ഭക്ഷ്യ റേഷൻ വെട്ടിക്കുറയ്ക്കാൻ സാധ്യത; റോഹിംഗ്യക്കാരെ സന്ദർശിച്ച്‌ അന്റോണിയോ ഗുട്ടെറസ്

Antonio Guterres

photo credit: X

വെബ് ഡെസ്ക്

Published on Mar 14, 2025, 10:24 PM | 1 min read

ബംഗ്ലാദേശ്: ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികളെ സന്ദർശിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) ഭക്ഷ്യ റേഷൻ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന്‌ പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു സന്ദർശനം. രണ്ടാം തവണയാണ്‌ ഗുട്ടറസ്‌ ബമഗ്ലാദേശ്‌ സന്ദർശിക്കുന്നത്‌. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ്‌ വെള്ളിയാഴ്ച ഗുട്ടെറസ്‌ സന്ദർശിച്ചത്‌.


ഫണ്ടിന്റെ അഭാവം മൂലം ഏപ്രിൽ മുതൽ റോഹിംഗ്യൻ അഭയാർഥികൾക്കുള്ള ഭക്ഷ്യ റേഷൻ കുറയ്ക്കുമെന്ന് ഡബ്ല്യുഎഫ്‌പി അറിയിച്ചിരുന്നു. ഇത് ക്യാമ്പുകളിൽ പട്ടിണി വർദ്ധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. "ഇപ്പോൾ ഞങ്ങൾക്ക് എന്ത് തന്നാലും അത് പര്യാപ്തമല്ല. അത് പകുതിയായി കുറച്ചാൽ ഞങ്ങൾ പട്ടിണി കിടക്കേണ്ടിവരും," 2017-ൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം ക്യാമ്പുകളിൽ താമസിക്കുന്ന മ്യാൻമറിൽ നിന്നുള്ള 31 വയസ്സുള്ള അഭയാർഥി മുഹമ്മദ് സാബിർ പറഞ്ഞു.


ട്രംപ് ഭരണകൂടം ആഗോളതലത്തിൽ നൽകിയിരുന്ന വിദേശ സഹായം നിർത്തലാക്കിയിരുന്നു. എന്നാൽ ഇത്‌കൊണ്ടല്ല മറിച്ച്‌ ആഗോളതലത്തിൽ ഡബ്ല്യുഎഫ്‌പിയ്ക്ക്‌ ലഭിക്കുന്ന ഫണ്ടിൽ ഗണ്യമായി കുറവ്‌ അനുഭവപ്പെട്ടതുകൊണ്ടാണ്‌ ഭക്ഷ്യറേഷൻ വെട്ടിക്കുറയ്ക്കാൻ തീരുമാനമുണ്ടായതെന്ന്‌ ഗുട്ടെറസ്‌ പറഞ്ഞു. എന്നാൽ ഈ രണ്ടു സഹായങ്ങളിലും ഉണ്ടാകുന്ന കുറവ്‌ അഭയാർഥികളെ ദുരിതത്തിലേക്ക്‌ നയിക്കുമെന്നാണ്‌ വിദഗ്‌ദരുടെ വിലയിരുത്തൽ.


2016 ലും 2017 ലും അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന മുസ്ലീം ന്യൂനപക്ഷത്തിൽപ്പെട്ട പത്ത്‌ ലക്ഷത്തിലധികം റോഹിംഗ്യകളാണ്‌ ബംഗ്ലാദേശിലെ തെക്കൻ കോക്സ് ബസാർ ജില്ലയിലെ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ വർഷം ഏകദേശം 70,000 പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്‌. അഭയാർഥികൾക്ക് പൂർണമായി റേഷൻ ഉറപ്പാക്കാൻ ഏപ്രിലിൽ 1.5 കോടി രൂപ ആവശ്യമാണെന്ന് ഡബ്ല്യുഎഫ്‌പി പറഞ്ഞിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Home