പ്രകൃതിയിൽ കാണപ്പെടാത്ത ഒരു ജൈവിക സ്വഭാവം വൈറസിനുണ്ട്.
2. ഡാറ്റ അനുസരിച്ച്, COVID-19 ന്റെ എല്ലാ കേസുകളും മനുഷ്യരിലേക്ക് ഒരൊറ്റ ആവിർഭാവത്തിൽ നിന്നാണ് ഉണ്ടാകുന്നത്, ഇത് മുമ്പത്തെ പാൻഡെമിക്കുകൾക്ക് വിരുദ്ധമാണ്, അവിടെ ഒന്നിലധികം സ്പിൽഓവർ സംഭവങ്ങൾ ഉണ്ടായിരുന്നു.
3. മതിയായ ജൈവ സുരക്ഷയില്ലാതെ ഗെയിൻ-ഓഫ്-ഫംഗ്ഷൻ ഗവേഷണം (ജീൻ മാറ്റലും ജീവജാലങ്ങളുടെ സൂപ്പർചാർജിംഗും) നടത്തിയ ചരിത്രമുള്ള ചൈനയിലെ മുൻനിര SARS ഗവേഷണ ലാബിന്റെ ആസ്ഥാനമാണ് വുഹാനിലെത്.
4. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (WIV) ഗവേഷകർ 2019 ലെ ശരത്കാലത്ത് COVID-19 വെറ്റ് മാർക്കറ്റിൽ കണ്ടെത്തുന്നതിന് മാസങ്ങൾക്ക് മുമ്പ് COVID-19 പോലുള്ള ലക്ഷണങ്ങളാൽ രോഗികളായിരുന്നു.
5. ശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ അളവുകോലുകളും അനുസരിച്ച്, കൊറോണ വൈറസിന്റെ സ്വാഭാവിക ഉത്ഭവം സൂചിപ്പിക്കുന്ന ഏതെങ്കിലും തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ടാകും. പക്ഷേ അത് വന്നിട്ടില്ല









0 comments